SignIn
Kerala Kaumudi Online
Friday, 09 October 2026 2.03 AM IST

ആചാരത്തിൽ മാറ്റം വേണ്ട:സുപ്രീംകോടതി ഗുരുവായൂർ: വൃശ്ചികത്തിലെ ഏകാദശിയ്ക്ക് ഉദയാസ്‌തമനപൂജ നടത്തണം

1

ന്യൂഡൽഹി:ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികത്തിലെ ഏകാദശിനാളിൽ നടത്തേണ്ട ഉദയാസ്‌തമനപൂജയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. നവംബർ 21ന് ഉദയാസ്‌തമനപൂജ നടത്തണം. തൽക്കാലം ആചാരങ്ങൾ പഴയപടി തുടരണമെന്ന് ജസ്റ്റിസുമാരായ അരവിന്ദ്കുമാർ, വിപുൽ.എം.പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ഗുരുവായൂർ ദേവസ്വത്തോട് നിർദ്ദേശിച്ചു. ദേവസ്വം ബോ‌ർഡ് ആഗ്രഹിക്കുന്നുവെങ്കിൽ തുലാം മാസത്തിലെ ഏകാദശിക്കും ഉദയാസ്‌തമനപൂജ നടത്താം. കഴിഞ്ഞവർഷത്തെ നിലപാട് കോടതി ആവർത്തിക്കുകയായിരുന്നു. 2025ൽ,ഭക്തജനത്തിരക്ക് ചൂണ്ടിക്കാട്ടി തുലാംമാസത്തിലേക്ക് പൂജ മാറ്റിയിരുന്നു. ദേവസ്വത്തിന്റെ നടപടിയെയും,തന്ത്രിയുടെ നിലപാടുകളെയും ചോദ്യംചെയ്‌ത് തന്ത്രികുടുംബമായ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. അന്തിമവിധി പറയുന്നതുവരെ ആചാരങ്ങൾ അതേപടി തുടരട്ടെയെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു.

7 മണിക്കൂർ കാത്തുനിന്നിട്ടുണ്ടെന്ന് ജ‌ഡ്‌ജി

പൂജ നടക്കുമ്പോൾ ശ്രീകോവിൽ അടച്ചിടേണ്ടതുണ്ടെന്നും, അമിതതിരക്ക് ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്നും ഗുരുവായൂർ ദേവസ്വവും ക്ഷേത്രംതന്ത്രിയും വാദിച്ചു. ഉദയാസ്‌തമനപൂജ വഴിപാടാണെന്നും,അനിവാര്യമായ മതാചാരമല്ലെന്നും തന്ത്രി അറിയിച്ചു. അഭിഭാഷകനായിരിക്കെ, താൻ ഏഴുമണിക്കൂർ അവിടെ വരിയിൽ നിന്നിട്ടുണ്ടെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ പ്രതികരിച്ചു. ജന്മാഷ്‌ടമിയും, ഉദയാസ്‌തമനപൂജയും ഒന്നിച്ചു വന്നാൽ ജന്മാഷ്‌ടമി മാറ്റിവയ്‌ക്കുമോയെന്നും ചോദിച്ചു. കേസിൽ ഡിസംബർ 3ന് വിശദവാദം കേൾക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360