SignIn
Kerala Kaumudi Online
Saturday, 25 April 2026 8.33 AM IST

ഭൂമി തരംമാറ്റം കിട്ടാക്കനിയാകുമോ?

Increase Font Size Decrease Font Size Print Page
sss

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാധാരണ മനുഷ്യർ ഏറ്റവുമധികം ആശ്രയിക്കുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഇതാകട്ടെ, ജീവിതവുമായി നേർ ബന്ധമുള്ളതുമാണ്. ഏതു ജനതയുടേയും സാമൂഹ്യ മുന്നേറ്റത്തിന്റെയും സാംസ്‌കാരിക പുരോഗതിയുടേയും ആണിക്കല്ലായി വർത്തിക്കുന്നത് ഭൂമിയാണ്. ഭൂപരിഷ്‌കരണ നിയമത്തിലൂടെ എല്ലാ മനുഷ്യർക്കും സ്വന്തമായി ഭൂമി ലഭിച്ചതിനെ തുടർന്ന് കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വന്ന മാറ്റം ഇതിനു തെളിവാണ്. ഐക്യകേരളപ്പിറവി സപ്തതിയിലേക്ക് പദമൂന്നുന്ന സന്ദർഭത്തിലും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നു നമുക്കറിയാം. എല്ലാവർക്കും സ്വന്തം കിടപ്പാടം എന്നതും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.

ഇതു മനസിലാക്കിയാണ് സംസ്ഥാന സർക്കാർ 25 സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റാൻ കഴിയുന്ന സംവിധാനം കൊണ്ടുവന്നത്. 2017 ഡിസംബർ 30നു മുമ്പുള്ള വസ്തുവിന് മാത്രമേ ഇത് ബാധകമാക്കിയിരുന്നുള്ളൂ. 25 സെന്റിനു മുകളിൽ ഒരു ഏക്കർ വരെ തരം മാറ്റുന്നതിന് ന്യായവിലയുടെ 10 ശതമാനവും ഒരേക്കറിനു മുകളിൽ 20 ശതമാനവും നൽകി തരംമാറ്റാനും വ്യവസ്ഥ ചെയ്തു. ഇതേത്തുടർന്ന് വ്യാപകമായ തരം മാറ്റൽ അപേക്ഷകൾ ലഭിച്ചു തുടങ്ങി. 2023 ജനുവരിയിൽ ഇതിനുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാൻ തുടങ്ങിയതോടെ അപേക്ഷകളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തു.
ഇപ്പോൾ സംസ്ഥാനത്തെ 78 താലൂക്കുകളിലെ 1670 വില്ലേജുകളിലായി
2,76,610 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയിൽ മൂന്നു തിരഞ്ഞെടുപ്പുകൾ വന്നതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ അമാന്തമുണ്ടായത്. 2022ൽ താത്കാലിക ജീവനക്കാരെ നിയോഗിച്ച് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ സ്വീകരിച്ച നടപടിക്കു ശേഷമാണ് തുടർച്ചയായ തിരഞ്ഞെടുപ്പുകൾ വന്നത് എന്നതുകൊണ്ട് അപേക്ഷകൾ കുമിഞ്ഞുകൂടിയിരിക്കുകയാണ്. പുതിയൊരു ഗവൺമെന്റിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഇടവേളയായതോടെ സർക്കാർ വകുപ്പുകളിൽ പൊതുവേ രൂപപ്പെട്ട ആലസ്യവും അപേക്ഷകളിൽ തീരുമാനമെടുക്കാൻ കാലതാമസം സൃഷ്ടിക്കുന്നുണ്ട്. ഇനി രണ്ടു മൂന്നാഴ്ചകൾക്കുള്ളിൽ പുതിയൊരു സർക്കാർ വന്നതിനു ശേഷവും വകുപ്പുകൾ ചലനാത്മകമാകാൻ കുറച്ചു മാസങ്ങൾ എടുത്തെന്നിരിക്കും. എന്നുപറഞ്ഞാൽ, ആഴ്ചകൾക്കുള്ളിൽ ഇപ്പോഴത്തെ രണ്ടേമുക്കാൽ ലക്ഷം അപേക്ഷകളുടെ എണ്ണം മൂന്നോ മൂന്നരയോ ലക്ഷമായി ഉയരുകയും ചെയ്യും. അങ്ങനെ വരുമ്പോൾ എന്താണു പരിഹാരം?

പൊളിറ്റിക്കൽ എക്സിക്യൂട്ടീവ് സംവിധാനം മാത്രമേ മാറി വരാനുള്ളൂ. ഭരണയന്ത്രം സ്ഥിരമായിത്തന്നെ ഉള്ളതാണ്. ഇതിനു ചുക്കാൻ പിടിക്കുന്ന ലാൻഡ് റവന്യു കമ്മിഷണർ മുതൽ വില്ലേജ് ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥ സംവിധാനം ഒരു തീവ്രയജ്ഞം നടത്താൻ തയ്യാറായാൽ വലിയൊരു പരിധി വരെ പ്രശ്‌ന പരിഹാരമാകും. ഇതിൽ പക്ഷേ, ഒരു മാനദണ്ഡം സ്വീകരിക്കാൻ തയ്യാറാകണം. അതിന് തീർത്തും പാവപ്പെട്ട മനുഷ്യരുടെ, അതായത് 25 സെന്റിൽ തഴെയുള്ള തരംമാറ്റ അപേക്ഷകൾക്കു മുൻഗണന നൽകണം. അഞ്ചും പത്തും സെന്റുമൊക്കെ തരംമാറ്റാനുള്ളവർ യഥാർത്ഥത്തിൽ ഒരു വീടുണ്ടാക്കുന്നതിനു വേണ്ടിയായിരിക്കുമല്ലോ വരുന്നത്. അല്ലാതെ ഭൂമി തരംമാറ്റി റിയൽ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയല്ലല്ലോ. ഇങ്ങനെ അത്യാവശ്യക്കാരുടെ അപേക്ഷകർക്കു മുൻഗണന നൽകി തീരുമാനമെടുക്കാനുള്ള ആർജ്ജവവും പ്രതിബദ്ധതയും കാട്ടാൻ റവന്യു ഉദ്യോഗസ്ഥർ തയ്യാറാകണം. സ്വന്തമായി വീടുണ്ടാക്കാൻ അപേക്ഷ നൽകുന്നവരുടെ ജീവിതത്തിന്റെയും സ്വത്വത്തിന്റെയും അന്തസിന്റെയും അടിസ്ഥാനമാണിത് എന്ന ബോദ്ധ്യവും ഉദ്യോഗസ്ഥർക്കുണ്ടാകണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.