
ഡൽഹി ശീതകാലത്തിൽ നിന്ന് വസന്തത്തിലേക്ക് ചലിക്കുന്നു; ജനാധിപത്യത്തെ ചലിപ്പിക്കാൻ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്കും. മോദിയോ കേജ്‌രിവാളോ രാഹുലോ എന്ന് ജനങ്ങൾ തീരുമാനിക്കും. ആംആദ്മി - ബി.ജെ.പി - കോൺഗ്രസ് ത്രികോണ പോരാട്ടത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അത്യാവേശത്തിലായിരുന്നു. മദ്ധ്യവർഗത്തിന് നിർണായക സ്വാധീനമുള്ള ഡൽഹിയിൽ ഒട്ടേറെ വിഷയങ്ങൾ പ്രചാരണത്തിൽ ഉയർന്നുവന്നു. സൗജന്യങ്ങളുടെ പെരുമഴയാണ് പാർട്ടികൾ പ്രഖ്യാപിച്ചത്. 70 മണ്ഡലങ്ങളിലും ഒരിഞ്ചും വിട്ടുകൊടുക്കാതെ ആക്രമണോത്സുകതയോടെയാണ് മൂന്ന് പ്രധാന പാർട്ടികളും പോരാടിയത്. പലയിടത്തും കയ്യാങ്കളിയുമായി. നാലാം തവണയും കേജ്‌രിവാൾ അധികാരത്തിലെത്തുമോ, ബി.ജെ.പി തിരിച്ചുവരുമോ? ഇത്തവണ സംപൂജ്യരാകാതെ കോൺഗ്രസ് നില മെച്ചപ്പെടുത്തുമോ? ഉത്തരത്തിന് വോട്ടെണ്ണുന്ന ശനിയാഴ്ച വകെ കാക്കണം.
ആം ആദ്മിക്ക്
മുൻതൂക്കം?
രാജസ്ഥാനിലെ ഫലോഡി സട്ടാ ബസാർ ആം ആദ്മിക്ക് മുൻതൂക്കം പ്രവചിക്കുന്നു. ആകെയുള്ള 70-ൽ 37 മുതൽ 39 സീറ്റ് വരെ നേടുമെന്നാണ് പറയുന്നത്. ബി.ജെ.പി 31 മുതൽ 33 സീറ്രുകൾ നേടിയേക്കാം. ആം ആദ്മി 51 ശതമാനത്തിലധികം വോട്ട് പിടിക്കുമെന്നാണ് സീ വോട്ടർ സർവേയിൽ പറയുന്നത്. അതേസമയം, സർവേയിൽ പങ്കെടുത്ത 41 ശതമാനം പേർ സർക്കാർ മാറണമെന്ന് അഭിപ്രായപ്പെട്ടതും ശ്രദ്ധേയമാണ്. കഴിഞ്ഞതവണ കോൺഗ്രിന് വോട്ടു ചെയ്‌ത സ്ത്രീകളിൽ ഭൂരിഭാഗവും ഇത്തവണ ആംആദ്മിക്ക് വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും സർവേ റിപ്പോർട്ടിലുണ്ട്.
മദ്ധ്യവർഗ വോട്ടുകൾ ഏകീകരിക്കാൻ ബി.ജെ.പിക്ക് സാധിച്ചാൽ പ്രവചനങ്ങൾ അമ്പേ തെറ്റും. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത് ഉൾപ്പെടെ കേന്ദ്ര ബഡ്‌ജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം അതിശക്തമാണ്. ഡൽഹിയിൽ നിലവിലുള്ള ഒരു സൗജന്യം പോലും നിറുത്തലാക്കില്ലെന്ന് ആണയിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വികസനത്തിന്റെ പുതിയ വസന്തമാണ് വാഗ്ദാനം ചെയ്‌തത്. ഡൽഹിയിൽ താമര വിരിയുമെന്ന് ബി.ജെ.പി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ബി.ജെ.പിക്ക്
ജയിച്ചേ തീരൂ
കേന്ദ്രഭരണമുണ്ടായിട്ടും മൂക്കിനു താഴെയുള്ള സംസ്ഥാനത്ത് അധികാരത്തിലെത്താൻ കഴിയാത്തത് വെല്ലുവിളിയായും ആത്മാഭിമാന വിഷയവുമായാണ് ബി.ജെ.പി കരുതുന്നത്. അരവിന്ദ് കേജ്‌രിവാളിനെ അത്യുഗ്രമായി നേതാക്കൾ ആക്രമിക്കുന്നു. വ്യാജ വാഗ്ദാനങ്ങളും അഴിമതിയുമാണ് ആം ആദ്മിയുടെ മുഖമുദ്രയെന്ന് ആരോപിക്കുന്നു. അധികാരത്തിലെത്തിയാൽ അഴിമതിക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ആംആദ്മി വിരുദ്ധർക്കിടയിൽ ഏശുമെന്നാണ് കണക്കുകൂട്ടൽ. മദ്യനയക്കേസ് അടക്കം ബി.ജെ.പി എടുത്തു പ്രയോഗിക്കുന്നുണ്ട്.
ബി.ജെ.പിയുടെ ആരോപണങ്ങളെ അതേനാണയത്തിൽ അരവിന്ദ് കേജ്‌രിവാളും ആംആദ്മി നേതാക്കളും തിരിച്ചടിക്കുന്നു. ബി.ജെ.പി അവരുടെ 'ഡബിൾ എൻജിൻ" ജനങ്ങൾക്കു മേൽ ഓടിച്ചു കയറ്റുമെന്ന് കേജ്‌രിവാൾ പറയുന്നു. ആംആദ്മിയുടെ വാഗ്ദാനങ്ങൾ അതേപടി ബി.ജെ.പി പകർത്തുന്നതായി പരിഹാസവുമുണ്ട്. ബി.ജെ.പിക്ക് ഭരണം ലഭിച്ചാൽ സൗജന്യ വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും നിറുത്തലാക്കുമെന്ന പ്രചാരണം സാധാരണക്കാർക്കിടയിൽ ചർച്ചയാക്കി മാറ്റാൻ ആംആദ്മിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ 25,000 രൂപ ഓരോ കുടുംബവും ലാഭിക്കുന്നു. ബി.ജെ.പിക്ക് അധികാരം കിട്ടിയാൽ ആ തുക അധികമായി ചെലവാക്കേണ്ടി വരും. ഡൽഹിക്കാർ എങ്ങനെ ജീവിക്കുമെന്ന് കേജ്‌രിവാൾ ചോദിക്കുന്നത് മദ്ധ്യവർഗത്തിനിടയിൽ ചലനമുണ്ടാക്കിയാൽ ആംആദ്മി സർക്കാർ അധികാരം നിലനിറുത്തുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിശ്വാസം. നിലവിലെ സൗജന്യങ്ങൾക്കു പുറമെ പുതിയ പദ്ധതികളും പ്രഖ്യാപിച്ച കേജ്‌രിവാൾ, ചെയ്‌ത ജോലിക്കാണ് വോട്ടു ചോദിക്കുന്നതെന്ന് പറയുമ്പോൾ ആ ഗ്യാരന്റിയെ വോട്ടർമാർ അവിശ്വസിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. 55 മുതൽ 60 സീറ്റ് വരെ നേടുമെന്നാണ് കേജ്‌രിവാളിന്റെ അവകാശവാദം.
കോൺഗ്രസും പോർമുഖത്ത് സജീവമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തി. 'ഇന്ത്യാ' സഖ്യമില്ലെന്നു മാത്രമല്ല, മുന്നണിയിലെ സമാജ്‌വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് കോൺഗ്രസിന് രാഷ്ട്രീയമായി തിരിച്ചടിയായി. എന്നാൽ, അൽക്ക ലാംബയെ മുഖ്യമന്ത്രി അതിഷിക്കെതിരെയും, മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെ കേജ്‌രിവാളിന്റെ എതിരാളിയായും ഇറക്കി ശക്തി കാട്ടാൻ ശ്രമിച്ചിട്ടുണ്ട്. 70 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളുണ്ട്. ന്യൂനപക്ഷങ്ങളുടെ വോട്ട് ആംആദ്മിക്കും കോൺഗ്രസിനുമായി പകുത്തു പോകുമോയെന്ന് ഇരു പാർട്ടികൾക്കും ആശങ്കയുണ്ട്. അങ്ങനെയുണ്ടായാൽ ബി.ജെ.പിക്ക് ഗുണം ചെയ്യും. കോൺഗ്രസിന് വോട്ടു കൂടിയാൽ ബി.ജെ.പിയുടെ സാദ്ധ്യത വർദ്ധിക്കും. 2015ലും 2020ലും പൂജ്യമായിരുന്നു കോൺഗ്രസിന്.
യമുനയുടെ
പേരിലും പോര്
യമുന ഈ തിരഞ്ഞെടുപ്പിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. യമുനയിലെ മാലിന്യം പ്രധാന ചർച്ചാവിഷയമാക്കി മാറ്റാൻ ബി.ജെ.പിക്ക് സാധിച്ചു. ഹരിയാനയിലെ ബി.ജെ.പി സർക്കാർ യമുനയിൽ വിഷം കലക്കിയെന്ന കേജ്‌രിവാളിന്റെ പരാമർശം വിവാദമായി. അമോണിയത്തിന്റെ അളവ് വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. കേജ്‌രിവാളും തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൊമ്പുകോർക്കുന്ന സാഹചര്യമുണ്ടായി. മറ്റു പ്രധാന വിഷയങ്ങൾ ചുവടെ പറയുന്നവയാണ്:
വോട്ടർപട്ടികയിൽ ക്രമക്കേടെന്ന ആരോപണം
നഗരത്തിലെ മാലിന്യകൂമ്പാരം
രോഹിൻഗ്യ - ബംഗ്ലാദേശി കുടിയേറ്റ വിഷയം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മോടി പിടിപ്പിക്കൽ
ക്രമസമാധാന നില. വെടിവയ്പുകളുടെയും കൊലപാതകങ്ങളുടെയും വർദ്ധന
കേജ്‌രിവാളിന്റെ സുരക്ഷ. പഞ്ചാബ് പൊലീസിന്റെ ഇസഡ് പ്ലസ് സുരക്ഷ പിൻവലിപ്പിച്ചിരുന്നു
റോഡുകളുടെ ശോചനീയാവസ്ഥ
കുടിവെള്ളത്തിന്റെ ഗുണമേന്മ
വാഗ്ദാനങ്ങൾ
നിലവിലെ
സീറ്റു നില
2020-ൽ 62 എം.എൽ.എമാർ ആംആദ്മി പാർട്ടിക്കുണ്ടായിരുന്നു. മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടും, എം.എൽ. എമാരായിരുന്ന രാജ്കുമാർ ആനന്ദും കർതാർ സിംഗ് തൻവാറും രാജിവച്ച് ബി.ജെ.പിയിലേക്കു പോയി. രാജേന്ദ്ര പാൽ ഗൗതം കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിക്ക് ഏഴ് എം.എൽ.എമാർ. എട്ട് എം.എൽ.എമാരുണ്ടായിരുന്നെങ്കിലും മുതിർന്ന നേതാവ് രാംവീർ സിംഗ് ബിധുരി ലോക്‌സഭാ എം.പിയായി.
(ബോക്സ് മാറ്റർ)
വാഗ്ദാനങ്ങൾ വേണ്ടത്ര!
ആം ആദ്മി
60 വയസു തൊട്ട് മുകളിലേക്കുള്ളവർക്ക് സൗജന്യ ചികിത്സ
സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന
ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം
ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ്
വിദ്യാർത്ഥികൾക്ക് സൗജന്യ ബസ്- മെട്രോ യാത്ര
ലോകോത്തര നിലവാരമുള്ള റോഡുകൾ
ബി.ജെ.പി
സ്ത്രീകൾക്ക് മാസം 2500 രൂപ
ഗർഭിണികൾക്ക് 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും
500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ
ആയുഷ്‌മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കും
അഞ്ചുലക്ഷം രൂപയുടെ അധിക ആരോഗ്യ ഇൻഷുറൻസ്
60 മുതൽ 70 വരെ വയസുള്ളവർക്ക് മാസം 2500 രൂപ പെൻഷൻ
70- നു മുകളിലുള്ളവരുടെ പെൻഷൻ 2500-ൽ നിന്ന് 3000 ആക്കും
കോൺഗ്രസ്
പൂർവാഞ്ചലികൾക്ക് പ്രത്യേക വകുപ്പും പ്രത്യേക ബഡ്‌ജറ്റും
സ്ത്രീകൾക്ക് മാസം 2,500 രൂപ
25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ്
500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ
300 യൂണിറ്റ് സൗജന്യ വൈദ്യുതി
സൗജന്യ റേഷൻ കിറ്റ്
തൊഴിൽ ലഭിക്കാത്ത യുവജനങ്ങൾക്ക് മാസം 8,500 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |