
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറിയ ഇതരസംസ്ഥാന തൊഴിലാളികളുടെ പെട്ടെന്നുള്ള മടക്കം സംസ്ഥാനത്തെ വിവിധ മേഖലകളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. ഇത് കേരളത്തിന്റെ നിർമ്മാണ- കാർഷിക- സേവന മേഖലകളെ നിശ്ചലമാക്കുന്ന ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് നടക്കുന്നത്. വോട്ട് ചെയ്യാനായി നാട്ടിലെത്തണമെന്ന് രാഷ്ട്രീയ പാർട്ടികൾ കർശന നിർദ്ദേശം നൽകിയതാണ് ഈ കൂട്ടപ്പലായനത്തിന് പിന്നിലെ പ്രധാന കാരണം. പല തൊഴിലാളികളും ഭയപ്പെടുന്നത് തങ്ങളുടെ പൗരത്വ രേഖകളെയും ആനുകൂല്യങ്ങളെയും റദ്ദാക്കുമോയെന്നാണ്.
വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേര് ഒഴിവാക്കുമെന്നും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ റദ്ദാക്കപ്പെടുമെന്നും പലർക്കും ഭീഷണി നേരിടേണ്ടി വന്നു. ഇതുകൂടാതെ, ബംഗാളിലെയും അസാമിലെയും രാഷ്ട്രീയ പാർട്ടികൾ തന്നെ തൊഴിലാളികൾക്ക് വേണ്ടി കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് നൽകിയിരുന്നു. തമിഴ്നാട്ടിലെ പാർട്ടിക്കാർ അതിർത്തികളിൽ വാഹനങ്ങൾ ക്രമീകരിക്കുന്നതും ഈ മടക്കയാത്രയുടെ വേഗത കൂട്ടി.
വിവിധ മേഖലകൾ പ്രതിസന്ധിയിൽ
കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ വലിയൊരു ശതമാനം ഇത്തരത്തിൽ മടങ്ങിയത് കരാറുകാരെയും കർഷകരെയും തൊഴിലുടമകളെയും ഒരുപോലെ വെട്ടിലാക്കി. ഇടുക്കി ജില്ലയിലെ കാർഷിക മേഖലയെയാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പൈനാപ്പിൾ കൃഷിയിൽ മാത്രം പതിനായിരത്തിലധികം തൊഴിലാളികളാണ് ജില്ലയിൽ ജോലി ചെയ്യുന്നത്. കൃത്യസമയത്ത് വിളവെടുപ്പും വളപ്രയോഗവും നടന്നില്ലെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുക. തേയില, ഏലം തോട്ടങ്ങളിലും സ്ഥിതി സമാനമാണ്. ഏലത്തോട്ടങ്ങളിൽ ഇപ്പോൾ കായെടുപ്പ് (വിളവെടുപ്പ്) നടക്കുന്ന സമയമാണ്. തൊഴിലാളികളുടെ അഭാവം മൂലം പല തോട്ടങ്ങളിലും വിളവെടുപ്പ് മുടങ്ങിയിരിക്കുന്നു. ഇത് കായകൾ പഴുത്ത് നശിച്ചുപോകുന്നതിലേക്ക് നയിക്കുന്നു. തമിഴ് തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്ന അതിർത്തി മേഖലകളിലെ തോട്ടങ്ങളിൽ നിന്ന് അവർ കൂട്ടത്തോടെ മടങ്ങിയത് ഉത്പാദനത്തെ സാരമായി ബാധിച്ചു. കേരളത്തിലെ നെൽകർഷകർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൂർണ്ണമായും ബംഗാൾ സ്വദേശികളെയാണ് ആശ്രയിക്കുന്നത്. നിലമൊരുക്കുന്നതിനും ഞാറ് നടുന്നതിനും ഇവർ കാണിക്കുന്ന വേഗതയും കാര്യക്ഷമതയും എടുത്തുപറയേണ്ടതാണ്.
കർഷകരുടെ അഭിപ്രായത്തിൽ, നാലോ അഞ്ചോ പേരുള്ള ബംഗാളി തൊഴിലാളികളുടെ ഒരു സംഘം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീർക്കുന്ന ജോലി പൂർത്തിയാക്കാൻ കേരളത്തിലെ ഇരുപതിലധികം തൊഴിലാളികൾ ഒരു ദിവസം മുഴുവൻ പണിയെടുക്കേണ്ടി വരും. കൂലി ലാഭിക്കുന്നതിലുപരി, കൃത്യസമയത്ത് പണി തീർക്കാൻ കഴിയുന്നു എന്നതാണ് കർഷകരെ ഇവരിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇപ്പോൾ പാടങ്ങൾ ഒരുക്കാൻ ആളില്ലാത്ത അവസ്ഥ കർഷകരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നിർമ്മാണ മേഖലയിൽ സ്തംഭനാവസ്ഥ
കേരളത്തിലെ സാധാരണക്കാരന്റെ വീടുപണി മുതൽ വൻകിട സർക്കാർ പദ്ധതികൾ വരെ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ കൈകളിലാണ്. കല്ലുചുമക്കാനും സിമന്റ് മിശ്രിതം തയ്യാറാക്കാനും പെയിന്റിംഗിനും തടിപ്പണികൾക്കും ഇവരെയാണ് കരാറുകാർ ആശ്രയിക്കുന്നത്.
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വീടിന്റെ മേൽക്കൂര വാർക്കാനും മറ്റ് മിനുക്കുപണികൾ തീർക്കാനും ആഗ്രഹിക്കുന്ന സാധാരണക്കാർ ഇന്ന് കടുത്ത ആശങ്കയിലാണ്. കരാറുകാർ നിശ്ചിത സമയത്ത് പണി തീർക്കാൻ കഴിയാതെ പണി നിർത്തിവെച്ചിരിക്കുന്നു. ഇത് നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനൊപ്പം സാധാരണക്കാരന്റെ സാമ്പത്തിക ബാദ്ധ്യതയും വർദ്ധിപ്പിക്കുന്നതാണ്. ഈ തൊഴിലാളികളുടെ പോക്ക് വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്പാദന ചെലവ് വർദ്ധിക്കുന്നതും ചരക്ക് നീക്കത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പച്ചക്കറി മുതൽ നിർമ്മാണ സാമഗ്രികൾക്ക് വരെ വില കൂടാൻ കാരണമാകുന്നുണ്ട്. ചെറിയ ജോലികൾക്ക് പോലും ഇരട്ടിയിലധികം കൂലി നൽകേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നു.
തിരിച്ചു വന്നാൽ വന്നു
തിരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് പകുതിയോടെ ഈ തൊഴിലാളികൾ തിരിച്ചെത്തുമെന്നാണ് കരാറുകാർ പ്രതീക്ഷിക്കുന്നത്. എന്നാൽ നാട്ടിലെത്തിയാൽ ആഘോഷങ്ങളിലും മറ്റും പങ്കു ചേർന്ന് മാസങ്ങളോളം അവിടെ തുടരുന്ന ശീലം പലർക്കുമുണ്ട്. ഇത് പ്രതിസന്ധിയുടെ ദൈർഘ്യം കൂട്ടുന്നു.
മറ്റൊരു പ്രധാന പ്രശ്നം തൊഴിലാളികളുടെ കൂടു മാറ്റമാണ്. ഇടുക്കി പോലുള്ള ജില്ലകളിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ തിരിച്ചുവരുമ്പോൾ എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലെ ഉയർന്ന കൂലി മോഹിച്ച് അവിടേക്ക് മാറാൻ സാദ്ധ്യതയുണ്ട്. ഇത് മലയോര മേഖലയിലെ തൊഴിൽ ക്ഷാമം രൂക്ഷമാക്കും.
വേണം സമീപനത്തിൽ മാറ്റം
കേരളത്തിന്റെ നിത്യജീവിതത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എത്രത്തോളം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സാഹചര്യം. തദ്ദേശീയരായ തൊഴിലാളികളുടെ അഭാവവും മലയാളികൾ കഠിനമായ ശാരീരിക അദ്ധ്വാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ സാഹചര്യം നേരിടാൻ നിർമ്മാണ- കാർഷിക മേഖലകളിൽ കൂടുതൽ യന്ത്രവത്കരണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ, മറുനാടൻ തൊഴിലാളികൾക്ക് മികച്ച സുരക്ഷയും താമസസൗകര്യവും നൽകുന്നതിനൊപ്പം അവരെ സംസ്ഥാനത്തെ സ്ഥിരമായ തൊഴിൽ സേനയായി മാറ്റാനുള്ള നടപടികളും സർക്കാർ തലത്തിൽ ഉണ്ടാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ അയൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും മറ്റ് മാറ്റങ്ങളും കേരളത്തിന്റെ വികസനത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി ഇതര സംസ്ഥാന തൊഴിലാളികൾ മാറിയിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അവരോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരുത്തുകയും, അവരെ കേവലം 'അന്യസംസ്ഥാനക്കാർ" എന്നതിലുപരി നമ്മുടെ വികസന പങ്കാളികളായി കാണുകയും വേണം. അതേസമയം തന്നെ, മറ്റൊരു സംസ്ഥാനത്തെ സംഭവവികാസങ്ങൾ നമ്മുടെ നാടിന്റെ സ്തംഭനാവസ്ഥയ്ക്ക് കാരണമാകാതിരിക്കാൻ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |