
വൈദ്യുതി വിളക്കുകളുടെ വെളിച്ചമില്ലാത്ത 137 വർഷം മുൻപത്തെ കേരളത്തിലെ ഒരുൾനാടൻ പ്രദേശം. അന്നേക്ക് 32 വയസു മാത്രം ഉണ്ടായിരുന്ന ഒരു യോഗിവര്യൻ, തങ്ങൾ സാക്ഷ്യം വഹിക്കുന്ന ചരിത്രമുഹൂർത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിൽ അറിവില്ലാത്ത സാധാരണ മനുഷ്യരുടെ മുന്നിൽ വച്ച് ഒരു ശിവരാത്രി ദിവസം നടത്തിയ ഒരു പ്രതിഷ്ഠ. അരുവിപ്പുറത്തെ ആ ശിവരാത്രി ദിവസമാണ് കേരളം ശരിക്കും വെളിച്ചത്തിന്റെ വഴിയേ നടക്കാൻ തുടങ്ങിയത് എന്നു പറയാം. ഒരു പ്രതിഷ്ഠ കൊണ്ട്, അതും ഒരു മനുഷ്യന്റെയും ശില്പചാതുരി കടം കൊള്ളാതെ അന്നേദിവസം അർദ്ധരാത്രി വരെ ശങ്കരൻകുഴി എന്നറിയപ്പെട്ട നെയ്യാറിന്റെ ആഴത്തിൽ പ്രകൃതി സ്വയം പണിതിട്ടിരുന്ന ഒരു ശിലാഖണ്ഡംകൊണ്ട് അതുവരെ പ്രതിഷ്ഠിതമായിരുന്ന എല്ലാ വ്യവസ്ഥകളെയും ഗുരു പുനഃപ്രതിഷ്ഠിക്കുകയായിരുന്നു.
ലോകത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ അതൊരു അസാധാരണ സന്ദർഭമായിരുന്നു. ഗുജറാത്തിലെ കടൽ വെള്ളത്തിലെ ഉപ്പിന് സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ നിഷ്പ്രഭമാക്കാവുന്ന ശക്തിയുണ്ടെന്ന്, ശാരീരികമായി ദുർബലൻ എന്നു പറയാവുന്ന ഒരു മനുഷ്യൻ പിന്നീട് കണ്ടെത്തിയതുപോലെ ഒന്ന്. വിപ്ലവങ്ങൾ എന്നു പറയുമ്പോൾ നമുക്ക് പെട്ടെന്ന് ഓർമ്മ വരിക രക്തരൂഷിത വിപ്ലവങ്ങളാണ്. രക്തം ഉണങ്ങാൻ സമയമെടുക്കും. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചോര വാർന്നുതീരാത്ത ചില മുറിവുകൾ വിപ്ലവങ്ങൾ ഉണ്ടാക്കുമെന്നും ചരിത്രം നമ്മോട് പറഞ്ഞുതരും.
ചിലപ്പോഴൊക്കെ വിപ്ലവങ്ങൾ, അവ എന്തിനുവേണ്ടി നടന്നു എന്നതിന്റെ വിപരീത ദിശയിലേക്ക് പിന്നീട് യാത്ര തിരിക്കുകയും ചെയ്യും. അവിടെയാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ വ്യത്യസ്തമാകുന്നത്. ഗുരുവിന്റെ ശിവൻ ഇന്നത്തെ കേരളത്തോടും ഇന്നത്തെ തലമുറയോടും സംവദിച്ചു കൊണ്ടേയിരിക്കുന്നു. ഗുരുവിന്റെ പ്രതിഷ്ഠയും, അതിനെ എതിർത്തവരോടോ എതിർക്കാൻ സാദ്ധ്യതയുള്ളവരോടോ ഗുരു പറഞ്ഞ മറുപടിയും ഇന്നും മറവിയെടുക്കാതെ നിൽക്കുന്നു എന്നതു തന്നെയാണ് അരുവിപ്പുറത്തിന്റെ പ്രാധാന്യം.
ഇരുട്ടിനോട്
കലഹിക്കാതെ
ഈ ഒരു പ്രതിഷ്ഠയിലൂടെ ഗുരു വെളിച്ചത്തെ നിർവചിക്കുകയായിരുന്നു. തന്റെ കാവ്യ പ്രപഞ്ചത്തിൽ ഉടനീളം പതിനായിരം സൂര്യരെന്നും, ഒരുകോടി ദിവാകരന്മാരെന്നുമുള്ള പ്രകാശത്തിന്റെ സങ്കല്പാതീതമായ ബിംബങ്ങളിലൂടെയാണ് ഗുരു വെളിച്ചത്തെ നിർവചിക്കുന്നത്. ദുരാചാരങ്ങളോടോ ദുർദേവതാരാധനയോടോ ഗുരു നേരിട്ട് കലഹിച്ചില്ല. കറുത്തവാവിനോട് ഗുസ്തി പിടിച്ചിട്ടു കാര്യമില്ല എന്ന് ഒരു ടാഗോറിയൻ കഥാപാത്രം പറയുന്നതുപോലെ, ഗുരു ഇരുട്ടിനോട് കലഹിച്ചില്ല. അതിനെ മനസിലാക്കുക മാത്രം ചെയ്തു. വെളിച്ചം വന്നു കഴിഞ്ഞാൽ അത് മാറ്റിയെടുത്തത് എത്ര നൂറ്റാണ്ടിന്റെ ഇരുട്ടാണ് എന്നതൊന്നും പ്രസക്തമല്ല. പ്രസക്തി വെളിച്ചത്തിനാണ്. നല്ല ആചാരങ്ങൾ, നല്ല ദേവതാ സങ്കല്പങ്ങൾ, ഉച്ചനീചത്വമില്ലാത്ത പെരുമാറ്റങ്ങൾ, മനുഷ്യർ പരസ്പരം സഹോദരരെന്ന പോലെയുള്ള കരുതൽ എന്നിവ ഉണ്ടായാൽ മാറാത്തതായി ഒന്നുമില്ലെന്ന് ഗുരുവിന് അറിയാമായിരുന്നു. അതിലേക്കുള്ള ആദ്യ ചുവടായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠ.
അതിനും ഏതാണ്ട് കാൽനൂറ്റാണ്ടിനു ശേഷം ഗുരു വാക്കുകളാൽ നടത്തിയ ഒരു വലിയ പ്രതിഷ്ഠയുണ്ട്- ചെറായി വിജ്ഞാന വർദ്ധിനി സഭയുടെ മംഗള പത്രത്തിനു നൽകിയ ഒരു ചെറിയ മറുപടി പ്രസംഗം. കാലാതിവർത്തിയെന്നു പറയാവുന്ന ആ ചെറുപ്രസംഗം ആധുനിക കേരളത്തിന്റെ കണ്ടെടുക്കൽ ആയിരുന്നു. കേരളത്തിന്റെ മുഴുവൻ വികസന സങ്കല്പവും അതിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും തൊട്ട്, ഇന്റേൺഷിപ്പും സ്റ്റാർട്ടപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ വേണ്ട യന്ത്ര സാമഗ്രികളുടെ പ്രാധാന്യവും തൊട്ട്, വിദേശ പഠനത്തിനു പോകുന്ന മിടുക്കരായ കുട്ടികളെ കഴിവുള്ള വിധം ബന്ധുക്കൾ സാമ്പത്തികമായി സഹായിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി വരെ പറയുന്ന ആ ചെറുപ്രസംഗം, സാമൂഹ്യ നിരീക്ഷണത്തിലെ സൂക്ഷ്മ ശ്രദ്ധയുടെ മകുടോദാഹരണം എന്നു പറയാവുന്ന ഒന്നാണ്. അത് കേരളത്തിന്റെ എക്കാലത്തെയും വിലപ്പെട്ട ഒരു സാമൂഹ്യ രേഖയാണ്. 1924-ലെ സർവമത സമ്മേളന കവാടത്തിലും അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്കുശേഷം ചുണ്ണാമ്പുകൊണ്ട് പാറപ്പുറത്തും ഗുരു നടത്തിയ രണ്ട് ചുവരെഴുത്തുകൾ ഉണ്ട്.
സംസാരിക്കുന്ന
ചുവരെഴുത്ത്
കേരളത്തിന്റെ പാരമ്പര്യം എന്തെന്നു ചോദിക്കുന്ന ആർക്കു മുന്നിലും ഏതുകാലത്തും ചൂണ്ടിക്കാണിച്ചു കൊടുക്കാവുന്ന ഒന്ന്. 'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം", 'വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും!" എക്കാലത്തെയും വിസ്മയകരമായ രണ്ടു ചുവരെഴുത്തുകളാണ് ഗുരു നടത്തിയത്.
വിദ്യാഭ്യാസത്തിന് ഗുരു നൽകിയത് പ്രഥമ സ്ഥാനമാണ്. ദേശീയ വിദ്യാഭ്യാസ നയം 2020- ലൂടെ ഒന്ന് ഓടിച്ചു കടന്നുപോയാൽ പോലും അതിലെ അടിസ്ഥാന തത്വങ്ങളിൽ ഗുരുദർശനത്തിന്റെ സ്വാധീനം കണ്ടെത്താൻ കഴിയും. എന്താണ് സാക്ഷരത എന്നു നിർവചിക്കുന്ന ഇടങ്ങളിലെ സൂക്ഷ്മ ശ്രദ്ധ നമ്മെ ഗുരുദർശനത്തെ ഓർമ്മിപ്പിക്കും.
കേരളത്തിലെ ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിൽ കുറഞ്ഞ കാലംകൊണ്ട് തൊട്ടറിയാൻ പറ്റുന്ന മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ഒരു സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുദേവന്റെ നാമധേയം നൽകി എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യബോധത്തിന്റെ ഭാവാത്മകതയാണെന്ന് പറയേണ്ടിവരും. ഒടുവിൽ, കേരളം ഗുരുവിനോട് എന്തിനു കടപ്പെട്ടിരിക്കുന്നു എന്ന് ചോദിച്ചാൽ നമുക്ക് നിസംശയം പറയാം; കേരളം വെളിച്ചത്തിന് ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു.
(ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |