
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ തിരഞ്ഞെടുപ്പിൽ പുറത്തായതിന് പിന്നിൽ ഭരണവിരുദ്ധ വികാരം മാത്രമല്ല ഉള്ളത്. 'രക്ഷാപ്രവർത്തനം' എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിക്കുകയും പിന്നാലെ ക്രൈംബ്രാഞ്ച് ക്ളീൻചിറ്റ് നൽകുകയും ചെയ്ത ഗൺമാൻമാരുടെ കണ്ണിൽച്ചോരയില്ലാത്ത ലാത്തിയടിക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ലോക്കൽ പൊലീസ് ഒതുക്കി മാറ്റിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരെ വൈരാഗ്യബുദ്ധിയോടെയാണ് ഗൺമാൻമാർ തല്ലിച്ചതച്ചതെന്ന്
ആ ദൃശ്യങ്ങൾ ആവർത്തിച്ച് കാണുന്ന ഏതൊരാൾക്കും മനസിലാകും. ഇത് രക്ഷാപ്രവർത്തനമല്ല ഗുണ്ടാപ്രവർത്തനമാണെന്ന് അതു കണ്ടവരിൽ ഭൂരിപക്ഷവും വിലയിരുത്തിയതിന്റെ പരിണിത ഫലം കൂടിയാണ് കഴിഞ്ഞ സർക്കാരിന്റെ പതനം.
2023 ഡിസംബറിൽ നടന്ന സംഭവത്തിൽ നിലവിലെ ആലപ്പുഴ എം.എൽ.എ എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണ് അതിഭീകരമായ ലാത്തിയടിയേറ്റത്. അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ലാത്തിയേക്കാൾ ബലമുള്ള വടികൊണ്ട് ഇവരെ തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്.അനിൽകുമാർ അടക്കം 5 പേരെയാണ് സസ‌്‌പെൻഡ് ചെയ്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയായ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. ഈ അന്വേഷണത്തിൽ ഇവരുടെ ലാത്തിയടിയേക്കാൾ ഗുരുതരമായ മറ്റൊരു കുറ്റകൃത്യം കൂടി വെളിവാക്കപ്പെടുകയുണ്ടായി. അതിക്രമം നടത്തിയ ഗൺമാൻ അടക്കമുള്ളവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേസ് ഡയറി തിരുത്താൻ എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിന്റെ നേതൃത്വത്തിൽ ഇടപെടലുണ്ടായി എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ അജിത്‌കുമാറിനെതിരെ ആഭ്യന്തരവകുപ്പിന്റെ നടപടി ഉണ്ടാകാതിരിക്കാൻ വഴിയില്ല.
കണ്ണൂരിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൂച്ചെട്ടികൊണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചപ്പോഴും അതിനെയും രക്ഷാപ്രവർത്തനമായാണ് വ്യാഖ്യാനിച്ചത്. രാഷ്ട്രീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സ്വന്തം പാർട്ടിക്കാരെയും ഔദ്യോഗിക ശക്തികളെയും ഒരുപോലെ ഉപയോഗിക്കുന്നത് ഇന്നല്ലെങ്കിൽ നാളെ തിരിച്ചടിക്കും എന്നത് അന്നേ ഉറപ്പായിരുന്നു. മർദ്ദനത്തിനിരയായവർ നിയമപരമായ എല്ലാ മാർഗങ്ങളും തേടിയിരുന്നെങ്കിലും അവർക്ക് നീതി ലഭിച്ചിരുന്നില്ല. സംഭവം നടന്നതിന്റെ പിന്നാലെ അന്നത്തെ ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോൺ വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകിയിരുന്നു. ഗൺമാന്റെയും സുരക്ഷാ സംഘത്തിന്റയും നടപടി ഗുരുതരമായ ചട്ടലംഘനമാണെന്നും വകുപ്പുതല നടപടി വേണമെന്നും അവർ ശുപാർശ ചെയ്തിരുന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്‌ത്തിവയ്‌ക്കുകയാണ് ചെയ്തത്. മർദ്ദനമേറ്റ പരാതിക്കാർ കോടതിയെ സമീപിച്ച് ഉത്തരവ് നേടിയ ശേഷമാണ് പൊലീസ് കേസെടുക്കാൻ പോലും തയ്യാറായത്. അതിനു പിന്നാലെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉന്നതതലത്തിൽ അരങ്ങേറിയത്.
കേരളം മുഴുവൻ കണ്ട ഈ അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ യു.ഡി.എഫ് സർക്കാർ എടുത്ത ഈ നടപടി ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കുന്നതാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. അധികാരത്തിന്റെ പിൻബലമുണ്ടെങ്കിൽ ആരോടും എന്തു വൃത്തികേടും കാണിക്കാം എന്ന ഹുങ്ക് ഇനി ഒരു പൊലീസുകാരനും ഉണ്ടാകാൻ പാടില്ല.
പ്രതിഷേധം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഏതു വിഷയത്തിലും കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. അതിനെതിരെ പൊലീസിന്റെ ശക്തി ഉപയോഗിക്കുന്നത് ഏകാധിപത്യത്തിന്റെ ശൈലിയാണ്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ അതൊരിക്കലും അംഗീകരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |