
നീറ്റ്- യു.ജി പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ ഒരു അസൗകര്യവും ഗതാഗത തടസത്തിന്റെ പേരിൽ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നത് 45 മിനിട്ടോളം വൈകിപ്പിച്ചത് തികച്ചും മാതൃകാപരമായ നടപടിയാണ്. നീറ്റ് പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്നതിനാൽ, ഉടൻതന്നെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുന്നതിനുപകരം അദ്ദേഹം വിമാനത്താവളത്തിൽതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന വളരെ പ്രധാനപ്പെട്ട പരീക്ഷയാണ് നീറ്റ്. പലപ്പോഴും ഗതാഗത തടസങ്ങളും രാഷ്ട്രീയ കക്ഷികളുടെ പ്രകടനങ്ങളും മറ്റും കാരണം പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിന് ഒരു മിനിട്ട് വൈകിയാൽപോലും പ്രവേശനം ലഭിക്കില്ല.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ നീക്കത്തിന് എവിടെയായാലും പലപ്പോഴും ഗതാഗത നിയന്ത്രണ നടപടികളും നിയുക്ത റൂട്ടുകളിൽ താത്‌കാലിക നിയന്ത്രണങ്ങളും ഏറ്റവും കുറഞ്ഞത് അരമണിക്കൂറോളം വേണ്ടിവരും. ഇതിനിടയിൽ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങൾ നീങ്ങി ഗതാഗതം സുഗമമാകാൻ പിന്നെയും സമയമെടുക്കും. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളെ ഇത്തരം നിയന്ത്രണങ്ങൾ ബാധിക്കുമെന്നത് മുൻകൂട്ടി കണ്ടാണ് പരീക്ഷ തുടങ്ങിയതിനുശേഷം വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കാമെന്ന നല്ല തീരുമാനം പ്രധാനമന്ത്രി കൈക്കൊണ്ടത്. ഉച്ചയ്ക്ക് രണ്ടിന് നീറ്റ് പരീക്ഷ ആരംഭിച്ചശേഷമാണ് പ്രധാനമന്ത്രി ഡൽഹി വിമാനത്താവളത്തിൽനിന്ന് തന്റെ വസതിയിലേക്ക് പോയത്. 1.15നാണ് പ്രധാനമന്ത്രി വിദേശയാത്ര കഴിഞ്ഞ് വിമാനത്താവളത്തിലെത്തിയത്. ഡൽഹിയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ യാത്രചെയ്യുന്ന സമയമായതിനാലാണ് യാത്ര വൈകിപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിന്നീട് അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ മാത്രമായി നൂറോളം നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
അതേസമയം ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിലേക്ക് നടന്ന കോൺഗ്രസ് പാർട്ടിയുടെ റാലി കാരണം വലിയ ഗതാഗത തടസം ഉണ്ടായത് നീറ്റ് പരീക്ഷയ്ക്ക് സമയത്ത് എത്തിച്ചേരാൻ ചില വിദ്യാർത്ഥികൾക്ക് കഴിയാതാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. പരീക്ഷാദിവസം റാലി നടത്തി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചത് അനുചിതമായ നടപടിയാണെന്ന് രക്ഷാകർത്താക്കളും മറ്റ് രാഷ്ട്രീയ കക്ഷികളും ആരോപിച്ചെങ്കിലും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഇത് നിഷേധിക്കുകയാണ് ചെയ്തത്. പരീക്ഷ 2 മണിക്കാണ് തുടങ്ങുന്നതെങ്കിലും പരീക്ഷാകേന്ദ്രങ്ങളിലെ ഗേറ്റുകൾ 1.30ന് അടയ്ക്കും. അതിനുശേഷം എത്തുന്ന ആരെയും പ്രവേശിപ്പിക്കാറില്ല. ബംഗളൂരുവിലെ റാലി കാരണം വഴിയിൽ കുരുങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മൂന്നുമിനിട്ട് വൈകിയാണ് ആർ.സി കോളേജിലെ പരീക്ഷാകേന്ദ്രത്തിൽ എത്തിയത്. അവർക്ക് പരീക്ഷാഹാളിലേക്ക് പ്രവേശനം ലഭിച്ചില്ല.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും എഴുതുന്ന പരീക്ഷകളുടെ തീയതികൾ നേരത്തേ പ്രഖ്യാപിക്കപ്പെടുന്നതാണ്. ഇതേദിവസം വൻകിട രാഷ്ട്രീയകക്ഷികൾ റാലികളും പ്രകടനങ്ങളും പ്രതിഷേധ മാർച്ചുകളും മറ്റും ഒഴിവാക്കാനുള്ള ഔചിത്യമാണ് പ്രകടിപ്പിക്കേണ്ടത്. ഇക്കാലത്ത് പ്രകടനങ്ങൾ ഒന്നും ഇല്ലെങ്കിൽപോലും വൻ നഗരങ്ങളിൽ പ്രധാന വീഥികളിൽ വാഹനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. അപ്പോൾ പിന്നെ റോഡ് ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള സമരമാർഗങ്ങൾ കൂടി ഉണ്ടായാൽ ആർക്കും സമയത്ത് എങ്ങും എത്താനാവില്ല. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും മറ്റും ഭാവി ഇരുളിലാക്കുന്ന ഇത്തരം സമരപരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതുകൊണ്ട് രാഷ്ട്രീയ കക്ഷികൾക്ക് ഒന്നും നഷ്ടപ്പെടാനില്ല. എന്നാൽ വർഷങ്ങൾ നീണ്ട കോച്ചിംഗും പഠനവുമൊക്കെ നടത്തുന്ന വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടാൻ ഏറെയുണ്ട്‌താനും. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നുണ്ടായ മാതൃകാപരമായ നടപടിയുടെ സാംഗത്യം ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |