SignIn
Kerala Kaumudi Online
Saturday, 28 March 2026 3.43 AM IST

യുദ്ധം തീർന്നാലും മുണ്ടു മുറുക്കണം

Increase Font Size Decrease Font Size Print Page
ss


പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അവസാനിച്ചാലും അതുണ്ടാക്കിയ ദുരിതങ്ങൾ ദീർഘകാലം തുടരുമെന്നാണ് പ്രവചനം. ഇന്ധന പ്രതിസന്ധി നീളുമെന്നതു തന്നെയാണ് പ്രധാനം.
രാജ്യാന്തര എനർജി ഏജൻസി അത് വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്‌നം ഗുരുതരമാണെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകുന്നത്. വഴക്കാളി രാജ്യങ്ങൾക്ക് വലിയ ലക്ഷ്യങ്ങളുണ്ടാകാം. എന്നാൽ ഇങ്ങു കൊച്ചു കേരളത്തിലെ അടുക്കളകളിൽ വരെ അത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. മുൻകരുതലായി ജീവിത രീതിയിൽ അടുക്കുംചിട്ടയും ഉണ്ടാകേണ്ടതുണ്ട്.

രിത്രത്തിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് രാജ്യാന്തര ഊർജ ഏജൻസി സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. 1970 കളിലെ രണ്ട് എണ്ണ പ്രതിസന്ധികളും 2022 ലെ വാതക പ്രതിസന്ധിയും ചേർത്തു വയ്ക്കുന്നതിനേക്കാൾ അധികം വരുന്നത്. ഇസ്രയേലും ഇറാനും അമേരിക്കയും മാത്രം കക്ഷികളായ യുദ്ധത്തിന്റെ പേരിൽ പേർഷ്യൻ ഗൾഫിലെ മറ്റ് 6 രാജ്യങ്ങളും ഭീതിയിലാണ്. ഒൻപത് രാജ്യങ്ങളിലായി ഇതിനോടകം നാൽപതിലധികം ഓയിൽ ഹബ്ബുകൾ ബോംബുകളും മിസൈലുകളും തകർത്തു കഴിഞ്ഞു. എണ്ണപ്പാടങ്ങളും വാതകക്കുഴലുകളും കത്തിയമരുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി പുറത്തു വന്നിരുന്നത്. യുദ്ധരംഗം ശാന്തമായാലും ഈ പരിക്കുകൾ പരിഹരിക്കാൻ സമയമെടുക്കുമെന്നാണ് എനർജി ഏജൻസിയുടെ വിലയിരുത്തൽ.

ഒരു മാസമെത്തുമ്പോഴും സംഘർഷം അവസാനിക്കുന്ന സൂചനയില്ല. സമാധാന ചർച്ചകൾക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ നിരയിലുണ്ട്. യുദ്ധ മേഖലയിൽ കുടുങ്ങിയിരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകൾക്ക് നാടണയാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഊർജ പ്രതിസന്ധി ഗുരുതരമായി തുടരുമെന്ന് മോദിയും മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയിൽ 33 കോടി പാചക വാതക കണക്ഷനുകളാണുള്ളത്.

രാജ്യത്തിന്റെ പെട്രോളിയം ആവശ്യത്തിൽ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിർവഹിച്ചിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. അതെല്ലാം ഇപ്പോൾ ഏറെക്കുറെ സ്തംഭിച്ച മട്ടാണ്. ആഗോള എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും ഹോർമൂസ് കടലിടുക്കിലൂടെയാണ്. അതു വഴി പരിമിതമായെങ്കിലും നീങ്ങാൻ
ഇന്ത്യൻ കപ്പലുകളെ ഇറാൻ അനുവദിക്കുന്നത് ആശ്വാസമാണ്. എന്നാൽ ജീവൻ കൈയിൽ പിടിച്ചാണ് യാത്ര. എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം 60 ശതമാനത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. എൽ.പി.ജി ബുക്കിംഗിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഗാർഹിക ഉപഭോക്താക്കളെ നിലവിൽ ഗ്യാസ് ക്ഷാമം ബാധിച്ചിട്ടില്ല. ഇങ്ങനെ എത്ര നാൾ? എന്നതാണ് ചോദ്യം. അതാണ് കേരളത്തിലെ വീടുകളിൽ ആധിയുണ്ടാക്കുന്നത്.

അടുക്കളയ്ക്കായി നെട്ടോട്ടം

യുദ്ധ സാഹചര്യങ്ങൾ ഈയാഴ്ച പൊതുവേ നിയന്ത്രണവിധേയമാണ്. എന്നാൽ മാർച്ച് ആദ്യപകുതിയിൽ സ്ഥിതി ഇതായിരുന്നില്ല. കടുത്ത ആക്രമണങ്ങളിൽ നടുക്കടലിലെ കപ്പലുകൾ പോലും കത്തിയെരിയുന്ന സ്ഥിതി നമ്മുടെ നാട്ടിലും പരിഭ്രാന്തി പരത്തി. വാണിജ്യ സിലിണ്ടർ ക്ഷാമത്തിൽ ഹോട്ടലുകൾ അടഞ്ഞു തുടങ്ങിയതോടെ ഗാർഹിക ഉപഭോക്താക്കളും നെട്ടോട്ടത്തിലായി. ബദൽ പാചക ഉപകരണങ്ങളും അടുപ്പുകളും തരപ്പെടുത്തി സൂക്ഷിക്കാനായിരുന്നു ഓട്ടം. ഫലത്തിൽ ഇൻഡക്‌ഷൻ കുക്കറുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു. വിറക് ഉപയോഗിക്കുന്ന കളിമൺ അടുപ്പുകൾക്കും റോക്കറ്റ് അടുപ്പുകൾക്കും പ്രിയമേറി. പറമ്പും തൊടിയുമുള്ളവർ വിറകും ചകിരിയും ചിരട്ടയുമെല്ലാം ശേഖരിച്ച് പരമ്പരാഗത രീതിയിൽ പാചകവും തുടങ്ങി. ഇതിന് സൗകര്യവും അനുഭവ പരിചയവും ഇല്ലാത്തവർ വൈദ്യുതി അടുപ്പുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. അതേസമയം ഹോട്ടലുകളിൽ പ്രതിസന്ധി തുടരുകയാണ്. കരിഞ്ചന്തയിൽ തപ്പിയാലും വാണിജ്യ സിലിണ്ടറുകൾ കിട്ടാൻ എളുപ്പമല്ല. കേറ്ററിംഗുകാരും അമ്പലം, ഉത്സവ കമ്മിറ്റികളുമെല്ലാം സദ്യ തയാറാക്കാൻ വിഷമിക്കുന്ന സ്ഥിതിയാണ്. കേന്ദ്രസർക്കാർ ക്വാട്ട വർദ്ധിപ്പിച്ചതോടെ ഇപ്പോൾ നേരിയ പുരോഗതിയുണ്ടെന്നു മാത്രം. എല്ലാം ഇറാന്റേയും അമേരിക്കയുടേയും നിലപാടുകൾക്കനുസരിച്ച് മാറിമറിയുകയാണ്.

വിലക്കയറ്റമെന്ന പേടിസ്വപ്നം

പെട്രോളിയം, ഗ്യാസ് ക്ഷാമവും വിലക്കയറ്റവും സങ്കീർണമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വിറകിനും അടുപ്പിനും വില ഉയർന്നുകഴിഞ്ഞു. പ്രീമിയം പെട്രോളിന്റെ വില ഇന്ത്യയ്ക്ക് വർദ്ധിപ്പിക്കേണ്ടിയും വന്നു. വില വർദ്ധന ഡീസലിലേക്ക് എത്തിയാൽ ചരക്കുകൂലിയും വർദ്ധിക്കും. എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വില കൂടും. ഇപ്പോൾ തന്നെ ജനം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ്. വിപണി ഇത്തരത്തിൽ മാറിയാൽ വിവിധ സേവനങ്ങൾക്കും അപ്രഖ്യാപിത നിരക്കു വർദ്ധനയുണ്ടാകും. വൈദ്യുതി ക്ഷാമവും കറന്റ് ബില്ലിലെ വർദ്ധനയുമാണ് ഇടത്തരക്കാരെ ഉറ്റുനോക്കുന്ന മറ്റൊരു പ്രശ്നം. എൽ.പി.ജി വിതരണം കുറച്ചേക്കുമെന്ന ആശങ്കയിൽ സംസ്ഥാനത്ത് ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം പതിന്മടങ്ങു കൂടിയിട്ടുണ്ട്. വേനൽച്ചൂടു കൂടിയാകുമ്പോൾ ഉപഭോഗം വരും മാസങ്ങളിൽ കുത്തനേ ഉയരും. ഇത് ജനങ്ങളേയും സർക്കാരിനേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്.

പശ്ചിമേഷ്യയിൽ ട്രംപിന്റെ സമാധാന പദ്ധതികൾ ഇറാൻ തള്ളിയിരിക്കുകയാണ്. കരയുദ്ധം അരികെയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യമുണ്ടായാൽ സ്ഥിതി അതിരൂക്ഷമാകും. ക്ഷാമവും വിലക്കയറ്റവും ഏറെനാൾ നടമാടും. ലോകത്തിന്റെ മറ്റുമേഖലകളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളീയർ ഭാഗ്യവാന്മാരായിരുന്നു. സമാധാന ജീവിതവും നല്ല കാലാവസ്ഥയും പ്രകൃതിയും. എന്നാൽ സമീപകാലത്ത് സന്തുലിതാവസ്ഥ മാറുന്നുണ്ട്. എങ്കിലും മഹാപ്രളയവും മഹാമാരിയും അതിജീവിച്ചതിന്റെ പാഠം നമുക്കുണ്ട്. അതിനാൽ പേർഷ്യൻ യുദ്ധകാലവും കടന്നുപോകും. അലയൊലികൾ നീണ്ടുനിൽക്കുമെന്നുറപ്പ്. അതിനായി ധൂർത്തെല്ലാം ഒഴിവാക്കി, മുൻകൂട്ടിത്തന്നെ മുണ്ടു മുറുക്കിയുടുക്കുന്നതാകും ഉചിതം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.