SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

ക്ഷേത്ര പ്രവേശനത്തിന് 88 പിന്നിടുമ്പോൾ,​ പിന്നെയും തുള്ളുന്ന കോമരങ്ങൾ

a

നരനു നരൻ അശുദ്ധ വസ്തുവായിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെട്ടാൽപ്പോലും ദോഷമുള്ളവരുമായ ഒരു ജനത ജീവിച്ചിരുന്ന നാടാണ് നമ്മുടേത്. വസ്ത്രം ധരിക്കുവാനും വഴി നടക്കുവാനും ആരാധനാലയത്തിന്റെ പുറംമതിലിനു ചുറ്റുമുള്ള പൊതുവഴിയിലൂടെപ്പോലും നടക്കുവാനും നിരോധനമുണ്ടായിരുന്ന ഒരു കാലം. 'ഭ്രാന്താലയം" എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ നാടിനെ ഇന്നു കാണുന്ന 'ദേവാലയം' (ദൈവത്തിന്റെ സ്വന്തം നാട്) ആക്കി മാറ്റിയതിൽ ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും ധർമ്മവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.


ചാതുർവർണ്യ വ്യവസ്ഥയെ താലോലിക്കുന്ന ബ്രാഹ്മണ്യത്തെ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ വിശ്വാസങ്ങളാണ് യഥാർത്ഥത്തിൽ മനുഷ്യർക്കിടയിൽ ഭേദചിന്ത വളർത്തിയത്. ഇത്തരം ഭേദചിന്തകൾ അവസാനിപ്പിച്ച് എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. മനുഷ്യരിൽ ശുചിത്വബോധവും സമത്വബോധവും വർദ്ധിപ്പിക്കുന്നതിന് ദേവാലയങ്ങൾക്കുള്ള പ്രാധാന്യം മുൻകണ്ടാണ് യഥാർത്ഥത്തിൽ ഗുരു പ്രതിഷ്ഠ നടത്തിയതും ആരാധനാലയങ്ങൾ സ്ഥാപിച്ചതും. മാടൻ,​ മറുത തുടങ്ങിയ ദുർദേവതകളും മദ്യവും ലഹരിയും മൃഗബലിയും കോഴിവെട്ടും അടക്കമുള്ള ആചാര രീതികളും മനുഷ്യ സമൂഹത്തെ നശിപ്പിക്കുമെന്നും,​ തിന്മകൾ വളർത്തുവാൻ ഇടയാക്കുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

അത്തരം പ്രതിഷ്ഠകൾ പിഴുതെറിഞ്ഞ് ശാന്തിയും സമാധാനവും കാറ്റും വെളിച്ചവും സുലഭമായി ലഭിക്കുന്ന ആരാധനാലയങ്ങൾ ഗുരു സ്ഥാപിച്ചു. ഇന്ന് ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് വിവാദമായിരിക്കുന്ന ആന എഴുന്നള്ളിപ്പും കരിമരുന്നു കലാപ്രകടനങ്ങളും ഒഴിവാക്കണമെന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് ഗുരു ഉപദേശിച്ചിരുന്നു. 'കരി രണ്ടും വേണ്ട' (ആനയും കരിമരുന്നും) എന്നാണ് പറഞ്ഞത്. ദേവാലയങ്ങളേക്കാൾ പ്രാധാന്യം വിദ്യാലയങ്ങൾക്കായിരിക്കണമെന്നും ഗുരു ഉപദേശിച്ചു. ഗുരുവിന്റെ ഉപദേശങ്ങളും ഗുരു സ്ഥാപിച്ച ദേവാലയങ്ങളും കേരളത്തിൽ സാമൂഹ്യ മാറ്റത്തിനും നവോത്ഥാനത്തിനും വലിയ അളവിൽ സഹായകമായിരുന്നു.

വിളംബരവും

വിലയിരുത്തലും


വലിയ പണം മുടക്കി ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതും ഉത്സവങ്ങൾ നടത്തുന്നതും ഒഴിവാക്കണമെന്നും ഗുരു ആഗ്രഹിച്ചിരുന്നു. അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയ്ക്കു ശേഷം 48 വർഷം കഴിഞ്ഞാണ് മഹാരാജാവ് നാട്ടിൽ എല്ലാവർക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്ന വിളംബരം പുറപ്പെടുവിച്ചത്. 1112 തുലാം 27ന് (1936 നവംബർ 12ന്) പുറപ്പെടുവിച്ച വിളംബരത്തിന്റെ എൺപത്തിയെട്ടാം വാർഷികമാണ് പിന്നിട്ടത്. തിരിഞ്ഞുനോക്കുമ്പോൾ ക്ഷേത്രപ്രവേശനവും ആരാധനാരീതികളും മനുഷ്യരിൽ സമത്വബോധവും സാഹോദര്യബോധവും പ്രതീക്ഷിച്ച തലത്തിൽ വർദ്ധിച്ചുവോ എന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കുന്നതിൽ എത്രമാത്രം വിജയിച്ചു എന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്.


ഏകദേശം ഒരു വർഷം മുമ്പു മാത്രമാണ് ഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തിനു സമീപം നരബലി നടന്നത്. ജാതിയുടെ പേരിൽ താഴ്ന്നവർ എന്ന് ബ്രാഹ്മണ്യം മുദ്രകുത്തിയ സമുദായങ്ങളിൽപ്പെട്ടവരെ ക്ഷേത്രങ്ങളിൽ ശാന്തി ജോലിയിൽ നിന്ന് നീക്കിനിറുത്തുന്നവരും,​ക്ഷേത്രങ്ങളിൽ പാചകത്തിനും വിളമ്പലിനും പോലും ബ്രാഹ്മണർ മാത്രം മതിയെന്ന് ഉത്തരവിറക്കുന്നവരുമായ ദേവസ്വം ഭരണാധികാരികൾ ഇന്നുമുണ്ട്. ശബരിമലയിലും മാളികപ്പുറത്തും പൂജാരിമാരായി മലയാള ബ്രാഹ്മണർ മാത്രം മതിയാകും എന്ന് കോടതി മുമ്പാകെ അഭിപ്രായം ബോധിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന നാടായും കേരളം മാറി. പൂജാദികർമ്മങ്ങളിൽ പ്രാബല്യമുള്ള വിശ്വാസികളായ ഏതൊരാൾക്കും പൂജാരികളായി മാറുവാൻ ഇനിയൊരു 'ശ്രീകോവിൽ പ്രവേശന" സമരം വേണമോ എന്ന ചിന്തയാണ് ഇപ്പോൾ ഉയരുന്നത്.

വീണ്ടുമെത്തുന്ന

വിഗ്രഹങ്ങൾ


കോടിക്കണക്കിനു രൂപ ചെലവഴിച്ച് ദേവാലയങ്ങൾ നിർമ്മിക്കുന്ന നമ്മുടെ നാട്ടിൽ കേറിക്കിടക്കാൻ ഇടയില്ലാതെ മഴയും വെയിലുമേറ്റ് ടാർപ്പാളിൻ ഷീറ്റുകൾക്കിടയിലും പൈപ്പുകൾക്കിടയിലും ഉറങ്ങുന്ന ജീവിതങ്ങളും ഇവിടെയുണ്ട്. ഗുരു സന്ദേശവും ധർമ്മവും ഉൾക്കൊണ്ട് പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പലരും ക്ഷേത്ര നിർമ്മാണത്തിനായി കോടികൾ ചെലവഴിച്ച് സമുദായത്തെ ദരിദ്രരാക്കുന്ന അവസ്ഥയും കാണുന്നുണ്ട്. ഗുരു പിഴുതെറിഞ്ഞ വിഗ്രഹങ്ങളെ പുന:സ്ഥാപിക്കുന്നതിനുള്ള തിരക്കാണ് അവിടവിടെയായി കാണുന്നത്. ഒരു കാലഘട്ടത്തിൽ ജനങ്ങളെ ശ്രേണീകൃതമായ ജാതി വ്യവസ്ഥയ്ക്ക് വിധേയരാക്കി പാർശ്വവൽക്കരിച്ച ഹിന്ദുത്വത്തെ വീണ്ടും സ്വന്തം കഴുത്തിലണിയാൻ ശ്രമിക്കുന്ന കാഴ്ചകളും ആശങ്കപ്പെടുത്തുന്നു. മതവിദ്വേഷവും വർഗീയതയും വളർത്തുന്നതിൽ ക്ഷേത്രങ്ങളും പരിസരവും ഇന്ന് ദുരുപയോഗപ്പെടുത്തുന്ന കാഴ്ചകളും നിത്യേന കാണുന്നു.


ഒരുപക്ഷേ ക്ഷേത്രപ്രവേശനം ലഭിച്ചില്ലായിരുന്നുവെങ്കിൽ തങ്ങളെ ശ്രേണീകൃതമായ ജാതിവ്യവസ്ഥയ്ക്കു വിധേയരാക്കിയ ക്ഷേത്രങ്ങളെയും ബ്രാഹ്മണ്യ ഹിന്ദുത്വത്തെയും ഉപേക്ഷിച്ച് മാനവ ധർമ്മത്തിൽ വിശ്വസിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ സ്വയം ശക്തരാവുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുമായിരുന്നു എന്ന് ചിന്തിച്ചു പോവുകയാണ്. 'ജാതിചിന്തയും മതവിദ്വേഷവും കൂടുതൽ ശക്തിയോടെ നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്ന വാഴുന്ന മാതൃകാസ്ഥാനം" കെട്ടിപ്പടുക്കുവാനും ജാതിമതഭേദമെന്യേ വിശ്വാസികൾക്കായി എല്ലാ ദേവാലയങ്ങളും തുറന്നുകൊടുക്കുവാനും ആവശ്യപ്പെടുവാൻ ക്ഷേത്ര പ്രവേശന വിളംബര സ്മരണ ഇടയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION