
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കിടെയാണ് വി.ഡി.സതീശൻ ഒരു വാക്ക് പ്രയോഗിച്ചത്, 'വിസ്മയം". തിരഞ്ഞെടുപ്പിൽ ചില വിസ്മയങ്ങൾ കാണാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. സതീശൻ അതൊരു ഓളത്തിലങ്ങു പറഞ്ഞതാണെങ്കിലും ഇപ്പോൾ ആ വാക്ക് കേരള സമൂഹത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി. ഏറെ ഗൗരവത്തോടെ സതീശൻ വിസ്മയം ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ, രാഷ്ട്രീയ എതിരാളികൾ അതിന് പരിഹാസത്തിന്റെ പരിവേഷം നൽകി.
ഏതായാലും കഴിഞ്ഞ രണ്ടു ദിവസമായി വിസ്മയം അങ്ങ് ക്ളച്ചുപിടിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയാണ് ഏറ്റവുമൊടുവിൽ കണ്ട വിസ്മയം. അറച്ചുനിൽക്കാതെ, മടിച്ചുനിൽക്കാതെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മഹിളാമണികൾ സീറോ ടിക്കറ്റ് യാത്രയ്ക്കായി ക്യൂനിൽക്കുന്ന കാഴ്ചയാണ് ഈ ദിസങ്ങളിൽ കണ്ടത്.
തിരഞ്ഞെടുപ്പ് നാളുകളിൽ പഞ്ഞവും പിശുക്കുമില്ലാതെ വാഗ്ദാനങ്ങൾ വാരിച്ചൊരിയുന്നത് പതിവാണ്. ഇക്കാര്യത്തിൽ മുന്നണി ഭേദമില്ലാതെ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളതല്ല, പറയാൻ മാത്രമുള്ളതാണെന്ന പാഠവും രാഷ്ട്രീയക്കാർ നേരത്തെ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ ഈ ചൊല്ല്, വെറും പഴഞ്ചൊല്ലായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
നയാപൈസ കൊടുക്കാതെ വനിതാരത്നങ്ങൾ കൈവീശി ബസുകളിൽ യാത്ര ചെയ്തുതുടങ്ങി. എന്നാൽ സർക്കാരിനെ സംബന്ധിച്ച് കാര്യങ്ങൾ സുഗമമാണോ എന്നു ചോദിച്ചാൽ അല്ലേയല്ല.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന് ആവേശത്തിലങ്ങു പ്രഖ്യാപിച്ചെങ്കിലും അണ്ടിയോട് അടുത്തപ്പോഴാണ് മാങ്ങ പുളിച്ചുതുടങ്ങിയത്. മൂക്കറ്റം കടത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഒരു മഹത് സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. ശമ്പളവും പെൻഷനും കൊടുക്കാൻ ഓരോ മാസവും പെടുന്ന പെടാപ്പാട് വകുപ്പ് മന്ത്രിക്കും വേഴാമ്പലിനെപ്പോലെ ശമ്പളത്തിന് കാത്തിരിക്കേണ്ടി വരുന്ന ജീവനക്കാർക്കും മാത്രമാണ് അറിയുന്നത്. ഇതിനിടെ പെട്ടിയിൽ വീഴുന്ന പണം വേണ്ടെന്നു കൂടി വച്ചാലോ. പണം കണ്ടെത്താനുള്ള മറ്റെന്തെങ്കിലും വഴി തെളിഞ്ഞിട്ടുമില്ല. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയിലാണ് യഥാർത്ഥത്തിൽ സർക്കാർ. എങ്കിലും തീരുമാനത്തിൽ നിന്ന് അങ്ങനങ്ങു പിന്മാറാനും വയ്യ. പത്തായപ്പുരയിലെ നെല്ല് കാണാതെ സദ്യയ്ക്ക് ആളെക്കൂട്ടുന്ന കാരണവരുടെ മനോഗതിയിലേക്ക് എത്തപ്പെട്ട അവസ്ഥ.
മനസുള്ളവർക്ക് എന്തെങ്കിലും തൊഴിലിന് സാദ്ധ്യതയില്ലാത്ത നാടല്ല കേരളം. ചെയ്യുന്ന ജോലിക്ക് ഭേദപ്പെട്ട വേതനവും ഉറപ്പാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ തൊഴിലാളികൾ ഇവിടേക്ക് ഒഴുകുന്നത് ഇതിനാലാണല്ലോ. കൃത്യമായ വരുമാനമില്ലാത്തവർ നന്നേ ചുരുക്കം. സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലുമൊക്കെ ജോലിക്കു പോകുന്നവരാണ് വനിതാ യാത്രികരിലധികവും. നല്ല നിലയ്ക്കുള്ള ശമ്പളം വാങ്ങുന്നവരുമാണ്. അപ്പോൾ പിന്നെ കാടടച്ചുള്ള സൗജന്യത്തിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. എന്തെങ്കിലും ചില മാനദണ്ഡങ്ങൾ സൗജന്യയാത്രയ്ക്ക് നിശ്ചയിച്ചിരുന്നെങ്കിൽ സർക്കാരിന് ഓവർലോഡ് താങ്ങേണ്ടിവരുമായിരുന്നില്ലെന്ന അഭിപ്രായക്കാരുമുണ്ട്. ഇതൊക്കെയാണെങ്കിലും പറഞ്ഞ വാക്ക്, എത്ര റിസ്ക്കെടുത്താണെങ്കിലും പാലിക്കാൻ സർക്കാർ കാട്ടിയ ശുഷ്കാന്തി അനുമോദിക്കാതിരിക്കാനാവില്ല.
കുത്തിതിരിപ്പ് വേണ്ട
ഇവിടെയാണ് കുത്തിതിരിപ്പുകാരുടെ കറുത്ത മനസ് വെളിവാകുന്നത്. കൈപൊള്ളുന്ന ഒരു പരീക്ഷണമാണ് സർക്കാർ തുടങ്ങിയത്. അതിന്റെ ഗുണദോഷങ്ങൾ മനസിലാക്കാൻ സമയവുമുണ്ട്. എന്നാൽ അതിനു മുതിരാതെ സൗജന്യയാത്രാ പദ്ധതിയെ അടച്ചാക്ഷേപിക്കാനും അതിൽ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാനുമുള്ള തീവ്രയജ്ഞ പരിപാടികളാണ് പ്രതിപക്ഷവും മറ്റുചിലരും തുടങ്ങിയിട്ടുള്ളത്. എല്ലാ ബസിലും കൊടുക്കുന്നില്ലെന്നതാണ് ഒരു ആക്ഷേപം. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റിൽ കോഴിക്കോട് വരെ കയറുന്ന വനിതാ യാത്രികർക്കെല്ലാം സൗജന്യം കൊടുക്കണമെന്ന് ശഠിക്കുന്നത് ന്യായയുക്തമോയെന്ന് ചിന്തിക്കേണ്ടതല്ലെ. പത്തുവർഷം അധികാരത്തിലിരുന്നപ്പോൾ ഇത്തരം വിപ്ളവകരമായ നടപടിയെക്കുറിച്ച് ചിന്തിക്കാൻ പോലും തയ്യാറാകാത്തവർ, സൗജന്യയാത്രയുടെ സമയം നീട്ടണമെന്ന് ഏക്കുംപോക്കുമില്ലാതെ വിളിച്ചു പറയുന്നതും കേട്ടതാണ്. തുടങ്ങിവച്ച ആനുകൂല്യം തുടരാനാവുമോ, അല്ലെങ്കിൽ എന്തെല്ലാം പരിഷ്കാരങ്ങൾ വരുത്തിയാൽ ഇത് നിലനിറുത്താം തുടങ്ങിയ കാര്യങ്ങളിൽ ക്രിയാത്മക ചർച്ച നടത്തുകയാണല്ലോ ഉത്തമം. അതിനുപകരം എന്തോ മഹാപരാധം ചെയ്ത മട്ടിൽ സർക്കാരിനെയും ഈ തീരുമാനത്തെയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം ഒരിക്കലും ഗുണകരമല്ല.
വിമർശനങ്ങൾ വിനാശത്തിനാകരുത്
നിശ്ചയമായും ഇങ്ങനൊരു പദ്ധതി നടപ്പാക്കുമ്പോൾ പലവിധ തിരിച്ചടികളും വന്നേക്കാം. കെ.എസ്.ആർ.ടി.സിക്കുണ്ടാവുന്ന സാമ്പത്തിക ബാദ്ധ്യത, സ്വകാര്യ ബസ് ഉടമകൾ നേരിടേണ്ടിവരുന്ന പ്രതിസന്ധി, ഓട്ടോറിക്ഷാ തൊഴിലാളികളെ ഇതെങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. എങ്ങനെ ഈ തടസങ്ങൾ മറികടക്കാമെന്നതും ചർച്ച ചെയ്യേണ്ട വിഷയമാണ്. അതിന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ക്രൂശിക്കുകയല്ല, യാഥാർത്ഥ്യ ബോധമുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടുവച്ച് നല്ല പ്രതിവിധി കണ്ടെത്താൻ സഹായിക്കുകയാണ് വേണ്ടത്. വിമർശനങ്ങളാവാം, അത് വിനാശത്തിന്റെ പാതയിലാവരുത്.
ഇതുകൂടി കേൾക്കണേ
എല്ലാ വിഷയങ്ങളിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിഭിന്നങ്ങളായ അഭിപ്രായങ്ങൾ കാണും. എന്നാൽ ഈ അഭിപ്രായ വ്യത്യാസങ്ങൾ ജനങ്ങളുടെ നന്മയെ ഹനിക്കുന്നതാവരുതെന്ന് മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |