
കണ്ണൂരിലെ കിൻഫ്ര വ്യവസായ പാർക്കിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് പുറത്തു വരുന്നത്.അഞ്ചരക്കണ്ടി പടുവിലായി കീഴല്ലൂർ വില്ലേജുകളിൽ കിൻഫ്ര വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. ഉദ്യോഗസ്ഥ അനാസ്ഥ കാരണം 82 കോടിയോളം രൂപ കോടതിയിൽ കെട്ടിവെച്ചാണ് സർക്കാരിന് നഷ്ടമുണ്ടായത്.ഈ തുക സർക്കാരിന് തിരിച്ച് കിട്ടില്ലെന്നിരിക്കെ ഇത്രയും ഗുരുതര അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതാര് എന്ന ചോദ്യമാണ് ഉയരുന്നത്.ഉദ്യോഗസ്ഥർക്കെതിരെ മൂന്നുമാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂർ ചാലാട് സ്വദേശി മനോജ് മൂർക്കോത്ത് അഡ്വ.സി.കെ. മോഹനൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. മതിയായ പരിശോധന നടത്താതെ 82 കോടിയോളം രൂപ കോടതിയിൽ കെട്ടിവച്ചതുവഴി ഉദ്യോഗസ്ഥർ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് നേരത്തെ റവന്യു വിജിലൻസ് കണ്ടെത്തിയിരുന്നു. 672 പേരുടെ ഭൂമിയാണ് കിൻഫ്രയ്ക്കായി ഏറ്റെടുത്തത്. ഇതിൽ 260 പേരുടെ ഭൂമിയുടെ തുകയാണ് മതിയായ രേഖകളില്ലെന്ന കാരണം കാണിച്ച് ഉദ്യോഗസ്ഥർ കോടതിയിൽ കെട്ടിവെച്ചത്. ഇതിൽ നാലുപേർ മാത്രമാണ് രേഖ ഹാജരാക്കിയത് .
സ്‌പെഷ്യൽ തഹസിൽദാർ എൽ.എ (കിൻഫ്ര) ചാലോട് ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ ആയിരുന്ന ഷാജി,
വാല്വേഷൻ
അസിസ്റ്റന്റായിരുന്ന പ്രദീപൻ, തഹസിൽദാറായിരുന്ന ഷെർലി എന്നിവർക്കെതിരെ മുണ്ടയാടൻ രാജൻ നൽകിയ പരാതിയിലാണ് റവന്യൂ വിജിലൻസ് അന്വേഷണം നടത്തിയത്.ഉത്തരമേഖല വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ പരിശോധന റിപ്പോർട്ടിലും പരിശോധനാ വിഭാഗം സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ടിലും വാല്വേഷൻ അസിസ്റ്റന്റായിരുന്ന പ്രദീപൻ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയിരുന്നു.മഹസ്സർ തയ്യാറാക്കുമ്പോഴും ആധാരത്തിന്റെ നിജസ്ഥിതി അറിയാൻ മുൻ റിക്കാർഡുകൾ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുന്നതിൽ ജാഗ്രത കുറവുണ്ടായെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയതാണ്. അവകാശ തർക്കത്തിന് ഇടയാക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നേരത്തേ ഈ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി വേഗത്തിലാക്കാൻ കോടതി ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. രണ്ടാം തവണ കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയ കാര്യം കോടതിയെ അറിയിച്ചത്.വിജിലൻസ് കോഴിക്കോട് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ജില്ല കളക്ടർക്ക് കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. ലാൻഡ് റവന്യൂ കമീഷണർക്കും ഈ റിപ്പോർട്ട് നൽകിയിരുന്നു.പിന്നാലെ മനോജ് മൂർക്കോത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ജൂൺ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടപടിയായില്ല.തുടർന്നാണ് മനോജ് മൂർക്കോത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഇത്രയും തുക സർക്കാരിന് ഉപകരിക്കാത്ത രീതിയിൽ ഉദ്യോഗസ്ഥർ നഷ്ടപ്പെടുത്തിയെന്ന് വിജിലൻസ് സീനിയർ സൂപ്രണ്ട് കണ്ടെത്തിയിരുന്നു.ഭൂ ഉടമകൾ മതിയായ രേഖകൾ സമർപ്പിച്ചാൽ നഷ്ടപരിഹാര തുക ലഭ്യമാക്കാമെന്ന് കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും നാളിതുവരെയായി വെറും നാല് പേർ മാത്രമാണ് മതിയായ രേഖകൾ ഹാജരാക്കി നഷ്ട പരിഹാരത്തുക കൈപ്പറ്റിയത് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.ക്രമക്കേട് ശ്രദ്ധയിൽപ്പെടുത്തി 2023ലാണ് സ്വകാര്യ വ്യക്തികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്.എന്നാൽ ഇതുവരെ അന്വേഷണം നടത്തുകയോ റിപ്പോർട്ട് പൂർത്തിയാക്കുകയോ ചെയ്തിട്ടില്ലെന്ന് ഇവർ പറയുന്നു.മതിയായ രേഖകളില്ലാത്തവരുടെ പേരിൽ ഇത്രയും തുക കെട്ടിവെക്കുന്നത് വൻ ക്രമക്കേടാണെന്നും രേഖകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിലുൾപ്പെടെ ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച്ച സംഭവിച്ചുവെന്നുമാണ് പരാതിപ്പെട്ടവർ ആരോപിക്കുന്നത്. താലൂക്ക് അദാലത്തിലും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും നവകേരള സദസിലുമെല്ലാം ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
ക്രമക്കേടിനെതിരെ റിപ്പോർട്ടുണ്ട്
പട്ടാന്നൂർ വില്ലേജ് ഓഫീസ് സ്വീകരിച്ച പല നടപടികളും നിയമനടപടികൾക്കിടയാക്കിയതായും സർക്കാരിൽ നിന്നും അനുവദിച്ച തുക അലക്ഷ്യമായി കൈകാര്യം ചെയ്തതായും ജില്ലാ കളക്ടർ,ജില്ലാ ഗവ.പ്ലീഡർമാർ എന്നിവർ ഇൻസ്പെക്ഷൻ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ കണ്ടെത്തിയതാണ്. തുടർന്ന് ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ടിനോട് ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിച്ച് ഗവ.പ്ളീഡർ ഓഫീസുമായി ചേർന്ന് ഉചിതമായ അച്ചടക്ക നടപടിയെടുക്കുന്നതിന് ഒരു ഏകീകൃത റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനും 2025 ജൂണിലാണ് നിർദേശിച്ചത്.സീനിയർ സൂപ്രണ്ട് ഇതുപ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിൽ അന്നത്തെ പട്ടാനൂർ വില്ലേജ് ഓഫീസർക്കെതിരെ പരാമർശമുണ്ടെന്നാണ് വിവരം. വിജിലൻസ് റിപ്പോർട്ടിലും ഈയാൾക്കെതിരെ സൂചനയുണ്ട്. ഏറ്റെടുത്ത എല്ലാ സ്ഥലത്തിനും ഒറ്റയാളെ മഹസ്സർ സാക്ഷിയാക്കിയെന്നും സ്ഥലം സന്ദർശിച്ച് മുഴുവൻ മഹസ്സറുകളും തയ്യാറാക്കിയത് ഒറ്റ ഉദ്യോഗസ്ഥനാണെന്നും സീനിയർ സൂപ്രണ്ടിന്റെ റിപ്പോർട്ടിലുണ്ട്.കിൻഫ്ര ഓഫീസിൽ മറ്റ് റവന്യു ഇൻസ്‌പെക്ടർമാർ ഉണ്ടായിരിക്കെയാണ് ഈ ഉദ്യോഗസ്ഥന്റെ സംശയാസ്പദമായ നടപടി.
ഏറ്റെടുത്തത് 474.36 ഏക്കർ ഭൂമി
ഏകദേശം 474.36 ഏക്കർ ഭൂമിയാണ് പട്ടാന്നൂരിലെ കിൻഫ്ര വ്യവസായ പാർക്കിനായി സ്ഥലമേറ്റെടുത്തത്. ഭാവിയിൽ ഇത് 5,000 ഏക്കർ വിസ്തൃതിയുള്ള ഒരു വലിയ വ്യവസായ ഹബ്ബായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഉത്പ്പാദനം, ടെക്‌സ്‌റ്റൈൽസ്, ഇലക്ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള സംരംഭകരെ ആകർഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസികൾക്കായി പ്രത്യേക നിക്ഷേപ അവസരങ്ങളും ഇവിടെ ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |