SignIn
Kerala Kaumudi Online
Friday, 01 May 2026 3.18 AM IST

എക്സിറ്റ് പോളിന്റെ മായാജാലവും എൽ.ഡി.എഫിന്റെ തകരാത്ത വിശ്വാസവും

Increase Font Size Decrease Font Size Print Page
d

'ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു'. പതിറ്രാണ്ടുകൾക്ക് മുമ്പ് , സന്മനസുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ അന്തരിച്ച തിലകന്റെ ദാമോദർജി എന്ന കഥാപാത്രം പറഞ്ഞ വാക്കുകൾ ഇപ്പോഴും എത്ര പ്രസക്തം. തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെയുള്ള സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ കേട്ടപ്പോൾ പഴയ ഈ സംഭാഷണ ശകലമാണ് ഓർമയിലെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും മുൻ ബ്രണ്ണൻകോളേജ് പ്രോഡക്ട് എ.കെ.ബാലനുമൊക്കെ പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ , ഇവരെല്ലാം ശോഭരാജിനേക്കാൾ ധൈര്യശാലികളെന്നു തോന്നിപ്പോകും. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വെറും ശൂ എന്ന മട്ടിലായിരുന്നു ഇവരുടെയൊക്കെ പ്രതികരണം. കാര്യങ്ങൾ വകതിരിച്ച് അറിയാനുള്ള സിദ്ധിവിശേഷം കൊണ്ടാവും മുഖ്യമന്ത്രി പിണറായിവിജയൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, അർത്ഥഗർഭമായ മൗനം.

മുമ്പും ഉണ്ടായിട്ടുണ്ട് ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങൾ അച്ചെട്ടായ സന്ദർഭങ്ങളുണ്ട്. അടപടലം പാളിയ സന്ദർഭങ്ങളുമുണ്ട്. അതിനാൽ ഇപ്പോഴത്തെ എക്സിറ്റ് പോൾ ഫലങ്ങൾ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങളാവണമെന്നില്ല. എങ്കിലും സർവെ നടത്തിയ എല്ലാ ഏജൻസികളും ഒരു പോലെ യു.ഡി.എഫിന് സാദ്ധ്യത കല്പിക്കുകയും എൽ.ഡി.എഫിന് ഭരണതുടർച്ചയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടും ഒട്ടും അങ്കലാപ്പു കാട്ടാതെ, ഇതൊന്നും വസ്തുതാപരമല്ലെന്നു പറയാനുള്ള ധൈര്യം ഇടതുപക്ഷത്തിനേ ഉള്ളൂ . മൂക്കോളം മുങ്ങിത്താഴുമ്പോഴും മുകളിൽ പിടിക്കാൻ ആവേശം കാട്ടുന്ന ധൈര്യം, അതൊരു അസാധാരണ സിദ്ധി തന്നെ. കേരളത്തിൽ സി.പി.എമ്മിനല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കാൽചുവട്ടിൽ മണ്ണ് മാറുമ്പോഴും ഇതു പോലെ നെഞ്ചുവിരിച്ച് നിൽക്കാൻ സാധിക്കില്ല.

' സർക്കാർ വിരുദ്ധ വികാരമില്ല, മുഖ്യമന്ത്രിയാവാൻ യോഗ്യൻ പിണറായി തന്നെ' ഈ രണ്ട് കാര്യങ്ങളാണ് എക്സിറ്റ് ഫോൾ ഫലങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ദിവ്യ പ്രബോധനം. ഇടതു മുന്നണിക്ക് നല്ല സാദ്ധ്യതയുള്ള സർവെ കൂടിയാണിതെന്നു പറയാനും അദ്ദേഹം മടിച്ചില്ല. ഭരണ തുടർച്ചയുണ്ടാവുമെന്നും താനും ജയിക്കുമെന്നും പറയാനുള്ള എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്റെ അവകാശവാദവും അമ്പരിപ്പിക്കുന്നതാണ്. എക്സിറ്റ് പോളിൽ മുഖ്യമന്ത്രിക്കാണ് ഏറ്റവും മികച്ച പിന്തുണ എന്നത് ചൂണ്ടിക്കാട്ടുന്ന രാമകൃഷ്ണൻ , യു.ഡി.എഫിന് ഭൂരിപക്ഷം എന്നതുമാത്രം കാണുന്നേയില്ല. പാർട്ടിയുടെ ആപത്ത് കാലത്ത് നാക്കു കൊണ്ട് രക്ഷാ പ്രവർത്തനം നടത്താറുള്ള പോരാളി എ.കെ.ബാലൻ ഇത്തരുണത്തിലും നിശബ്ദനായില്ല. എക്സിറ്റ് പോളുകൾ വസ്തുതാപരമല്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തെ വെറുക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ തിരുവചനം. 33 ശതമാനം ജനപിന്തുണ മുഖ്യമന്ത്രി പിണറായിക്ക് എന്നതും ബാലന്റെ പരാമർശ പരിധിയിൽ വരുമോ എന്നത് അദ്ദേഹത്തിന് മാത്രമേ അറിയൂ. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ നേതാക്കൾ തമ്മിൽ മത്സരവും കൂടോത്രവും നടക്കുകയാണെന്ന് കൂടി ബാലൻ പരിഹസിച്ചു. കേരളത്തിൽ ബി.ജെ.പി ഒറ്റ സീറ്റുപോലും നേടില്ലെന്ന് അസന്നിഗ്ദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. സി.പി.എം നേതാക്കളുടെ ഈ ഉത്സാഹമെല്ലാം കൂടി കാണുമ്പോൾ തങ്ങളുടെ കണക്കു കൂട്ടലുകൾ അമ്പേപാളിയോ എന്ന് സർവെ നടത്തിയ ഏജൻസികൾ പോലും ശങ്കിക്കുകയാണ്.

എന്നാൽ യു.ഡി.എഫിന്റെ ഭാഗത്ത് അത്രവലിയ ഇളകിയാട്ടമൊന്നും കണ്ടില്ല. ആകെ പൂത്തുലഞ്ഞ് സംസാരിച്ചത് മുൻ കെ.പി.സി.സി പ്രസിഡന്റെന്ന് അഭിമാനപൂർവ്വം ഉദ്ഘോഷിക്കുന്ന എം.എം.ഹസൻ മാത്രമാണ്. എൽ.ഡി.എഫ് പദ്ധതിയിട്ട പന്തലിൽ യു.ഡി.എഫ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ ഹസ്സന് തെല്ലുമില്ല സംശയം. 90 സീറ്റുവരെ കിട്ടുമെന്ന കാര്യത്തിൽ ലവലേശം സംശയമില്ലാത്തത് കെ.മുരളീധരനാണ്. പിണറായിയുടെ മുൻതൂക്കത്തെയും മുരളീധരൻ പരിഹസിക്കുന്നുണ്ട്. പാർട്ടിക്ക് ഭൂരിപക്ഷം കിട്ടാതെ പിണറായിക്ക് മുൻതൂക്കം കിട്ടിയിട്ട് എന്തുകാര്യമെന്ന അദ്ദേഹത്തിന്റെ ചോദ്യം ന്യായവുമാണ്. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന പക്ഷക്കാരനാണ് മുരളീധരൻ. യു.ഡി.എഫിൽ മുസ്ലീം ലീഗാണ് ഇന്നലെ വ്യക്തവും കൃത്യവുമായ വിധത്തിൽ ചില കാര്യങ്ങൾ പറഞ്ഞത്. അനാവശ്യ അവകാശവാദങ്ങൾ തങ്ങൾ മുന്നോട്ടു വയ്ക്കില്ലെന്ന അവരുടെ പ്രസ്താവന അടുത്ത ഗവൺമെന്റ് തങ്ങൾ കൂടി ചേർന്ന് രൂപീകരിക്കുമെന്നതിന്റെ സുചനയാണ് നൽകുന്നത്.

എക്സിറ്റ് ഫലങ്ങൾ വന്നതിന് തൊട്ടു പിന്നാലെ പി.വി.ആർ തീയറ്റേഴ്സിന്റെ കോമഡി സ്കിറ്റും ഉണ്ടായിരുന്നു. പി.വി ക്യാപ്റ്റൻ അൻവറാണ് സ്കിറ്ര് അവതരിപ്പിച്ചത്. ബേപ്പൂർ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ താൻ കോഴിക്കോട് അങ്ങാടിയിൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നാണ് അൻവറിന്റെ വെല്ലുവിളി. അൻവർ ആളു വാശിക്കാരനാണ്. റിയാസ് എങ്ങാനും ജയിച്ചാൽ അൻവറിന്റെ മൊട്ട വേഷം കാണേണ്ടിവരുമോ എന്നതാണ് കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ അങ്കലാപ്പ്. തിരിച്ച് ഇതേ വെല്ലുവിളി ഏറ്റെടുക്കാമോ എന്ന് മുഹമ്മദ് റിയാസിനോട് അൻവർ ചോദിച്ചിട്ടുമുണ്ട്. പക്ഷെ പൊതുവേ നാണം കുണുങ്ങിയായ അൻവർ തലമുണ്ഡനം ചെയ്ത് കാശുകളയാനൊന്നും തയ്യാറല്ല.മാത്രമല്ല, താനാരാണെന്ന് മറ്റുള്ളവർക്കറിയില്ലെങ്കിൽ താനാരാണെന്ന് തന്നോട് ചോദിച്ച് തനിക്ക് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ റിയാസിനുണ്ടെന്നത് അൻവറിന് അത്ര അറിയില്ല. മുല്ലപ്പൂംപൊടി ഏറ്റുകിടക്കും....എന്നൊരു വരിയുണ്ടല്ലോ .

ഇതുകൂടി കേൾക്കണേ

എക്സിറ്റ് പോൾ ഫലമൊക്കെ പോട്ടെ, മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ കാര്യങ്ങൾക്ക് ഒരു വ്യക്തത വരുമല്ലോ. ഏറെ പ്രതീക്ഷിച്ച ഭരണ തുടർച്ച അഥവാ കിട്ടിയില്ലെങ്കിൽ അതിൽ നിന്ന് എൽ.ഡി.എഫിനും യു.ഡി.എഫിനുമുണ്ട് പഠിക്കാൻ ഏറെ പാഠങ്ങൾ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.