
തന്ത്രശാസ്ത്ര താന്ത്രിക പാണ്ഡിത്യം, ക്ഷേത്രസമുദ്ധാരണ ശ്രമങ്ങൾ, വിദ്യകൾക്ക് ശാസ്ത്രീയ മുഖം നൽകുന്ന ചിന്തയും പഠനങ്ങളും ഭാഷണങ്ങളും വഴി കഴിഞ്ഞ നൂറ്റാണ്ടിൽ ശ്രദ്ധേയരായിരുന്ന പ്രതിഭകളിൽ മുൻനിര സ്ഥാനമുള്ള മലയാളിയായിരുന്നു മാധവജി. 1926 മേയ് 31ന് കോഴിക്കോട്ടെ പാലക്കൽ തറവാട്ടിൽ ഉത്രാടം നക്ഷത്രത്തിൽ ഭൂജാതനായ പി. മാധവൻ കേരളത്തിലെ ആത്മീയ മാനബിന്ദുക്കളിൽപ്പെട്ട ഒരു പുണ്യശ്ലോകനായിരുന്നു. ദത്തോപാന്ത്ഠേംഗിഡിജി കോഴിക്കോട് വന്ന് 1942ൽ സമാരംഭം കുറിച്ച ആദ്യ ആർ.എസ്.എസ് ശാഖയിലൂടെ സ്വയംസേവകനായിത്തീർന്ന ആളായിരുന്നു അന്നത്തെ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരുന്ന മാധവൻ.
1946ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സയൻസിൽ നല്ല നിലയിൽ ബിരുദം കരസ്ഥമാക്കിയ ഈ യുവാവ് സംഘപ്രചാരകനായി പൂർണ ജീവിതം രാഷ്ട്രസേവനത്തിനായി സമർപ്പിക്കുകയായിരുന്നു. 1948ലെ ആദ്യ സംഘ നിരോധനത്തെ തുടർന്ന് ജയിൽവാസം അനുഭവിച്ചശേഷം ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് തുടങ്ങി കേരളത്തിലുടനീളം സംഘസന്ദേശവുമായി കഠിനാധ്വാനം ചെയ്ത ചരിത്രമാണ് മാധവജിക്കുള്ളത്. ആലപ്പുഴയിൽ പ്രചാരകനായിരിക്കെ റഷ്യയിലും ചൈനയിലുമൊക്കെയായി മാനവരാശിയുടെ മുന്നിൽ ഒരു ഭാഗം ജനങ്ങൾ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ച പാശ്ചാത്തലത്തിൽ ആ ആശയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ അദ്ദേഹം മുതിർന്നിരുന്നു.
പുന്നപ്ര-വയലാർ സമരവും ഇന്ത്യയെ പതിനെട്ട് പരമാധികാര രാജ്യങ്ങളാക്കണമെന്ന വാദവുമൊക്കെ പഠിച്ചു യുക്തിഭദ്രമായി ഖണ്ഡിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഭൗതികനേട്ടങ്ങൾകൊണ്ടു മാത്രം ജനങ്ങൾക്ക് ജീവിക്കാനും പുരോഗതി കൈവരിക്കാനുമാകില്ലെന്ന് ഉറപ്പിച്ച് അക്കാലത്ത് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ആളായിരുന്നു മാധവജി. എവിടെ എത്തിയാലും അതാതു പ്രദേശത്തെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനും; കഴിയുന്നത്ര വ്യക്തികളുമായി ഹൃദയബന്ധം സ്ഥാപിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.
1988ൽ മാധവജി സ്വർഗസ്ഥനായി മൂന്നു കൊല്ലങ്ങൾക്കുള്ളിൽ സോവിയറ്റ് യൂണിയന്റെ പതനവും തുടർന്ന് ആ ആശയകുടുംബത്തിനേറ്റ തിരിച്ചടികളും മാധവജിയുടെ ക്രാന്തദർശിത്വമുള്ള പ്രവചനങ്ങളെ ഓർമ്മിക്കുന്നു. മന്നവും ശങ്കറും ചേർന്ന് ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട് തന്റെ പഠനങ്ങളും ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള അഭിപ്രായവും ബന്ധപ്പെട്ടവരിൽ ദൃഢീകരിക്കാൻ മാധവജിക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്നയാൾ ബി.ജെ.പി സ്ഥാനാർത്ഥിയായി ജയിക്കാൻ കഴിഞ്ഞതിന് പിന്നിൽ ഹിന്ദുമഹാമണ്ഡലത്തെ അടിസ്ഥാനമാക്കി മാധവജി നടത്തിയ പ്രവചനങ്ങളുടെ പശ്ചാത്തലമുണ്ടെന്ന് അനുഭവങ്ങളുടെ സാക്ഷ്യപത്രവുമായി എനിക്കു പറയാനാവും. ഈ ലേഖകന്റെ ഏപ്രിലിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കൊല്ലം ജില്ലയിൽ പോയ ഏക മണ്ഡലം ചാത്തന്നൂരായിരുന്നു. എന്റെ അനുഭവങ്ങളയവിറക്കുമ്പോൾ ക്രാന്തദർശിയായ മാധവജി 1950കളിലെ തിരുവിതാംകൂർ രാഷ്ട്രീയത്തെ ഇന്ധനമാക്കി ഹിന്ദുമഹാമണ്ഡലത്തെക്കുറിച്ച് പറഞ്ഞതായ കാര്യങ്ങൾ അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ കൂടുതൽ വിചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.
സംശുദ്ധ പൊതുപ്രവർത്തനത്തിന്റെ മികച്ച ഏടുകളിലൊന്നായി കേരള ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള മഹാനാണ് കേരളഗാന്ധിയെന്നറിയപ്പെടുന്ന സ്വർഗീയ കേളപ്പജി. തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഏക്കറുകണക്കിന് പറമ്പും സ്വത്തുക്കളും അധഃസ്ഥിതവിഭാഗങ്ങൾക്കായി ദാനം ചെയ്ത അദ്ദേഹം അതൊന്നും പ്രചാരണവിഷയമാക്കാതിരിപ്പാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജീവിതസായാഹ്നത്തിൽ ഈ ഗാന്ധിയൻ നേതാവ് തന്റെ ജീവിത സായൂജ്യമായി നെഞ്ചിലേറ്റി ഏറ്റെടുത്ത 1968ലെ അങ്ങാടിപ്പുറം തളിക്ഷേത്ര സമരവും തുടർനടപടികളും ചരിത്രം ഇന്നും വേണ്ടരീതിയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ദു:ഖസത്യം.
നിരീശ്വരവാദം മത്ത് പിടിപ്പിച്ച ചില നേതാക്കൾ 'നായപാത്തിയ കല്ലിന്മേൽ ചന്ദനം പൂശിയ കേളപ്പാ'യെന്ന് വിളിച്ച് കേളപ്പജിയെ ആക്ഷേപിക്കുകയും അദ്ദേഹത്തെ പിടിച്ച് തടവറയിലാക്കുകയും ചെയ്ത സംഭവം മാധവജിയെ ഇരുത്തി ചിന്തിപ്പിക്കുകയും ക്ഷേത്രമോചനത്തിനു വേണ്ടിയുള്ള പോരാട്ടത്തെ ഒരു വലിയ ദൗത്യമായി ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. തളിക്ഷേത്രസമരം വിജയിച്ചെങ്കിലും സമരനായകനായ കേളപ്പജി 1971ൽ കോഴിക്കോട് വച്ച് അന്തരിച്ചു. ഇതിനെ തുർന്നാണ് മലബാർ ക്ഷേത്രസംരക്ഷണ സമിതി കേരളക്ഷേത്രസംരക്ഷണ സമിതിയായി സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചത്. ഈ മഹാ പ്രസ്ഥാനത്തിന്റെ ആചാര്യ സ്ഥാനം മാധവജിയെകൊണ്ട് സനാതനധർമ്മ വിശ്വാസികൾ ഏറ്റെടുക്കാൻ നിർബന്ധിപ്പിച്ചിരുന്നു. തുടർന്ന് മാധവജിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഗ്രാമക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ഭക്തജനങ്ങളുടെ ക്ഷേത്ര കേന്ദ്രീകൃത പുനർജനിയും ജനമുന്നേറ്റവും സൃഷ്ടിച്ചിരുന്നു. ഈ നവോത്ഥാനത്തിന് പിന്നിലെ നായകസ്ഥാനം ആചാര്യനിൽ അർപ്പിതമായിരുന്നു. ജാതിചിന്തകൾ വെടിഞ്ഞ് അബ്രാഹ്മണരുൾപ്പെടെയുള്ളവരെ ക്ഷേത്ര പൂജാരികളാക്കാനുള്ള 'പാലിയം വിളംബര'ത്തിന് പിന്നിലെ മാസ്മരശക്തി മാധവജിയും രാഷ്ട്രീയസ്വയംസേവക സംഘവുമായിരുന്നു. ആലുവയിലെ തന്ത്രവിദ്യാപീഠത്തിന്റെ അണിയറശില്പിയും മാധവജി ആയിരുന്നു. അദ്ദേഹം 1988 മുതൽ അന്ത്യവിശ്രമം കൊള്ളുന്നതും തന്ത്ര വിദ്യാപീഠത്തിൽ തന്നെയാണ്.
മാധവജി സൃഷ്ടിച്ച ജ്ഞാനവിജ്ഞാനലോകം മലയാള ഭാഷയ്ക്കും, താന്ത്രിക വിദ്യാമേഖലയ്ക്കും, ക്ഷേത്രാരാധനാ സമ്പ്രദായത്തിനും നൽകിയ സംഭാവനകൾ അതുല്യമാണ്. 'ആചാര്യം മാധവം യോഗസാധനാമാർഗദേശികം; വന്ദേഹ്യം ക്ഷേത്ര സങ്കല്പനിഗാമാർത്ഥതിദർശകം' എന്ന മാധവജിയ്ക്കുള്ള ആചാര്യവന്ദനത്തോടെയാണ് തന്ത്രവിദ്യാപഠിതാക്കൾ അവരുടെ ഉദ്യമമാരംഭിക്കുന്നത് എന്നുള്ളത് ഈ മഹാത്മാവിന്റെ കാലാതീത പ്രാധാന്യം വിളിച്ചോതുന്നു. 1962 ൽ ശ്രീവിദ്യാമന്ത്രദീക്ഷ സ്വീകരിച്ച അദ്ദേഹത്തിന്റെ 'ക്ഷേത്രചൈതന്യരഹസ്യം', 'ശ്രീചക്രം' എന്നീ ഗ്രന്ഥങ്ങൾ മികവുറ്റ പഠനഗ്രന്ഥങ്ങളാണ്. മറ്റൊരു ഗ്രന്ഥമായ 'അക്ഷരമാലയുടെ ദാർശനിക പശ്ചാത്തലം' മലയാളഭാഷയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഒരു ജീവിതം ആദർശനിഷ്ഠയോടെ 'രാഷ്ട്രം ഒന്നാമത്തേതും' മറ്റെല്ലാം രണ്ടാമത്തേതുമെന്ന നിലപാടാണ് മാധവജിയുടെ ജീവിതം വഴി തുറന്നു കാട്ടിയിട്ടുള്ളത്. കുടുംബത്തോടോ, സുഖജീവിതത്തോടോ, അധികാരത്തോടോ, സ്ഥാനമാനങ്ങളോടോ ഒട്ടി നില്ക്കാതെ കാലത്തിനൊപ്പമോ മുന്നിലോ പ്രയാണം ചെയ്ത് സമാജത്തിനായുള്ള ത്യാഗത്തിന്റെയും, സമർപ്പണത്തിന്റെയും ഏടുകളായിരുന്നു ആ ജീവിതം അനാവരണം ചെയ്തത്. സ്ഥിതപ്രജ്ഞനായ ഈ കർമ്മയോഗി കാവിയുടുക്കാത്ത സന്യാസിയും, ആശ്രമം സ്ഥാപിക്കാത്ത ആചാര്യനും, സ്വത്തോ പദവിയോ പിടിച്ചു പറ്റാത്ത പരിത്യാഗിയുമായിരുന്നു. അതുതന്നെയാണ് മഹാത്മാവായി അദ്ദേഹത്തെ പരശ്ശതം പേർ കരുതുന്നതിന്റെ കാരണവും!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |