SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.41 PM IST

'ഏക്‌ഷൻ സഖാവ്' ക്ഷമിച്ചു, സതീശൻ രക്ഷപ്പെട്ടു!

Increase Font Size Decrease Font Size Print Page
s

പ്രതിപക്ഷ നേതാവാണെങ്കിലും അറിവിൽ വെറും ശിശുവായ വി.ഡി. സതീശനെ ബ്രണ്ണൻ കോളേജിൽ പ്രത്യേക 'ഏക്‌ഷനിലൂടെ" പയറ്റിത്തെളിഞ്ഞ മുഖ്യമന്ത്രി പിണറായി വെറുതേ വിട്ടു. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കരുത്. പയ്യൻമാരുടെ ഓരോ പൂതികൾ!. പരസ്യസംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻമാത്രം സതീശൻ ആയിട്ടില്ല. നിയമസഭയിൽ ഇടതുമല്ലൻമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആവില്ലെന്ന് അറിയാവുന്ന കോൺഗ്രസിലെ കാരണവന്മാർ സതീശനെ പിരികയറ്റി വിടുകയായിരുന്നു. പക്ഷേ, വിനയവും വിവേകവുമുള്ള മുഖ്യമന്ത്രി സ്വമേധയാ പിൻവാങ്ങി. അങ്ങനെയാണല്ലോ ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യേണ്ടത്. 'തരത്തിൽ പോയി കളിക്കെടാ ചെക്കാ" എന്നു പറഞ്ഞ് മാപ്പ് നൽകിയതോടെ സതീശൻ രക്ഷപ്പെട്ടു. പത്തുവർഷത്തിനിടെ കേരളത്തിൽ ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന കല്ലുവച്ച നുണ പറയുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റെഡ് വൊളന്റിയർമാർക്ക് അറിയാഞ്ഞിട്ടല്ല. തിരഞ്ഞെടുപ്പ് ആയിപ്പോയി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരളയാത്ര തടസപ്പെടുത്താൻ നോക്കിയ യൂത്തൻമാർ സതീശനെ കാര്യങ്ങൾ ധരിപ്പിക്കുന്നത് നല്ലതാണ്.
തലശേരി ബ്രണ്ണൻ കോളേജിൽ സംഘികളുടെയും യൂത്തൻമാരുടെയും ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ ഒരു പോറൽപോലും ഏൽക്കാതെ വളർന്നുവന്ന നേതാവാണ് പിണറായി. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരനായിരുന്നു അന്ന് ബ്രണ്ണനിലെ കെ.എസ്.യു ഗുണ്ടാപ്പടയുടെ നേതാവ്. മാരകായുധങ്ങളുമായി ആക്രമിച്ചപ്പോഴൊക്കെ ചെഗുവേരയുടെ ശിഷ്യന്മാരായ കൊച്ചു സഖാക്കൾ പ്രത്യേക 'ഏക്‌ഷനിലൂടെ" തറപറ്റിച്ചു. തറപറ്റിയെന്നത് വളരെ ശരിയാണെന്നും, അതാരാണെന്ന് മർമ്മത്തിൽ അടികിട്ടിയ പിണറായി മറന്നുപോയതാണെന്നും സുധാകരൻ ഇതിനു മറുപടി നൽകിയിട്ടുണ്ട്. ഇതിന്റെയൊന്നും ദൃക്‌സാക്ഷികൾ രംഗത്തുവരാത്തതിനാൽ, രണ്ടുപേരും പറഞ്ഞത് ശരിയാണെന്നു വിശ്വസിക്കാം. പലപ്പോഴായി സംഭവിച്ച കാര്യങ്ങൾ രണ്ടുരീതിയിൽ ഒറ്റക്കഥയാക്കി അവതരിപ്പിച്ചതുകൊണ്ട് കേൾവിക്കാർക്കുണ്ടായ ആശയക്കുഴപ്പമായി കരുതാം. ബ്രണ്ണൻ വിജയൻ, ബ്രണ്ണൻ സുധാകരൻ എന്നീ പേരുകളിലാണ് ഈ അഭ്യാസികൾ നാട്ടിലും കോളേജിലും അറിയപ്പെട്ടിരുന്നത്. സുധാകരൻ കണ്ണൂരിലെ ലോക്കൽ കളരികളിൽ ഒതുങ്ങിക്കൂടിയപ്പോൾ പിണറായി ചൈനീസ് കുങ്ഫു, കരാട്ടെ, ജൂഡോ എന്നിവയിലും വൈദഗ്ദ്ധ്യം നേടി. സതീശൻ ഇതെല്ലാം അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്.
കോൺഗ്രസുകാരോട് ഒന്നേ പറയാനുള്ളൂ-ചുവടുറയ്ക്കാത്ത കൊച്ചുപിള്ളേരോട് അങ്കംവെട്ടാൻ മാത്രം നിസ്സാരനല്ല ഈ തച്ചോളി ഒതേനൻ. വായന തീരെയില്ലാത്തതിന്റെ കുഴപ്പമാണ്. വടക്കൻപാട്ട് കഥകളെങ്കിലും വായിക്കണ്ടേ. കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തക്ക വിവരമോ, പക്വതയോ ഉള്ള കോൺഗ്രസുകാരില്ല. എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ യുവ വിദ്വാനും നാളത്തെ താത്വികാചാര്യനുമായ സ്വരാജ് സഖാവിനോട് ചോദിക്കാം. നാണക്കേട് വിചാരിക്കേണ്ട. വെടിപ്പായി പറഞ്ഞുതരും. തുടർച്ചയായി തോറ്റതിന്റെ ക്ഷീണമുണ്ടെങ്കിലും പ്രത്യേക ചുമതലകൾ നൽകി മൂപ്പരെ പാർട്ടി രംഗത്തിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുംവരെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് പത്രക്കാരെ കാണുകയോ, ഏതെങ്കിലും കാര്യത്തിൽ പ്രതികരിക്കുകയോ അരുതെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി ബേബി സഖാവ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അറിയാതെ സത്യങ്ങൾ വിളിച്ചുപറയുന്ന ശീലം മാഷിനുണ്ട്. പകരം സ്വരാജ് സഖാവിനാണത്രേ ചുമതല.

കൂടെയുള്ളത് തീവ്രത

തീരെ കുറഞ്ഞവർ

തീവ്രനിലപാടുകളുള്ള ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയവയുമായി സി.പി.എമ്മിന് യാതൊരു ഇടപാടുമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കിയതോടെ വലിയൊരു തെറ്റിദ്ധാരണ മാറി. കമ്മ്യൂണിസവും കമ്മ്യൂണലിസവും തമ്മിൽ വളരെ സാമ്യമുണ്ടെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അങ്ങനെയല്ല. വർഗീയതയെന്നു കേട്ടാൽ അരിവാളും ചുറ്റികയും കൈയിലെടുക്കുന്നവരാണ് സഖാക്കൾ. അത്രയ്ക്കാണ് വെറുപ്പ്. ഈ സുതാര്യവും സത്യസന്ധവുമായ നിലപാട് മൂലം എതിർ പ്രസ്ഥാനങ്ങളിലുള്ള ധാരാളം പേർ ആരാധകരായി മാറിയിട്ടുണ്ട്. അവർ പാർട്ടിക്ക് വോട്ട് ചെയ്താൽ വേണ്ടെന്നു പറയാനാകുമോ!. വോട്ട് ചെയ്യുന്നത് രഹസ്യമായിട്ടായതിനാൽ തടയാനുമാകില്ല.

എൽ.ഡി.എഫിനെ സഹായിക്കുമെന്നാണ് മഅ്ദനി സഖാവിന്റെ പി.ഡി.പി പരസ്യമായി പറയുന്നത്. എന്തുചെയ്യാനാകും. വേണ്ടെന്നെങ്ങാനും കടുപ്പിച്ച് പറഞ്ഞുപോയാൽ സാഹിബിന് സങ്കടമാകും. ഒരു കാലത്ത് വർഗീയ നിലപാട് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പി.ഡി.പി നല്ല ഒന്നാന്തരം മതനിരപേക്ഷ പാർട്ടിയാണ്. മഅ്ദനി സാഹിബ് അതു വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഇതിന്റെ പേരിൽ സി.പി.എമ്മിനെ കോൺഗ്രസും ലീഗും ബി.ജെ.പിയും ചേർന്ന 'കോലീബി' സഖ്യം ആക്ഷേപിക്കുകയാണ്. രണ്ടുകാലിലും മന്തുള്ളവർ ചെറുവിരലിൽ ചെറിയൊരു അരിമ്പാറയുള്ളവരെ അപമാനിക്കുന്നു. ഇത് കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.

ബേബി സഖാവിന്റെ

മേജർ ഇടപെടലുകൾ
പാർട്ടി ജനറൽ സെക്രട്ടറി എന്ന പരമോന്നത പദവിയിലിരിക്കുന്നതിനാൽ അന്തർദേശീയ പ്രസ്ഥാനങ്ങളിലാണ് ബേബി സഖാവ് കൂടുതലും ഇടപെടുന്നത്. കേരളത്തിലെ ലോക്കൽ പ്രശ്‌നങ്ങളിൽ ഇടപെടാൻ സമയം കിട്ടാറില്ല. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ വലിയ ഉത്തരവാദിത്വമാണ് പാർട്ടിക്കുള്ളത്. സാമ്രാജ്യത്വശക്തികളെ ഭയക്കാതെ നിലപാടുകൾ വ്യക്തമാക്കുന്ന ലോകത്തിലെ ഏക നേതാവാണ് ബേബി സഖാവ്. വികസനത്തിനായി വോട്ട് ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ഡോ. ടി.എം. തോമസ് ഐസക്കും വ്യക്തമാക്കിയിട്ടുണ്ട്. പേരിലോ മനസിലോ വർഗീയതയുണ്ടെന്നു കരുതി എല്ലാവരും വികസന വികസനവിരോധികളല്ല. വികസനത്തിനായി ആരുടെയും വോട്ട് സ്വീകരിക്കാം. ഏത് കീശയിൽ നിന്നു വന്നാലും നോട്ടിന് ഒരേ മൂല്യമാണ്. ആ പണം ഒരു നല്ല കാര്യത്തിന് ഉപയോഗപ്പെടുത്തുമ്പോൾ മൂല്യം ഉയരുന്നു. സംഭാവനകൾ കൂമ്പാരം ആകുമ്പോൾ പരിപാടി ഗംഭീരമാകും എന്നാണല്ലോ. വ്യത്യസ്ത ആശയങ്ങളുള്ളവരുടെ വോട്ടുകൾ സമാഹരിച്ച് വീണ്ടും അധികാരത്തിലെത്തി കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കുക എന്നതാണ് പാർട്ടിലൈൻ. സാമ്രാജ്യത്വ ശക്തികളുടെ കുത്സിതശ്രമങ്ങളെ അതിജീവിച്ചാണ് കേരളത്തിൽ ഇടത് സർക്കാർ വികസനപദ്ധതികൾ നടപ്പാക്കിയത്. ഒരു ശതമാനം കൂടി ബാക്കിയുണ്ട്. മൂന്നാം തവണയും അധികാരത്തിലെത്തിയാൽ എല്ലാം ഓകെ ആകും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.