SignIn
Kerala Kaumudi Online
Saturday, 28 March 2026 6.27 AM IST

കൊല്ലത്ത് മന്ത്രിമാർക്ക് കടുത്ത പരീക്ഷണം

Increase Font Size Decrease Font Size Print Page
s

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ 11 മണ്ഡലങ്ങളിലും മത്സരം കടുക്കുമെങ്കിലും മൂന്ന് മന്ത്രിമാർ നേരിടുന്നത് കടുത്ത മത്സരമാകും. അവരിൽ പത്തനാപുരത്തെ മത്സരമാകും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുക. മന്ത്രി കെ.ബി. ഗണേശ് കുമാർ ഇടതു മുന്നണി സ്ഥാനാർത്ഥിയായി ആറാം തവണ ജനവിധി തേടുമ്പോൾ മുൻ തിരഞ്ഞെടുപ്പുകളിലേത് പോലെ ഒരു ഈസി വാക്കോവർ എന്നത് അസാദ്ധ്യമാണ്. ഈ മാസം ആദ്യം പരസ്ത്രീ ബന്ധത്തിൽ കുടുങ്ങി മന്ത്രി സ്ഥാനം തെറിക്കുമെന്ന ഘട്ടം എത്തിയെങ്കിലും ഇടതു മുന്നണിയുടെയും മുഖ്യമന്ത്രിയുടെയും കൃപാ കടാക്ഷം ഒന്നു കൊണ്ട് മാത്രമാണ് അതിൽ നിന്ന് ഗണേശിന് കരകയറാനായത്. എന്നാൽ അതിനു പിന്നാലെ മന്ത്രിക്കും ഭാര്യ ബിന്ദു മേനോനും എതിരെ അഴിമതി ആരോപണം ഉയർന്നത് വിജിലൻസിനു മുന്നിൽ പരാതിയായി എത്തിയിട്ടുണ്ട്. ഗണേശിനേറ്റ മൂന്നാമത്തെ കനത്ത തിരിച്ചടി എൻ.എസ്.എസ് നേതൃത്വത്തിൽ നിന്നു തന്നെയായത് തീരെ പ്രതീക്ഷിക്കാത്തതാണ്.

താൻ പിതൃതുല്യനായി കരുതുന്നയാളെന്ന് ഗണേശൻ തന്നെ അടിക്കടി വിശേഷിപ്പിക്കുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിർദ്ദേ പ്രകാരം ഗണേശിനെ പത്തനാപുരം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കി. അഡ്ഹോക് കമ്മിറ്റിയെ ഭരണ ചുമതല ഏൽപ്പിച്ചത് അസാധാരണ നടപടിയായി. പിരിച്ചു വിടൽ നടപടി ഉണ്ടായ ശേഷം മാത്രമാണ് ഗണേശൻ പോലും അറിഞ്ഞത്. പിണറായി മന്ത്രിസഭയുടെ അവസാന നാളുകളിൽ സർക്കാരിനു തന്നെ നാറ്റക്കേസായി മാറിയ ഗണേശിന്റെ പരസ്ത്രീ ബന്ധം നേരിട്ടെത്തി പിടികൂടിയത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ ബിന്ദു മേനോനാണ്. മാർച്ച് 7 ന് കൊട്ടാരക്കര വാളകത്തെ ഗണേശന്റെ കുടുംബ വസതിയിൽ അപ്രതീക്ഷിതമായെത്തിയ ബിന്ദു മേനോൻ, ഗണേശിനെ മറ്റൊരു സ്ത്രീയുമായി കാണാൻ പാടില്ലാത്ത അവസ്ഥയിൽ കണ്ടുവെന്ന വെളിപ്പെടുത്തൽ കേട്ട് കേരളം ഞെട്ടി.

രണ്ടാം പിണറായി സർക്കാരിന്റെ ഭാവി തന്നെ തുലാസിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ ബിന്ദു മേനോനുമായി തൊട്ടടുത്ത ദിവസം തിരക്കിട്ട നീക്കത്തിനൊടുവിൽ ഒത്തുതീർപ്പാക്കി, സർക്കാരിന്റെ തടി കാത്ത് മാനക്കേടിൽ നിന്ന് ഇടതു മുന്നണിയും സർക്കാരും താത്ക്കാലികമായി തടിയൂരിയെങ്കിലും സർക്കാരിന് അതുണ്ടാക്കിയ പരിക്ക് നിസാരമല്ല. തിരഞ്ഞെടുപ്പിൽ വിഷയം വല്ലാതെ കത്തിക്കയറുമെന്നുറപ്പാണ്. പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഇതിനകം അവിടെ കളം നിറഞ്ഞ് പ്രചാരണം കൊഴുപ്പിച്ചു കഴിഞ്ഞു. 2021 ലും ഗണേശിനെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 5 വർഷമായി പത്തനാപുരത്ത് തന്നെ തമ്പടിച്ച് പ്രവർത്തിക്കുകയാണ് ജ്യോതികുമാർ ചാമക്കാല.

അഴിമതി ആരോപണം

രണ്ട് സർക്കാർ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ വിദേശ വ്യാപാര കരാർ മന്ത്രി പത്നിക്ക് വഴിവിട്ട് ലഭിച്ച അഴിമതിയുടെ വിവരം ഇതിനിടെ പുറത്തായതും തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകും. മന്ത്രി പത്നിയെന്ന പരിഗണനയിൽ ബിന്ദു മേനോൻ നേടിയെടുത്ത കരാർ ഗണേശിന്റെ അറിവോടെ ഇരുവരും ചേർന്ന് നടത്തിയ ക്രമക്കേടാണോ എന്നത് അറിയാനിരിക്കുന്നതേയുള്ളു. സർക്കാർ സഹകരണ സ്ഥാപനങ്ങളായ കേരഫെഡ്, മിൽമ എന്നിവയുടെ ഉല്പന്നങ്ങളുടെ വിദേശ വ്യാപാര കരാർ, വിജ്ഞാപനമോ ടെണ്ടറോ ഇല്ലാതെ ബിന്ദു മേനോന്റെ കമ്പനിക്ക് നൽകി. ബിന്ദു മേനോൻ സി.ഇ.ഒ ആയ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്കാണ്
വഴിവിട്ട കരാർ നൽകിയത്. കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മിൽമ ഉല്പന്നങ്ങൾ ന്യൂസിലൻഡിലും ആസ്ട്രേലിയയിലും വിൽക്കുന്നതിനാണിത്.

മത്സര പ്രക്രിയ ഇല്ലാതെ ഇങ്ങനെ കരാർ നൽകുന്നത് ക്രമവിരുദ്ധമാണെങ്കിലും 2025 ജനുവരി മുതൽ മാർച്ച് വരെ ആറും നവംബറിൽ 20 ടണ്ണും വെളിച്ചെണ്ണ ഈ ഇടപാടിൽ കയറ്റി അയച്ചു. ഗണേശിന്റെ കുടപ്പനക്കുന്നിലെ വസതിയുടെ വിലാസത്തിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ സി.ഇ.ഒ ബിന്ദു മേനോനാണ്. മിൽമയുടെയും കേരഫെഡിന്റെയും വിദേശ വിപണന കരാറുകൾ ചട്ടവിരുദ്ധമായി സ്വന്തം കുടുംബത്തിന്റെ കമ്പനിക്ക് നല്‍കിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ, മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സാധാരണ മൊത്ത വ്യാപാരികൾക്ക് ലഭിക്കുന്നതിനെക്കാൾ 15 ശതമാനം അധിക കമ്മിഷൻ ഉറപ്പാക്കാൻ ഉന്നതതല സമ്മർദ്ദമുണ്ടായെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഇത് വ്യക്തമായ അഴിമതിയാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന മന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്ത് കുടുംബാംഗത്തിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തത് സ്വജനപക്ഷപാതത്തിന്റെ പരിധിയിൽ വരും.


എൻ.എസ്.എസിൽ നിന്ന് പുറത്ത്

ഗണേശ് കുമാറിനെ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ വൻ തിരിച്ചടിയായി. 300 കോടിയുടെ ആസ്തിയുണ്ടെന്ന് പറയുന്ന ഏറ്റവും വലിയ താലൂക്ക് യൂണിയനാണ് പത്തനാപുരം. യൂണിയൻ പ്രസിഡന്റെന്ന നിലയിൽ ഗണേശിന്റെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരെ ഭരണ സമിതി അംഗങ്ങളുമായി കുറെ നാളുകളായി കടുത്ത ഭിന്നതയിലായിരുന്നെങ്കിലും എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം കൂടിയായ ഗണേശൻ സുകുമാരൻ നായരുമായി ഉറ്റ ബന്ധത്തിലായിരുന്നതിനാലാണ് എതിർപ്പുകളെ പ്രതിരോധിച്ച് നിന്നത്. എന്നാൽ മാർച്ച് 7 ന് വാളകത്തെ ഗണേശിന്റെ കുടുംബ വസതിയിലുണ്ടായ നാണംകെട്ട സംഭവത്തിന്റെ തുടർച്ചയാണ് പെട്ടെന്നുണ്ടായ നടപടിക്ക് പിന്നിലെന്ന് കരുതുന്നവരുമുണ്ട്.

എൻ.എസ്.എസ് താലൂക്ക് യൂണിയൻ പുനലൂരിൽ നിർമ്മിച്ച പത്മകഫെ നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി ഭരണ സമിതി അംഗങ്ങൾ ആരോപിച്ചിരുന്നു. ഈ വിഷയം ഉന്നയിച്ച സമിതി അംഗം ആർ. വേണുകുമാറിന് കേരള കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റത് വിവാദമായിരുന്നു. അഴിമതിയും മർദ്ദനവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതിയിലെ 11 പേർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇവർ പെരുന്നയിലെത്തി സുകുമാരൻ നായർക്ക് രാജി സമർപ്പിച്ചു. 20 അംഗ സമിതിയിൽ ഭൂരിപക്ഷം നഷ്ടമായതോടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഗണേശിനെ ഒഴിവാക്കാനുള്ള നീക്കം സജീവമായി. പിന്നാലെ വേഗത്തിൽ നടപടിയും ഉണ്ടായി. കരയോഗം രജിസ്ട്രാർ ചുമതലപ്പെടുത്തിയ അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റു കഴിഞ്ഞു.

കരിക്കത്തിൽ തങ്കപ്പൻ പിള്ളയാണ് കമ്മിറ്റി അദ്ധ്യക്ഷൻ. തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള 64 വർഷം മുമ്പ് പടുത്തുയർത്തിയ താലൂക്ക് യൂണിയൻ 300 കോടി ആസ്തിയുള്ള സ്ഥാപനമായതിന്റെ ക്രെഡിറ്റ് പൂർണമായും ബാലകൃഷ്ണപിള്ളക്കാണെന്ന് ഗണേശ് കുമാർ പറഞ്ഞു. എന്നാൽ ഗണേശനെ യൂണിയൻ ഓഫീസിൽ കയറ്റരുതെന്നും കയറ്റിയാൽ നശിപ്പിക്കുമെന്നും ബാലകൃഷ്ണപിള്ള ജീവിച്ചിരുന്നപ്പോൾ പലതവണ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അഡ്ഹോക് കമ്മിറ്റി അദ്ധ്യക്ഷൻ കരിക്കത്തിൽ തങ്കപ്പൻ പിളള പറഞ്ഞു. ചങ്ങനാശേരിയിലടക്കം പത്മകഫെ നിർമ്മാണത്തിന് ചിലവായത് ഒന്നരക്കോടി രൂപയാണ്. എന്നാൽ പുനലൂരിൽ യൂണിയൻ കെട്ടിടത്തിൽ ആരംഭിച്ച
പത്മകഫെക്ക് 4 കോടി ചിലവായതായാണ് കണക്ക്.

ഗണേശനൊപ്പം ഭാര്യയും വന്നാണ് മേൽനോട്ടം വഹിച്ചത്. പറയുന്ന തുകയുടെ ചെക്ക് ഒപ്പിട്ട് നൽകുന്നതിനപ്പുറം ആർക്കും ഒന്നും ചോദ്യം ചെയ്യാൻ ഗണേശൻ അനുവദിച്ചിരുന്നില്ല. ഗണേശിന്റെ ഏകാധിപത്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം നടന്ന് തന്റെയും ബാലകൃഷ്ണപിള്ളയുടെയും ഒപ്പം നടന്ന് എച്ചിൽ നക്കിയവരാണ് തന്നെ പുറത്താക്കാൻ നേതൃത്വം നൽകിയതെന്ന വില കുറഞ്ഞ പ്രതികരണമാണ് ഗണേശൻ നടത്തിയത്. താൻ രാജി വയ്ക്കാമെന്ന് സുകുമാരൻ നായരെ നേരിട്ടു കണ്ട് അറിയിച്ചിരുന്നതാണ്. എന്നാൽ അർദ്ധരാത്രി മുന്നറിയിപ്പില്ലാതെ തന്നെ മാറ്റിയതെന്തിനെന്ന് അറിയില്ലെന്നും ഗണേശൻ പറഞ്ഞു. പത്തനാപുരം എൻ.എസ്.എസ് യൂണിയൻ കൂടി എതിർപക്ഷത്തായതോടെ ഗണേശിന് ഈ തിരഞ്ഞെടുപ്പ് അഗ്നി പരീക്ഷണമാകും.

ഗണേശിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പത്തനാപുരത്ത് നടത്തിയ റാലിയിൽ നിന്ന് സി.പിഎമ്മും സി.പി.ഐയും വിട്ടു നിന്നതും ശ്രദ്ധേയമായി. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും പത്തനാപുരത്ത് താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നുമാണ് ഗണേശൻ പറയുന്നത്. 2001 മുതൽ ഗണേശ് കുമാർ പത്തനാപുരത്ത് തുടർച്ചയായി മത്സരിച്ചു ജയിക്കുകയാണ്. കൊല്ലം ജില്ലയിൽ ഗണേശ് കുമാറിനെക്കൂടാതെ മറ്റു രണ്ട് മന്ത്രിമാർ കൂടി ജനവിധി തേടുന്നുണ്ട്. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും. ഇവരും കടുത്ത മത്സരമാണ് നേരിടുന്നത്. മൂന്ന് തവണ എൽ.ഡി.എഫ് എം.എൽ.എ ആയിരുന്ന പി.ഐഷാ പോറ്റിയാണ് കൊട്ടാരക്കരയിൽ ബാലഗോപാലിനെതിരെ കളത്തിലിറങ്ങിയത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ആർ. രശ്മിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ചടയമംഗലത്ത് ചിഞ്ചുറാണിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.