
നിർമ്മിതബുദ്ധിയിൽ (എ.ഐ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘദർശനത്തോടെയുള്ള നേതൃത്വത്തിൽ വലിയൊരു വിപ്ലവത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. കമ്പ്യൂട്ടിംഗ് പവർ, ജി.പി.യു, ഗവേഷണം എന്നീ മേഖലകളിൽ കുറഞ്ഞ ചെലവിൽ അവസരങ്ങൾ ലഭ്യമാകുന്ന ഒരു എ.ഐ ആവാസവ്യവസ്ഥയെ രാജ്യ ചരിത്രത്തിലാദ്യമായി കേന്ദ്ര സർക്കാർ നേരിട്ട് പരിപോഷിപ്പിക്കുകയാണ്. വിദ്യാർത്ഥികൾക്കും നവസംരംഭകർക്കും നൂതന ആശയങ്ങളുള്ള പ്രതിഭകൾക്കുമായി ലോകോത്തരമായ എ.ഐ അടിസ്ഥാന സൗകര്യങ്ങൾ വിപ്ലവകരമായ നയങ്ങളിലൂടെ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
2024- ൽ 10,300 കോടി രൂപ എ.ഐ വികസന ദൗത്യങ്ങൾക്ക് അനുവദിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിന് തുടക്കം കുറിച്ചത്. അടുത്ത അഞ്ചു വർഷത്തേക്കുള്ളതാണ് ഈ തുക. ഉന്നത നിലവാരമുള്ള പൊതു കമ്പ്യൂട്ടിംഗ് സൗകര്യങ്ങളുടെ പിന്തുണയോടെ, ഇന്ത്യൻ ഭാഷകൾ ഉപയോഗിച്ച്, ഇന്ത്യൻ സാഹചര്യത്തിന് അനുയോജ്യമായ തദ്ദേശീയ നിർമ്മിതബുദ്ധി പരിഹാരങ്ങൾ സജ്ജമാക്കുന്നതിലേക്ക് 'ഇന്ത്യ എ.ഐ" ദൗത്യം അടുക്കുകയാണ്. പതിനായിരത്തോളം ജി.പി.യുകൾ (ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റുകൾ)ഉപയോഗിച്ചുള്ള കമ്പ്യൂട്ടേഷൻ സൗകര്യത്തോടെയാണ് എ.ഐ മോഡൽ ആരംഭിക്കുന്നത്.
ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ് മാർക്കറ്റ് പ്ളേസ് തുറന്ന ആദ്യ സർക്കാരാണ് ഇത്. പ്രമുഖ രാജ്യങ്ങളിൽ വൻകിട വ്യവസായികൾ എ.ഐ വിപണിയിൽ ആധിപത്യം പുലർത്തുമ്പോൾ, ഇതിൽ നിന്നു വ്യത്യസ്തമായി ചെറിയ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങി നാനാമേഖലയിലുള്ളവർക്ക് പ്രകടനമികവുള്ള കമ്പ്യൂട്ടിംഗ് വിഭവങ്ങളിലേക്ക് പ്രവേശനം സാദ്ധ്യമാക്കാൻ നമുക്ക് കഴിഞ്ഞു. സമീപഭാവിയിൽ 18,000 ഹൈ-എൻഡ് ജി.പി.യു അധിഷ്ഠിത കമ്പ്യൂട്ട് സൗകര്യങ്ങൾ രാജ്യത്തെ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ ലഭ്യമാക്കും. കൂടാതെ, അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തിനകം ഇന്ത്യ സ്വന്തമായി ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ് വികസിപ്പിക്കുകയും ചെയ്യും. പത്തു മാസത്തിനുള്ളിൽ ഒരു തദ്ദേശീയ ഫൗണ്ടേഷണൽ എ.ഐ പ്ലാറ്റ്‌ഫോമും പ്രതീക്ഷിക്കാം.
കുറഞ്ഞ ചെലവിൽ
ജി.പി.യു കിട്ടും
ജി.പി.യു ഉപയോഗത്തിനായി ആഗോളതലത്തിൽ മണിക്കൂറിന് ഏകദേശം രണ്ടര- മൂന്ന് ഡോളർ ചെലവു വരുമ്പോൾ, മണിക്കൂറിന് ഒരു ഡോളർ നിരക്കിൽ മോദി സർക്കാർ ഇത് ലഭ്യമാക്കും. എ.ഐ ഗവേഷണത്തെയും നവീകരണത്തെയും മുന്നോട്ടു നയിക്കുന്ന ഇന്ധനമാണ് ഡാറ്റ. സമ്പന്നവും വൈവിദ്ധ്യപൂർണവും വിപുലവുമായ ഡാറ്റാസെറ്റുകൾ ഇല്ലെങ്കിൽ അതീവ വൈദഗ്ദ്ധ്യമുള്ള ഡാറ്റാ ശാസ്ത്രജ്ഞരും ഡവലപ്പർമാരും പോലും പരിമിതികൾ നേരിടും. ഇതു തിരിച്ചറിഞ്ഞ്, വിശാലമായ ഗവേഷണ സമൂഹത്തിന് ഓപ്പൺ ഡാറ്റാസെറ്റുകൾ ലഭ്യമാക്കുന്നതിനായാണ് സർക്കാർ സജീവമായി ഇടപെടുന്നത്.
ഇന്ത്യാ എ.ഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത് ഉന്നത നിലവാരമുള്ളതും വ്യക്ത്യധിഷ്ഠിതമല്ലാത്തതുമായ ഡാറ്റാസെറ്റുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുക, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും തടസരഹിത പ്രവേശനം സാദ്ധ്യമാക്കുന്ന ഏകീകൃത ഡാറ്റാ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, എ.ഐ അധിഷ്ഠിത നവീകരണം ത്വരിതപ്പെടുത്തുക എന്നിവയാണ്. ഈ മേഖലയിലെ നൂതന സംരംഭങ്ങളെ മുന്നോട്ടു നയിക്കുകയും എ.ഐ ആപ്ലിക്കേഷനുകളുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഉറവിടം വെളിപ്പെടുത്താത്ത വലിയ ഡാറ്റാ ശേഖരം ഈ എ.ഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോമിലുണ്ടാകും.
ഫൗണ്ടേഷണൽ
മോഡലുകൾ
ഇന്ത്യ ശക്തമായ ഒരു എ.ഐ ആവാസവ്യവസ്ഥ വികസിപ്പിക്കുക മാത്രമല്ല, ഫൗണ്ടേഷണൽ എ.ഐ മോഡലുകൾ സൃഷ്ടിക്കുന്നതിൽ ഇതിനോടകം ഗണ്യമായ മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഈ മുന്നേറ്റം തദ്ദേശീയമാണെന്നു കൂടി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഭാഷാ വിവർത്തന പ്ലാറ്റ്‌ഫോമായ 'ഡിജിറ്റൽ ഇന്ത്യ- ഭാഷിണി" ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്. ഇത് ശബ്ദാധിഷ്ഠിത പ്രവേശനം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ ഇന്റർനെറ്റിലേക്കും ഡിജിറ്റൽ സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിക്കുന്നതിനും, ഇന്ത്യൻ ഭാഷകളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു.
'സർവം വൺ- എ.ഐ മോഡൽ" എ.ഐ രംഗത്തെ നിർണായക പരിമിതികൾ പരിഹരിച്ച്, നൂതനമായ ലാർജ് ലാംഗ്വേജ് മോഡലിനെ ഇന്ത്യൻ ഭാഷകൾക്കുതകും വിധം മെച്ചപ്പെടുത്തുകയും സജ്ജമാക്കുകയും ചെയ്യുന്നു. പത്ത് പ്രധാന ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നതാണ് 'സർവം- വൺ." വിവർത്തനം, വാചക സംഗ്രഹം, ഉള്ളടക്ക നിർമ്മാണം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ശേഷി ഇത് പ്രകടമാക്കുന്നു.
എ.ഐ ഫോർ ഭാരത് വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്‌സ് വീഡിയോ ട്രാൻസ്‌ക്രിപ്‌റ്റ്‌സ് ആണ് 'ചിത്രലേഖ." നൂതന എ.ഐ മോഡലുകൾ ഉപയോഗിച്ച്, വിവിധ ഇന്ത്യൻ ഭാഷകളിൽ ഓഡിയോ ട്രാൻസ്‌ക്രിപ്റ്റുകൾ എളുപ്പത്തിൽ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും 'ചിത്രലേഖ" ഉപയോക്താക്കളെ സഹായിക്കുന്നു.
സ്റ്റാൻഫോർഡ് എ.ഐ സൂചിക- 2024 പ്രകാരം, എ.ഐ നൈപുണ്യ വികസനത്തിൽ ഇന്ത്യ 2.8 സ്കോറുമായി ആഗോളതലത്തിൽ മുന്നിലാണ്. അമേരിക്കയും ജർമ്മനിയും പോലും ഇന്ത്യയ്ക്കു പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്! വനിതകൾക്കായുള്ള എ.ഐ നൈപുണ്യ വികസനത്തിലും 1.7 എന്ന നിരക്കോടെ ഇന്ത്യ മുന്നിലുണ്ട്. യുഎസും (1.2) ഇസ്രായേലുമാണ് (0.9) തൊട്ടുപിന്നിൽ. നൂതനാശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും കാര്യത്തിൽ ഇന്ത്യൻ യുവാക്കളാണ് ഏറ്റവും മുന്നിൽ. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഡവലപ്പർ സമൂഹമുള്ള രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്.
വിപണികളിൽ
പ്രതിഫലനം
ഓട്ടോണമസ് എ.ഐ ഏജന്റ്സ് പോലുള്ള എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ചെറുകിട, ഇടത്തരം ബിസിനസുകൾ (SMB-കൾ) കാര്യക്ഷമമായ വ്യക്തിഗത ഉപഭോക്തൃ അനുഭവങ്ങൾ നൽകുകയും ഓഫീസ് പ്രവർത്തനങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 'സെയിൽസ് ഫോഴ്‌സിന്റെ" റിപ്പോർട്ട് അനുസരിച്ച് എ.ഐ ഉപയോഗിക്കുന്ന ഇന്ത്യയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകളിൽ 78 ശതമാനവും വരുമാന വളർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത ഇന്ത്യൻ SMB-കളിൽ 93 ശതമാനവും വരുമാന വർദ്ധനവിന് എ.ഐ സാങ്കേതികവിദ്യ സഹായകമായതായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബി.സി.ജി- നാസ്‌കോം റിപ്പോർട്ട് വ്യക്തമാക്കിയതു പോലെ, ഇന്ത്യയിലെ എ.ഐ വിപണി അതിവേഗ വളർച്ചയുടെ പാതയിലാണ്. നവീകരണത്തിനും തൊഴിൽസൃഷ്ടിക്കും ഊന്നൽ നൽകിക്കൊണ്ട് എ.ഐ വിപണി 25-35 ശതമാനം വളർച്ച രേഖപ്പെടുത്തുന്നു. പതിവ് ജോലികൾ എ.ഐ ഓട്ടോമേറ്റ് ചെയ്യുമ്പോൾ ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, എ.ഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.
520-ലധികം ടെക് ഇൻകുബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും കേന്ദ്രമാണ് ഇന്ന് ഇന്ത്യ. എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആക്റ്റീവ് പ്രോഗ്രാമുകളാണ് നമുക്കുള്ളത്. 42 ശതമാനം പ്രോഗ്രാമുകളും കഴിഞ്ഞ അഞ്ചു വർഷത്തിനകം ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സജ്ജീകരിച്ചവയാണ്. T-Hub MATH പോലുള്ള ആക്സിലറേറ്ററുകൾ എ.ഐ സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്ന വികസനം, ബിസിനസ് തന്ത്രം, ബിസിനസ് വളർച്ച എന്നിവയിൽ നിർണായക മാർഗനിർദ്ദേശം നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |