SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.17 PM IST

മാതൃത്വം സുരക്ഷിതമാക്കാം

Increase Font Size Decrease Font Size Print Page
d

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും മനോഹരവുമായ അനുഭവങ്ങളിൽ ഒന്നാണ് മാതൃത്വം. സ്‌നേഹത്തിന്റെയും ശക്തിയുടെയും ത്യാഗത്തിന്റെയും ഈ യാത്രയെ ആദരിക്കുന്നതിനായി ഇന്ത്യ എല്ലാ വർഷവും ഏപ്രിൽ 11ന് ദേശീയ സുരക്ഷിത മാതൃത്വ ദിനം ആചരിക്കുന്നു. ഗർഭധാരണത്തിന് മുമ്പും ഗർഭകാലത്തും ശേഷവും മാതൃ ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
മനുഷ്യ വംശത്തിന്റെ നിലനിൽപ്പിന് അമ്മയാകുക എന്നത് അനിവാര്യമാണെങ്കിലും സുരക്ഷിതമായ മാതൃത്വം ആശങ്കയാണ്. സ്ത്രീകളെയും അമ്മമാരെയും ഗർഭധാരണം, പ്രസവം, പ്രസവാനന്തര പരിചരണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കാൻ ഈ ദിനം ആചരിക്കുന്നു. മാതൃസുരക്ഷാദിനം എല്ലാ അമ്മമാരുടെയും സുരക്ഷിത ചികിത്സയെ പ്രോത്സാഹിപ്പിക്കുകയാണ്. അമ്മമാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉയർന്ന് വന്നിട്ടില്ല. ഗർഭകാലത്തും പ്രസവസമയത്തും മോശം പരിചരണവും പോഷകാഹാരക്കുറവും കാരണം ഓരോ വർഷവും ആയിരക്കണക്കിന് അമ്മമാർ മരിക്കുന്നുണ്ട്. ഗർഭകാലത്തെ മാതൃ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ദേശീയ മാതൃസുരക്ഷാദിനം നിർണായക പങ്കാണ് വഹിക്കുന്നത്. ലോകമെമ്പാടുമുള്ള മാതൃമരണങ്ങളിൽ 15 ശതമാനം ഇന്ത്യയിലാണ്. ആരോഗ്യകരമായ ഗർഭധാരണവും പ്രസവവും നടത്താൻ ഓരോ സ്ത്രീക്കും അവകാശമുണ്ടെന്ന ബോധവത്ക്കരണമാണ് മാതൃസുരക്ഷാദിനം ഓർമ്മിപ്പിക്കുന്നത്. സ്ത്രീകളെയും അമ്മമാരെയും ഗർഭധാരണം,പ്രസവം,പ്രസവാനന്തര പരിചരണം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കാൻ ഈ ദിനം ഉത്തേജിപ്പിക്കുന്നു.
അമ്മമാരെ സംരക്ഷിക്കുക മാത്രമല്ല, കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. മോശമായ ഗർഭകാല പരിചരണം കൊണ്ട് ഓരോ വർഷവും 44,000 ഇന്ത്യൻ സ്ത്രീകൾ മരണത്തിലേക്ക് നടന്നടുക്കപ്പെടുന്നുവെന്നാണ് കണക്ക്. പ്രസവത്തിനു ശേഷമുള്ള കനത്ത രക്തസ്രാവം, രോഗബാധ, ഗർഭകാലത്തുടനീളമുള്ള രക്ത സമ്മർദ്ദം, പോഷകാഹാരക്കുറവ്, ശാരീരിക സങ്കീർണതകൾ, സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ഗർഭഛിദ്രങ്ങൾ എന്നിവയെല്ലാം മാതൃമരണങ്ങളുടെ മൂന്നിൽ രണ്ട് ഭാഗത്തിനും കാരണമാകുന്നു. അമ്മമാരുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും ചികിത്സയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത്തരം സംഭവങ്ങൾക്കെതിരെ നീങ്ങുകയാണ് ദേശീയ സുരക്ഷിത മാതൃത്വദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
ഗർഭം ധരിക്കുന്നവരിൽ പലർക്കും നല്ല പരിപാലനം ലഭിക്കുന്നുണ്ട്. ഈ പരിചരണം ലഭിക്കാത്തവരുമുണ്ട്. മാതൃത്വത്തിന്റെ മഹനീയത എന്നത് ഒരു ദിനാചരണത്തിൽ മാത്രം ഒതുക്കി നിർത്തേണ്ടതല്ല. ഭാവി പൗരന്മാരെ വാർത്തെടുക്കുന്ന മഹനീയ ഉത്തരവാദിത്തം നിറവേറ്റുന്നവരാണ് അമ്മമാർ. സമൂഹം ഒന്നാകെ അംഗീകരിക്കാൻ അവർക്ക് മതിയായ പരിരക്ഷ ഉറപ്പ് വരുത്താനുമുള്ള ഇടപെടൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഗർഭസ്ഥാവസ്ഥയിലും പ്രസവസമയത്തും ശിശു പരിപാലന സമയത്തും എല്ലാ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും സ്ത്രീകൾക്ക് പ്രാപ്യമാകേണ്ടതുണ്ട്. മാതൃത്വത്തിന്റെ മഹനീയത അംഗീകരിക്കാൻ ഈ ദിനാചരണത്തിലൂടെ കഴിയുന്നതിനായി നാനാതരത്തിലുള്ള ഇടപെടലുകൾ നടത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. ഇന്ന് രാജ്യത്ത് ജനസംഖ്യാ നയത്തിലടക്കം വന്നിട്ടുള്ള മാറ്റങ്ങളുടെ ഭാഗമായി പിറന്നു വീണ കുഞ്ഞുങ്ങളുടെ എണ്ണം തന്നെ ഗണ്യമായി കുറഞ്ഞു വരികയാണ്. ഈ കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തിയെടുക്കാനുള്ള ചുമതല നിർവഹിക്കാൻ തയ്യാറാകുന്ന അമ്മമാർക്ക് മതിയായ സുരക്ഷാ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കാൻ ഉള്ള ഇടപെടൽ ഭരണ സംവിധാനത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതുണ്ട്.

ഗർഭിണികൾക്ക് ആവശ്യമായ വോളന്ററി ചെക്കപ്പുകൾ,വാക്സിനേഷൻ,സുരക്ഷിതമായ പ്രസവം എന്നിവ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അമ്മയുടെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും പ്രസവാനന്തര പരിചരണത്തിനും പ്രാധാന്യം നൽകണം. ഗർഭിണികൾക്ക് ആവശ്യമായ വോളന്ററി ചെക്കപ്പുകൾ,വാക്സിനേഷൻ,സുരക്ഷിതമായ പ്രസവം എന്നിവ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും ഗുണനിലവാരമുള്ള പ്രസവാനന്തര പരിചരണം ലഭ്യമാക്കണം.
കസ്തൂർബാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് റിബൺ അലയൻസ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം 2003ൽ ഇന്ത്യാ ഗവൺമെന്റാണ് ഏപ്രിൽ 11ന് ദേശീയ സുരക്ഷിത മാതൃത്വ ദിനമായി പ്രഖ്യാപിച്ചത്. ലോകത്ത് ആദ്യമായി ഈ ദിനം ഔദ്യോഗികമായി ആചരിച്ച രാജ്യം ഇന്ത്യയാണ്. ലൈംഗികമായി പകരുന്ന രോഗങ്ങൾ, മൂത്രനാളിയിലെ അണുബാധകൾ തുടങ്ങിയ ചില രോഗങ്ങൾ ഗർഭകാലത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. മാതൃ രോഗാവസ്ഥയ്ക്കും മരണത്തിനും ഉള്ള സാദ്ധ്യത കുറയ്ക്കുന്നതിന് ഗർഭിണികൾക്ക് പ്രസവത്തിലുടനീളം യോഗ്യതയുള്ള ആരോഗ്യ സംരക്ഷണ ദാതാക്കളുടെ സേവനം ലഭ്യമാക്കുകയും ഉചിതമായ പ്രസവപൂർവ പരിചരണം നൽകുകയും വേണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം നിരീക്ഷിക്കുന്നതിന് ഗർഭകാലത്ത് പതിവായി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്‌. ഗർഭാവസ്ഥയുടെ ആദ്യ ദിവസം മുതൽ തന്നെ ഓരോ അമ്മയ്ക്കും പ്രാപ്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെ ഈ ദിനം എടുത്ത് കാണിക്കുന്നു. സങ്കീർണതകളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കണം. എന്നാൽ സുരക്ഷിത മാതൃത്വം അനുഭവിക്കാൻ സാധിക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.