
ശ്രീനാരായണ ഗുരുദേവന് സനാതന ധർമ്മവുമായുളള ബന്ധം എന്ത്? ഗുരു സനാതന ധർമ്മത്തെ അംഗീകരിച്ചിരുന്നുവോ? ഉൾക്കൊണ്ടിരുന്നുവോ? അതോ, പൂർണമായും തള്ളിക്കളഞ്ഞുവോ? തികച്ചും പഠനാർഹമായ വിഷയമാണിത്. എസ്.എൻ.ഡി.പി യോഗത്തിനു നൽകിയ സന്ദേശത്തിൽ ഒരിക്കൽ ഗുരുദേവൻ അരുളി ചെയ്തത്, 'ശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കണം" എന്നാണ്. അന്ന് യോഗം സെക്രട്ടറിയായിരുന്ന കുമാരനാശാൻ ഇത് പ്രചരിപ്പിച്ചു. അപ്പോൾ, അശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങളും ഉണ്ടെന്നാണല്ലോ ഗുരുവിന്റെ വിവക്ഷ.
അശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങൾ ജാതിഭേദവും ചാതുർവർണ്യ വ്യവസ്ഥിതികളും അനാചാരങ്ങളുമാണ്. ഇന്ന് സനാതന ധർമ്മമായി നിലകൊള്ളുന്നത് ഈ അശുദ്ധ മതതത്വമാണ്. ഇത് മാറുക തന്നെ വേണം. ഗുരുദേവനും വിവേകാനന്ദ സ്വാമിയും മറ്റും ശ്രമിച്ചത് ഈ അശുദ്ധ മതതത്വങ്ങൾ ദുരീകരിക്കുന്നതിനായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ഗുരുദേവൻ സനാതനിയല്ല, സനാതന ധർമ്മത്തെ എതിർത്തു എന്ന് ചിലർ പറയുന്നത്. ജാതി ചാതുർവർണ്യ ഭേദചിന്തകളോടു കൂടിയ വ്യവസ്ഥകളെ ഗുരുദേവ ദർശനം അംഗീകരിക്കുന്നില്ല. കേരള ഗവൺമെന്റ് ചിന്തിക്കുന്നതും ഈ ദിശയിലാണെന്നു തോന്നുന്നു.
എന്നാൽ, മതങ്ങളെല്ലാം ആവിർഭവിക്കുന്നതിനു മുമ്പായി ഭാരതത്തിൽ ഒരു സംസ്കാരമുണ്ടായിരുന്നു. ഭേദചിന്തകൾക്കതീതമായ ഔപനിഷദമായ ദർശനം. അതാണ് ശുദ്ധ സനാതന ധർമ്മം. ഈ സനാതന ധർമ്മമാണ് ഭാരതത്തിൽ സർവമതങ്ങളേയും ദാർശനികചിന്താധാരകളേയും ഉൾക്കൊണ്ട ധർമ്മം. ഗുരുദേവൻ ശുദ്ധ ഹിന്ദുമത തത്വങ്ങൾ പ്രചരിപ്പിക്കണമെന്ന് ഉപദേശിച്ചത് ഈ തത്വങ്ങളെ ഉൾക്കൊണ്ടാണ്. അത് അദ്വൈത തത്വത്തിന്റെ വെളിച്ചത്തിലാണ്. ഗുരുദേവൻ അദ്വൈതിയായിരുന്നു. എന്നാൽ, സാധാരണഗതിയിലുളള ഒരു അദ്വൈതാചാര്യനോ അദ്വൈതവാദിയോ ആയിരുന്നുമില്ല. മറിച്ച്, സമ്പൂർണ അദ്വൈതിയായിരുന്നു. ഈശ്വരൻ, ജീവൻ, ജഗത്ത് എന്നീ മൂന്നു കാര്യങ്ങളെക്കുറിച്ചുള്ള വിചിന്തനമാണ് തത്വദർശനം. ഇവ മൂന്നിനെയും ഒന്നായി ദർശിച്ചുകൊണ്ട് അദ്വൈത വാദിയാകാതെ, സമ്പൂർണ അദ്വൈതിയായി ഗുരുദേവൻ നിലകൊണ്ടു.
മനുഷ്യൻ
എന്ന മതം
'മാനവരൊക്കെയും ഒന്ന്; അതാണ് നമ്മുടെ മതം" എന്ന ദർശനം ഗുരുദേവൻ അവതരിപ്പിക്കുന്നത് പൂർണാദ്വൈതി എന്ന നിലയിലാണ്. അദ്വൈത ദർശനത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറം, ഒരു ജീവിത പദ്ധതിയാക്കി മാറ്റുവാൻ ഗുരുവിനു സാധിച്ചു. ആ ജീവിതപദ്ധതി എല്ലാ ഭേദചിന്തകൾക്കും അതീതമായിരുന്നു. അവിടെ വർണം, വർഗം, ജാതി, മതം, ദേശം തുടങ്ങിയ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗുരുദേവൻ 'അനുകമ്പാദശക"ത്തിൽ അനുകമ്പാ മൂർത്തികളായി ഗുരുക്കന്മാരെ സ്മരിക്കുമ്പോൾ ശ്രീകൃഷ്ണൻ, ജിനൻ, ശ്രീശങ്കരൻ, ആദിനാരായണൻ, ബുദ്ധൻ എന്നിവരോടൊപ്പം യേശുക്രിസ്തുവിനെയും മുഹമ്മദു നബിയേയും ശൈവസിദ്ധന്മാരായ തിരുവള്ളുവർ, മാണിക്യവാചകർ തുടങ്ങിയവരെയും സ്മരിക്കുന്നുണ്ട്.
ഗുരുവിന്റെ സനാതന ധർമ്മം സാധാരണ വേദാന്തികൾക്കില്ലാത്ത ഈ സമന്വയ ദർശനമാണ്. ഒരേയൊരു അദ്വൈത സത്യത്തിന്റെ സ്ഫുരണങ്ങളാകുന്നതിനാൽ എല്ലാവരും (എല്ലാ മനുഷ്യരും മാത്രമല്ല, എല്ലാ ജീവജാലങ്ങളും)ആത്മസഹോദരർ എന്ന് ഗുരു സിദ്ധാന്തിച്ചു. ഗുരു എല്ലാറ്റിനെയും സമന്വയിപ്പിക്കുന്നു. 'ഒരു പീഡയുറുമ്പിനും വരുത്തരുത്" എന്ന ഗുരുദർശനത്തിന്റെ സാരം അവിടെയാണ്. ശ്രീനാരായണ ഗുരുദേവനെ അംഗീകരിക്കുന്ന ഏതൊരാളും പിന്തുടരേണ്ടത് ഈ ഗുരുദർശനമാണ്.
ഇതിൻ കുറേ ഭാഗം അംഗീകരിക്കുകയും, ബാക്കി ഭാഗം തള്ളിക്കളയുകയും ചെയ്യുക എന്നത് ശരിയല്ല. നാം ഗുരുവിന്റെ ചിന്തയോടൊപ്പം ഉയരണം. അതല്ലാതെ നമ്മുടെ ചിന്തയ്ക്ക് അനുസൃതമായി ഗുരുദർശനത്തെ വളച്ചൊടിക്കുകയല്ല വേണ്ടത്. ഗുരുദർശനത്തിന്റെ വിപരീത ദിശയിൽ നിന്നുകൊണ്ട് എന്തെല്ലാം സംവാദങ്ങളാണ് പലരും ജല്പിച്ചുകൊണ്ടിരിക്കുന്നത്! ശ്രീനാരായണ ഗുരുവിനേയും ഗുരുദർശനത്തേയും അറിയുവാൻ ഗുരുവിന്റെ 73 വർഷത്തെ ജീവിതവും, എഴുപത്തിയഞ്ചോളം വരുന്ന കൃതികളും ചേർത്തുവച്ച് പഠിക്കണം. ശിവഗിരി മഠം പിന്തുടരുന്നത് ഈ പാതയാണ്.
സനാതനം
എന്നാൽ...
'ഭേദങ്ങളറ്റ പൊരുളിനെ കാഹളമൂതി വാഴ്ത്തിടുന്നു വേദം നാലും" എന്ന് കുമാരനാശാൻ എഴുതുന്നത് ഗുരുദർശനം ഉൾക്കൊണ്ടു തന്നെയാണ്. ഭാരതത്തിന്റെ ഈ ചിരന്തന കാഴ്ചപ്പാട് ലോകത്തിന്റെ തന്നെ മഹിത സമ്പത്താണ്. ഈ പൊരുളാണ് ശുദ്ധമായ ബ്രഹ്മതത്വം. ഇത് അനാദിസത്യമാണ്. ഇതിനെയാണ് സനാതനം എന്നു പറയുന്നത്. സനാതനം എന്നാൽ എന്നും പുതിയത്. ബ്രഹ്മതത്വം എന്നും പുതിയതു തന്നെ.
പക്ഷേ, ഭേദചിന്തകൾ വന്ന് ധർമ്മം അധ:പതിച്ചു. ഗുരുദേവന്റെ മുഴുവൻ കർമ്മങ്ങളും ഭേദരഹിതമായ ശുദ്ധധർമ്മത്തിന്റെ സംസ്ഥാപനത്തിനു വേണ്ടിയായിരുന്നു. അതുകൊണ്ടാണ് വിശുദ്ധ മതതത്വങ്ങൾ പ്രചരിപ്പിക്കുവാൻ ഗുരു ഉപദേശിച്ചത്. ഗുരുദേവൻ മാത്രമല്ല, ചട്ടമ്പിസ്വാമികളും വിവേകാനന്ദ സ്വാമികളും ഇതിനുവേണ്ടിയാണ് നിലകൊണ്ടത്. ചട്ടമ്പിസ്വാമികളുടെ 'വേദാധികാര നിരൂപണം" അശുദ്ധ മതസിദ്ധാന്തങ്ങൾക്ക് എതിരെയുള്ള വെല്ലുവിളിയും, ശുദ്ധ ഹിന്ദുമത സനാതന ധർമ്മത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുമായിരുന്നു. എന്നാൽ, ഇന്നും രാജ്യത്ത് ചാതുർവർണ്യ ജാതിഭേദ ചിന്തകൾ ശക്തമാണ്.
സനാതന ധർമ്മമായി ഇന്ന് അറിയപ്പെടുന്നത് ഈ ചാതുർവർണ്യ വ്യവസ്ഥകളും, അതിൽ നിന്നുണ്ടായ ജാതിഭേദങ്ങളും അതോടു ചേർന്ന അന്ധാചാരങ്ങളും അനാചാരങ്ങളുമാണ്. ഈ വ്യവസ്ഥിതികൊണ്ട് ബഹുഭൂരിപക്ഷം വരുന്ന അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യശ്രേണിയിൽ നിന്ന് പുറത്താണ്. കേന്ദ്ര- സംസ്ഥാന തലങ്ങളിൽ മുഖ്യസ്ഥാനങ്ങളെല്ലാം ഇന്ന് ഉന്നതകുലജാതരിൽ നിക്ഷിപ്തമാണ്. വളരെ കുറച്ച് സ്ഥാനങ്ങളിൽ മാത്രമേ പിന്നാക്ക ജാതി വിഭാഗങ്ങൾക്ക് പ്രവേശനം ലഭിച്ചിട്ടുള്ളൂ.
ചാതുർവർണ്യവും
ഗുണകർമ്മവും
ജാതി ചാതുർവർണ്യ വ്യവസ്ഥിതികൊണ്ടാണ് സനാതന ധർമ്മം വിമർശന വിധേയമാകുന്നത്. തുല്യമായ സാമൂഹ്യനീതിയാണ് കൈവരിക്കേണ്ടത്. ചിലർ പറയും, ഗുണകർമ്മങ്ങളാണ് ചാതുർവർണ്യമെന്നും, അതിന് ജാതിവാദവുമായി ബന്ധമില്ലെന്നും! എന്നാൽ ഒരു കാലത്തും ഗുണകർമ്മങ്ങളെ ആസ്പദമാക്കി ചാതുർവർണ്യ വ്യവസ്ഥ നിലനിന്നിട്ടില്ല. ജന്മത്തെ ആസ്പദമാക്കി മാത്രമേ വർണം അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ഗുണകർമ്മങ്ങൾ ഒരാളിലും സ്ഥായിയായി നിലനിൽക്കുന്നില്ല. അത് മാറിക്കൊണ്ടിരിക്കും. അതിനാൽ ചാതുർവർണ്യം നിശ്ചയിക്കാനാവില്ല എന്ന് ഗുരുദേവൻ വർണഭേദത്തെ നിഷേധിക്കുന്നു.
ചിലർ പഴയ മാമൂലുകൾ അതേപോലെ പിന്തുടരണമെന്ന് വാദിക്കുന്നുവെങ്കിൽ പിന്നെ ലോക സംഗ്രഹ പ്രവർത്തനങ്ങൾക്ക് ഗുരുക്കന്മാരെ ആവശ്യമില്ല എന്ന് പറയേണ്ടിവരുന്നു. ദുരാചാരങ്ങൾ കണ്ടാണ് വിവേകാനന്ദ സ്വാമി കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്. ആ ദുരാചാരങ്ങളെ ഇല്ലാതാക്കുവാൻ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന ആദ്ധ്യാത്മ വിപ്ലവമാണ് രാജ്യത്തെ തീർത്ഥാലയമാക്കിയത്. ആ നവോത്ഥാനം സർവ രംഗങ്ങളിലും കാണാനാവും. ക്ഷേത്ര പ്രതിഷ്ഠയും പൂജയും ക്ഷേത്രഭരണവും ക്ഷേത്രാചാരങ്ങളും ജാതിഭേദം കൂടാതെ സാർവജനീനമാക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്.
അനാചാരങ്ങൾ,
മാമൂലുകൾ
പഴയ മാമൂലുകളെ മുറുകെപ്പിടിക്കുന്നവർ ഒന്നോർക്കണം. ക്ഷേത്രം, പൊതുനിരത്തുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം സവർണ ജനതയടക്കമുള്ളവരെ ജാതിശ്രേണി അനുസരിച്ച് അകറ്റിനിറുത്തിയിരുന്നു. ബഹുഭാര്യാ- ഭർതൃത്വം, മരുമക്കത്തായം, നമ്പൂതിരിമാരുമായുള്ള സംബന്ധം തുടങ്ങി എത്രയെത്ര അനാചാരങ്ങൾ മാമൂലുകളായി ഉണ്ടായിരുന്നു. ഗുരുദേവന്റെ നേതൃത്വത്തിൽ മന്നത്ത് പത്മനാഭൻ, അയ്യൻകാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ മഹത്തുക്കളുടെ പ്രവർത്തനഫലമായാണ് ഈ മാമൂലുകളും അനാചാരങ്ങളും ഇല്ലാതായത്.
1927-ൽ പള്ളാത്തുരുത്ത് എസ്.എൻ.ഡി.പി യോഗവാർഷികത്തിൽ, മഹാസമാധി പ്രാപിക്കുന്നതിനു തൊട്ടുമുമ്പ് ഗുരുദേവൻ ഉപദേശിച്ചു: 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന സനാതന ധർമ്മം ഒരു മതമാകുന്നു. ഈ സനാതന ധർമ്മത്തെ ആർക്ക് നിഷേധിക്കാനാവും? അതിനാൽ ഒരു സിദ്ധാന്തത്തിന് ഗുരുക്കന്മാരുടെ അഭിമതമെന്തെന്ന് വേർതിരിച്ചറിഞ്ഞ് പ്രതികരിക്കുക. ജാതിഭേദാദി ചിന്തകളിൽ നിന്ന് വിമുക്തി നേടാനും, ചാതുർവർണ്യ വ്യവസ്ഥിതി നിലനിൽക്കുന്നതല്ലെന്നും, ശുദ്ധ സനാതന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കണമെന്നുള്ള ഗുരുദർശനം പ്രാവർത്തികമാക്കുക. ഗുരുവിന്റെ ശുദ്ധ സനാതന സിദ്ധാന്തങ്ങളിൽ ക്രൈസ്തവ, ഇസ്ലാം, ബൗദ്ധ, ജൈന മതങ്ങളും മാത്രമല്ല ചാർവാക സമ്പ്രദായത്തെപ്പോലും ഉൾക്കൊള്ളാനാകും എന്ന തത്വം മനസിലാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |