
തൊണ്ണൂറ്റിരണ്ടാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ക്ഷേത്രത്തിൽ ഉടുപ്പഴിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആചാരപരിഷ്കരണം വേണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാനത്ത് തുടർന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങളിൽ പലതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും, മാറ്റേണ്ടവ മാറ്റണമെന്നും വലിയൊരു ജനവിഭാഗം ആഗ്രഹിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പിൻബലത്താൽ ഇന്നും സംരക്ഷിച്ചു പോരുന്ന ചില ആചാരങ്ങൾ പരിഷ്കൃതസമൂഹത്തിന് ഉൾക്കൊള്ളാനാവുന്നതല്ല.
ജാതീയമായ വേർതിരിവ് നിലനില്‍ക്കുന്ന കാലത്ത് രൂപപ്പെട്ടതാണ് ഇക്കാലത്തും തുടരുന്നതും പലപ്പോഴും ഹൈന്ദവ വിഭാഗങ്ങളിൽത്തന്നെ അനൈക്യം സൃഷ്ടിക്കുന്നതുമായ പല ആചാരങ്ങളും- പ്രധാനമായും, ഷർട്ട് ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ കയറുന്നതിനുള്ള അവകാശമില്ലായ്മ. ഇക്കാരണത്താൽത്തന്നെ വിദ്യാസമ്പന്നരായ യുവതലമുറ ആരാധനാലയങ്ങളിലേക്ക് കടന്നുവരാൻ മടിക്കുന്നു. ഇതു മൂലം പുതുതലമുറയിൽ ഈശ്വരവിശ്വാസം കുറയുകയും മദ്യം, മയക്കുമരുന്ന് തുടങ്ങി മറ്റ് അനാശാസ്യ പ്രവണതകളിലേക്ക് തിരിയുകയും ചെയ്യുന്നുവെന്നത് വസ്തുതയാണ്.
ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുള്ള ക്ഷേത്രദർശനം മേൽ ജാതിയിൽപ്പെട്ടവരുടെ താത്പര്യ സംരക്ഷണാർത്ഥമായിരുന്നുവെന്ന് പുതുതലമുറ തിരിച്ചറിയുന്നു. അതിനാൽ ക്ഷേത്രങ്ങളിൽ ഷർട്ടിട്ടുകൊണ്ടു തന്നെ പ്രവേശനം നല്‍കണം. ശ്രീനാരായണ ഗുരുദേവ കൃതികളും ദർശനവും സമൂഹത്തെ നന്മയിലേക്ക് നയിക്കുവാൻ ഏറ്റവും പര്യാപ്തമാണ്. ഗുരുദേവന്റെ സ്തോത്രകൃതികളും ദാർശനിക കൃതികളും വ്യാസൻ, വസിഷ്ഠൻ, വാല്‍മീകി, ശങ്കരാചാര്യർ തുടങ്ങി ഗുരുക്കന്മാരെപ്പോലും അതിശയിപ്പിക്കുന്ന ശൈലിയിലുള്ളതാണ്. ദൈവോപനിഷത്ത് എന്നറിയപ്പെടുന്ന 'ദൈവദശകം" 110 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ കൃതികൾക്കു പോലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇപ്പോഴും സ്ഥാനമില്ല.
അക്ഷന്തവ്യമായ ഈ അപരാധം തിരുത്തി ദേവസ്വം ബോർഡുകളിലും ക്ഷേത്രങ്ങളിലും ഗുരുദേവ കൃതികൾക്ക് അർഹിക്കുന്ന അംഗീകാരം നല്‍കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഗുരുദേവകൃതികൾ ക്ഷേത്രങ്ങളിൽ ജപിക്കുവാൻ സൗകര്യമുണ്ടാകണം. ക്ഷേത്രാചാരങ്ങൾ ഗുരുദർശനത്തെ അധിഷ്ഠിതമായി പരിഷ്കരിക്കണം. ക്ഷേത്രങ്ങളോടു ചേർന്ന് വിദ്യാലയങ്ങളും ആതുരാലയങ്ങളും തൊഴിൽശാലകളും വായനശാലകളും പൂന്തോട്ടവും പ്രസംഗമണ്ഡപങ്ങളും ഉണ്ടാകണമെന്ന ഗുരുദേവ ഉപദേശം പ്രാവർത്തികമാക്കുവാൻ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളും നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ 90 ശതമാനം ഉദ്യോഗങ്ങളിലും ഇന്ന് ഉയർന്ന വിഭാഗക്കാരാണെന്ന് അറിയുന്നു. തുല്യ സാമൂഹിക നീതി കൈവരിക്കുവാൻ ദേവസ്വം ബോർഡിൽ സംവരണം ഏർപ്പെടുത്തണം. എല്ലാ സമുദായങ്ങൾക്കും തുല്യ ഉദ്യോഗാവസരം നല്‍കണം.
ക്ഷേത്രോത്സവത്തിന് 'രണ്ടു കരിയും" (കരിമരുന്നും കരിവീരനും) ആവശ്യമില്ലെന്ന് ഗുരു നിർദേശിച്ചത് കോടതി പോലും അംഗീകരിച്ചിട്ടുണ്ട്. എല്ലാ ദേവാലയങ്ങളിലും ഇത് നടപ്പാക്കുവാനുള്ള നടപടികൾക്ക് സർക്കാർ മുന്നോട്ടു വരണം.
ക്ഷേത്രങ്ങൾ തോറും മതപാഠശാലകൾ സ്ഥാപിക്കുവാനും, അവിടെ പുണ്യഗ്രന്ഥങ്ങളും, സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമി തുടങ്ങിയവരുടെ കൃതികളും പഠിപ്പിക്കുവാനും സൗകര്യമുണ്ടാകണം. ഇക്കാര്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടി തിരുവനന്തപുരത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഗുരുധർമ്മ പ്രചാരണസഭ ഇന്നു രാവിലെ പത്തിന് പ്രാർത്ഥനായജ്ഞവും സത്സംഗവും സംഘടിപ്പിക്കുകയാണ്. ശിവഗിരി മഠം സന്യാസിമാരും ഗുരുധർമ്മ പ്രചാരണ സഭാ പ്രവർത്തകരും ഗുരുഭക്തരും ഇതിൽ പങ്കെടുക്കും. ഇതൊരു തുടക്കം മാത്രമാകും. ഇക്കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടുന്ന തുടർനടപടികളും ഗുരുധർമ്മ പ്രചാരണ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിന്റെ വിജയത്തിനായി ഏവരും സഹകാരികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |