SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

അസമാധാനം,​ അസ്ഥിരത,​ അനൈക്യം

war

ലോകരാഷ്ട്രീയം ചരിത്രം എന്നിവ മനുഷ്യസംസ്കാരത്തിന്റെയും പുരോഗതിയുടെയും ചരിത്രമായിട്ടാണ് പൊതുവെ വിലയിരുത്തുന്നത്. എന്നാൽ 2024-ലെ ലോകരാഷ്ട്രീയം പരിശോധിച്ചാൽ മനുഷ്യൻ പുരോഗതിയുടെ പാതയിലൂടെത്തന്നെയാണോ സഞ്ചരിക്കുന്നതെന്ന് സംശയിം തോന്നും! മൂന്നു വർഷമാകാൻ പോകുന്ന റഷ്യ- യുക്രെയിൻ യുദ്ധം, ഒരു വർഷത്തിലധികമായി തുടരുന്ന,​ സമാനതകളില്ലാത്ത നാശനഷ്ടങ്ങൾക്ക് വേദിയായ ഇസ്രയേൽ- പാലസ്തീൻ സംഘർഷം, കേവലം 11 ദിവസംകൊണ്ട് തകർന്നടിഞ്ഞ സിറിയ ഭരണം, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന യൂറോപ്പ്, ആഫ്രിക്കയിലെ സംഘർഷങ്ങൾ, ആഗോളതാപനം ഇവയ്ക്കെല്ലാം മുകളിൽ അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ വിജയം. സംശയലേശമന്യേ പറയാം; ലോകരാഷ്ട്രീയം അപ്രതീക്ഷിതവും സങ്കീർണവുമായ പാതയിലാണ്. ഒന്നുറപ്പാണ്- അസമാധാനം, അസ്ഥിരത, അനൈക്യം എന്നിവ പോയ വർഷത്തിന്റെ മുഖമുദ്ര‌യായി കാണാം.

ട്രംപിന്റെ

രണ്ടാം വരവ്

രാജകീയമാണ് ട്രംപിന്റെ രണ്ടാംവരവ്. ഇലക്ട്രൽ കോളേജ് വോട്ടിൽ മാത്രമല്ല, ജനകീയ വോട്ടിലും വൻഭൂരിപക്ഷമാണ് ട്രംപ് നേടിയത്. ഇത് അമേരിക്കൻ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. 'അമേരിക്ക ഒന്നാമത്"എന്നതാണ് ട്രംപിന്റെ നയത്തിന്റെ കാതൽ. കുടിയേറ്റം, വ്യാപാരം, അമേരിക്കയുടെ സഖ്യകക്ഷികളുമായിട്ടുള്ള ബന്ധം, ലോകരാഷ്ട്രീയത്തിലെ യുദ്ധങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇത് പ്രതിഫലിക്കും. ഏകപക്ഷീയമായി നികുതി വർദ്ധിപ്പിക്കുന്ന പ്രഖ്യാപനം ഉത്ക്കണ്ഠയോടുകൂടിയാണ് ലോകം കാണുന്നത്.

റഷ്യ -യുക്രെയിൻ യുദ്ധത്തിൽ റഷ്യയ്ക്ക് അനുകൂലമായ ട്രംപിന്റെ നിലപാട് ആശങ്കയോടുകൂടിയാണ് യുക്രെയിനും യൂറോപ്പും കാണുന്നത്. ഇസ്രയേൽ- പാലസ്തീൻ യുദ്ധത്തിൽ ഇസ്രയേൽ കൂടുതൽ പിന്തുണ ട്രംപിൽനിന്ന് പ്രതീക്ഷിക്കുന്നു. ട്രംപിന്റെ ചൈനാ നയം പ്രവചനാതീതമാണെങ്കിലും, സ്ഥാനാരോഹണത്തിന് ഷി ജിൻപിംഗിന് നൽകിയിരിക്കുന്ന ക്ഷണം ശുഭസൂചനയാണ്. കാലാവസ്ഥാ വ്യതിയാനം ട്രംപിന് പ്രശ്നമേയല്ല.

സങ്കീർണമാകുന്ന

യുദ്ധങ്ങൾ

മൂന്നു വർഷമാകുവാൻ പോകുന്ന റഷ്യ- യുക്രെയിൻ യുദ്ധവും, ഒരു വർഷം കഴിഞ്ഞ ഇസ്രയേൽ-പാലസ്തീൻ യുദ്ധവും മനുഷ്യന്റെ യുദ്ധക്കൊതിയുടെ ഉദാഹരണമാണ്. ഇരുഭാഗത്തുമായി ലക്ഷങ്ങൾ കൊല്ലപ്പെട്ട റഷ്യ- യുക്രെയിൻ സംഘർഷം, ലോകസമാധാനത്തിനു തന്നെ ഭീഷണിയാണ്. ഒരു ആണവ മൂന്നാം ലോകയുദ്ധ ഭീതിയിലാണ് ലോകം. ഐക്യരാഷ്ട്ര സഭയുടെ പ്രസക്തിയേയും, ലോകരാഷ്ട്രീയത്തിലെ വൻശക്തികളായ അമേരിക്ക, റഷ്യ, ചൈന, യൂറോപ്പ്, ഇന്ത്യ തുടങ്ങിയവയുടെ സ്വാധീനത്തിന്റെ അളവുകോലാവുകയാണ് ഈ യുദ്ധം.

പുതിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് എടുക്കുന്ന നിലപാട്,​ കാര്യങ്ങളുടെ ഗതിയെ വലിയ രീതിയിൽ സ്വാധീനിക്കും.

കുരുതിക്കളമായ പാലസ്തീൻ- ഇസ്രയേൽ യുദ്ധഭൂമിയിലും സമാധാനം അകലെയാണ്. നിലവിൽ മേൽക്കൈ ഇസ്രയേലിനാണ്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയവയുടെ നേതൃനിര പൂർണമായും തുടച്ചുനീക്കപ്പെട്ടു. ഇറാൻ പ്രതിരോധത്തിലാണ്. ഇവിടത്തെ യഥാർത്ഥ പ്രശ്നം ഗാസയിലെ മനുഷ്യക്കുരുതിയാണ്. അൻപതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടുകഴിഞ്ഞു. ഗാസയിലെ 90 ശതമാനം ആളുകൾ അഭയാർത്ഥികളായി ഭക്ഷണവും ജലവും മരുന്നുകളുമില്ലാതെ ദുരിതത്തിലാണ്. ആരും സുരക്ഷിതരല്ലാത്ത അവസ്ഥ. പശ്ചിമേഷ്യൻ രാഷ്ട്രീയം ഈ സംഘർഷത്തിന്റെ സ്വാധീനത്തിലായിരിക്കും.

സിറിയൻ

അട്ടിമറി

ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തോട് ചേർത്തു വായിക്കേണ്ടതാണ് ഇത്. 13 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിനും 53 വർഷത്തെ ബാത്ത് പാർട്ടി- അസാദ് കുടുംബവാഴ്ചയ്ക്കും ശേഷം കേവലം 11 ദിവസംകൊണ്ടാണ് വിമത മുന്നേറ്റത്തിൽ സിറിയൻ ഭരണകൂടം തകർന്നടിഞ്ഞത്. ബാഷർ അൽ അസാദ് പലായനത്തിലും ഇസ്ളാമിക് സംഘമായ ഹയാത്ത് തഹിർ- അൽ ഷാം അധികാരം പിടിച്ചടക്കലിലും പശ്ചിമേഷ്യയിലെയും ആഗോള രാഷ്ട്രീയത്തിലേയും സമവാക്യങ്ങൾ ദൃശ്യമാണ്. റഷ്യയ്ക്കും ഇറാനും നഷ്ടങ്ങളുണ്ടായപ്പോൾ ഇസ്രയേൽ, ടർക്കി, യു.എസ് നേട്ടങ്ങൾ കൊയ്തു. എന്നാൽ പ്രസക്തമായിട്ടുള്ളത് സമാധാനവും ജനാധിപത്യവും ഇനിയും ഇവിടെ അകലെയാണെന്നതാണ്. ഇവിടം വിവിധ ചെറുസംഘങ്ങളുടെയും വൻശക്തികളുടെയും ന്യൂനപക്ഷങ്ങളുടെയും സംഘർഷ ഭൂമിയായി തുടരുക തന്നെ ചെയ്യും.

മാറുന്ന

യൂറോപ്പ്

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയുടെയും ജനാധിപത്യത്തിന്റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും വിളനിലമായിരുന്നു യൂറോപ്പ്. എന്നാൽ ഇന്ന് സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും ജനാധിപത്യ ശോഷണവും യൂറോപ്പിനെ തുറിച്ചുനോക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ജർമ്മനിയും ഫ്രാൻസും രാഷ്ട്രീയമായി അസ്ഥിരമായി. ജർമ്മനിയിലെ സ്ഥിതി ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ അസ്ഥിരതയ്ക്ക് സമാനമാണ്. ഫ്രാൻസിലും കൂട്ടുമന്ത്രിസഭ കടുത്ത പ്രതിസന്ധിയിലാണ്. ഇരുരാജ്യങ്ങളിലും തീവ്രവലതുപക്ഷം അധികാരത്തിന്റെ പടിവാതിൽക്കലാണ്. യൂറോപ്പിലെ 27 രാജ്യങ്ങളിൽ ഏഴിടത്ത് തീവ്ര വലതുപക്ഷം നേരിട്ട് അധികാരത്തിന്റെ ഭാഗമാണ്. യൂറോപ്യൻ യൂണിയൻ ഭരണത്തിലും വലതുപക്ഷം നിർണായകമാണ്. കടുത്ത കുടിയേറ്റ വിരുദ്ധത, നികുതി ഉയർത്തൽ, സ്വത്വബോധം എന്നിവ, മാറുന്ന യൂറോപ്പിന്റെ ശക്തമായ സൂചനകളാണ്.

ആഫ്രിക്കയുടെ

വിരുദ്ധ ഭൂമി

ആഫ്രിക്കയുടെ കെടുതികൾ പലപ്പോഴും ലോകം ശ്രദ്ധിക്കാറില്ല. സുഡാൻ, എത്യോപ്യ, മാലി, നൈജീരിയ, സൊമാലിയ, മൊസാംബിക്ക്, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ മാത്രം 80 ലക്ഷംപേർ പലായനം ചെയ്തു. അഞ്ചുകോടി ജനസംഖ്യയിൽ പകുതിയോളം കൊടുംദാരിദ്ര്യത്തിലാണ്. ലോകത്തിലെ ഏറ്റവും 'വലിയ പട്ടിണിഭൂമി"യാണ് സുഡാൻ. താമസിയാതെ അത് ലോകത്തെ 'പട്ടിണിമരണ ഭൂമി"യായി മാറും. അതേസമയം, ചരിത്രത്തിൽ ആദ്യമായി ഇരുപതിൽപ്പരം ആഫ്രിക്കൻ രാജ്യങ്ങളിൽ സമാധാനപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരമാറ്റം നടത്തിയത് ശുഭപ്രതീക്ഷയാണ്.

കൊറിയൻ

ഷോക്ക്

സാമ്പത്തിക പുരോഗതികൊണ്ടും വിനോദരംഗത്തെ; പ്രത്യേകിച്ച് മ്യൂസിക്- സീരിയൽ- സിനിമാ മേഖലയിവെ മുന്നേറ്റംകൊണ്ടും ലോകത്തെ ഞെട്ടിച്ച രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിലെ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ രാഷ്ട്രത്തലവന്മാരെ അവിശ്വാസത്തിലൂടെ പുറത്താക്കിയാണ് ഈ രാജ്യം വാർത്തകളിൽ നിറഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട ശക്തനായ നേതാവിന്റെയും ജനാധിപത്യത്തിന്റെയും അഭാവമാണ് കൊറിയയുടെ പ്രശ്നം. അമേരിക്കൻ സഖ്യരാജ്യമായ ദക്ഷിണ കൊറിയയ്ക്ക് വളരെ ഭൗമരാഷ്ട്രീയ പ്രാധാന്യമുണ്ട്. ഈ പ്രദേശത്തെ സമാധാനം രണ്ടു കൊറിയകളുടെ രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. വടക്കൻ കൊറിയയുടെ ആണവശേഷിയും യുക്രെയിൻ യുദ്ധത്തിലെ പങ്കാളിത്തവും ആശങ്ക ഉളവാക്കുന്നതാണ്.

അയയുന്ന

സംഘർഷം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പോയ വർഷത്തെ ഏറ്റവും പ്രധാന സംഭവം ചൈന ബന്ധത്തിത്തിലുണ്ടായ അയവാണ്. അതിർത്തി സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞത് നേട്ടം തന്നെയാണ്. ഇന്ത്യയുടെ വിദേശനയത്തിന് ഇത് കൂടുതൽ വ്യാപ്തിയും സാദ്ധ്യതയും സ്വാതന്ത്യ്രവും നൽകുന്നു. സാമ്പത്തികവും തന്ത്രപരവുമായ നേട്ടമാണിത്. ബംഗ്ലാദേശിലെ ഭരണമാറ്റം താല്ക്കാലിക തിരിച്ചടിയാണ്. അയൽപക്ക രാജ്യങ്ങളുമായുള്ള ബന്ധം പ്രശ്നസങ്കീർണമാണ്. ആഗോളതലത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടും സ്വാതന്ത്യ്രത്തോടും കൂടിയാണ് ഇന്ത്യ മിക്ക പ്രശ്നങ്ങളിലും അമേരിക്കയോടും റഷ്യയോടും ഇടപെട്ടത്.

ലോകരാഷ്ട്രീയത്തിലെ നിർണായക ശക്തിയാവുകയാണ് ഇന്ത്യ എന്ന കാര്യത്തിൽ സംശയമില്ല. ജി 20- യിലെയും ബ്രിക്സിലെയും പങ്കാളിത്തം ഇത് അടിവരയിടുന്നു. ലോകരാഷ്ട്രീയം പ്രശ്നസങ്കീർണവും പ്രവചനാതീതവുമാണ്. പോയ വർഷവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. എന്നാൽ പേടിപ്പെടുത്തുന്നതാണ് തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും,​ ഐക്യരാഷ്ട്രസഭയുടെ പരാജയവും,​ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും,​ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ രാഷ്ട്രങ്ങൾ കാട്ടുന്ന വിമുഖതയും. ഇതിന്റെ ഫലമാണ് ലോക രാഷ്ട്രീയത്തിൽ നിഴൽ വിരിക്കുന്ന അസമാധാനവും അസ്ഥിരതയും അനൈക്യവും.

(യു.ജി.സി- എം.എം.ടി.ടി.സി,​ കേരള സർവകലാശാലാ ക്യാമ്പസ് ഡയറക്ടറും പൊളിറ്റിക്സ് വിഭാഗം പ്രൊഫസറുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION