SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 AM IST

അറുതിയില്ലാതെ കൂട്ടക്കുരുതി

case

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപ്പേരാണ് കേരളത്തിന്റെ മുഖശ്രീ. എന്നാൽ അടുത്തിടെയായി കൂട്ടക്കൊലകളുടെ നാടായും കേരളം മാറുകയാണ്. ചെകുത്താന്മാരായി മാറുന്നതിൽ ഏറെയും യുവാക്കളാണ്. കുടുംബത്തെയും സുഹൃത്തുക്കളെയുമൊക്കെ നിഷ്‌കരുണം കൊന്നുതള്ളുന്നു. കുഞ്ഞനുജനും ബന്ധുക്കളും കാമുകിയുമടക്കം 5പേരെ കൊന്നുതള്ളിയ വെഞ്ഞാറമൂടിലെ പൈശാചിക കുരുതിയാണ് അവസാനത്തേത്. കുടുംബബന്ധങ്ങളിലെ താളപ്പിഴകളും മാനസിക വെല്ലുവിളികളും സാമ്പത്തിക പ്രശ്നങ്ങളുമെല്ലാം കുരുതികൾക്ക് കാരണമാവുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ എങ്ങനെ പ്രതിരോധിക്കുമെന്ന് പൊലീസും തലപുകയ്ക്കുകയാണ്.

ആലുവ, കൂടത്തായി, ചേന്ദമംഗലം, നെന്മാറ, നന്ദൻകോട് കൂട്ടക്കൊലകൾക്ക് പിന്നാലെയാണ് വെഞ്ഞാറമൂട്ടിലേതും. 23വയസു മാത്രമുള്ള അഫാനാണ് പ്രതി. സഹോദരൻ അഫ്സാൻ (13)​, പിതൃ സഹോദരൻ ലത്തീഫ്(60)​,​ ഭാര്യ സജിതാ ബീവി(55)​,​ പിതാവിന്റെ മാതാവ് സൽമാബീവി (95) കാമുകി വെഞ്ഞാറമ്മൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരെയാണ് ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിനിരയായ മാതാവ് ഷെമിം ഗുരുതരാവസ്ഥയിലാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അഫാൻ രാസലഹരി ഉപയോഗിച്ചതിന്റെ തെളിവുകിട്ടിയിട്ടില്ല. സ്ഥിരീകരിക്കാൻ രക്തസാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അഫാന്റെ മാനസികനില പരിശോധിക്കാൻ വിദഗ്ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. 4പേരെ ആക്രമിച്ചശേഷം, ഇടവേളയെടുത്ത് ബാറിലെത്തി മദ്യപിച്ച് വിശ്രമിച്ച ശേഷം വീണ്ടും കൊലപാതകം തുടർന്ന അഫാന്റെ രീതികൾ സൈക്കോയെപ്പോലെ (മനോരോഗി) ആണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അഫാന് മാനസികരോഗമില്ലെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ രഹസ്യമായി ചികിത്സ തേടിയിട്ടുണ്ടോ എന്നടക്കം പൊലീസ് പരിശോധിക്കുകയാണ്. അഫാന്റെ ഫോൺ കോളുകൾ,​ ചാറ്റുകൾ എന്നിവ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ. ഏതാനും വർഷം മുൻപ് മൊബൈൽ ഫോണിനായി വാശിപിടിച്ച് എലിവിഷം കഴിച്ചയാളാണ് അഫാൻ. പിതാവിന്റെ ഗൾഫിലെ ബിസിനസ് പൊളിഞ്ഞ് കടംകയറിയതും നാട്ടിലേക്ക് വരാനാവാതെ യാത്രാവിലക്ക് നേരിടുകയും ചെയ്തതാണ് അഫാന്റെ മനോനില തെറ്റിച്ചതെന്ന് പൊലീസ് കരുതുന്നു.

ആലുവയിലെ കൂട്ടക്കുരുതി

കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയ്ക്ക് 24 വർഷം തികഞ്ഞപ്പോഴാണ് തലസ്ഥാനത്ത് വീണ്ടുമൊരു കൂട്ടക്കൊല. 2001ജനുവരി ആറിനാണ് ആലുവയിലെ പൈപ്പ്ലൈൻ റോഡിനോട് ചേർന്നുള്ള മാഞ്ഞൂരാൻ വീട്ടിലെ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്‌റ്റിന്റെ അമ്മ ക്ലാര (78), സഹോദരി കൊച്ചുറാണി (42) എന്നിവർ കൊല്ലപ്പെട്ടത്. വധശിക്ഷയ്ക്ക് വിധിച്ച പ്രതി ആന്റണിക്ക് ശിക്ഷായിളവ് കിട്ടി. ആളെയും കൂലിയും നിശ്ചയിച്ച്, തൂക്കിലേറ്റാൻ കഴുമരവും ബലപ്പെടുത്തി ബ്ലാക്ക് വാറണ്ടും കാത്തുകിടന്ന ഇരുളറയിൽ നിന്നാണ് ആന്റണി കൊലക്കയറൂരി ജീവിതത്തിലേക്ക് മടങ്ങിവന്നത്. അഗസ്റ്റിന്റെ ബന്ധുവും ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന ആന്റണിയാണ് കൊലപാതകം നടത്തിയത്. നഗരസഭയിൽ താത്‌കാലിക ഡ്രൈവറായിരുന്നു ആന്റണി. ആലുവ സിറിയൻ ചർച്ച് റോഡ് വത്തിക്കാൻ സ്ട്രീറ്റിലായിരുന്നു ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വിദേശത്ത് ജോലിക്കുപോകാൻ അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് കാരണമായത്.

കൂടത്തായിയിലെ

കൊലകൾ

സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെ കാലയളവിൽ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. 14 വർഷത്തിനിടെയാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ അഞ്ചിന് മുഖ്യപ്രതി ജോളി അറസ്റ്റിലായി. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്കറിയയുടെ ഭാര്യ സിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽച്ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ്‌ തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മറ്റ് അഞ്ച് മൃതദേഹങ്ങളും ജോളി തന്റെ സ്വാധീനമുപയോഗിച്ച് പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിച്ചെന്നാണ് കണ്ടെത്തൽ.

നന്ദൻകോട്ടെ

പൈശാചിക കൃത്യം

2017ഏപ്രിൽ ഒമ്പതിനാണ് ആസ്ട്രൽ പ്രൊജക്ഷന്റെ പേരിൽ മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെ വെട്ടി കൊലപ്പെടുത്തി വീട്ടിലിട്ട് കത്തിച്ച സംഭവം നന്ദൻകോട്ടുണ്ടായത്. ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടിൽ ഡോ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ ഡോ. കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരെയാണ് ഡോക്ടർ ദമ്പതികളുടെ മകനും എം.ബി.ബി.എസ് ബിരുദധാരിയുമായ കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തിയത്. വിദേശത്ത് മെഡിസിൻ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രൽ പ്രൊജക്ഷനിലേക്ക് കേഡൽ ആകൃഷ്ടനായത്. കേസ് വിചാരണയിലാണ്. എല്ലാവരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടിലിട്ട് കത്തിക്കുകയായിരുന്നു. ഇതിനുള്ള മഴു ഓൺലൈനായാണ് പ്രതി വാങ്ങിയിരുന്നത്. കൊലപാതകം നടത്തുമ്പോൾ ആത്മാവ് ശരീരം വിട്ടു പോകുന്നത് കാണാൻ കഴിയുമെന്ന ആസ്ട്രൽ പ്രൊജക്ഷൻ തിയറിയാണ് പ്രതി പരീക്ഷിച്ചു നോക്കിയത്.

പിണറായിയിലെ

കൂട്ടക്കുരുതി

മകളെയും മാതാപിതാക്കളെയും ഉൾപ്പെടെ യുവതി കൊലപ്പെടുത്തിയ പിണറായി കൂട്ടക്കൊലയും കേരളത്തെ ഞെട്ടിച്ചു. 2012 സെപ്റ്റംബർ 9ന് കണ്ണൂർ പിണറായി പടന്നക്കര മണ്ണത്താൻ വീട്ടിൽ ഒന്നര വയസ്സുകാരി കീർത്തന മരിച്ചത് ഈ കൊലപാതക പരമ്പരയുടെ തുടക്കമായിരുന്നു. വിഷം ഉള്ളിൽച്ചെന്നായിരുന്നു മരണം. പിന്നീട് ആറു വർഷങ്ങൾക്കുശേഷം സഹോദരി ഐശ്വര്യ കിഷോർ ഛർദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. 43 ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ അമ്മൂമ്മ കമല മരിച്ചു. കമല മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് കുഞ്ഞികൃഷ്ണനും സമാനരീതിയിൽ മരിച്ചു. പിന്നെ കുടുംബത്തിൽ അവശേഷിച്ചത് സൗമ്യ മാത്രമായിരുന്നു. അന്വേഷണസംഘം പ്രതിയായ സൗമ്യയിലേക്കെത്തി. കണ്ണൂർ വനിതാ ജയിലിലായ സൗമ്യ പിന്നീട് ആത്മഹത്യചെയ്തു.

തൊടുപുഴയിലും

പാലക്കാട്ടും

2018 ജൂലായ് 29-ന് തൊടുപുഴ കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ കൊലപ്പെടുത്തിയതും കേരളത്തെ ഞെട്ടിച്ചു. മോഷണമായിരുന്നു ലക്ഷ്യം. നാലുപേരായിരുന്നു പ്രതികൾ. തൊടുപുഴയിൽ 2022-ൽ മറ്റൊരു കൂട്ടക്കൊലയും നടന്നു. ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിടുകയായിരുന്നു. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റിൻ, അസ്‌ന എന്നിവരായിരുന്നു മരിച്ചത്. ഫൈസലിന്റെ പിതാവ് ഹമീദ് മക്കാറായിരുന്നു കേസിലെ പ്രതി. സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചത്.

പാലക്കാട് കൊല്ലങ്കോട് പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണിപ്പോഴും കേരളം. പോത്തുണ്ടി തിരുത്തമ്പാടം ബായൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരെ ചെന്താമര എന്ന പ്രതി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസംതന്നെയാണ് എറണാകുളം ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതിമാരെയും മകളെയും വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചുകൊന്ന സംഭവവുമുണ്ടായത്. പേരേപ്പാടം കാട്ടിപ്പറമ്പിൽവീട്ടിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. പേരേപ്പാടം സ്വദേശി ഋതുവാണ് പ്രതി. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഋതുവിന്റെ മൊഴി.

''വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാൻ പറയുന്നതിൽ വൈരുദ്ധ്യങ്ങൾ ഏറെയാണ്. ഇത് നീക്കാൻ പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തും. അഫാനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. അഫാന്റേത് സാധാരണമായ പെരുമാറ്റരീതിയല്ല. അസ്വാഭാവികവും അസാധാരണവുമാണത്. പിതാവിന്റെ കടം തന്റെ ബാദ്ധ്യതയായി മാറിയെന്ന് അഫാൻ പറയുന്നുണ്ടെങ്കിലും പരിശോധിക്കണം''

-

-എസ്.ശ്യാംസുന്ദർ

ഐ.ജി, ദക്ഷിണമേഖല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFAN, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION