
കൊല്ലം: സർക്കാർ സ്കൂളിലെ ഒന്നാം ക്ളാസിൽ നിന്ന് പാമ്പിനെ പിടികൂടി. കൊട്ടാരക്കര പെരുംകുളം ഗവ. വെൽഫെയർ എൽ.പി സ്കൂളിലാണ് പാമ്പ് കയറിയത്. ക്ളാസ് റൂമിന്റെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വൈറ്റ് ബോർഡിന് പിന്നിൽ പതുങ്ങിയിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഒൻപതോടെ ബോർഡ് തുടയ്ക്കാനെത്തിയ കുട്ടികളാണ് പാമ്പിനെ കണ്ടത്. ഇവർ നിലവിളിച്ച് പുറത്തേക്ക് ഓടി. ഇതോടെ ക്ളാസിലുണ്ടായിരുന്ന മറ്റ് കുട്ടികളും പേടിച്ച് കരഞ്ഞുകൊണ്ട് ഓടി. സമീപവാസികളുടെ സഹായത്തോടെ അദ്ധ്യാപകർ പരിശോധിക്കുമ്പോഴും പമ്പ് അവിടെ ഇരിപ്പുണ്ടായിരുന്നു. തുടർന്ന് വനം വകുപ്പിനെ അറിയിച്ചു. പത്തുമണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ബോർഡ് ഇളക്കി പാമ്പിനെ പിടികൂടി. കാട്ടുപാമ്പാണ്. (വേലിപ്പാമ്പെന്നും പറയും). വിഷം കുറവാണെങ്കിലും കടിക്കുന്ന ഇനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.
മുമ്പ് മൂന്ന് തവണ സ്കൂൾ വളപ്പിൽ നിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. സ്കൂളിന് പിന്നിൽ വാട്ടർ അതോറിറ്റിയുടെ ഭൂമി കാട് മൂടിക്കിടക്കുകയാണ്. ഉപയോഗമില്ലാത്ത പൈപ്പുകളും കൂട്ടിയിട്ടിട്ടുണ്ട്. ഇവിടെ പാമ്പും മറ്റും താവളമാക്കിയിട്ടുണ്ടാവാമെന്ന് അദ്ധ്യാപകർ പറഞ്ഞു.
വാട്ടർ അതോറിറ്റിയുടെ ഭൂമി വൃത്തിയാക്കാൻ പലതവണ പരാതി നൽകിയിട്ടും നടപടിയില്ല. സ്കൂൾ കെട്ടിടവും ഏറെ പഴക്കം ചെന്നതാണ്.
- ലീജ, പ്രഥമാദ്ധ്യാപിക
ഇന്നും നോവായി
ഷഹല ഷെറിൻ
സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിൻ ക്ളാസ്‌മുറിയിൽ പാമ്പു കടിയേറ്റ് മരിച്ചത് 2019 നവംബറിലാണ്. ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. പൊട്ടിപ്പൊളിഞ്ഞതായിരുന്നു ക്ലാസ് മുറിയിലെ കോൺക്രീറ്റ് തറ. ഇവിടെ പൊത്തിൽ ഒളിച്ചിരുന്ന പാമ്പാണ് കുട്ടിയെ കടിച്ചത്. പാമ്പുകടിച്ചെന്ന് കുട്ടി അദ്ധ്യാപകരോട് പറഞ്ഞിട്ടും, കാലിൽ ചെറിയ പോറൽ മാത്രം കണ്ടതിനാൽ കാര്യമാക്കിയില്ല. ഒടുവിൽ കുട്ടി കുഴഞ്ഞു വീണപ്പോൾ വീട്ടുകാരെ വരുത്തി ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെയും പാമ്പ് കടിച്ചത് സ്ഥിരീകരിച്ചില്ല. ആന്റി വെനവും നൽകിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ഷഹല മരണപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |