SignIn
Kerala Kaumudi Online
Thursday, 18 June 2026 5.20 AM IST

വിഷമ വൃത്തത്തിൽ വിസ്മയവും കാത്ത്

v-d-satheeshan-and-budjet

വീണ്ടും എഴുതാതെ വയ്യ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ പംക്തിക്ക് ഹ്രസ്വ അവധി പ്രഖ്യാപിച്ചത്. ഈയുള്ളവന് രാഷ്ട്രീയ കാര്യങ്ങൾ എഴുതാനോ പറയാനോ തത്കാലം അവകാശമില്ലല്ലോ. എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞു. സർക്കാരിന് പുതിയ രാഷ്ട്രീയ നേതൃത്വം, പുതിയ നയം, പുത്തൻ പരിപാടികൾ. ഭരണം എന്നത് തുടർപ്രക്രിയ എങ്കിലും ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറുമ്പോൾ, ഒപ്പം നയപരിപാടികളും മാറുന്നത് സ്വാഭാവികം.

നാളെ പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജ​റ്റ്. കേരളത്തിന് ഈ വർഷം ഇത് രണ്ടാമതാണ് ബഡ്ജ​റ്റ് അവതരണം. മന്ത്റിസഭ മാറിയതോടെ ഇടതുസർക്കാരിന് വേണ്ടി ബാലഗോപാൽ അവതരിപ്പിച്ച 2026-27ലേക്കുള്ള ഇടക്കാല ബഡ്ജ​റ്റ് അപ്രസക്തമായി. പുതിയ ഐക്യജനാധിപത്യ മുന്നണി സർക്കാരിന് വേണ്ടി മുഖ്യമന്ത്റി വി.ഡി.സതീശൻ തന്നെയാണ് നാളെ പുതുക്കിയ ബഡ്ജ​റ്റ് അവതരിപ്പിക്കുക.

കേരള നിയമസഭയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയല്ല. മുമ്പ്, മുഖ്യമന്ത്റിമാർ ആയിരിക്കേ ഉമ്മൻചാണ്ടിയും ആർ.ശങ്കറും ബഡ്ജ​റ്റ് അവതരിപ്പിച്ചിട്ടുണ്ട്. രണ്ടും കോൺഗ്രസ് മുഖ്യമന്ത്റിമാർ. ബഡ്ജ​റ്റ് അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന ആദ്യ പറവൂർക്കാരനും അല്ല വി.ഡി.സതീശൻ. പറവൂരിൽ നിന്നുള്ള കെ.ടി.ജോർജ് അമ്പതാണ്ട് മുമ്പ്, എഴുപതുകളുടെ തുടക്കത്തിൽ കേരള നിയമസഭയിൽ ബഡ്ജ​റ്റ് അവതരിപ്പിച്ചു. അദ്ദേഹവും കോൺഗ്രസിൽ നിന്നുതന്നെ. പക്ഷേ,​ പിന്നീട് ജോർജ് സഭയിൽ കുഴഞ്ഞു വീണു.

ബഡ്ജ​റ്റിന് മുന്നോടിയായി വാർഷിക സാമ്പത്തിക റിവ്യൂ സഭയുടെ മേശപ്പുറത്ത് രണ്ടുനാൾ മുമ്പ് വയ്ക്കാറുണ്ട്. അക്കാര്യവും കഴിഞ്ഞ സഭയിൽ അന്നത്തെ ധനമന്ത്റി ബാലഗോപാൽ നിർവഹിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരണമാണ് സാമ്പത്തിക റിവ്യൂവിൽ ഉണ്ടാവുക. എന്നാൽ,​ പുതിയ സർക്കാർ ധനസ്ഥിതിയെ കുറിച്ച് ഒരു ധവളപത്രംതന്നെ കുറെ ദിവസം മുമ്പ് അവതരിപ്പിച്ചിരുന്നു. സർക്കാരിന്റെ പക്കലുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തിറക്കുന്നതാണ് ധവള പത്രം.

അപൂർവമായി മാത്രമേ ധവള പത്രം പുറത്തിറക്കാറുള്ളൂ. മൂന്ന് പതി​റ്റാണ്ട് മുമ്പ് കേരള കോൺഗ്രസ് നേതാവ് കെ.എം.മാണി, ധവളപത്രം എന്നപേരിൽ ഒരു രേഖ ഒരിക്കൽ പുറത്തിറക്കിയിരുന്നു. നിരവധി ബഡ്ജ​റ്റുകൾ, വിഭിന്ന സർക്കാരുകൾക്ക് വേണ്ടി, ധനമന്ത്റി എന്ന നിലയിൽ അവതരിപ്പിച്ച് 'റെക്കാഡ്' സൃഷ്ടിച്ച നേതാവാണ് മാണി സാർ. കമ്മി ബഡ്ജ​റ്റും മിച്ച ബഡ്ജ​റ്റും, കമ്മിയും മിച്ചവും ഇല്ലാത്ത 'സീറോ ഡെഫിസി​റ്റ്' ബഡ്ജ​റ്റും അഥവാ കമ്മിരഹിത ബഡ്ജ​റ്റും അവതരിപ്പിച്ച അതികായനാണ് അദ്ദേഹം.

മാണി സാറിന്റെ അവസാന ബഡ്ജ​റ്റ് അവതരിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ്, നിയമസഭയിൽ അഭൂത പൂർവ്വമായ രംഗങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെയും ധന മാനേജ്‌മെന്റിനെയും പ​റ്റിയുള്ള 'ധവളപത്രം' മുമ്പ് സ്വയം തയ്യാറാക്കി പ്രസിദ്ധീകരിക്കുമ്പോൾ, മാണി സാർ മന്ത്റി ആയിരുന്നില്ല. അതുകൊണ്ട് തന്നെ ആ 'ധവളപത്രം' ഔദ്യോഗിക രേഖയും ആയിരുന്നില്ല. പക്ഷേ,​ കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച വിവരങ്ങൾ വിരൽതുമ്പിൽ കൊണ്ടുനടന്ന ആ നേതാവിന്റെ രേഖ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

അക്കാലത്ത് ധനകാര്യ വിദഗ്ദ്ധനും ആസൂത്രണ ബോർഡ് സെക്രട്ടറിയും മ​റ്റും ആയിരുന്ന കോൺഗ്രസ് നേതാവ് ഡോ.പി.കെ.ഗോപാലകൃഷ്ണൻ മാണി സാറിന്റെ രേഖയ്ക്ക് ഒരു ബദൽ രേഖയും പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്റി വി.ഡി.സതീശന്റെ 'ധവള പത്രം', ഔദ്യോഗിക രേഖ ആയിട്ടുകൂടി, അത്രയേറെ ചർച്ച ചെയ്യപ്പെട്ടില്ല. പ്രതിപക്ഷംപോലും അവരുടെ വിമർശനവും വിയോജിപ്പും പ്രധാനമായും ഊന്നിയത് രഹസ്യമായി സൂക്ഷിക്കേണ്ട സാമ്പത്തിക വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു എന്നതിലും, സർക്കാരിന് പുറത്തുള്ളവരെ കൊണ്ട് ധവളപത്രം തയ്യാറാക്കി എന്നതിലും ആയിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണം എന്നു പറഞ്ഞുകൊണ്ട് ഭരണപക്ഷം ആ വിമർശനം തള്ളിക്കളഞ്ഞു. ഇടക്കാലത്ത്, ഇടതുമുന്നണി സർക്കാരിന് വേണ്ടി ബഡ്ജ​റ്റ് തയ്യാറാക്കിയത് എ.കെ.ജി സെന്ററിൽ ആയിരുന്നു എന്നും അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു എന്നതും ഇവിടെ ഓർമ്മയിൽ വരുന്നു. എന്തായാലും സതീശൻ സർക്കാരിന്റെ ധവളപത്രത്തെ കുറിച്ചുള്ള ചർച്ച അങ്ങനെ ഒതുങ്ങുകയും ഏതാണ്ട് ഒടുങ്ങുകയും ചെയ്തു.

വാസ്തവത്തിൽ വിശദവും വ്യാപകവും ആയ ചർച്ച വേണ്ടിയിരുന്നു സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവള പത്രത്തിൻമേൽ. പ്രത്യേകിച്ച് ധവളപത്രം എന്ന സാമ്പത്തിക രേഖ ഒരു രാഷ്ട്രീയ ആയുധം കൂടി ആണെന്നിരിക്കെ. സംസ്ഥാനത്തിന്റെ മൗലികവും ഗുരുതരവുമായ പ്രശ്നത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ, നടക്കാതെ പോയ ചർച്ച സഹായിക്കുമായിരുന്നു. കേരളത്തിൽ ഇപ്പോൾ സംവാദങ്ങളിൽ അല്ലല്ലോ, വിവാദങ്ങളിലാണല്ലോ താല്പര്യം. ആരോഗ്യകരമായ സംവാദ സംസ്‌കാരം ഈയിടെയായി ഇവിടെ അന്യം നിന്നു പോയപോലെ.

ധവളപത്രം ഇറക്കിയത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ആണെന്ന് ആരോപണം ഉണ്ട്. വികസന, ക്ഷേമ പരിപാടികൾ നടപ്പിലാക്കാതിരിക്കാനുള്ള മുൻകൂർ ജാമ്യമാവാം അത് എന്നും വിമർശനമുണ്ട്. പക്ഷേ,​ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പണച്ചെലവുള്ള 'ഗ്യാരന്റി'കൾ നടപ്പിലാക്കുന്നതിന് ധന ദു:സ്ഥിതി തടസമായില്ല എന്നത് ശ്രദ്ധേയം. അധിക വിഭവ സമാഹരണത്തിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുക എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അനിവാര്യവും അത്യന്താപേക്ഷിതവും ആയി മാറുന്നു. മാത്രമല്ല, കേന്ദ്ര സർക്കാരുമായി ആരോഗ്യകരമായ ബന്ധം പുലർത്തേണ്ടതും സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയുടെ സാഹചര്യത്തിൽ അത്യാവശ്യമായി തീരുന്നു.

കേരളം കുറെകാലമായി അഭിമുഖീകരിക്കുന്നത് ഒരു 'ഡെവലപ്പ്‌മെന്റ് ഡൈലമ', അതായത് വികസന സംബന്ധമായ ഒരുതരം വിഷമവൃത്തമാണ്. അനുദിനം വർദ്ധിച്ചുവരുന്ന വികസന ആവശ്യങ്ങൾ ഒരു വശത്ത്. അതിവേഗം ശോഷിക്കുന്ന വിഭവ സ്രോതസുകൾ മറുവശത്ത്. ഇതിന് നടുവിലാണ് വിഭവസമാഹരണം ബഡ്ജ​റ്റിൽ ഏ​റ്റവും വലിയ വെല്ലുവിളി ആവുന്നത്. അത് തയ്യാറാക്കി അവതരിപ്പിക്കുന്ന മുഖ്യമന്ത്റിയുടെ മാ​റ്റ് ഉരയ്ക്കപ്പെടുന്നതും ഈ വിഷമവൃത്തത്തിന് എങ്ങനെ, എന്ത് പരിഹാരം ബഡ്ജ​റ്റിൽ നിർദ്ദേശിക്കുന്നു എന്നതിലാണ്.

ധനകാര്യ വിദഗ്ദ്ധരും സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളും മാത്രമല്ല, സാധാരണ ജനങ്ങളും ഉ​റ്റു നോക്കുന്നത് അതുതന്നെയാണ്. ഏതാണ്ട് 'ടാക്സ് സാചുറേഷൻ' എത്തിക്കഴിഞ്ഞ കേരളത്തിൽ ഇനി നികുതി വർദ്ധന ജനത്തിന് താങ്ങാൻ ആവില്ല. ക്ഷേമ പരിപാടികളും വികസന പദ്ധതികളും മൂലം ഉണ്ടാവുന്ന അധിക ബാദ്ധ്യതകൾക്കായി പുതിയ ധനാഗമ മാർഗങ്ങൾ കണ്ടെത്തിയേ മതിയാവൂ.

തന്റെ കന്നി ബഡ്ജ​റ്റിൽ വിസ്മയങ്ങൾ ഉണ്ടാവും എന്ന് വി.ഡി.സതീശൻ പറഞ്ഞുവച്ചിട്ടുണ്ട്. വിസ്മയങ്ങൾ ഉണ്ടാവാതിരിക്കാൻ പ​റ്റില്ല. അത്ര മോശമാണ് ധവളപത്രം വരച്ചുകാട്ടുന്ന കേരളത്തിന്റെ ചിത്രം. അഞ്ച് ലക്ഷത്തിലേറെ കോടി രൂപയുടെ ബാദ്ധ്യതയാണത്രേ സംസ്ഥാനത്തിനുള്ളത്. റവന്യു വരുമാനത്തിന്റെ 78% ശമ്പളം, പെൻഷൻ, വായ്പകൾക്കുള്ള പലിശ എന്നിവയ്ക്കായി ചെലവിടുന്നു. ഈ പശ്ചാത്തലത്തിൽ വിസ്മയങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY