SignIn
Kerala Kaumudi Online
Friday, 19 June 2026 2.09 AM IST

'വർഗീയകക്ഷികളുമായി ഒരു തരത്തിലെ കൂടിക്കാഴ്‌ചയും ആഗ്രഹിക്കുന്നില്ല'; എസ്‌ ഡി‌ പി‌ ഐ നേതാക്കളുടെ എകെജി സെന്റർ സന്ദർശനത്തിൽ പ്രതികരിച്ച് സിപിഎം

sdpi

തിരുവനന്തപുരം: എസ്‌ ഡി പി ഐ നേതാക്കൾ എകെജി സെന്റ‌‌ർ സന്ദർശിച്ചു എന്ന വാർത്തയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ കടന്നുവരുന്നതിന് ആർക്കും ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ എസ്.ഡി.പി.ഐ പോലെയുള‌ള വർഗീയകക്ഷികളുമായി ഒരു തരത്തിലെ കൂടിക്കാഴ്‌ചയും പാർട്ടി ആഗ്രഹിക്കുന്നില്ല. അതിനാൽ എസ്.ഡി.പി.ഐയുടെ ഭാരവാഹികളായ ഏഴുപേരെ തിരികെ അയച്ചുവെന്ന് പാർട്ടിയുടെ ഫേസ്‌ബുക്ക് പേജിലെ പ്രസ്‌താവനയിൽ പറയുന്നു.

ജൂലായ് ഒന്നിന് വൈകിട്ട് അഞ്ച് മണിയോടെ എസ്.ഡി.പി.ഐ ഭാരവാഹികളാണെന്ന് അറിയിച്ച ഏഴംഗ സംഘം സെക്യൂരി‌റ്റിയുടെ അടുത്തെത്തിയെന്നും എന്നാൽ കൂടിക്കാഴ്‌ചയ്‌ക്ക് താൽപര്യമില്ലെന്നറിയിച്ച് അവരെ മടക്കിയയച്ചതായുമാണ് പോസ്‌റ്റിൽ പറയുന്നത്. എകെജി സെന്റർ സന്ദർശിച്ചു എന്ന പേരിൽ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത് എസ്.ഡി.പി.ഐ ആണെന്നും ഇത് പൂർണമായും കളവാണെന്ന് എകെജി സെന്റർ അറിയിക്കുന്നു.

സിപിഎം പത്രക്കുറിപ്പിന്റെ പൂ‌ർണരൂപം ചുവടെ:

എ കെ ജി സെന്റർ പുറപ്പെടുവിക്കുന്ന പത്ര കുറിപ്പ്

ബോംബ് ആക്രമണത്തിന് ശേഷം എസ്.ഡി.പി.ഐ സംഘം എ.കെ.ജി സെന്റർ സന്ദർശിച്ചു എന്ന തരത്തിൽ ഒരു വാർത്തയും ചിലർ എ.കെ.ജി സെന്ററിന് മുന്നിൽ നിൽക്കുന്ന ഒരു ചിത്രവും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് വസ്തുതാപരമല്ല. എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ 1 ന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാർടി നേതാക്കന്മാരെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ എസ്.ഡി.പി.ഐയുമായി കൂടി കാഴ്ച നടത്താൻ പാർടിക്ക് താൽപര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കർശന നിലപാട് എടുത്തതോടെയാണ് അവർ മടങ്ങിയത്. പുറത്ത് ഇറങ്ങിയ അവർ എ.കെ.ജി സെന്ററിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂർണ്ണമായും കളവാണ്.

സി.പി.ഐ.(എം) ന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി സെന്റർ പൊതുജനങ്ങൾക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആർക്കും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ എസ്.ഡി.പി.ഐ പോലുള്ള വർഗ്ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടികാഴ്ചയും പാർടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കിഅയച്ചത്. ഓഫീസിന് ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റർ സന്ദർശിച്ചു എന്ന തരത്തിൽ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളിൽ വച്ചാണ്. അത്തരത്തിൽ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ല. സി.പി.ഐ.(എം) ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങൾക്ക് പൂർണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങൾ ഏറ്റെടുത്ത് വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ ഫലത്തിൽ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SDPI LEADERS, VISIT AKG CENTRE, NEWS RELEASE, CPM DENIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA