
മുന്നോട്ട് കുതിക്കുകയാണെന്ന് തോന്നിക്കുകയും യഥാർത്ഥത്തിൽ ലോകത്തെ പിന്നോട്ട് പറപ്പിക്കുകയും ചെയ്യുന്ന വെറും കൺകെട്ട് വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന 'എ.ഐ" എന്ന് എത്രപേർക്കറിയാം. റിവേഴ്സിൽ പറന്ന് പഴയ പ്രാകൃതയുഗത്തിൽ നാടിനെ എത്തിക്കും. ലോകത്ത് ഇന്നുകാണുന്ന സകല നേട്ടങ്ങളും അതോടെ ഇല്ലാതാകും. കാശുള്ളവൻ കാര്യക്കാരനാകും; കാശില്ലാത്തവൻ കുശിനിക്കാരനും. ഇടതുപക്ഷ ആചാര്യൻ ഗോവിന്ദൻ മാഷിന്റെ ഈ ദീർഘദർശനം നിസാരമല്ല. ശാസ്ത്രജ്ഞർപോലും തിരിച്ചറിയാതെ പോയ ഈ സത്യം മാഷ് ഒറ്റയ്ക്കു കണ്ടുപിടിക്കുകയായിരുന്നു. അതാണ് മാഷുമാരുടെ മിടുക്ക്. സകലരെയും കുട്ട്യോളായി കണ്ടുകൊണ്ടുള്ള ഈ കരുതൽ കാണാതെ പോകരുത്. എ.ഐ സോഷ്യലിസത്തിലേക്കു നയിക്കുമെന്നാണ് ആദ്യം മാഷ് കണ്ടെത്തിയതെങ്കിലും ചുഴിഞ്ഞു ചിന്തിച്ചപ്പോൾ അങ്ങനെയല്ലെന്നു മനസിലായി. അതോടെ വലിയ സങ്കടമായി. എ.ഐ സംവിധാനത്തിന്റെ ഫലമായി ലോകമെങ്ങും തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ബഹുജന സമരങ്ങൾക്കു വഴിയൊരുങ്ങുമെന്നും അങ്ങനെ കേന്ദ്രീകൃത സമ്പത്തിന് വികേന്ദ്രീകൃത സ്വഭാവം കൈവരുമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് മാഷ് വ്യക്തമാക്കുന്നു. ഗഹനമായ വിഷയമായതിനാൽ ഈ പറഞ്ഞത് എല്ലാവർക്കും പിടികിട്ടണമെന്നില്ല.
സോഷ്യലിസത്തെ അട്ടിമറിക്കാൻ ആഗോള മുതലാളിമാർ കൊണ്ടുവന്ന ദുർഭൂതമാണ് എ.ഐ. കമ്മ്യൂണിസ്റ്റുകാർ ഊണും ഉറക്കവും ഉപേക്ഷിച്ച് കാവൽനിന്നിട്ടും കേരളത്തിന്റെ സമ്പത്തിന്റെ 87 ശതമാനവും പത്തുശതമാനം പേർ കൈയടക്കിവച്ചിരിക്കുകയാണ്. എ.ഐ വരുന്നതോടെ 100 ശതമാനവും ഇവർ കൈയടക്കും. സാമ്രാജ്യത്വ ഭീകരൻ അമേരിക്കയാണ് ഇതിനു പിന്നിൽ. പ്രസിഡന്റ് ട്രമ്പിന്റെ ഡിയർ ഫ്രണ്ട് മോദിജി ഇത് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസുകാർപോലും ഈ വസ്തുത മനസിലാക്കുന്നില്ല എന്നതിലാണ് ഗോവിന്ദൻ സഖാവിന്റെ സങ്കടം. ഈ സാഹചര്യത്തിൽ തമിഴക മുഖ്യൻ സ്റ്റാലിൻ സഖാവുമായി കൂടിക്കാഴ്ച നടത്തി ഉടനൊരു തീരുമാനത്തിലെത്തും. എ.ഐക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കും. ആഴ്ചയിലൊരു ഭാരതബന്ദും പരിഗണനയിലാണ്.
എ.ഐ സംവിധാനംകൊണ്ട് ആർക്ക് എന്ത് ഗുണമെന്ന സഖാവിന്റെ ചോദ്യം പ്രസക്തമാണ്. കർഷകത്തൊഴിലാളികൾക്കോ, ബാർ ജീവനക്കാർക്കോ, കുടിയന്മാർക്കോ ഗുണമില്ല. തൊഴിലില്ലായ്മ രൂക്ഷമാകും. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ കുത്സിത പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യത വർദ്ധിക്കും. ഡോക്ടർമാർ, എൻജിനിയർമാർ, വക്കീലന്മാർ തുടങ്ങിയവരുടെ ആപ്പീസ് പൂട്ടും. മാദ്ധ്യമപ്രവർത്തകരുടെ കളസം കീറും. എഴുതാനും ചാനലുകളിൽ വാചകമടിക്കാനും എ.ഐ സൃഷ്ടിക്കുന്ന മായാവികൾ വരും. പാന്റും സൂട്ടുമിട്ട് നിൽക്കുന്നതു കണ്ടാൽ ഒറിജിനലാണെന്നു തോന്നും. റോബോട്ടുകൾ ലോകം കീഴടക്കും. യന്തിരൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകൾ കണ്ടാൽ ചില സൂചനകൾ കിട്ടും. ഇംഗ്ലീഷ് സിനിമകൾ കാണരുത്. പേടിച്ചുപോകും.
കഴിഞ്ഞതൊന്നും
മറക്കരുത്
കമ്പ്യൂട്ടർ വന്നതോടെ എത്രയെത്ര ടൈപ്പ്റൈറ്റിംഗ് മെഷീനുകളാണ് നിശ്ചലമായത്. ടൈപ്പിസ്റ്റുകൾക്കു വംശനാശം സംഭവിച്ചു. കമ്പ്യൂട്ടറുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേ എന്ന ബൂർഷ്വകളുടെ മറുചോദ്യം ശരിയല്ല. മനുഷ്യപക്ഷത്തുനിന്ന് ചിന്തിക്കുന്നവർ കമ്പ്യൂട്ടറുകളെ വെറുത്തുപോകും. അതുകൊണ്ട് മാഷ്, കമ്പ്യൂട്ടർ സംവിധാനം ഉപയോഗിച്ച് അച്ചടിച്ചുവിടുന്ന ഒന്നും വായിക്കാറില്ല. ചിന്താശേഷിയുള്ളവർക്ക് വായനയുടെ ആവശ്യമില്ല. വായിച്ച് വളരണമെന്ന് ആരോ പറഞ്ഞത് ശരിയല്ല. വായിച്ചല്ല, ചിന്തിച്ചാണ് വളരേണ്ടത്. രാവിലെ എഴുന്നേറ്റ് വെറുതേ ചിന്തിക്കുകയും കണ്ടെത്തുന്ന കാര്യങ്ങൾ ഉടൻ നടപ്പാക്കുകയും വേണം. നാടിന്റെ വളർച്ച കെ-റെയിൽ പോലെ കുതിക്കും.
എ.ഐ വിഷയത്തിൽ സത്യം വെളിപ്പെടുത്തിയ ഗോവിന്ദൻ സഖാവിനെ പാർട്ടിക്കാരടക്കം പരിഹസിക്കുന്നുണ്ടെങ്കിലും കുറേ കഴിയുമ്പോൾ കാര്യങ്ങൾ പിടികിട്ടും. പക്ഷേ, അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. അതുകൊണ്ട് എത്രയും വേഗം പ്രക്ഷോഭം ആരംഭിച്ചാൽ ഈ നാട് നിലനിൽക്കും. കെ. റെയിൽ കേരളത്തിന് ആവശ്യമാണെന്ന് സഖാവ് പറഞ്ഞപ്പോഴും ആർക്കും പിടികിട്ടിയില്ല.
കെ. റെയിൽ നിലവിൽ വന്നാൽ, പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്നു തിരിച്ചറിയാൻ ഗോവിന്ദൻ സഖാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊച്ചിക്കാർക്ക് ചൂടോടെ അപ്പം തിന്നാമായിരുന്നു. അപ്പമുണ്ടാക്കുന്നവർക്കു കൈനിറയെ കാശും സമയലാഭവും. പക്ഷേ എല്ലാവരും കൂടി കെ റെയിലിൽ അട്ടിമറിച്ചു.
എ.ഐ വിഷയത്തിൽ ഗോവിന്ദൻ സഖാവ് പറഞ്ഞതിന്റെ ഗുട്ടൻസ് പലർക്കും പിടികിട്ടിയില്ലെങ്കിലും യുവനേതാവും നിയമസഭ സ്പീക്കറുമായ എ.എൻ. ഷംസീർ മിടുക്കനായതിനാൽ പെട്ടെന്നു മനസിലാക്കി. നാം ജീവിക്കുന്നത് ടെക്നോ-ഫ്യൂഡൽ ലോകത്താണെന്ന നടുക്കുന്ന സത്യം യുവ സഖാവ് കണ്ടെത്തി. ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗ്, ഗൂഗിൾ മേധാവി പിച്ചെ, ടെസ്ല മേധാവി ഇലോൺ മസ്ക് തുടങ്ങിയവരുടെ പേരുകേട്ടാൽ പാവങ്ങളാണെന്നു തോന്നുമെങ്കിലും കൊടുംഭീകരന്മാരായ മുതലാളിമാരാണത്രേ. എ.ഐ വ്യാപകമാക്കുന്നതിൽ ഇവരുടെ കൈകളുണ്ട്. സോഷ്യൽ മീഡിയ, ഇലക്ട്രിക് കാറുകൾ എന്നിവയിവലൂടെ എ.ഐയെ ഇന്ത്യയിലെത്തിച്ച് പിടിമുറുക്കാനാണ് നീക്കം. അതുകൊണ്ടാണ് സംസ്ഥാന ബഡ്ജറ്റിൽ ഇലക്ട്രിക് കാറിന് നമ്മൾ വിലകൂട്ടിയത്. സോഷ്യൽ മീഡിയ പൂർണമായും ബഹിഷ്കരിക്കണം. സത്യം പറയുന്നവരെ പരിഹസിക്കുന്നതാണ് മലയാളികളുടെ ശീലം. നെല്ലിക്ക ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും.
വോട്ട് മറിക്കുന്ന
ഭീകരൻ
എ.ഐയുടെ വലിയൊരു ദുരന്തമാണ് ഇന്ന് ഇന്ത്യക്കാർ അനുഭവിക്കുന്നത്. ഇ.വി.എമ്മിൽ എ.ഐയെ കയറ്റിവിട്ട് വോട്ട് മറിക്കുന്ന പരിപാടിയാണത്. ഒരാൾക്ക് ചെയ്യുന്ന വോട്ട് മറ്റൊരാൾക്ക് കിട്ടുന്നു. യഥാർത്ഥത്തിൽ തോറ്റവർ അങ്ങനെ അധികാരം പിടിച്ചെടുക്കുന്നു. ഇസ്രയേലുമായി കൂട്ടുകൂടിയാണ് ഈ ഏർപ്പാട്. ഇതിന്റെ അടുത്തഘട്ടം ഭയാനകമാണ്. ഒറിജിനലിനേക്കാൾ പെർഫക്ടായ അപരന്മാർ രംഗത്തിറങ്ങും. റോബോട്ടുകളാണെന്നു തോന്നുകയേ ഇല്ല. പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ഇവന്മാർ നമ്മുടെ വോട്ട് ചെയ്ത് സ്ഥലം വിട്ടിരിക്കും. അതുകൊണ്ട് ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങിയിട്ടും കാര്യമില്ല. ഇതിനെല്ലാമുള്ള ഏക പ്രതിവിധി എ.ഐയെ തടയുകയാണ്. സ്കൂളുകളിൽ ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും മാഷായിരുന്നതിനാൽ ആരും കടന്നു ചെന്നിട്ടില്ലാത്ത വഴികളിലൂടെ ലോംഗ് ജമ്പ് നടത്തുന്നതാണ് സഖാവിന്റെ ചിന്തകളുടെ പ്രത്യേകതയെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |