
ക്ഷേത്രങ്ങളിൽ പൂജയ്ക്കും ഭരണ നിർവഹണത്തിനുമായി നിയമിക്കപ്പെടുന്നവർ ആരോപണ വിധേയരാകാൻ പാടില്ല. ഭക്തിയും സംശുദ്ധിയും അഴിമതിരഹിതമായ വ്യക്തിശുദ്ധിയുമില്ലാത്തവർ ഇത്തരം കർമ്മങ്ങൾക്ക് നിയോഗിക്കപ്പെടുമ്പോഴാണ് ക്ഷേത്രങ്ങളുടെ സ്വത്ത് പലപ്പോഴും അപഹരിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ സ്വത്ത് എന്നാൽ ഭഗവാന്റെ സ്വത്ത് എന്നു തന്നെയാണ് അർത്ഥമാക്കേണ്ടത്. അതാകട്ടെ ഭക്തന്മാർ വഴിപാടായും സംഭാവനയായും മറ്റും നൽകുന്നതാണ്. പണമായി മാത്രമല്ല സംഭാവനകൾ ലഭിക്കുന്നത്. വലിയ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ പലപ്പോഴും നേർച്ചയുടെ ഭാഗമായി സ്വർണവും വെള്ളിയും മറ്റും സമർപ്പിക്കാറുണ്ട്. ഇതെല്ലാം രജിസ്റ്ററിൽ രേഖപ്പെടുത്തി ഭദ്രമായി സൂക്ഷിക്കണമെന്നും ഓരോ വർഷവും ഓഡിറ്റ് നടത്തി ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നത് ഉറപ്പാക്കണമെന്നുമാണ് ചട്ടമെങ്കിലും അതൊന്നും കൃത്യമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാലാകാലങ്ങളായി നടക്കാറില്ല.
ഈ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചാണ് ചിലരെങ്കിലും സ്വർണവും തിരുവാഭരണവുമൊക്കെ അടിച്ചുകൊണ്ടുപോകുന്നത്. ആചാരത്തിന്റെ ഭാഗമായുള്ള പ്രത്യേക ചടങ്ങുകൾ നടത്തുമ്പോഴും ഉത്സവകാലത്തുമൊക്കെ യഥേഷ്ടം അഴിമതി നടത്താനുള്ള നിരവധി അവസരങ്ങൾ ഒത്തുകിട്ടുകയും ചെയ്യും. അഴിമതിക്കാർക്ക് ഇത്തരം അവസരങ്ങളൊക്കെ ചാകരയാണ്. വരുമാനം കൂടുതലുള്ള ക്ഷേത്രങ്ങളിലാണ് ഇത്തരം വരുമാന ചോർച്ചകളും നടക്കുന്നത്. പലപ്പോഴും പരാതിയും പ്രശ്നവുമാകുമ്പോൾ പോയ സ്വർണത്തിന്റേത് ഉൾപ്പെടെയുള്ള മുതലുകൾ തിരിച്ചു വന്നിട്ടുള്ള സന്ദർഭങ്ങളും കുറവല്ല. ആരാണ് മോഷണത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് ക്ഷേത്രത്തിലെ പല ജീവനക്കാർക്കും അറിയാമെങ്കിലും ആരും പുറത്തു പറയാറില്ല. പലപ്പോഴും പല കാരണങ്ങളാൽ അഴിമതിക്കാർക്കാണ് ദേവസ്വം ബോർഡിന്റെ ഉന്നതങ്ങളിൽ കൂടുതൽ സ്വാധീനമുള്ളത് എന്നതിനാൽ ആരും അവർക്കെതിരെ ശബ്ദമുയർത്താറില്ല.
ശബരിമല സ്വർണപ്പാളി തട്ടിപ്പ് കേസിൽ ബോർഡിലെ ഉന്നതർക്കും ഉയർന്ന പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്കും ഒരുപോലെ പങ്കുണ്ടെന്ന വിവരങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽപ്പോലും മേജർ ക്ഷേത്രങ്ങളിലെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകളിലേക്ക് നടന്ന സ്ഥലംമാറ്റ നിയമനത്തിൽ ലക്ഷങ്ങൾ കോഴകളായി മറിഞ്ഞു എന്നത് അഴിമതിക്കാരുടെ സ്വാധീനവും വേരുകളും ദേവസ്വം ബോർഡിൽ എത്ര ശക്തമാണെന്നതിന്റെ തെളിവല്ലെന്ന് പറയാനാകില്ല. സ്ഥലംമാറ്റ നിയമനത്തിന്റെ പിന്നിൽ ലക്ഷങ്ങളുടെ കോഴയാണ് കൈമറിയുന്നതെന്ന് ആദ്യം വാർത്ത നൽകിയത് കേരളകൗമുദിയാണ്. മൂന്ന് ലക്ഷം മുതൽ പത്തുലക്ഷം രൂപ വരെ പോലും കൈക്കൂലി നൽകിയാണ് വൻ വരുമാനമുള്ള ചില ക്ഷേത്രങ്ങളിലെ നിർണായ തസ്തികയിൽ ആരോപണവിധേയരായ ചിലർ സ്ഥാനമുറപ്പിച്ചതെന്ന വാർത്ത പുറത്തുവന്നപ്പോൾ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഇടപെടുകയും നിയമനപ്പട്ടിക പുനഃപരിശോധിക്കണമെന്ന് ബോർഡിനോട് ആവശ്യപ്പെടുകയുമായിരുന്നു.
മാനദണ്ഡങ്ങൾ മറികടന്ന് തയ്യാറാക്കിയ ആദ്യ സ്ഥലംമാറ്റ പട്ടികയെ ബോർഡ് യോഗത്തിൽ ദേവസ്വം പ്രസിഡന്റും ഒരംഗവും എതിർത്തിരുന്നെങ്കിലും മറ്റൊരു അംഗത്തിന്റെ പിടിവാശിക്ക് വഴങ്ങിയാണ് ആദ്യ പട്ടികയ്ക്ക് അംഗീകാരം നൽകിയതെന്ന് 'ക്ഷേത്രങ്ങളിൽ കളങ്കിതർ ഔട്ട്' എന്ന തലക്കെട്ടിലുള്ള മുഖ്യവാർത്തയിലൂടെ ഞങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 75 പേരുടെ ആദ്യ പട്ടികയിൽ 20 പേരുടെ നിയമനങ്ങളാണ് വിവാദമായത്. എന്തായാലും ഇവരെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാൻ ബോർഡ് തീരുമാനിച്ചത് ഉചിതമായി. സ്ഥലംമാറ്റത്തിലെ ഇത്തരം അപാകതകളാണ് പലപ്പോഴും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അഴിമതികൾക്കും മോഷണ സംഭവങ്ങൾക്കും വഴിമരുന്നിടുന്നത്. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാൻ കൃത്യമായ പരിശോധനയും ഓഡിറ്റും എല്ലാ വർഷവും മുറതെറ്റാതെ നടത്താനും ബോർഡ് സത്വര നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |