SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ 60 മണിക്കൂർ ഉറക്കം കുറയ്ക്കുമെന്ന് ഗവേഷകർ; പഠനം നടത്തിയത് ഏഴ് ദശലക്ഷം ഉറക്കങ്ങളിൽ

Increase Font Size Decrease Font Size Print Page
less-sleep

കാലാവസ്ഥാവ്യതിയാനം മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവിതരീതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് നമുക്കറിയാം. അതിൽ ഒന്നാണ് മനുഷ്യന്റെ ഉറക്കം. ഒരു മനുഷ്യന് ഏറ്റവും വേണ്ട ഒന്നാണ് ഉറക്കം. ആഹാരവും വെള്ളവും വായുവും പോലെ പ്രധാനപ്പെട്ടതാണ്
ഉറക്കവും. ഉറക്കം ഇല്ലാതാവുന്നതും, ഉറങ്ങുന്നത്തിനിടെ ഇടയ്ക്കിടെ ഞെട്ടി എഴുന്നേൽക്കുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾകൊണ്ട് ഒരു മനുഷ്യന്റെ ഉറക്കത്തിൽ വർഷാവർഷം 60 മണിക്കൂറിന്റെ കുറവുണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

2099-ഓടെ, താപനിലയിലുണ്ടാകുന്ന വ്യതിയാനം ഒരു വ്യക്തിക്ക് ഓരോ വർഷവും 50 മുതൽ 58 മണിക്കൂർ വരെ ഉറക്കം നഷ്ടപ്പെടുത്തുമെന്നാണ് കോപ്പൻഹേഗൻ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്.

68 രാജ്യങ്ങളിൽ നിന്നായി 47,000 ലധികം ആളുകളുടെ 7 ദശലക്ഷം ഉറക്കത്തിന്റെ വിവരങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ആക്സിലറോമീറ്റർ അടിസ്ഥാനമാക്കിയുള്ള സ്ലീപ്പ് ട്രാക്കിംഗ് റിസ്റ്റ്ബാൻഡുകൾ ഉപയോഗിച്ചാണ് ഉറക്കത്തിന്റെ വിവരങ്ങൾ ശേഖരിച്ചത്.

30 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള ദിവസങ്ങളിൽ ഒരു വ്യക്തിയുടെ ഉറക്കം 14 മിനിറ്റലധികം നേരം കുറയുന്നതായി ഗവേഷകർ കണ്ടെത്തി. താപനില കൂടുന്നതിനനുസരിച്ച് ഉറക്കം ഏഴ് മണിക്കൂറിൽ താഴെയായി കുറയാനുള്ള സാദ്ധ്യത ഉണ്ടാകുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമായി.

ചൂട് കൂടുന്നതും അതുപോലെ തന്നെ കുറയുന്നതും മനുഷ്യരുടേയും മൃഗങ്ങളുടേയും ഉറക്കത്തിൽ മാറ്റമുണ്ടാക്കും. എന്നിരുന്നാലും ചൂടുള്ളതിനേക്കാൾ തണുത്ത അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണ് മനുഷ്യർക്ക് താത്പര്യം. അതായത് ചൂട് കൂടുന്നതാണ് ഉറക്കം കെടുത്താൻ പ്രധാന കാരണം. എ സി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കവും ചൂടുള്ള വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കവും തമ്മിലും വ്യത്യാസമുണ്ട്. ചൂടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കം ഇതിലും കുറയാനാണ് സാദ്ധ്യതയെന്നും പഠനത്തിൽ കണ്ടെത്തി.

TAGS: TECH, SCIENCE, TECHNOLOGY, SLEEP, RESEARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY