
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര, ആശമാർക്ക് വേതന വർദ്ധനയടക്കം ജനപ്രിയ തീരുമാനങ്ങളിലൂടെ സർക്കാരിന്റെ തുടക്കം കൈയടി നേടിയിരുന്നു. ബഡ്ജറ്റിലും ജനക്ഷേമ തത്പരമായ പ്രഖ്യാപനങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളും. വിവിധ മേഖലകളിലെ പ്രമുഖർ ബഡ്ജറ്റ് പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
യോജനക്ഷേമം:
മോണിറ്രറിംഗ് ഉറപ്പാക്കണം
സമൂഹത്തിലെ വലിയൊരു വിഭാഗമാണ് വയോജനങ്ങൾ. അവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള എല്ലാ ശ്രമങ്ങളും സ്വാഗതാർഹമാണ്. വയോജനക്ഷേമത്തിനായുള്ള പ്രത്യേക വകുപ്പ് ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെ ഏകോപിപ്പിക്കുമെന്നത് പ്രധാനമാണ്. പുതിയ വകുപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്ന സേവനങ്ങൾ അർഹരായവരിലേക്ക് കൃത്യമായി എത്തണം.
സർക്കാർതലത്തിൽ ക്ഷേമപെൻഷനുകളും മറ്റ് അനൂകൂല്യങ്ങളും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, അത് എത്രത്തോളം അർഹതപ്പെട്ട എല്ലാവരിലേക്കും എത്തുന്നുവെന്ന് പരിശോധിക്കാനാകുന്നില്ല. നിലവിലെ നമ്മുടെ ക്ഷേമപദ്ധതികൾക്കെല്ലാം മോണിറ്ററിംഗ് സംവിധാനങ്ങളുണ്ട്. എന്നാൽ, അത് പൂർണയിലെത്തുന്നില്ലെന്നത് യാഥാർത്ഥ്യമായി തുടരുന്നു.
സാമൂഹ്യസുരക്ഷാ പെൻഷൻ കിട്ടുന്നവരുണ്ടെങ്കിലും മാരകമായ അസുഖം വന്നാൽ നേരിടാൻ കഴിയാത്ത വയോജനങ്ങൾ കുടുംബങ്ങളിലുണ്ട്. സർക്കാർ ആശുപത്രികളിൽ സേവനം കിട്ടുമെങ്കിലും രോഗിയുടെ കൂടെ ആശുപത്രിയിൽ നിൽക്കാൻ ആളുണ്ടാകണമെന്നില്ല. ദിവസ വരുമാനക്കാരായ മക്കളോ ആശ്രിതരോ അവരുടെ ജോലി മുടക്കിയാകും പരിചരിക്കാൻ നിൽക്കുക.
സാമ്പത്തികസ്ഥിതി മെച്ചമായിട്ടും പ്രായാധിക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുണ്ട്. സംരക്ഷിക്കാൻ തയ്യാറാണെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ അതിന് കഴിയാത്ത മക്കളെയും കാണാം. ഇങ്ങനെയുള്ള നിരവധി വിഷയങ്ങൾ പരിശോധിച്ചും പരിഹരിച്ചും വേണം വയോജനക്ഷേമമെന്ന ലക്ഷ്യത്തിലേക്ക് എത്താനാകുക.
ഏത് വകുപ്പാണെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കുന്നത് നടപ്പാക്കുന്നതിലുള്ള ആർജ്ജവം ഉണ്ടാകണം. വയോജനക്ഷേമ വകുപ്പ് മറ്റ് വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം. വകുപ്പിൽ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകണം. പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസിലാക്കി വേണം നിർവഹണം.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം പദ്ധതികളിൽ പ്രയോജനപ്പെടുത്താം. ഗുണഭോക്താക്കളെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. നടപ്പാക്കുന്ന പദ്ധതികളിൽ കൃത്യമായ നിർവഹണവും നിരീക്ഷണവും ഉറപ്പാക്കണം. നിയമങ്ങൾ ഇപ്പോഴും നിലവിലുണ്ട്. അവ നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കലാണ് പ്രധാനം
സ്റ്റാർട്ടപ്പുകൾക്ക് വേണം കൂടുതൽ ഇളവുകൾ
ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ, ടെക്‌ജെൻഷ്യ
സ്റ്റാർട്ടപ്പുകൾക്ക് ഗ്രാന്റുകളും ഇൻകുബേഷൻ പിന്തുണയും നൽകുന്നതിൽ നിലവിൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആവാസ വ്യവസ്ഥ കേരളത്തിലാണ്. സീഡ് ഫണ്ടിംഗായും പ്രൊഡക്ടൈസേഷൻ ഗ്രാന്റായും സ്കെയിൽ അപ്പ് സഹായമായി ഇപ്പോൾ നൽകുന്ന തുക വളരെ പരിമിതമാണ്. സ്കെയിൽ അപ്പ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള സ്റ്റാർട്ടപ്പുകൾ കൃത്യമായി കണ്ടെത്തി കൂടുതൽ ഫണ്ട് ലഭ്യമാക്കുകയും വളരാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും വേണം.
സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾ സർക്കാരിന് ഉപയോഗിക്കാനുള്ള സാദ്ധ്യതകൾ ഫലപ്രദമായി വിനിയോഗിക്കണം. അതിനായി ഇപ്പോഴുള്ള സ്റ്റാർട്ടപ്പ് പ്രൊക്യൂർമെന്റ് പോളിസി ശക്തമാക്കണം. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് സർക്കാരിൽ നിന്ന് സാദ്ധ്യമായ ഇളവുകളും ഫെസിലിറ്റേഷനും ലഭ്യമാക്കുന്നതും ഗുണം ചെയ്യും. കേരളത്തിലെ പല സ്റ്റാർട്ടപ്പുകളും ഉത്പന്ന നിർമ്മാണത്തിൽ മികച്ചതാണെങ്കിലും ആഗോള വിപണിയിലെത്തുന്നതിൽ ബുദ്ധിമുട്ടുന്നു. അതിന് പരിഹാരം ഉണ്ടാകുന്ന തരത്തിൽ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തണം. ഡീപ് ടെക്ക്- എ.ഐ സ്റ്റാർട്ടപ്പുകൾക്ക് പൊതുവായി ചെലവ് കുറഞ്ഞ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ജി.പി.യു ക്ലസ്റ്ററുകളും മറ്റ് ഗവേഷണ സൗകര്യങ്ങളും ലഭ്യമാക്കുന്നതും ഗുണകരമാകും. ഗ്രാന്റുകൾക്ക് ഒപ്പം അതിനൂതന സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും മൂലധന ചെലവിൽ നിന്നുള്ള ഭാരം ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. ചേർത്തല ഇൻഫോപാർക്ക് പോലെയുള്ള അണ്ടർ യൂട്ടിലൈസ്ഡായ ടെക്‌നോളജി പാർക്കുകളിലേക്ക് ഗവേഷണ സംബന്ധിയായ സംരംഭങ്ങളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കേരളത്തിലെ സർവീസ് അധിഷ്ഠിതമായ ഐ.ടി വ്യവസായത്തെ പ്രോഡക്ട്, ഡീപ് ടെക്ക് അധിഷ്ഠിതമായി പുനർനിർമ്മിക്കാനായി ഭാവനാ പൂർണമായ ബഡ്ജറ്റാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക വളർച്ച വേഗത്തിലാക്കണം
ജോർജ് അലക്സാണ്ടർ മുത്തൂറ്റ് മാനേജിംഗ് ഡയറക്ടർ മുത്തൂറ്റ് ഫിനാൻസ്
സാമ്പത്തിക വളർച്ചയ്ക്കും സംരംഭകത്വത്തിനും മുൻഗണന നൽകുന്നതിനൊപ്പം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള (financial inclusion) വിപ്ളവാത്മക നടപടികളാണ് വ്യവസായ ലോകം ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്. വ്യക്തികൾക്കും ചെറുകിട വ്യവസായങ്ങൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഔപചാരിക വായ്പാ സംവിധാനങ്ങളിലേയ്ക്കുള്ള എളുപ്പമുള്ള പ്രവേശനം വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. സാമ്പത്തിക വളർച്ചയ്ക്ക് വേഗത പകരുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കും സമൂഹങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന യാത്രയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന ദീർഘവീക്ഷണമുള്ള പ്രഖ്യാപനങ്ങളാണ് ആവശ്യം. സാമ്പത്തിക പരിഷ്കരണ നടപടികൾ വേഗത്തിലാക്കിയും ധനകാര്യ അച്ചടക്കം പാലിച്ചും ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വളർച്ച നേടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തിന് മാറാനാകും.
സാദ്ധ്യമാകട്ടെ വികസിത കേരളം
വിനോയ് തോമസ് നോവലിസ്റ്റ്, തിരക്കഥാകൃത്ത്
നാളെ അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഓരോരുത്തർക്കും ആകാംക്ഷയുണ്ടാകുന്നതിന്റെ കാരണങ്ങൾ പലതാണ്. ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ഭാവികേരളത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ സൂചനകൾ ബഡ്ജറ്റിൽ എന്തെല്ലാമാണുള്ളത്? പത്തുവർഷത്തിനു ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് പുതിയ കാലത്തിനൊത്ത് നയങ്ങളിൽ എന്തുമാറ്റമാണ് കൊണ്ടുവരാൻ പോകുന്നത്? സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധവളപത്രത്തിലൂടെ വെളിവാക്കപ്പെട്ട കേരള സമ്പദ് വ്യവസ്ഥയെ എങ്ങനെ ചികിത്സിക്കും? ഇതൊക്കെയായിരിക്കും എല്ലാവരുടേയും മനസിലുയരുന്ന ചോദ്യങ്ങൾ. ഇതൊക്കെ എന്റെയും ആകാംക്ഷകളാണ്. എന്നാൽ, ഈ ബഡ്ജറ്റിനായി ഞാൻ കാത്തിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം മറ്റു ചിലതാണ്. സർക്കാർ വകയിലല്ലാത്ത പാരമ്പര്യേതര തൊഴിൽമേഖലകളുടെ വളർച്ചയ്ക്കായി ഈ ബഡ്ജറ്റിൽ എന്തൊക്കെ നിർദ്ദേശങ്ങളാണുണ്ടാവുക? അതിനായി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്? അത്തരമൊരു ചിന്തയിലേക്കെത്താൻ രണ്ടുകാര്യങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. ഒന്ന്- മുഖ്യമന്ത്രി നമ്മുടെ നാട്ടിലെ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി നടത്തിയ ചില പ്രസ്താവനകളാണ്. ഉന്നതവിദ്യാഭ്യാസം തൊഴിൽ സാദ്ധ്യതകൾ കണക്കിലെടുത്തുള്ളതാവണമെന്നും നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിലെടുത്ത് പുതിയ കാലം നൽകുന്ന വ്യക്തിസ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടുള്ള ജീവിതം സാദ്ധ്യമാകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രണ്ടാമത്തേത്- വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ച് മുഖ്യമന്ത്രിക്കുള്ള വിഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഗാന്ധിജിക്കും നെഹ്റുവിനും ടാറ്റ, ബിർള തുടങ്ങിയ വലിയ വ്യവസായികളുമായി നല്ല സൗഹൃദമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ആ രാഷ്ട്രശില്പികൾ ചെയ്തതുപോലെ രാജ്യനന്മയ്ക്കായി കോർപ്പറേറ്റ് ബന്ധത്തെ ഉപയോഗിക്കാൻ നമ്മുടെ മുഖ്യമന്ത്രി തയ്യാറാണെങ്കിൽ അദ്ദേഹം പറഞ്ഞ വികസിത കേരളം സാദ്ധ്യമാകുമെന്നു തന്നെയാണ് എന്റെ തോന്നൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |