SignIn
Kerala Kaumudi Online
Thursday, 21 May 2026 2.33 AM IST

ധന പ്രതിസന്ധി മറികടക്കാം,​ ഇച്ഛാശക്തിയിലൂടെ

d

ഒരു വശത്ത് കടുത്ത ധനപ്രതിസന്ധി, മറുവശത്ത് രൂക്ഷമായ തൊഴിലില്ലായ്മ. അതുമൂലം പഠനത്തിനും തൊഴിൽ തേടിയുമുള്ള യുവജനതയുടെ കുടിയേറ്റം. രൂക്ഷമാകുന്ന മനുഷ്യ- വന്യമൃഗ സംഘർഷം. 60 കഴിഞ്ഞവരുടെ ജനസംഖ്യാനുപാതം ഇന്ത്യയിൽ 7% ആയിരിക്കേ കേരളത്തിൽ അതു 20%ൽ എത്തിനിൽക്കുന്ന വയോജന മേഖലയുടെ വേറിട്ട പ്രശ്നങ്ങൾ, യു.എസ്/ഇസ്രയേൽ-ഇറാൻ യുദ്ധംമൂലം പ്രവാസ വരുമാനം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ തിരിച്ചടികൾ. ഇന്ധനക്ഷാമം- വിലക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ... അങ്ങനെ നീളുന്നു യു.ഡി.എഫ് ഗവൺമെന്റ് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ.

മുൻഗണന കൊടുത്ത് നിറവേറ്റേണ്ടതായ ഇലക്ഷൻ, ക്ഷേമ വാഗ്‌ദാനങ്ങളാണ് മറുവശത്ത്. അവ സംസ്ഥാന ധനസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് കാലവിളംബം കൂടാതെ നടപ്പാക്കേണ്ടവയാണ്.

എന്നാൽ, ഇച്ഛാശക്തിയും കാര്യക്ഷമതയുമുള്ള ഒരു ഗവൺമെന്റിന് ഈ കടമ്പ കടക്കാനാവും. ഏതാനും മാർഗങ്ങൾ പരിശോധിക്കാം.

ശമ്പള പരിഷ്കരണം മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര സർവീസിലും എന്നതുപോലെ പത്തു വർഷത്തിലൊരിക്കൽ എന്നു തീരുമാനിക്കുക. കഴിഞ്ഞ ശമ്പളം/ഡി.എ വർദ്ധനവുകളുടെ കുടിശിക ഭീമമായ തോതിൽ കൊടുത്തു തീർക്കാനുള്ളപ്പോഴാണ് 12-ാം ശമ്പള കമ്മിഷനെ നിയോഗിച്ചിട്ടുള്ളത്. പത്തുവർഷ പരിഷ്കരണം ജീവനക്കാരെ അവഗണിക്കൽ അല്ല രക്ഷിക്കലാണ്. ആ രീതി അംഗീകരിച്ചാൽ ധനപ്രതിസന്ധിയിൽ നിന്ന് കേരളം കരകയറും. ജീവനക്കാർക്ക് കുടിശിക വരുന്ന അവസ്ഥ ഉണ്ടാവുകയുമില്ല.

കേന്ദ്ര ക്യാബിനറ്റ് മന്ത്രിക്ക് 16 പേഴ്സണൽ സ്റ്റാഫ് വരെയേ ഉള്ളൂ. അപ്പോൾ സംസ്ഥാന മന്ത്രിമാർക്ക് 20 തൊട്ട് 30+ പേഴ്സണൽ സ്റ്റാഫ് എന്തിനാണ്. യു.പി.എസ്.സിയിൽ 11 അംഗങ്ങൾ മാത്രമുള്ളപ്പോൾ കൊച്ചു കേരളത്തിൽ എന്തുകൊണ്ട് 21 പി.എസ്.സി അംഗങ്ങൾ. ക്ഷേമബോർഡുകൾ എല്ലാം പിരിച്ചുവിട്ട് എല്ലാത്തിന്റെയും പ്രവർത്തനം ഒരു ബോർഡിന്റെ കീഴിലാക്കണം. 40ലേറെ ക്ഷേമബോർഡുകൾ ഖജനാവിനെ ചോർത്തുന്നത് വലിയ രീതിയിലാണ്.

വിഭവ സമാഹരണം

കാര്യക്ഷമമാക്കണം

നികുതി വെട്ടിക്കൽ സംസ്ഥാനത്തു വ്യാപകമാണ്. അതൊഴിവാക്കാൻ നടപടിയെടുക്കണം.

നികുതി കുടിശിക വരാതെ നോക്കണം. നികുതിയേതര വരുമാന സമാഹരണത്തിൽ ജാഗ്രത കാട്ടണം. നികുതി /നികുതിയേതര വരുമാന സമാഹരണം കാര്യക്ഷമമായാൽ സാവകാശം സംസ്ഥാനം കരകയറാൻ തുടങ്ങും.

കാര്യക്ഷമതയോടെ, വകമാറ്റാതെ കിട്ടിയ പണം ചെലവഴിച്ച് ഓഡിറ്റഡ് റിപ്പോർട്ട് കേന്ദ്രത്തിലെത്തിച്ചാൽ കേന്ദ്ര വിഹിതം കൃത്യമായും വാങ്ങിയെടുക്കാം. കേരളത്തിൽ നിന്നുള്ള ബ്രെയിൻ ഡ്രെയിൻ കുറയ്ക്കാൻ സഹായകമായ രീതിയിൽ ക്യാമ്പസുകൾ ടെക്നോളജി+ സംരംഭക മികവുള്ളവയാകണം.

ഭരണം മെച്ചപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായം ഉറപ്പാക്കുക. പുതിയ സാങ്കേതിക മികവുള്ളവരെ ഭരണത്തിന്റെ ഭാഗമാക്കുക. പാഴ് ചെലവുകൾ വെട്ടിച്ചുരുക്കുക. കാര്യക്ഷമത എന്ന മന്ത്രം ചൊല്ലി മുന്നേറിയാൽ കടമ്പകൾ മറികടക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY