
മനുഷ്യന്റെ സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങൾക്ക് ജനാധിപത്യത്തിലൂടെ പരിഹാരം സാദ്ധ്യമല്ലെന്നും ന്യൂനപക്ഷത്തിന്റെ സായുധ വിപ്ളവത്തിലൂടെയേ അത് സാദ്ധ്യമാകൂ എന്നും കരുതി പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റ് - നക്‌സലൈറ്റ് സംഘങ്ങൾ ഒന്നൊഴിയാതെ കേന്ദ്ര സർക്കാരിനു മുന്നിൽ കീഴടങ്ങിവരികയാണ്. രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ 'ചുവപ്പൻ ഇടനാഴി" തീർത്ത നക്‌സലിസം അവസാനിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ വെളിപ്പെടുത്തുകയും ചെയ്തു. നക്സലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലാണ് രാജ്യത്ത് നക്‌സലിസത്തെ അടിയറവ് പറയിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞത്. ജനാധിപത്യ മാർഗങ്ങളും, അത് വിജയിക്കാത്തിടത്ത് സായുധ മാർഗങ്ങളും ഒരുപോലെ പ്രയോഗിക്കുന്ന ദ്വിമുഖ തന്ത്രമാണ് മാവോയിസ്റ്റുകളെ കീഴടക്കാൻ കേന്ദ്രം പ്രയോഗിച്ചത്. കീഴടങ്ങുന്നവരുടെ പുനരധിവാസവും ഉറപ്പാക്കി. കീഴടങ്ങിയവരോട് വിട്ടുവീഴ്ചയോടെ ചർച്ചകൾക്ക് സർക്കാർ തയ്യാറായി. ഇതിനു തയ്യാറാകാതെ എതിർപ്പ് തുടർന്ന അവശേഷിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സായുധ മാർഗങ്ങളിലൂടെത്തന്നെയാണ് നേരിട്ടത്.
ഛത്തിസ്‌ഗഢ്, തെലങ്കാന, ആന്ധ്ര, ഒഡിഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ബംഗാൾ, കേരളം, കർണാടക, യു.പി എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഭീഷണിയാണ് ഏതാണ്ട് പൂർണമായും തുടച്ചുനീക്കിയത്.
4839 നക്സലുകൾ കീഴടങ്ങി. 2218 പേർ ജയിലിലായി. 706 പേർ പൊലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. 21 മാവോയിസ്റ്റ് കേന്ദ്ര നേതാക്കളിൽ ഒരാൾ മാത്രമാണ് ശേഷിക്കുന്നത്. ആക്രമണങ്ങളിൽ 5000 സുരക്ഷാ ഉദ്യോഗസ്ഥന്മാരുൾപ്പെടെ 20,000 പേർ വിവിധ കാലഘട്ടങ്ങളിലായി കൊല്ലപ്പെട്ടു. ഛത്തിസ്‌ഗഢ് ഒഴികെ മിക്ക സംസ്ഥാനങ്ങളിലും 2024-നു മുമ്പുതന്നെ മാവോയിസ്റ്റ് സംഘങ്ങളെ ഇല്ലാതാക്കിയിരുന്നു. ആയുധം ഉപേക്ഷിക്കുകയോ കീഴടങ്ങി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരികയോ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ആഹ്വാനം വലിയ എതിർപ്പൊന്നും കൂടാതെ ഭൂരിപക്ഷം മാവോയിസ്റ്റ് പ്രവർത്തകരും സ്വീകരിക്കുകയായിരുന്നു.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും മാവോയിസ്റ്റുകൾക്ക് ലഭിച്ചിരുന്ന സഹായങ്ങളുടെ സ്രോതസുകൾ പൂർണമായി അടയ്ക്കുന്നതിലാണ് കേന്ദ്രം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതാണ് സായുധ ഗ്രൂപ്പുകളെ സമ്മർദ്ദത്തിലാക്കിയത്. അതോടൊപ്പം പ്രദേശിക സഹായം മാവോയിസ്റ്റുകൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സുരക്ഷാ നടപടികളും ശക്തമാക്കി. നാടിന്റെ മോചനത്തിനല്ല, അവികസിതമായ അവസ്ഥ മാറ്റുന്നതിനുള്ള വികസന നടപടികൾക്കാണ് മാവോയിസ്റ്റുകൾ തടസം നിൽക്കുന്നതെന്നും, പാലങ്ങളും റോഡുകളും വരാൻ പല സ്ഥലത്തും എതിരു നിൽക്കുന്നത് മാവോയിസ്റ്റ് സംഘങ്ങളാണെന്നും പൂർണമായ തോതിൽ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നു.
അറുപതുകളുടെ അവസാനത്തോടെ തുടങ്ങിയതാണ് ഇന്ത്യയിലെ നക്‌സലൈറ്റ് പ്രവർത്തനങ്ങൾ. അന്ന് ചൈനീസ് ഔദ്യോഗിക പത്രമായ 'പീപ്പിൾസ് ഡെയ്‌ലി" മുഖപ്രസംഗത്തിൽ 'ഇന്ത്യയിൽ വസന്തത്തിന്റെ ഇടിമുഴക്കം" എന്നാണ് ഈ വിപ്ളവനീക്കത്തെ വിശേഷിപ്പിച്ചത്. ഈ പ്രസ്ഥാനത്തിലേക്ക് സിദ്ധാന്തത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ മാനിച്ച് കടന്നുവന്ന ചെറുപ്പക്കാർ നല്ലൊരു നാളെയെ സ്വപ്നം കണ്ടവരല്ലായിരുന്നുവെന്ന് പറയാനാകില്ല. എന്നാൽ, അവർ സ്വീകരിച്ച ഉന്മൂലനത്തിന്റെ മാർഗം ലക്ഷ്യങ്ങളിൽ നിന്ന് അവരെ അകറ്റുകയും ആത്യന്തികമായി അവരുടെ തന്നെ ഉന്മൂലനത്തിന് ഇപ്പോൾ ഇടയാക്കിയിരിക്കുകയുമാണ്. നക്‌സലിസം രൂപംകൊള്ളാൻ ഇടയാക്കിയ ജന്മിത്വ ചൂഷണത്തിന്റെ സാഹചര്യങ്ങൾക്കും ഈ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തിൽ പങ്കുണ്ട് എന്നതും വിസ്മരിക്കാനാവുന്നതല്ല. എന്തായാലും കാട്ടിൽ വെടിയൊച്ചകൾ നിലയ്ക്കുകയും നാട്ടിൽ സമാധാനം പുലരുകയും ചെയ്യുന്നത് സ്വാഗതാർഹം തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |