SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.37 AM IST

മോഡലുകളുടെ മരണം; ഹാ‌ർഡ് ഡിസ്‌കിനായി മുങ്ങിത്തപ്പും

ansi-kabber

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ മരിച്ച ദുരൂഹ കാറപകടക്കേസിലെ നിർണായക തെളിവായ ഹാ‌ർഡ്‌ ഡിസ്കിനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ മുങ്ങിത്തപ്പാൻ പൊലീസ് തയ്യാറെടുക്കുന്നു. ഇന്നോ നാളെയോ ഫയർഫോഴ്സ് സ്‌കൂബ സംഘം തെരച്ചിൽ നടത്തിയേക്കും.

നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വലയലാട്ടിന്റെ നിർദ്ദേശപ്രകാരം ഡി.ജെ പാർട്ടി ഹാളിൽനിന്ന് ഊരിമാറ്റിയ ഹാർഡ് ഡിസ്ക് പാലത്തിൽനിന്ന് കായലിൽ ഉപേക്ഷിച്ചെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. കഴിഞ്ഞദിവസം ജീവനക്കാരെ കണ്ണങ്ങാട്ട് പാലത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. കേസിന്റെ ഗതിനിർണയിക്കുന്ന തെളിവ് എങ്ങനെയും കണ്ടെത്തുകയാണ് ലക്ഷ്യം. തെരച്ചിൽ വൈകുന്നത് ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കും. വേമ്പനാട്ട് കായലിന്റെ കൈവഴിയാണ് കണ്ണങ്ങാട്ട് ഭാഗത്തുകൂടി ഒഴുകുന്നത്. ശക്തമായ അടിയൊഴുക്കുള്ളതാണ് ഈ ഭാഗം.

നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. യുവതികളടക്കം മുപ്പതിലധികം പേരുടെ മൊഴി രേഖപ്പെടുത്തി. നൂറോളംപേർ പങ്കെടുത്തെന്നാണ് വിവരം. പലരുടെയും പേരുകൾ ഹോട്ടൽ രജിസ്റ്ററിൽ ഇല്ല. ഇവരെ കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസന്വേഷിച്ച മെട്രോ എസ്.എച്ച്.ഒ എ. അനന്തലാൽ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

 സൈജുവിന്റെ വിളികൾക്ക് പിന്നാലെ

മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സഞ്ചരിച്ച കാറിനെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിന്റെ ഫോൺകാൾ വിവരങ്ങൾ എക്സൈസും കസ്റ്റംസും പരിശോധിക്കുന്നു. മയക്കുമരുന്ന് ഇടപാടുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പരിശോധന. മറ്റു ഫോണുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.

സൈജു കോട്ടയം സ്വദേശിയാണെന്നാണ് വിവരം. ഏറെ നാളായി എറണാകുളത്തും കാക്കനാടുമാണ് താമസം. ഇന്റീരിയർ ഡിസൈനിംഗിൽ ഡിപ്ലോമ നേടിയ ഇയാൾ ഇടപ്പള്ളിയിൽ സ്ഥാപനം നടത്തുന്നുണ്ട്. ഇയാൾ ഓടിച്ച ഒാഡി കാറിന്റെ ഉടമയെയും പൊലീസ് ചോദ്യംചെയ്തിരുന്നു. സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മോഡലുകൾ സഞ്ചരിച്ച കാറിന് പിറകെ ഒാഡി കാർ പായുന്നതിന്റെയും അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ഒാഡി കാർ തിരികെ അപകടസ്ഥലത്ത് എത്തുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിൽനിന്ന് ഒരാൾ ഇറങ്ങുന്നുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSI KABBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA