
കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക സവിശേഷതകൾ വിളിച്ചോതുന്ന അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന് നാളെ (ജനുവരി നാല്) മുതൽ എട്ടു വരെ തലസ്ഥാനനഗരി വേദിയാവുകയാണ്. അഞ്ചു ദിനരാത്രങ്ങൾ കലകളുടെ കൗമാരസംഗമവേദികൾ മലയാളികളുടെ കണ്ണിന്റേയും കാതിന്റേയും ആകർഷണ വലയത്തിലാകും. കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാൻ നിറഞ്ഞ മനസോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ അനന്തപുരിയുടെ മണ്ണും മനസും.
കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരമെന്ന നിലയിലായിരുന്നു സ്കൂൾ കലോത്സവത്തുടക്കം. ഇപ്പോൾ അത് പതിനാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന മഹാ കലാസംഗമമായി വളർന്നിരിക്കുന്നു. നമ്മുടെ കലാ, സാംസ്‌ക്കാരിക വൈവിദ്ധ്യങ്ങളെയും വൈജാത്യങ്ങളെയും സംരക്ഷിക്കാനും കൂടുതൽ ഉയരങ്ങളിലെത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തദ്ദേശീയ ജനതയുടെ കലകളെക്കൂടി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമാക്കി മാറ്റുന്നത്.
ഫ്യൂഡൽ കാലം പണിതുയർത്തിയ അസമത്വത്തിന്റെയും അധമ മനോഭാവത്തിന്റെയും കോട്ടകളെ മനുഷ്യമനസുകളിൽ നിന്ന് പിഴുതെറിയാൻ വഴിയൊരുക്കിയ നവോത്ഥാന മുന്നേറ്റങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ശ്രീനാരായണ ഗുരു, അയ്യൻങ്കാളി, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി തുടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കൾക്ക് ജന്മം നൽകിയ മണ്ണാണ് തിരുവനന്തപുരം. കൂടാതെ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട കുമാരാനാശാൻ, ഉള്ളൂർ എസ്.പരമേശ്വര അയ്യർ തുടങ്ങിയ മഹാകവികളുടെയും നാടാണിത്. സി.വി രാമൻപിള്ളയെപ്പോലുള്ള സാഹിത്യകാരരേയും ഓർക്കേണ്ടതുണ്ട്.
കലാരംഗത്തും സാസ്‌കാരിക രംഗത്തും ഇടം നേടിയ നിരവധി പേർ തിരുവനന്തപുരത്ത് ജനിച്ചു വളർന്നവരാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും രാഷ്ട്രീയ പരിവർത്തനങ്ങളിലും കലാ, സാംസ്‌കാരിക മേഖലകളിലും തനതായ മുന്നേറ്റത്തിന്റെ പശ്ചാത്തലമുള്ള മണ്ണാണ് കലാകേരളത്തിന്റെ ഭാവി പ്രതീക്ഷകളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്. ഒമ്പതു വർഷം മുമ്പാണ് അവസാനമായി തിരുവനന്തപുരത്ത് കലോത്സവം നടന്നത്. അതിനേക്കാൾ വളരെ വിപുലമായ മേളയായാണ് ഇപ്പോഴത്തേത്.
ഒരു ദിവസത്തെ മത്സര പരിപാടി എന്ന നിലയിൽ നിന്ന് അഞ്ചു ദിവസത്തെ മഹോത്സവമായി കലോത്സവം മാറിയതിനു പിന്നിൽ ഒട്ടേറെ ആലോചനകളും ചർച്ചകളുമുണ്ടായിരുന്നു. പുതിയ ഇനങ്ങൾ കൂട്ടിചേർത്തും പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തിയുമാണ് മേള ഓരോ പടവും കടന്നുവരുന്നത്. മത്സരങ്ങളുടെ ഗൗരവം വർദ്ധിച്ചപ്പോൾ കൃത്യമായ നിയമാവലികൾ വേണ്ടുന്ന സാഹചര്യമുണ്ടായി. ഇതാണ് യുവജനോത്സവ നിയമാവലിയുടെ ആവിർഭാവത്തിലേക്ക് നയിച്ചത്. തദ്ദേശീയ ജനതയുടെ കലകളും മറ്റും ഉൾക്കൊള്ളുന്നതിനായി മാന്വൽ ഈ വർഷവും പരിഷ്‌ക്കരിച്ചു.
25 വേദികളിലായി, 249 ഇനങ്ങളിലായി 15,000-ത്തോളം മത്സരാർത്ഥികളും അതിനിരട്ടിയോളം രക്ഷിതാക്കളും അനുഗമിക്കുന്ന അദ്ധ്യാപകരും അടക്കം കാൽലക്ഷത്തിലധികം പേർ മത്സരവേദികളിൽ നേരിട്ട് ബന്ധപ്പെടുന്നവരായി തലസ്ഥാന നഗരത്തിലെത്തും. കാണികളായെത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും വേറെ. വിവിധ തലങ്ങളിലെ സംഘാടകരായി മൂവായിരത്തോളം പേരുമുണ്ടാകും. എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.എസ്.എസ്, ജെ.ആർ.സി എന്നിവരിൽ നിന്ന് പ്രത്യേകം പരിശീലനം നൽകി ആയിരത്തോളം വളണ്ടിയർമാരെ സജ്ജരാക്കിക്കഴിഞ്ഞു. നൂറുകണക്കിന് മാദ്ധ്യമ പ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കലോത്സവ വിശേഷങ്ങൾ ഒപ്പിയെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്നത്.
കേരള സ്‌കൂൾ കലോത്സവം കേരളീയ സംസ്‌കൃതിയുടെയും തനിമയുടെയും പ്രകടിത സമ്മേളനമായി മാറുമെന്ന് ഉറപ്പ്. ഈ സാംസ്‌കാരിക കൂട്ടായ്മ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ അനുഭവങ്ങൾ തിരുവനന്തപുരം നഗരി നൽകുമെന്നതും തർക്കമറ്റ കാര്യമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനാവരണം ചെയ്യുന്ന വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ സമൂഹത്തിന് പൊതുവെയും, കുട്ടികൾക്ക് വിശേഷിച്ചും അനുഭവവേദ്യമാക്കുന്ന പഠനപരിപാടി കൂടിയാണ് സ്‌കൂൾ കലോത്സവങ്ങൾ. ദൗർഭാഗ്യവശാൽ ചില രക്ഷിതാക്കളെങ്കിലും ഈ പൊതു പഠനവേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും ഒരു ദു:ഖസത്യമാണ്.
ഇതിനെതിരെ സ്വയം ജാഗ്രത്താവാൻ നമുക്ക് കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ. ഒരുമയുടെ സന്ദേശം സ്വയം ഉൾക്കൊള്ളേണ്ടുന്നതും, മറ്റുള്ളവരെ അതിനു സഹായിക്കേണ്ടതുമായ അവസരത്തെ ആ രീതിയിൽ ഉയർത്താൻ നിർണായക പങ്കു വഹിക്കേണ്ടത് രക്ഷിതാക്കളാണ്. ഇത് തിരിച്ചറിഞ്ഞ്, ഈ സ്‌കൂൾ കലോത്സവത്തെ കേരളീയ സംസ്‌കൃതിയുടെയും തനിമയുടെയും ആവിഷ്‌കാര വേദിയാക്കി മാറ്റാം. ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് ഈ സാംസ്‌കാരികോത്സവത്തിൽ പങ്കെടുക്കാൻ കഴിയട്ടെ എന്ന് ഒരിക്കൽക്കൂടി ആശംസിക്കുന്നു. 'മത്സരം വേണ്ട, ഉത്സവം മതി' എന്ന അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ സ്‌കൂൾ കലോത്സവത്തിനു കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |