SignIn
Kerala Kaumudi Online
Saturday, 25 April 2026 7.21 PM IST

ചുവപ്പുനാടയിലെ കുരുക്കഴിയുന്നു; അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കാനൊരുങ്ങി സർക്കാർ

Increase Font Size Decrease Font Size Print Page
a

അന്ധവിശ്വാസങ്ങൾ നിരോധിക്കാൻ നിയമം വേണമെന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ജനകീയ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഔദ്യോഗിക സംവിധാനങ്ങളുടെയും പഠനങ്ങളും അന്വേഷണങ്ങളും കേരളീയ പൊതുസമൂഹത്തിനുമുന്നിലുണ്ടായിട്ടും കഴിഞ്ഞ കുറേവർഷങ്ങളായി ചുവപ്പുനാടയിലായിരുന്ന അന്ധവിശ്വാസ നിരോധന നിയമം ഒടുവിൽ പ്രവർത്തികമാക്കാൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ.

അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനത്ത് ദുർമന്ത്രവാദം മുതൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഡിജിറ്റൽ മാദ്ധ്യമ ഉപയോഗംവരെ നിയന്ത്രണ വിധേയമായേക്കും. ബ്ലാക് മാജിക്കും അന്ധവിശ്വാസവും തടയുന്നതിനുള്ള നിയമനിർമാണത്തിനായി നിയോഗിച്ച ഉപസമിതിയാണ് അമാനുഷികശക്തിയുടെ പേരിലുള്ള രോഗശാന്തി അവകാശവാദവും ഡിജിറ്റൽ മാധ്യമദുരുപയോഗവുമൊക്കെ നിയമപരിധിക്കുള്ളിലാക്കാൻ ആലോചിക്കുന്നത്.

വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കുന്നതിനായി സമൂഹത്തിന് ഹാനികരമെന്ന് കരുതുന്ന 34 വിഷയങ്ങളാണ് സമിതി ഇപ്പോൾ പരിഗണിക്കുന്നത്. ഗുരുതരം, മിതമായത്, സാമ്പത്തികചൂഷണം നടത്തുന്നവ എന്നിങ്ങനെ തരംതിരിച്ചാവും അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളെ വിശകലനം ചെയ്യുക.

അന്ധവിശ്വാസവും അനാചാരങ്ങളും തടയാൻ നിയമനിർമാണം നടത്താൻ രണ്ട് പതിറ്റാണ്ട് മുതൽ ആലോചനകളുണ്ടെങ്കിലും മുന്നോട്ടുപോയിരുന്നില്ല. അന്ധവിശ്വാസത്തെ നിർവചിക്കുന്നതിലുണ്ടായ ആശയക്കുഴപ്പമാണ് ബിൽ ഉപേക്ഷിക്കാൻ കാരണം. മതവിശ്വാസത്തെയോ ആചാരത്തെയോ ചോദ്യം ചെയ്യുന്നതാവുമോ എന്ന ആശങ്ക കാരണം പിണറായി സർക്കാരും ബില്ലിന്റെ കരട് ഉപേക്ഷിക്കുകയായിരുന്നു.

കേരള യുക്തിവാദിസംഘം നൽകിയിരുന്ന കേസിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നിയമനിർമാണ നടപടിക്ക് വീണ്ടും ജീവൻവെച്ചിരിക്കുന്നത്. നിയമപരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻനായർ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന വിദഗ്ധസമിതി ഇതിനുള്ള നടപടി തുടങ്ങി. മതസംഘടനകൾ അടക്കമുള്ളവർക്ക് ഈ മാസം 27വരെ നിയമപരിഷ്‌കരണ കമ്മിഷനിൽ അഭിപ്രായം അറിയിക്കാം.

 മുൻ കാല ഇടപെടലുകൾ

2014ൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് ആദ്യമായി അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമ്മാണം വേണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിൽ എത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവരുമെന്ന് നിയമസഭയിൽ പ്രഖ്യാപിക്കുകയും എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ ബില്ലിന്റെ കരട് തയാറാക്കി ('അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ 2014) സമർപ്പിക്കുകയും ചെയ്തു. ഈ ബില്ല് പ്രകാരം അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു. നിയമം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പ്രഖ്യാപിച്ചതല്ലാതെ മറ്റൊന്നും അതിൻമേൽ നടന്നതുമില്ല.

2018ൽ എം.എൽ.എയായിരുന്ന പി.ടി.തോമസ്, ആൾദൈവങ്ങൾ അടക്കമുള്ളവർക്കെതിരെ നടപടിക്ക് നിർദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവന്നു. ദുർമന്ത്രവാദവും ആഭിചാരവും സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുക ഉൾപ്പെടെയായിരുന്നു ബില്ലിലെ നിർദേശങ്ങൾ. എന്നാൽ സമഗ്ര നിയമം കൊണ്ടുവരുമെന്ന സർക്കാരിന്റെ ഉറപ്പിൽ പി.ടി. തോമസിന്റെ ബില്ലും വെളിച്ചം കണ്ടില്ല.

2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കാര കമ്മിഷനും ഒരു കരട് ബില്ല് തയാറാക്കിയിരുന്നു. 'ദി കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്റ് ബ്ലാക് മാജിക് ബിൽ 2019' എന്ന കരട് ബില്ലായിരുന്നു അത്. മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ, മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ശിക്ഷാർഹമാക്കുന്നതായിരുന്നു ഈ ബിൽ. എന്നാൽ, ഈ കരടിൽ പറഞ്ഞിരിക്കുന്ന ആചാരങ്ങൾ സംബന്ധിച്ച് മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതോടെ ഇടതുപക്ഷ സർക്കാരും പിൻവലിഞ്ഞു.

ഏറ്റവും ഒടുവിൽ 2021 ലാണ് നിയമസഭയിൽ അന്ധവിശ്വാസ നിയമം പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കെ.ഡി.പ്രസേനൻ എം.എൽ.എയായിരുന്നു 'കേരള അന്ധവിശ്വാസ- അനാചാര നിർമാർജന ബിൽ-2021' അവതരിപ്പിച്ചത്. അനാചാരം, അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളെ നിർവചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇവയിൽ ഏതിനെയൊക്കെ ഉൾപ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബില്ലായിരുന്നു ഇത്, ഈ ബില്ലിലും ഒന്നും സംഭവിച്ചില്ല. ആ ബില്ലും ചുവപ്പുനാടയിൽ കുരുങ്ങി.

 നിയമത്തിലെ വ്യവസ്ഥകൾ

1954ൽ പാർലമെന്റ് പാസാക്കിയ ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡൈ്വർടൈസ്‌മെന്റ് ആക്ട് 1954) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉൽപ്പന്നങ്ങളും കുറ്റകരമാക്കുന്നതാണ്. രോഗങ്ങളുടെ പ്രവചനം, അശാസ്ത്രീയ ചികിത്സ, വ്യാജ മരുന്നുകൾ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നാൽ, ഇന്നും മലയാള പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും മാന്ത്രിക ഏലസ്സുകളുടെയും രോഗശാന്തി ചികിത്സകളുടെയും ഭാഗ്യനക്ഷത്രക്കല്ലുകളുടെയും മറ്റും പരസ്യങ്ങൾ വ്യാപകമായി തന്നെ കാണാം. ഇത് ആളുകളെ ഇത്തരം ദുഷ്പ്രവണതകളിലേക്ക് എത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നു. നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇത്തരത്തിലുള്ള പത്രപരസ്യങ്ങൾക്ക് പോലും വിലക്കേർപ്പെടുത്താൻ കഴിയുമായിരുന്നു.

നരബലി പൂർണമായും നിരോധിക്കുക, പ്രേതബാധ ഒഴിപ്പിക്കൽ, മാന്ത്രിക ചികിത്സകൾ തുടങ്ങിയവയുടെ പേരിൽ ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങൾ ഏൽപ്പിക്കുന്നത് കുറ്റകരമാക്കുക, അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിക്കുകയോ സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നത് തടയുക, രോഗങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടുന്നതിൽനിന്ന് ആളുകളെ തടയുന്നത് ശിക്ഷാർഹമാക്കുക, മാസമുറയുള്ള സ്ത്രീകളെ മാറ്റിനിർത്തുന്നത് പോലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങൾ നിരോധിക്കുക, ഇത്തരം കുറ്റകൃത്യങ്ങൾക്ക് കഠിനമായ തടവും പിഴയും ഏർപ്പെടുത്തുക.

 നിയമം പാസാക്കിയ സംസ്ഥാനങ്ങൾ

2013ൽ മഹാരാഷ്ട്ര ‘Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act’ എന്ന നിയമം പാസാക്കി. അന്ധവിശ്വാസങ്ങൾ ചൂഷണം ചെയ്ത് ആളുകളെ കബളിപ്പിക്കുക, ശാരീരികമായി ഉപദ്രവിക്കുക, നരബലി നടത്തുക തുടങ്ങിയ കാര്യങ്ങൾ ഈ നിയമപ്രകാരം കുറ്റകരമാണ്.

2017ൽ കർണാടക‘Karnataka Prevention and Eradication of Inhuman Evil Practices and Black Magic Act’ എന്ന നിയമം കൊണ്ടുവന്നു. ഇത് മതപരമായ ആചാരങ്ങളുടെ പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും കറുത്ത മാന്ത്രികവിദ്യകളെയും നിരോധിക്കുന്നു. ബിഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, രാജസ്ഥാൻ, അസം: ഈ സംസ്ഥാനങ്ങളിൽ മന്ത്രവാദം ആരോപിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടയാൻ പ്രത്യേക നിയമങ്ങളുണ്ട്. ഇതിനെ 'വിച്ച്ഹണ്ടിങ്' (മന്ത്രവാദി വേട്ട) എന്നാണ് സാധാരണയായി പറയുന്നത്.

ഏത് മതവിഭാഗങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും അവയുടെ നിർവചനങ്ങളും പലതരം ആശയക്കുഴപ്പങ്ങൾക്കിടയാക്കും. അതുകൊണ്ടുതന്നെ, അന്ധവിശ്വാസ നിരോധന നിയമത്തിന് ജനകീയമായ ബോധവത്ക്കരണം അനിവാര്യമാണ്. മതങ്ങളെയും വിശ്വാസങ്ങളെയും ഏകപക്ഷീയമായി നിഷേധിച്ചുകൊണ്ടല്ല, ആ പക്ഷത്തുനിൽക്കുന്ന വിവേചനശേഷിയുള്ള മനുഷ്യരെ കൂടി ഉൾക്കൊണ്ടുവേണം ഇതിന് തുടക്കമിടാൻ. അതിന് കേരളീയ പൊതുബോധത്തെ പല സന്ദർഭങ്ങളിലും മുന്നോട്ടുനയിച്ചിട്ടുള്ള ശാസ്ത്രീയതയുടെയും പുരോഗമനാത്മകതയുടെയും അടിസ്ഥാനങ്ങളെ ബലപ്പെടുത്തിയെടുത്തിയെടുക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാൻ മനുഷ്യവിരുദ്ധമായ അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പമോ വിട്ടുവീഴ്ചകളോ ഇല്ലാത്ത സാമൂഹിക രാഷ്ട്രീയ ഇടപെടൽ ആവശ്യമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.