SignIn
Kerala Kaumudi Online
Thursday, 30 April 2026 6.22 PM IST

ഏലിക്കുട്ടിയുടെ മലയാളം ക്ലാസ് ഇൻസ്റ്റഗ്രാമിൽ വൈറൽ: ഈ അമേരിക്കൻ സുന്ദരി പഠിപ്പിക്കും നമ്മുടെ പച്ചമലയാളം

Increase Font Size Decrease Font Size Print Page

eliza
എലിസബത്ത്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരിയായ എലിസബത്ത് മേരി കെയ്‌റ്റാണ്(30)​ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തോളം പേരാണ് ഏലിക് കുട്ടി (@eli.kutty) എന്ന എലിസബത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മലയാളം പഠിക്കുന്നത്. മലയാള ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഏലിക്കുട്ടി വിവാഹം കഴിച്ചത് കൊച്ചിക്കാരനായ അർജുൻ ഉല്ലാസിനെയാണ്. ഇരുവരും ദുബായിലാണ് താമസം. അർജുനും വീട്ടുകാരുമാണ് ഏലിസബത്തിനെ മലയാളം പഠിപ്പിച്ചത്. അതിനുമുമ്പേ എലിസബത്ത് മലയാളത്തെ പ്രേമിച്ചിരുന്നു.

ഒരു വർഷത്തിലേറെയായി എലിസബത്ത് ഇൻസ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കാൻ തുടങ്ങിയിട്ട്. രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെ കോർത്തിണക്കിയുള്ള പഠനരീതിയാണ്. ഓരോ അക്ഷരങ്ങളും എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നുപോലും ചിത്രങ്ങളിലൂടെ ഏലിക്കുട്ടി വരച്ചുകാട്ടുന്നു. അമേരിക്ക,​ ജപ്പാൻ, ​ബ്രിട്ടൻ,​ കൊറിയ,​ ചൈന എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ തനിക്ക് ശിക്ഷ്യന്മാരുണ്ടെന്നും അവരൊക്കെ മലയാളത്തെ സ്നേഹിക്കുന്നവരാണെന്നും ഏലിക്കുട്ടി പറയുന്നു. സ്പാനിഷ്,​ ജാപ്പനീസ്,​ കൊറിയൻ ഭാഷകളും എലിസബത്തിന് വശമുണ്ട്. ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റിയിൽ നിന്ന്‌ എഡ്യുക്കേഷൻ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ പഠനം പൂർത്തിയാക്കിയ ശേഷം ഏലിസബത്തിന് ദുബായിൽ അദ്ധ്യാപികയായി ജോലി ലഭിച്ചു.

വീട്ടിൽ മലയാളത്തിലാണ് സംസാരം. മലയാള സിനിമകളും കേരളത്തിലെ ഭക്ഷണവുമൊക്കെയാണ് പ്രീയം. മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് ആവശ്യമായ സംവിധാനങ്ങൾ ഓൺലൈനിൽ ലഭ്യമല്ലെന്നത് മാത്രമാണ് ഏലിക്കുട്ടിയുടെ പരാതി. ആ കുറവുകൂടി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്. ദുബായിയിലെ അജ്മാൻ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് എലിസബത്ത്.

മലയാളപ്രേമം തുടങ്ങിയത്...

ദുബായിൽ പരിചയപ്പെട്ട മലയാളി സുഹൃത്തുക്കളിൽ നിന്നാണ് മലയാളത്തെപ്പറ്റിയും കേരളത്തിന്റെ സംസ്കാരത്തെപ്പറ്റിയും മനസിലാക്കിയത്. അങ്ങനെ തുടങ്ങിയതാണ് മലയാളത്തോടുള്ള പ്രേമം. അതിനിടയിലാണ് ദുബായിയിലെ സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ അർജുനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായി. ഇരുവീട്ടുകാരും സമ്മതിച്ചതോടെ കഴിഞ്ഞ ഡിസംബറിൽ വിവാഹം കഴിച്ചു. കല്യാണത്തിന് ‌എലിസബത്തിന്റെ മാതാപിതാക്കളും കൊച്ചിയിലെത്തിയിരുന്നു.

സുഹൃത്തുക്കളൊക്കെ എലിസബത്ത് എന്ന പേര് ചുരുക്കി ഏലി എന്നാണ് എന്നെ വിളിച്ചിരുന്നത്.കേരളത്തിന്റെ മരുമകളായതോടെ ഏലിക്കുട്ടി എന്ന് പേര് പരിഷ്കരിക്കുകയായിരുന്നു.എനിക്ക് വലിയ ഇഷ്ടമാണ് ആ പേര്.ചിലർ കളിയാക്കി കുഞ്ഞെലി (ലിറ്റിൽ മൗസ് ) എന്നും വിളിക്കാറുണ്ട്.

-എലിസബത്ത് മേരി

TAGS: AMERICAN WHO TEACHES MALAYALAM TO HER INSTA FOLLOWERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ