SignIn
Kerala Kaumudi Online
Friday, 01 May 2026 6.15 AM IST

പോസ്റ്റൽ വോട്ട് പ്രശ്നം: ധാർഷ്ട്യമോ രാഷ്ട്രീയമോ?

Increase Font Size Decrease Font Size Print Page
d

തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിച്ച 20,000ലധികം ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ട് അവകാശം അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലാക്കിയതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പു കമ്മിഷന് മാത്രമാണ്. ഇവർക്ക് അവസരം നൽകാനുള്ള സാദ്ധ്യത ഹൈക്കോടതി പലവട്ടം ആരാഞ്ഞതാണ്. ഇനി അവസരമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കമ്മിഷൻ.

ഒടുവിൽ കോടതിയുടെ കർശന ഇടപെടൽ വേണ്ടിവന്നു.

കമ്മിഷന്റേത് ധാർഷ്ട്യമാണോ രാഷ്ട്രീയക്കളിയാണോ എന്നതാണ് ചോദ്യം. രണ്ടു തരത്തിലും ആരോപണങ്ങളുണ്ട്. മറിച്ച് അബദ്ധം പറ്റിയ ശേഷം വീണിടത്തു കിടന്നുരുളുന്നതാണെങ്കിൽ, ഭാവി തിരഞ്ഞെടുപ്പുകളിലെങ്കിലും തിരുത്തുകയും വേണം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് ബാലറ്രുകൾ തപാലായി മുൻകൂട്ടി അയച്ചുകൊടുക്കുകയും, അവർ വോട്ടുരേഖപ്പെടുത്തി സീൽ ചെയ്ത കവറിൽ വരണാധികാരികൾക്ക് തിരിച്ചയയ്ക്കുകയുമായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ സമീപകാലത്താണ് ഈ രീതിയിൽ ഭേദഗതിയുണ്ടായത്. വിവിധ കേന്ദ്രങ്ങളിലായി സജ്ജമാക്കിയ വോട്ടർ ഫെസിലിറ്രേഷൻ സെന്ററുകളിൽ നേരിട്ടു സമർപ്പിക്കണമെന്ന നിർദ്ദേശം വന്നു. ഇവിടെയാണ് പിഴച്ചത്. തിരഞ്ഞെടുപ്പു തലേന്ന് (ഏപ്രിൽ 8)വൈകിട്ട് വരെയായിരുന്നു അവസരം നൽകിയിരുന്നത്. പലർക്കും സമയത്ത് ബാലറ്റ് കിട്ടാത്തതാണ് പ്രശ്നമായത്. തുടർന്നാണ് ജീവനക്കാരുടെ സംഘടനകളടക്കം ഹൈക്കോടതിയെ സമീപിച്ചത്. വോട്ടു ചെയ്യാത്തവർക്ക് തിരഞ്ഞെടുപ്പു കഴിഞ്ഞാലും പോസ്റ്റൽ വോട്ടിന് അവസരം നൽണമെന്നായിരുന്നു ആവശ്യം. എന്നാൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളടക്കം കെട്ടിപ്പൂട്ടിയതിനാൽ ഇനി അവസരമില്ലെന്ന നിലപാടിൽ കമ്മിഷൻ ഉറച്ചുനിന്നു. തുടർന്നാണ് ഹൈക്കോടതിക്ക് രൂക്ഷമായ പ്രതികരണം വേണ്ടിവന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനായി രാപ്പകൽ പ്രവർത്തിച്ചവരെ ഇങ്ങനെയാണോ പരിഗണിക്കേണ്ടതെന്ന് കോടതി ചോദിച്ചു. കൊട്ടിഘോഷിക്കപ്പെട്ട പരസ്യ പ്രചാരണങ്ങളേയും പരാമർശിച്ചു. തുടർന്നാണ് ഉത്തരവുണ്ടായത്. വോട്ടെണ്ണലിന് മുമ്പ് പോസ്റ്റൽ വോട്ടിന് അവസരം നൽകണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവിടാൻ ഈ ഘട്ടത്തിൽ ഹൈക്കോടതി തയാറായില്ല. ഹർജിക്കാർക്ക് വോട്ടെണ്ണലിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന നി‌ർദ്ദേശത്തോടെ വിഷയം തീർപ്പാക്കുകയായിരുന്നു.

വിപരീത ബുദ്ധി

എല്ലാവരേയും പോളിംഗ് ബൂത്തിലെത്തിക്കാൻ കോടികളുടെ പ്രചാരണ പരിപാടികൾ നടത്തിയിരുന്നു തിരഞ്ഞെടുപ്പു കമ്മിഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ കൊച്ചിയിൽ ക്യാമ്പു ചെയ്ത് ബോധവത്കരണ സെമിനാറുകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറും കളക്ടർമാരും ഫ്ലാഷ്മോബും നൃത്തവും പാട്ടുമെല്ലാമായി വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലെത്തിച്ചു. എന്നാൽ പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ ആ ജാഗ്രതയുണ്ടായില്ല. അതിനെയാണ് കോടതി ചോദ്യം ചെയ്തത്. രാപ്പകൽ തിര‌ഞ്ഞെടുപ്പു ഡ്യൂട്ടിയെടുത്ത ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചെന്ന ആരോപണം ശരിയെങ്കിൽ ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. എല്ലാവരെയും വോട്ടു ചെയ്യിക്കാൻ കടമയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലേയെന്നും ചോദിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടുത്താതെ കോടതിക്ക് വിഷയത്തിൽ ഇടപെടാനാകുമെന്ന് ഹർജിക്കാർ വാദിച്ചു. വോട്ടെണ്ണലിന് മൂന്നു മണിക്കൂർ മുമ്പുവരെ പോസ്റ്റൽ വോട്ടുചെയ്യാൻ വ്യവസ്ഥയുണ്ട്. എല്ലാ കളക്ടറേറ്റുകളിലും ഇതിനായി ഒരോ ഫെസിലിറ്റേഷൻ സെന്റർ തുറക്കണമെന്നും വാദിച്ചെങ്കിലും കമ്മിഷൻ എതിർത്തു. എന്തിനാണ് വാശിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. എല്ലാവർക്കും വോട്ടു ചെയ്യാനാവശ്യമായ സൗകര്യമൊരുക്കാൻ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന് ബാദ്ധ്യതയുണ്ടെന്നും ഓർമ്മിപ്പിച്ചു. എല്ലാറ്റിനും ചട്ടങ്ങളുണ്ടെങ്കിലും സാഹചര്യത്തിനൊത്ത് ഉയരണം. സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ തിരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.

തുടർന്നാണ് 30ന് പ്രത്യേക സിറ്റിംഗ് നടത്തി വിധിപറഞ്ഞത്.

പിടിവാശിയിൽ കടിച്ചുതൂങ്ങി

പോസ്റ്റൽ വോട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ, സാങ്കേതികതയിൽ കടിച്ചു തൂങ്ങാനാണ് ഹൈക്കോടതിയിലും കമ്മിഷൻ ശ്രമിച്ചത്. ഹർജികളിൽ പൊതുതാത്പര്യമില്ലെന്ന് വാദിച്ചു. പരാതിക്കാർ വ്യക്തിഗത തിരഞ്ഞെടുപ്പ് ഹർജികളാണ് സമർപ്പിക്കേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടി. സമയത്ത് അപേക്ഷിക്കാത്തവർക്കും അപേക്ഷയിൽ പിശക് വരുത്തിയവർക്കുമാണ് പോസ്റ്റൽ ബാലറ്റ് നൽകാതിരുന്നതെന്ന് കമ്മിഷൻ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ചട്ട ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ 18 എ പ്രകാരം ഫെസിലിറ്റേഷൻ സെന്ററിലാണ് പോസ്റ്റൽ വോട്ട് ചെയ്യാനാവുക. വോട്ടെണ്ണൽ ദിനം വരെ പോസ്റ്റൽ വോട്ട് ചെയ്യാമെന്ന ചട്ടം 27 ഇപ്പോൾ ബാധകമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാൽ കോടതി അനുകൂലിച്ചില്ല. ഇത്രയും പേർക്ക് വോട്ടവസരം നിഷേധിച്ചതിൽ പൊതുതാത്പര്യമുണ്ടെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഇത്തരം ഘട്ടങ്ങളിൽ ചട്ടങ്ങൾക്കപ്പുറം ഉയരണമെന്ന് പരാമർശിച്ചത്.

നിയമസഭാ തിര‌ഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടടക്കുന്നത്. അതിനാൽ പോസ്റ്റൽ വോട്ടുകളുടെ എണ്ണവും പലയിടത്തും നിർണായകമാകും. കുറ്റ്യാടി മണ്ഡലത്തിൽ 200 വോട്ടിന്റെ വ്യത്യാസത്തിലാണ് കഴിഞ്ഞ വർഷത്തെ വിജയമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ 73 പോസ്റ്റൽ ബാലറ്റുകൾ നൽകിയെങ്കിലും അവ റിട്ടേണിംഗ് ഓഫീസർ മറ്റൊരു ജില്ലയിലേക്കാണ് അയച്ചത്. ഇത് കരുതിക്കൂട്ടിയായിരുന്നെന്നും ആരോപിച്ചു. വഞ്ചനാപരമായ നടപടി ഉണ്ടായെന്നാണോ എന്ന് കോടതിയും ചോദിച്ചു. ഈ സാഹചര്യത്തിലാണ് പോസ്റ്റൽ വോട്ട് നിഷേധത്തിനു പിന്നിൽ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്. വ്യക്തത വരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. പിഴച്ചതാണെങ്കിൽ തുറന്നു സമ്മതിക്കണം. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച നിരവധി ചോദ്യങ്ങളിലേക്ക്, ഒന്നു കൂടി കൂട്ടിച്ചേർക്കപ്പെടും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.