
മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ഒരു പാവമാണ്. അധ:സ്ഥിത വർഗ്ഗക്കാരിയായത് കൊണ്ട് അവരോടെന്തും കാണിക്കാമെന്നായിരിക്കുന്നു.രാഷ്ട‌്രീയത്തിലെ കളികളൊന്നും ജയലക്ഷ്മിക്കറിയില്ല.വളഞ്ഞ വഴിയിൽ സഞ്ചരിച്ച് എന്തെങ്കിലും നേടണമെന്ന മോഹവും ജയലക്ഷ്മിക്കില്ല.പാർട്ടി എന്ന് പറഞ്ഞാൽ ശ്വാസം പോലെയാണവർക്ക്.ആത്മാർത്ഥമായ പ്രവർത്തനം അത് ജീവിതചര്യയാക്കിയവൾ.ജയലക്ഷ്മിയെക്കുറിച്ച് അറിഞ്ഞത് കൊണ്ടായിരിക്കണം 2011ൽ രാഹുൽഗാന്ധി അവരെ തേടിയെത്തിയത്.നിയമസഭാ സ്ഥാനാർത്ഥിയാകാനായി തയ്യാറെടുക്കാൻ രാഹുൽഗാന്ധി നേരിട്ടാണ് ജയലക്ഷ്മിയോട് ആവശ്യപ്പെട്ടത്.അതൊരു വലിയ അംഗീകാരമായിരുന്നു.2011ൽ തന്റെ കന്നിയങ്കത്തിൽ വലിയ ഭൂരിപക്ഷത്തിലാണ് പട്ടികവർഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായിരുന്ന പി കെ ജയലക്ഷ്മി വിജയിച്ചത്.ചുരം ഇറങ്ങി ഇടക്ക് കോഴിക്കോട്ടൊക്കെ പോയിട്ടുണ്ടെങ്കിലും അനന്തപുരി ജയലക്ഷ്മി കണ്ടിട്ടേയില്ലായിരുന്നു.മാനന്തവാടി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് വിജയിച്ച ജയലക്ഷ്മി അങ്ങനെ ആദ്യമായി ചുരം ഇറങ്ങി അനന്തപുരിയിലേക്ക് യാത്രയായി. ആദ്യത്തെ യാത്ര. എം.എൽ.എയായി സത്യപ്രതിഞ്ജ ചെയ്യാനായി മാനന്തവാടി ഗാന്ധി പാർക്കിൽ നിന്ന് രാത്രിയോടെ ഏതാനും പാർട്ടി പ്രവർത്തകർക്കൊപ്പം ജയലക്ഷ്മി ഒരു സ്വകാര്യ വാഹനത്തിൽ യാത്ര തിരിച്ചു. അടുത്ത ദിവസം പുലർച്ചെ അനന്തപുരിയിലെത്തി.പക്ഷെ, സത്യപ്രതിഞ്ജ ചെയ്തത് മന്ത്രിയായി! സ്വകാര്യ വാഹനത്തിൽ അനന്തപുരിയിലേക്ക് പോയ ജയലക്ഷ്മിയുടെ വയനാട്ടിലേക്കുളള തിരിച്ച് വരവ് സർക്കാരിന്റെ കൊടിവച്ച കാറിൽ.രാഹുൽഗാന്ധിയുടെ കണ്ടെത്തൽ വെറുതെയായിരുന്നില്ല.പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി എന്ന നിലയിൽ 36 പുതിയ പദ്ധതികൾ ഗോത്ര ജനതയ്ക്കായി നടപ്പിലാക്കുകയും മാനന്തവാടി നിയോജകമണ്ഡലത്തിൽ 866 കോടി രൂപയുടെ വികസന പദ്ധതികൾ എത്തിക്കുകയും ചെയ്തു. മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ വേറെയും. മന്ത്രി എന്ന നിലയിൽ ജയലക്ഷ്മി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. മന്ത്രിയായതിന് ശേഷമാണ് വീട്ടുകാരുടെ നിർബന്ധ പ്രകാരം വിവാഹവും കഴിക്കുന്നത്. ഇതിനിടെ ജയലക്ഷ്മിക്കൊപ്പം കൂടാൻ കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളും മത്സരിക്കുന്ന കാഴ്ചയും കണ്ടു.എന്നാൽ എല്ലാവരെയും ചേർത്ത് നിർത്തിക്കൊണ്ടുളള ഒരു പ്രവർത്തന രീതിയായിരുന്നു അപ്പോഴും ജയലക്ഷ്മിയുടേത്.
കോൺഗ്രസിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അന്നത്തെ എം പിയായിരുന്ന എം ഐ ഷാനവാസിനെതിരെ ആദ്യം ഒരു വിഭാഗം തിരിഞ്ഞു. പിന്നീട് അതേ വിഭാഗം പി. കെ. ജയലക്ഷ്മിക്കെതിരെയും തിരിഞ്ഞു.
#
പൊട്ടിയത് ജയലക്ഷ്മിയിലെ അഗ്നിപർവ്വതം
ഇനി കഥയിലേക്ക് കടക്കാം.2016ലും 2021ലും ജയലക്ഷ്മി മാനന്തവാടി മണ്ഡലത്തിൽ മത്സരിച്ചു.എതിരാളി സി.പി.എമ്മിലെ ഒ.ആർ കേളുവായിരുന്നു. കേളു വിജയിച്ചു.കേളു രണ്ടാമത്തെ അങ്കത്തിലും വിജയിച്ചതോടെ മന്ത്രിയുമായി. കേളുവിന് ഇത് മൂന്നാം അങ്കമാണ്. പക്ഷെ എതിരാളി ജയലക്ഷ്മി അല്ല. എടവക ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഉഷാ വിജയൻ. ഒരു അങ്കത്തിന് കൂടി അവസരം തരൂ എന്ന് പറഞ്ഞ് തിണ്ണ നിരങ്ങാൻ ജയലക്ഷ്മിക്ക് അറിയില്ല. എ.ഐ.സി.സി മെമ്പറായ ജയലക്ഷ്മിക്ക് ഒരു അവസരം കൂടി നൽകുമെന്ന് ഏവരും പ്രതീക്ഷിച്ചു. ഒപ്പം ജയലക്ഷ്മിയും. പക്ഷെ സീറ്റ് പ്രഖ്യാപിച്ചപ്പോൾ ജയലക്ഷ്മി ഔട്ട്. ആരോടും പരിഭവമോ പരാതിയോ ജയലക്ഷ്മിക്കില്ല. അടിയുറച്ച ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ജയലക്ഷ്മി മിണ്ടാതെയിരുന്നു.എന്നാൽ ജയലക്ഷ്മിയുടെ മനസിൽ ഒരു അഗ്നിപർവ്വതം രൂപം കൊളളുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ഉളളിൽ ഒതുക്കി വച്ച വിഷമങ്ങൾ പുറത്ത് കാണിക്കാതെ ജയലക്ഷ്മി കോൺഗ്രസിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി തന്നെ പങ്കെടുത്തു. കൈയിൽ നിന്ന് കാശ് മുടക്കി അങ്ങ് വാളാട് എന്ന ഓണം കേറാമൂലയിൽ നിന്ന് എ.ഐ.സി.സി മെമ്പറെന്ന നിലയിൽ കോൺഗ്രസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കുമായി കേരളത്തിലും പുറത്തും അവർ ഇറങ്ങി തിരിച്ചു. എല്ലാം വെറുതെയായിരുന്നുവെന്ന് ഇപ്പോൾ ഉളളിന്റെ ഉളളിൽ ജയലക്ഷ്മിക്ക് തോന്നിയിട്ടുണ്ടാകണം.
മാനന്തവാടി മണ്ഡലത്തിൽ ഉഷാ വിജയനെയും കൊണ്ട് മണ്ഡലത്തിലെ മുക്കിലും മൂലയിലും നടക്കുന്നത് ഇപ്പോൾ ജയലക്ഷ്മിയാണ്. അവർക്കാണ് ഉഷാ വിജയനെ വിജയിപ്പിക്കേണ്ടതിന്റെ മുഖ്യ ചുമതല.മൂന്നാം അങ്കത്തിന് സീറ്റ് ലഭിച്ചില്ലെങ്കിലും എല്ലാം ഉളളിൽ ഒതുക്കി ജയലക്ഷ്മി ഉഷാ വിജയനെയും കൊണ്ട് യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലെ മുക്കും മൂലയും കയറി ഇറങ്ങി നടക്കുന്നു.പക്ഷെ ജയലക്ഷ്മിക്ക് കഴിഞ്ഞ ദിവസം പിടിച്ച് നിൽക്കാനായില്ല.
#
ജയലക്ഷ്മിക്ക് നിയന്ത്രണം വിട്ടപ്പോൾ
വെളളമുണ്ടയിലെ യു.ഡി.എഫ് കൺവെൻഷനായിരുന്നു വേദി. സ്ഥാനാർത്ഥി ഉഷാ വിജയനെ വിജയിപ്പിക്കണമെന്ന് പ്രസംഗം തുടങ്ങിയ ജയലക്ഷ്മിക്ക് ഇടക്ക് വച്ച് നാവ് കുഴഞ്ഞു.മൈക്കിന് മുന്നിൽ നിന്ന അവർ, കഴിഞ്ഞ പത്ത് വർഷമായി ഉളളിൽ ഒതുക്കിവച്ച ആ സത്യം വിളിച്ച് പറഞ്ഞു. അല്ലെങ്കിൽ വിളിച്ച് പറയേണ്ടി വന്നു എന്ന് പറയുന്നതായിരിക്കും ശരി. 2016ലും 2021ലും ഒരു വിഭാഗം തോൽപ്പിക്കാൻ ശ്രമിച്ചതിനെതിരെ വൈകാരിക പ്രതികരണവുമായി എ.ഐ.സി.സി. അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി പൊട്ടിത്തെറിച്ചു. രണ്ട് തിരഞ്ഞെടുപ്പുകളിലും തന്നെ തോൽപ്പിക്കാൻ പ്രവർത്തിച്ച കോൺഗ്രസിലെ ചിലർക്കെതിരെ അവർ തുറന്നടിച്ചു. കൺവെൻഷനിൽ പങ്കെടുത്ത യു.ഡി.എഫ് പ്രവർത്തകർ ജയക്ഷ്മിയുടെ വൈകാരിക പ്രകടനം കണ്ട് ഞെട്ടി. തന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പുഴയിൽ ഒഴുക്കിയെന്നും മൈക്ക് അനൗൺസ്‌മെന്റിന് പോയവർ വാഹനം ഒതുക്കി മരച്ചുവട്ടിൽ ഉറങ്ങിയെന്നുമെല്ലാം ഉള്ള ആക്ഷേപങ്ങൾ ജയലക്ഷ്മി ഉന്നയിച്ചു. ചിലർ വീടുകയറി ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് പോലും പറഞ്ഞുവത്രെ. പ്രസംഗത്തിനൊടുവിൽ ജയലക്ഷ്മി പറഞ്ഞു ''ഇപ്പോൾ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത്. ഒരു അപേക്ഷയാണ്. ''
ശരിയാണ് ജയലക്ഷ്മിയോട് ഇത്
വേണ്ടായിരുന്നു. വർഷങ്ങളായി ഉളളിൽ കൊണ്ട് നടന്ന അവരുടെ വിഷമം ഒന്ന് പുറത്തുചാടി. അതും യു.ഡി.എഫ് കൺവെൻഷനിൽ വച്ച്. ഇപ്പോൾ പണ്ടത്തെപ്പോലയല്ല കാര്യങ്ങൾ.ഒന്ന് തുമ്മിയാൽ മതി.അത് ലൈവായി വരും.കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് മാദ്ധ്യമപ്പട. ഏതായാലും ജയലക്ഷ്മി അതൊന്നും ആലോചിച്ചില്ല. മനസിലെ വിഷമങ്ങൾ നാട്ടുമ്പുറത്തുകാരിയായ ജയലക്ഷ്മി ഒന്ന് തുറന്ന് പറഞ്ഞു. അതിപ്പോൾ ആകെ ചർച്ചയായി.യു.ഡി.എഫ് മണ്ഡലം ആയിരുന്നിട്ടും
രണ്ടുതവണയും ജയലക്ഷ്മി പരാജയപ്പെട്ടു. തന്നെ പരാജയപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജയലക്ഷ്മി കെ.പി.സി.സിക്കും എ.ഐ.സി.സിക്കും പരാതി നൽകിയിരുന്നു. എന്നാൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല.
ഈ തിരഞ്ഞെടുപ്പിൽ ജയലക്ഷ്മിയെ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും പുതുമുഖമായ ഉഷാ വിജയന് സീറ്റ് നൽകി. മാനന്തവാടി മണ്ഡലത്തിന്റെ ചുമതല കെപിസിസി ജയലക്ഷ്മിക്ക് നൽകുകയും ചെയ്തു. സ്വന്തക്കാരെപ്പോലെ കൂടെ നടന്ന് തോൽപ്പിച്ചവർ. മാനന്തവാടിയിലെ ഇപ്പോഴത്തെ പല ജനപ്രതിനിധികളും അന്ന് ജയലക്ഷ്മിയെ പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നു. അവർ തന്നെയാണ് ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയെയും കൊണ്ട് മണ്ഡലമാകെ നടക്കുന്നതും. എന്തൊരു വിരോധാഭാസം. ഇല്ലെ?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |