
പശ്ചിമേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിക്കണേ എന്നാണ് ലോകത്തെ ഭൂരിപക്ഷം ജനങ്ങളും പ്രാർത്ഥിക്കുന്നതെങ്കിലും ഉടനെയൊന്നും തീരില്ലെന്നു മാത്രമല്ല, കൊടുമ്പിരിക്കൊള്ളുന്ന അവസ്ഥയിലേക്കാണ് സംഘർഷം നീളുന്നത്. ഇസ്രയേലിൽ ഹിസ്‌ബുള്ളയുടെ മിസൈൽ ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാല തകർന്നു. ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ളാന്റുകളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നു. യു.എസ് സൈനികരെ സ്രാവുകൾക്ക് ഇരയാക്കുമെന്ന് പറഞ്ഞുകൊണ്ട് ഇറാനും പ്രകോപനം കൂട്ടുകയാണ്. അതേസമയം, ഇറാന്റെ ആണവ ശേഖരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ മറീൻ ഭടന്മാരെ ഒരുവശത്ത് സജ്ജമാക്കുകയാണ് അമേരിക്ക. ആയിരക്കണക്കിന് മറീൻ ഭടന്മാർ പശ്ചിമേഷ്യൻ തീരത്ത് ഏതു നിമിഷവും കരയുദ്ധത്തിനു തയ്യാറായി നിലകൊള്ളുകയാണെന്ന റിപ്പോർട്ട് യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ അടയ്ക്കുകയും ചെയ്യുന്നു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വർത്തമാനങ്ങൾ ഓരോ നിമിഷത്തിലും മാറിമറിയുകയാണ്. യുദ്ധം അവസാനിപ്പിക്കുമെന്നു പറയുന്ന അതേ നാവുകൊണ്ടു തന്നെ യുദ്ധം തുടരുമെന്ന് അടുത്ത നിമിഷം പറയും. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ വിശ്വസനീയമല്ലെന്നും അവർ രഹസ്യമായി കരയുദ്ധത്തിന് പദ്ധതിയിട്ട് നീക്കങ്ങൾ നടത്തുകയാണെന്നുമാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മൻ കി ബാത്തി"ലെ മുന്നറിയിപ്പുകളും യുദ്ധം നീണ്ടുപോകാൻ സാദ്ധ്യതയുണ്ടെന്ന സൂചനകളാണ് നൽകുന്നത്. യുദ്ധം വരുത്തിവച്ചിരിക്കുന്ന ഇന്ധന പ്രതിസന്ധിയെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന മോദിയുടെ മുന്നറിയിപ്പ്, പശ്ചിമേഷ്യൻ സംഘർഷം അടുത്തൊന്നും അവസാനിക്കുകയില്ലെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാവണം. ഈ പശ്ചാത്തലത്തിലും ഇന്ത്യ ഉൾപ്പെടെ ഏതാനും ചുരുക്കം രാജ്യങ്ങളിലേക്ക് ഇന്ധനവുമായുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ തടയില്ല എന്ന ഇറാന്റെ പ്രഖ്യാപനമാണ് ആശ്വാസം പകരുന്നത്.
എന്നാൽ, കരയുദ്ധം കൂടി ആരംഭിക്കുകയാണെങ്കിൽ എല്ലാം നിലവിലുള്ളതുപോലെ ഇറാന്റെ പിടിയിൽ തുടരണമെന്നില്ല. ഇന്ധന പ്രതിസന്ധി മുൻകൂട്ടിക്കണ്ട് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യയും ചർച്ചകൾ നടത്തുന്നുണ്ട്.
ഗൾഫിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്ക് ഇറാൻ ആക്രമണം പ്രഖ്യാപിച്ചത് ഗൾഫ് മേഖലയിലാകെ ആശങ്ക കാര്യമായി വർദ്ധിപ്പിച്ചിരിക്കുന്നു. അബുദാബിയിലെ ഗ്ളോബൽ അലൂമിനിയം പ്ളാന്റിൽ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം നടക്കുകയും പ്ളാന്റിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ നിരവധി ജീവനക്കാർക്ക് പരിക്കേറ്റു. ബഹ്‌റൈൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മാമീർ എന്ന സ്ഥലത്തെ കൂറ്റൻ അലൂമിനിയം പ്ളാന്റും ആക്രമിക്കപ്പെട്ടു. വ്യവസായശാലകൾ ആക്രമിക്കുന്ന ഈ രീതി ഇറാൻ തുടർന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫിലുള്ള മലയാളികളായ ജീവനക്കാരെയായിരിക്കും.
ഭീതിയോടെയാണെങ്കിലും പലരും അവിടെ തുടരുന്നത്, തിരികെ വന്നാൽ ജോലി എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന വിചാരത്തിലാണ്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇറാൻ, അമേരിക്ക, ഇസ്രയേൽ എന്നീ മൂന്ന് രാജ്യങ്ങളുമായും ഏറ്റവും നല്ല ബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിൽ യുദ്ധം അവസാനിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങൾ ഇറാൻ പൂർണമായി വിശ്വസിക്കില്ല. അതേസമയം ഇന്ത്യ ഇടപെട്ടാൽ ഫലപ്രദമാകുമെന്നാണ് മറ്റ് ലോക രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |