
ശ്രീനാരായണ ഗുരുവും ഇരുപതാം നൂറ്റാണ്ടിലെ കേരളവും എന്ന ഡിജിറ്റൽ ആർക്കൈവ് ഐ.ഐ.ടി ബോംബെയുടെ നേതൃത്വത്തിൽ തയ്യാറായിവരികയാണ്. രണ്ടുലക്ഷത്തി എഴുപതിനായിരം പേജുകളുള്ള ഈ ബൃഹത്തായ ആർക്കൈവ് ഈ മേയ് മാസത്തോടെ പൂർണതോതിൽ ലഭ്യമാകും. ഇതിന് നേതൃത്വം നൽകുന്നത് ഐ.ഐ.ടി ബോംബെയിലെ ഫിലോസഫി വിഭാഗവും, അതിന്റെ പ്രൊഫസർ സിബി കെ. ജോർജുമാണ്. അദ്ദേഹത്തിനൊപ്പം വിപുലമായ ടീമുമുണ്ട്. മുംബയിലെ ശ്രീനാരായണ മന്ദിരസമിതിയാണ് 42 ലക്ഷംരൂപ ചെലവുള്ള പദ്ധതിയുടെ മുഖ്യ പ്രായോജകർ. സമിതിക്കു കീഴിയിലുള്ള ശ്രീനാരായണഗുരു കോളേജ് ഒഫ് കൊമേഴ്സും ഈ സംരംഭത്തിൽ സഹകരിക്കുന്നു.
മലയാളത്തിൽ ഏറ്റവും അധികം ജീവചരിത്രഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് ശ്രീനാരായണ ഗുരുവിനെപ്പറ്റിയാണ്. എന്നാൽ ആധികാരിക രേഖകളുടെ പിൻബലത്താലുള്ള സൂചനകൾ നൽകി അക്കാഡമിക നിലവാരത്തിലുള്ള ഒരു സമഗ്ര ജീവിതചരിത്രം ഗുരുവിനെപ്പറ്റി ഇന്നും ലഭ്യമല്ല. പ്രത്യേകിച്ച്, ഇംഗ്ളീഷ് ഭാഷയിൽ. ആ വലിയ കുറവ് നികത്താനും ഗുരുവിനെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്ക് അന്തർദ്ദേശീയ തലത്തിൽത്തന്നെ ഒരു കുതിച്ചുചാട്ടം സാദ്ധ്യമാക്കാനും ഈ ആർക്കൈവ് പ്രോജക്ട് ചാലകശക്തിയാവുമെന്ന് അതിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ പ്രൊഫസർ സിബി കെ. ജോർജ് അഭിപ്രായപ്പെടുന്നു.
ഗുരു സശരീരനായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ് ഗുരുവിനെപ്പറ്റിയുള്ള ഏറ്റവും ആധികാരിക വിവരങ്ങൾ ഉള്ളത്. ഗുരുവിന്റെ വചനങ്ങളും സന്ദേശങ്ങളും പ്രസ്താവനകളും വിളംബരങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിന്റെ നാഡിമിടിപ്പും അതേപടി പകർത്തിയിട്ടുള്ളത് ആ നാളുകളിലാണ്. അവയിൽ ഭൂരിഭാഗവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽത്തന്നെ പ്രസിദ്ധീകരണം നിലച്ചുപോയവയുമാണ്. ഈ പത്ര- മാസികകളുടെയും പുസ്തകങ്ങളുടെയും പ്രതികൾ തേടിപ്പിടിക്കുക എന്നതായിരുന്നു പ്രോജക്ട് ടീമിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് കൺസൾട്ടന്റായ കെ.പി. ഗിരിജ പറയുന്നു.
ഇവ കൈവശമുള്ള പലരും അത് പൊതുമണ്ഡലത്തിൽ പങ്കുവയ്ക്കാൻ ആദ്യം വിമുഖത കാട്ടിയിരുന്നു. എന്നാൽ ഐ.ഐ.ടി ബോംബെയുടെ പാരമ്പര്യവും വിശ്വാസ്യതയും, രണ്ടുവർഷം ഈ പ്രോജക്ടിനായി ജോലിയിൽ നിന്ന് അവധിയെടുത്ത പ്രൊഫ. സിബി കെ. ജോർജിന്റെ നിശ്ചയദാർഢ്യവും ഈ തടസങ്ങളെയൊക്കെ തരണം ചെയ്യാൻ സഹായകമായി. മലയാളത്തിലെ ആദ്യകാല പത്രമാസികകളുടെ ഏറ്റവും വലിയ ശേഖരമുള്ള പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ വർക്കലയിലെ ജി. പ്രിയദർശന്റെ സ്വകാര്യ ശേഖരം, വർക്കല ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാമന്ദിരത്തിലെ ലൈബ്രറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ദി സയൻസ് ഒഫ് ദി അബ്സല്യൂട്ട് (മുമ്പ് ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സൽ ഒഫ് ബ്രഹ്മവിദ്യ), നാരായണ ഗുരുകുലം ലൈബ്രറി, കൊല്ലത്തെ ഡോ. വിനയകുമാറിന്റെ സ്വകാര്യശേഖരം, ഇരിങ്ങാലക്കുട ശ്രീനാരായണ പബ്ളിക് ലൈബ്രറി, ചാലക്കുടിയിൽ രാഘവൻ തിരുമുൽപ്പാടിന്റെ സ്വകാര്യശേഖരം, തലശേരി വസുമിത്രൻ എൻജിനിയറുടെ ശേഖരം, തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ജ്ഞാനോദയ യോഗം എസ്.എൻ ലൈബ്രറി, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിലെ മഹാകവി കുമാരനാശാൻ സ്മാരക ഗ്രന്ഥശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് ഗുരുവിജ്ഞാനത്തിന്റെ ഈ ഭണ്ഡാഗാരം കണ്ടെടുത്തതെന്ന് പ്രോജക്ടിന്റെ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഐ.ഐ.ടി ബോംബെയിലെ രസതന്ത്ര വിഭാഗം പ്രൊഫസറുമായ പി.ഐ. പ്രദീപ് കുമാർ പറഞ്ഞു.
'നാരായണ ഗുരു ഡിജിറ്റൽ റിസർച്ച് റിസോഴ്സ് പ്ളാറ്റ്ഫോം" എന്ന് പേരിട്ടിരിക്കുന്ന ഈ ആർക്കൈവ് ഷിക്കാഗോ ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ലൈബ്രറീസിനു (സി.ആർ.എൽ) കീഴിലുള്ള സൗത്ത് ഇന്ത്യ ഓപ്പൺ ആർക്കൈവ്സിന്റെ (എസ്.എ.ഒ) പങ്കാളിത്തത്തിലുള്ള ജെ.എസ്.ടി.ഒ.ആർ എന്ന പ്ളാറ്റ്ഫോമിലൂടെയാണ് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾ അന്താരാഷ്ട്രതലത്തിൽ സാദ്ധ്യമാക്കാൻ ഈ ആർക്കൈവ് സഹായകമാകുമെന്നാണ് പദ്ധതിയുടെ സാമ്പത്തിക സ്രോതസായ മുംബയ് ശ്രീനാരായണ മന്ദിരസമിതിയുടെ അനീഷ് ദാമോദരന്റെ പ്രത്യാശ.
ഐ.ഐ.ടി ബോംബെ പോലുള്ള ഒരു ലോകപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം മുൻകൈയെടുത്ത് ചെയ്യുന്ന ഈ ഡിജിറ്റൽ ആർക്കൈവ് ലോകമാകമാനം ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുന്നതിന് വലിയ പ്രയോജനമാകും.
(ലേഖകന്റെ ഫോൺ: 82811 30038)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |