SignIn
Kerala Kaumudi Online
Thursday, 02 April 2026 5.27 AM IST

കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
a

'കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ ഗൗരി ഭരിച്ചീടും.'
1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ അലയടിച്ച ഈ മുദ്രാവാക്യത്തിന്റെ അലയൊലികൾ ഇന്നും കേരളത്തിൽ മുഴങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ പലത് നടന്നെങ്കിലും കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി എന്നത് ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. സ്ത്രീ ശാക്തീകരണവും വനിതകൾക്ക് നിശ്ചിത സംവരണവുമൊക്കെ പേരിന് രാഷ്ട്രീയ പാർട്ടികൾ കൊട്ടിഘോഷിക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ വനിതകൾ നിർദ്ദാക്ഷിണ്യം പിന്തള്ളപ്പെടുകയാണ് പതിവ്. പുരുഷ കേസരികൾ നിറഞ്ഞാടുന്ന രാഷ്ട്രീയ രംഗത്ത് അധികാരം ലഭിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനമടക്കം പുരുഷന്മാർ വീതിച്ചെടുക്കും. പേരിന് എന്തെങ്കിലും വനിതകൾക്ക് നൽകിയാലായി. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്നും സ്ത്രീകളാണ് കേരളത്തിന്റെ ഭാവിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കോട്ടയം പുതുപ്പള്ളിയിൽ നടത്തിയ പ്രസംഗമാണിപ്പോൾ വനിതാ മുഖ്യമന്ത്രി വിഷയം സജീവ ചർച്ചയാക്കിയിരിക്കുന്നത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെ രാഹുൽ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനം അവിടെ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളെയാകും ഏറെ ഞെട്ടിച്ചിട്ടുണ്ടാകുക. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ചുമതല ഏൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്ന് പറഞ്ഞപ്പോൾ പുരുഷന്മാരിൽ നിന്നുണ്ടായ തണുത്ത പ്രതികരണത്തെയും രാഹുൽ എടുത്തു കാട്ടി. സ്ത്രീകൾ ആവേശത്തോടെയാണ് രാഹുലിന്റെ അഭിപ്രായത്തെ വരവേറ്റത്. സ്വപ്നം കാണാൻ എളുപ്പമാണെങ്കിലും കോൺഗ്രസിലെ മുഖ്യമന്ത്രി പദമോഹികളുടെ എണ്ണം പരിശോധിച്ചാൽ മതിയാകും രാഹുലിന്റെ ആഗ്രഹം സ്വപ്നമായിത്തന്നെ അവശേഷിക്കാൻ.

രാഹുലിന്റെ മനസിൽ ആര് ?

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് നിഷ്ക്കളങ്കമായി കാണാൻ കഴിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ട്രോളുകൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയാകാൻ മനക്കോട്ട കെട്ടി കോട്ടും തുന്നി കാത്തിരിക്കുന്ന അഞ്ചോളം നേതാക്കളെങ്കിലും കോൺഗ്രസിലുണ്ട്. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ തന്നെ 5 ദിവസത്തോളം മാരത്തോൺ ചർച്ച നടത്തുകയും പരസ്പരം പോരിന്റെ വക്കിൽ വരെ എത്തിയതും പാർട്ടിക്കുണ്ടാക്കി വച്ച ക്ഷീണം ഇതു വരെ മാറിയിട്ടില്ല. ഒടുവിൽ ഒരു വിധം പാളയത്തിലെ പട താത്ക്കാലികമായി ഒതുങ്ങിയതാണ്. പ്രതീക്ഷിച്ച പോലെ അധികാരം കിട്ടിയാൽ അടുത്ത കൂട്ടയടി നടക്കാൻ പോകുന്നത് മുഖ്യമന്ത്രി ആരെന്നതിനെ
ചൊല്ലിയാകും. അങ്ങനെ വന്നാൽ ഹൈക്കമാൻഡ് ഒരു 'കോംപ്രമൈസിംഗ്' സ്ഥാനാർത്ഥിയായി ഒരു വനിതയെ അവതരിപ്പിച്ചേക്കാം. അത് മുന്നിൽ കണ്ടാണ് വനിതാ മുഖ്യമന്ത്രിയെന്ന ആശയം രാഹുൽ ഗാന്ധി തന്നെ മുന്നോട്ട് വച്ചതെന്നാണ് കോൺഗ്രസിനുള്ളിലെ സംസാരം. കേരളത്തിൽ ഇപ്പോൾ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ പറ്റിയ 'കരിഷ്മ' ഉള്ള നേതാക്കളൊന്നും ഇല്ല. കൊല്ലത്ത് മത്സരിക്കുന്ന ബിന്ദു കൃഷ്ണ, ചിറയിൻകീഴിൽ മത്സരിക്കുന്ന രമ്യ ഹരിദാസ്, അരൂരിൽ മത്സരിക്കുന്ന ഷാനിമോൾ ഉസ്മാൻ എന്നിവരാണ് എടുത്തു പറയാവുന്ന വനിതകൾ. പിന്നെ പരിഗണിക്കാവുന്നത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയയായ വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധിയാണ്. പ്രിയങ്കയെ ഉദ്ദേശിച്ചാണ് കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി ചുമതല ഏൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രോളന്മാർ വെളിപ്പെടുത്തുന്നത്. വയനാട് എം.പി ആയ പ്രിയങ്ക മുഖ്യമന്ത്രിയായി ചുമതല ഏറ്റാലും വയനാട്ടിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് നിയമസഭാംഗമാകുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. ഏതായാലും രാഹുലിന്റെ പ്രസ്താവനയിൽ ഉറക്കം നഷ്ടപ്പെട്ടത് മുഖ്യമന്ത്രി പദം സ്വപ്നം കണ്ടു കഴിയുന്ന ഏതാനും നേതാക്കൾക്കാണ്.

വനിതാ മുഖ്യമന്ത്രി ഇന്നും സ്വപ്നം

1987 ലെ തിരഞ്ഞെടുപ്പിൽ ഗൗരി അമ്മയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രചാരണം നടത്തിയ സി.പി.എം, അധികാരം കിട്ടിയപ്പോൾ പറഞ്ഞ വാക്ക് വിഴുങ്ങി. തിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും ചെയ്യാത്ത ഇ.കെ നായനാരെ യാണ് പാർട്ടി അന്ന് മുഖ്യമന്ത്രിയാക്കിയത്. അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന വി.എസ് അച്യുതാനന്ദന് ഗൗരിഅമ്മയെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നതാണ് സത്യം. എന്നാൽ 1987 ൽ ടതന്നെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ ചരട് വലിച്ചത് ഇ.എം.എസ് ആയിരുന്നുവെന്ന് ഗൗരിഅമ്മ പിൽക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. ഇ.എം.എസിന്റെ ജാതി സ്പർദ്ധ ആയിരുന്നു കാരണം. താൻ ഈഴവ സമുദായാംഗമായ തിനാലാണ്‌ മുന്നാക്ക ജാതിക്കാരനായ നായനാരെ മുഖ്യമന്ത്രിയാക്കിയതെന്നാണ് ഗൗരിഅമ്മ അന്ന് പറഞ്ഞത്. പിന്നീട് എ.കെ.ജിയുടെ ഭാര്യ സുശീല ഗോപാലൻ മുഖ്യമന്ത്രിയാകുമെന്ന് സി.പി.എം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴും അധികാരം ലഭിച്ചപ്പോൾ വാക്ക് പാലിച്ചില്ല. സുശീല ഗോപാലന് ശേഷം അടുത്ത കാലത്താണ് കെ.കെ ഷൈലജയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടത്. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കും മുമ്പായിരുന്നു ആ പ്രചാരണം. എന്നാൽ മട്ടന്നൂരിൽ നിന്ന് 60,000 വോട്ടിന്റെ മഹാഭൂരിപക്ഷത്തിൽ ജയിച്ചു വന്ന ഷൈലജക്ക് മുഖ്യമന്ത്രി പദം പോയിട്ട് മന്ത്രി സ്ഥാനം പോലും നൽകിയില്ല. ഈ തിരഞ്ഞെടുപ്പിൽഷൈലജയെ മട്ടന്നൂരിൽ നിന്ന് ജയസാദ്ധ്യത കുറഞ്ഞ ഇരിക്കൂറിലേക്ക് മാറ്റുകയും ചെയ്തു. കേരളപ്പിറവിക്ക് ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിൽ പോലും ഒരു വനിതയെ മുഖ്യമന്ത്രിയാക്കുമെന്ന് കോൺഗ്രസ് ഇന്നു വരെ പറഞ്ഞിട്ടില്ല. ഇതാദ്യമായി രാഹുൽ ഗാന്ധിയാണ് താൻ സ്വപ്നത്തിലെങ്കിലും അങ്ങനെ ഒന്ന് കാണാറുണ്ടെന്ന് പറഞ്ഞത്. കോൺഗ്രസിലെ വനിതാ നേതാക്കൾക്ക് അത്രയെങ്കിലും ആശ്വസിക്കാം.

മറ്റു സംസ്ഥാനങ്ങൾ മാതൃക

സ്ത്രീ സുരക്ഷയെയും സ്ത്രീ പക്ഷ രാഷ്ട്രീയത്തെയും കുറിച്ച് കേരളത്തിലെ രാഷ്ട്രീയ കക്ഷികളെല്ലാം വായ്ത്താരി ഇടുമ്പോൾ കേരളത്തിന്റെ അയൽ സംസ്ഥാനത്തും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലങ്ങൾക്ക് മുമ്പേ വനിതകളെ മുഖ്യമന്ത്രിയാക്കി മാതൃക കാട്ടിയ ചരിത്രമുണ്ട്. ഇന്നു മുണ്ട് രാജ്യത്ത് രണ്ട് വനിതാ മുഖ്യമന്ത്രിമാർ. പശ്ചിമ ബംഗാളിൽ മമത ബാനർജിയും ഡൽഹിയിൽ രേഖ ഗുപ്തയും. രാജ്യത്ത് ഇതു വരെ 18 വനിതകൾ മുഖ്യമന്ത്രിമാരായിട്ടുണ്ട്. 1963 ൽ സുചേതാ കൃപലാനിയാണ് ആ പദവിയിലെത്തിയ ആദ്യ വനിത. ഉത്തർപ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു അവർ. 1972 ൽ ഒഡിഷയിൽ
നന്ദിനി സത്പതി (കോൺ.) മുഖ്യമന്ത്രിയായി. 1973 ൽ ശശികല കക്കോദ്കർ (മഹാരാഷ്ട്ര ഗോമന്തക് പാർട്ടി) ഗോവ മുഖ്യമന്ത്രിയായപ്പോൾ 1980 ൽ ആ സാമിൽ അൻവാറ തൈമൂറും (കോൺ.) മുഖ്യമന്ത്രിയായി. 1988 ജനുവരിയിൽ തമിഴ്നാട്ടിൽ എം.ജി.ആർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ വി. എൻ ജാനകി ഒരു മാസത്തോളം മുഖ്യമന്ത്രി പദം വഹിച്ചു. പിന്നീട് 1991 മുതൽ 2002 വരെയും 2011 മുതൽ 2016 വരെയും നീണ്ട കാലം ജയലളിതയായിരുന്നു (എ.ഐ.ഡി.എം.കെ) തമിഴ്നാട് മുഖ്യമന്ത്രി. യു.പി യിൽ മായാവതി (ബി.എസ്.പി )രണ്ട് തവണ മുഖ്യമന്ത്രിയായി. ബീഹാറിൽ ലാലു പ്രസാദ് യാദവ് അഴിമതിക്കേസിൽ ജയിലിലായപ്പോൾ ഭാര്യ റാബ്രി ദേവി (ആർ.ജെ.ഡി) ചുരുങ്ങിയ കാലം മുഖ്യമന്ത്രിയായി. സുഷമ സ്വരാജ് (ബി.ജെ.പി ), ഷീല ദീക്ഷിത് (കോൺ.)എന്നിവർ ഡൽഹി മുഖ്യമന്ത്രിമാരായി. 2003 ൽ ഉമാഭാരതി (ബി.ജെ.പി) മദ്ധ്യ പ്രദേശിലും വസുന്ധര രാജെ സിന്ധ്യ (ബി.ജെ.പി ) രാജസ്ഥാനിലും മുഖ്യമന്ത്രിമാരായി. ആനന്ദി ബെൻ പട്ടേൽ (ബി.ജെ.പി ) ഗുജറാത്തിലും മെഹബൂബ മുഫ്തി (പി.ഡി.പി.)ജമ്മു കാശ്മീരിലും മുഖ്യ മന്ത്രിമാരായി. രജീന്ദർ കൗർഭട്ടൽ (കോൺ.) പഞ്ചാബിൽ മുഖ്യമന്ത്രിയായിരുന്നു.
ആതിഷി മെർലേന (എ.എ.പി) ചുരുങ്ങിയ കാലം ഡൽഹി മുഖ്യമന്ത്രിയായിരുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.