
രാത്രിയുടെ അന്ത്യയാമങ്ങളിലെ ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലങ്ങളിൽ ഉണ്ടാകുന്ന മിക്ക അപകടങ്ങൾക്കും പ്രധാനകാരണം. ഉറക്കം നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുന്നത് വിവേകമല്ല. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ അവഗണിച്ചുള്ള ഡ്രൈവിംഗ് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. കഴിഞ്ഞദിവസം കോന്നിയിൽ നവദമ്പതികളടക്കം നാലുജീവനെടുത്ത അപകടത്തിലെ വില്ലനും ഉറക്കം അവഗണിച്ചുള്ള ഡ്രൈവിംഗാണ്.
നാലുഘട്ടങ്ങളുള്ള ഉറക്കത്തിന്റെ ഒരുഘട്ടത്തിൽ നമ്മൾപോലുമറിയാതെ ഉറക്കം കണ്ണുകളിലെത്തും. പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായി സെറ്റ് ചെയ്ത ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക്) നമ്മുടെ ശരീരത്തിലുണ്ട്. ഉറക്കം നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ ഇതിന്റെ പ്രവർത്തനം താളംതെറ്റും. രാത്രിയിൽ തുടർച്ചയായി എതിർദിശയിലെ വാഹനങ്ങളുടെ ലൈറ്റ് കണ്ണിലടിക്കുമ്പോൾ കണ്ണഞ്ചിക്കുന്നത് (ഗ്ലെയർ)കൂടുകയും രാത്രികാഴ്ച കുറയുകയും (കോൺട്രാസ്റ്റ്)ചെയ്യും. റോഡിലെ മീഡിയൻ, ഹമ്പ്, കുഴികൾ, കട്ടിംഗുകൾ, മുറിച്ചുകടക്കുന്ന ആളുകൾ എന്നിവയൊന്നും കാണാനാവില്ല. വിജനമായ റോഡിൽ വേഗത്തിൽ പായുമ്പോൾ വാഹനത്തിനു മുന്നിൽ ഇവ കണ്ടാലും പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല. അപ്പോൾ കാൽ ആക്സിലറേറ്ററിൽ അമർത്താൻ സാദ്ധ്യതയേറെയാണ്. സ്റ്റിയറിംഗ് പാളിപ്പോകാം.
പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങളേറെയും. ഈസമയം ശരീരം ഉറങ്ങാനുള്ള പ്രവണതകാട്ടും. ദീർഘദൂര സർവീസുകളിലെയും അന്തർസംസ്ഥാന ബസുകളിലെയും ചരക്കുലോറികളിലെയും ഡ്രൈവർമാർ ജാഗ്രത കാട്ടേണ്ട സമയമാണിത്. ഉറക്കം കണ്ണിലെത്തുമ്പോൾ ഡ്രൈവിംഗിലെ നിയന്ത്രണം നഷ്ടപ്പെടും. തലച്ചോറും ഞരമ്പുകളും മരവിപ്പിലായതിനാൽ പ്രതികരണശേഷിയും കുറയും. ഉച്ചത്തിൽ പാട്ടുകേട്ടും പരസ്പരം സംസാരിച്ചും ഗ്ലാസ് താഴ്ത്തിയിട്ടുമൊക്കെ ഡ്രൈവർമാർ ഉറക്കമകറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഉറക്കത്തിന്റെ റാപ്പിഡ്-ഐ-മൂവ്മെന്റ് എന്ന ഘട്ടത്തിൽ ഒരു നിമിഷാർദ്ധം കണ്ണടച്ചുപോകും. ഈ ഘട്ടത്തിൽ കണ്ണുതുറന്നിരിക്കുകയായിരിക്കും, പക്ഷേ പൂർണമായി ഉറക്കത്തിലായിരിക്കും. ഈ സമയത്ത് കാൽ മരവിപ്പിലായിരിക്കും. ആക്സിലറേറ്ററിൽ കാൽ ശക്തിയായി അമർത്താനുള്ള സാദ്ധ്യത കൂടുതലായിരിക്കും.
ഉറക്കം, നാലുഘട്ടങ്ങളിൽ
ഘട്ടം-1
ചെറിയ മയക്കം പോലെ. കണ്ണുകൾ ക്രമേണ അടഞ്ഞ് വിശ്രമാവസ്ഥയിലാവും. ബോധമനസായതിനാൽ വേഗം ഉണരാം.
ഘട്ടം-2
കണ്ണുകളുടെ ചലനം കുറഞ്ഞ് ഉറക്കം അഗാധമാവും. തലച്ചോറിൽ നിന്നുള്ള തരംഗപ്രവാഹം സാവധാനത്തിലായിരിക്കും.
ഘട്ടം-3
ബോധമനസിന്റെ പ്രവർത്തനം നിലച്ചുതുടങ്ങും. തലച്ചോറിൽ നിന്നുള്ള ഡെൽറ്റാ തരംഗങ്ങളുടെ പ്രവാഹം ദുർബലമാവും.
ഘട്ടം-4
ഗാഡനിദ്രയിൽ. കണ്ണുകളുടെ ചലനം നിലച്ചുതുടങ്ങും. കണ്ണുതുറന്നിരുന്ന് നല്ല ഉറക്കത്തിലാവുന്നത് ഈ ഘട്ടത്തിലാണ്.
വേഗവും തീറ്റയും കുറച്ചുമതി
രാത്രിയിൽ ദൂരക്കാഴ്ച കുറവായതിനാൽ ബ്രേക്കിംഗ് എളുപ്പമാവില്ല. ശരാശരി വേഗമാണ് നല്ലത്.
ഉറങ്ങാതിരിക്കാൻ എതിർവാഹനങ്ങളുടെ ലൈറ്റിൽ നോക്കുന്നത് കണ്ണിന്റെ ക്ഷമത കുറയ്ക്കും.
വയറുനിറയെ ഭക്ഷണംകഴിച്ച് വാഹനമോടിക്കരുത്.
ഉറങ്ങാതിരിക്കാൻ പുകവലിച്ചാൽ ശരീരത്തിൽ ഓക്സിജന്റെ അളവുകുറഞ്ഞ് ക്ഷീണമുണ്ടാവും.
മയക്കമുണ്ടാക്കുന്ന മരുന്നുകൾ രാത്രിയാത്രയിൽ വേണ്ട, അമിതമദ്യം രാത്രികാഴ്ച കുറയ്ക്കും.
വെറ്റില മുറുക്കുന്നതും ചുണ്ടിനിടയിൽ പുകയില വയ്ക്കുന്നതും മയക്കം വിളിച്ചുവരുത്തുന്നതാണ്.
ഓർക്കാം, ഈ നഷ്ടങ്ങൾ
ജഗതി ശ്രീകുമാർ
മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന ജഗതി ശ്രീകുമാറിനെ വീൽചെയറിലാക്കിയതും ഒരു അപകടമാണ്. കുടകിലെ സിനിമാസെറ്റിലേക്കുള്ള യാത്രയ്ക്കിടെ 2012 മാർച്ച് 10ന് പുലർച്ചെ അഞ്ചിന് മലപ്പുറം പാണാമ്പ്രയിലെ അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ കൺചിമ്മലാണ്.
മോനിഷ
മലയാളത്തിന്റെ മഞ്ഞൾപ്രസാദം മോനിഷയുടെ ജീവനെടുത്തത് 1992 ഡിസംബറിലെ ഒരു പുലർകാലത്തെ ഡ്രൈവറുടെ കൺചിമ്മലാണ്. ചേർത്തല എക്സ്റേകവലയിലായിരുന്നു അപകടം. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുമായി സംസാരിച്ചിരിക്കുന്നതിനിടെ ഡ്രൈവർ മയങ്ങി. ഡോർതുറന്ന് പുറത്തേക്ക് തെറിച്ചുവീണ് തലച്ചോറിന് ക്ഷതമേറ്റ് 21-ാം വയസിൽ മോനിഷ വിടപറഞ്ഞു.
കലാമണ്ഡലം ഹൈദരാലി
കഥകളി സംഗീതത്തിലെ കുലപതിയായിരുന്ന കലമണ്ഡലം ഹൈദരാലി 2006ൽ തൃശൂർ മുള്ളൂർക്കരയിലെ വാഹനാപകടത്തിലാണ് മരിച്ചത്. കലാമണ്ഡലത്തിലേക്കുള്ള പതിവുയാത്രയിലായിരുന്നു അപകടം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ തകർത്ത് ചരിത്രത്തിലിടം പിടിച്ച ഹൈദരാലിക്ക് മരണപ്പെടുമ്പോൾ 59വയസേ ഉണ്ടായിരുന്നുള്ളൂ.
ബാലഭാസ്കർ
ഗുരുവായൂർ ദർശനത്തിനുശേഷം, താമസിക്കാൻ തൃശൂരിലെടുത്തിരുന്ന ഹോട്ടൽ മുറി വേണ്ടെന്നുവച്ച് സ്വദേശമായ തിരുവനന്തപുരത്തേക്കുള്ള രാത്രിയാത്രയാണ് ബാലഭാസ്കറിന്റെ ജീവനെടുത്തത്. ദേശീയപാതയിൽ പള്ളിപ്പുറത്ത് ഡ്രൈവർ ഒന്നു കൺചിമ്മി തുറന്നപ്പോൾ 40വയസുള്ള ബാലുവും മകൾ തേജസ്വിനിയും മരണത്തിന് കീഴടങ്ങി.
''ഡ്രൈവിംഗിൽ ഉറക്കംവന്നാൽ വാഹനംനിറുത്തി അരമണിക്കൂറെങ്കിലും ഉറങ്ങിയശേഷം നന്നായി മുഖംകഴുകി യാത്രതുടരണം. ഉറക്കത്തെ ഒരു കാരണവശാലും അവഗണിക്കരുത് ''
-എസ്.ശ്യാംസുന്ദർ
ദക്ഷിണമേഖലാ ഐ.ജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |