
ശ്രീനാരായണ ഗുരുദേവനെ കാണാനായി മഹാത്മാഗാന്ധി ശിവഗിരിയിൽ എത്തിയത് 1925 മാർച്ച് 12- നാണ്. നൂറുവർഷം പൂർത്തിയാകുന്ന ഈ കൂടിക്കാഴ്ചയിൽ നടന്ന സംഭാഷണത്തിലെ ഒരു ഭാഗം 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശില്പി ഡോ. അംബേദ്ക്കറെ ആഴത്തിൽ സ്വാധീനിച്ചുവെന്നത് വിസ്മൃതിയിലാണ്ട ഒരു ചരിത്ര യാഥാർത്ഥ്യമാണ്. കൂടുതൽ പഠനവും ഗവേഷണവും നടക്കേണ്ട ഈ വിഷയത്തിൽ, അതിനുതകുന്ന ചില വിവരങ്ങളാണ് ഈ കുറിപ്പിൽ.
അല്പം നീണ്ട സംഭാഷണത്തിനിടയിൽ 'അയിത്തോച്ചാടനത്തിനു പുറമേ, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെ മുഖ്യധാരയിൽ എത്തിക്കാൻ അനിവാര്യമായ നടപടികൾ എന്തൊക്കെയാകണം" എന്ന് മഹാത്മജി ഗുരുദേവനോട് ആരാഞ്ഞു. ഈ ചോദ്യത്തിന് ഗുരുദേവൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: 'അവർക്ക് ധനവും വിദ്യയും വേണം!" ഗുരുദേവന്റെ മറുപടി മഹത്മജിയെ ഞെട്ടിച്ചു. മറ്റ് തിരക്കിട്ട പരിപാടികൾ ഒഴിവാക്കി ഒരു ദിവസം ശിവഗിരിയിൽ തങ്ങാമെന്ന് മഹാത്മജി തീരുമാനിച്ചത് ഗുരുദേവന്റെ ഈ വാക്കുകൾ കേട്ടപ്പോഴായിരുന്നു.
ശിവഗിരിയിലെ ഗുരുദേവന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായിരുന്നു മഹാത്മജി അവിടെ തങ്ങിയത്. ഗുരുദേവനും മഹാത്മജിയും തമ്മിലുള്ള സംഭാഷണം രാജ്യമെങ്ങും ചർച്ചാവിഷയമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നയസമീപനങ്ങളെ ഇത് പ്രത്യക്ഷമായി സ്വാധീനിച്ചു. ഇതിനു തെളിവാണ് 1928 മേയ് മാസത്തിൽ പയ്യന്നൂരിൽ ഒരു പൊതുയോഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നടത്തിയ ആവേശകരമായ പ്രസംഗം.
കോൺഗ്രസിലെ
നയംമാറ്റം
'രാജ്യവാസികളായ സകല സ്ത്രീപുരുഷന്മാർക്കും ഉത്കർഷത്തിനുള്ള സൗകര്യം ഒരുപോലെ നാം ഉണ്ടാക്കിക്കൊടുക്കണം. കൂട്ടത്തിൽ, നാം മുറുകെപ്പിടിച്ചിരിക്കുന്ന ദോഷകരമായ സമ്പ്രദായങ്ങളെ ത്വജിക്കേണ്ടതുമുണ്ട്" എന്നായിരുന്നു നെഹ്റുവിന്റെ പ്രസംഗത്തിന്റെ സാരം. അതായത്, അതുവരെ വരേണ്യവർഗത്തിന്റെ കൂട്ടായ്മ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസിന്, വരും ദിവസങ്ങളിൽ അടിസ്ഥാന വർഗത്തെ അവഗണിച്ച് മുന്നോട്ടു പോകാനാകില്ല എന്ന് ദേശീയ നേതൃത്വം പോലും അംഗീകരിച്ചു.
ഗുരുദേവനും മഹാത്മജിയുമായുള്ള കൂടിക്കാഴ്ചയും, തുടർന്ന് കോൺഗ്രസ് പാർട്ടിയിലുണ്ടായ നയംമാറ്റവും ഡോ. അംബേദ്കർ ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒടുവിൽ, സാമൂഹികനീതിയും മാനവികതയും മുൻനിറുത്തിയുള്ള ഗുരുദേവന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, ഉദ്ബോധനങ്ങളെക്കുറിച്ചും അറിയാനായി ഡോ. അംബേദ്കർ ശിവഗിരിയിലും, ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രഥമ സ്ഥാനത്തുണ്ടായിരുന്ന മഹാകവി കുമാരനാശാന്റെ ജന്മനാടായ കായിക്കരയിലും എത്തി (1936).
അക്കാലത്ത്, ഡോ. അംബേദ്കറുടെ മകൻ യശ്വന്ത് അംബേദ്കറിന് ആയുർവേദ ചികിത്സയ്ക്കായി ചേർത്തലയിൽ, പാണാവള്ളി കൃഷ്ണൻ വൈദ്യന്റെ ചികിത്സാലയത്തിൽ ഒരു വർഷത്തോളം കഴിയേണ്ടി വന്നിരുന്നു. അതുകൊണ്ട്, ഡോ. അംബേദ്കർ ആദ്യമെത്തിയത് പാണാവള്ളിയുടെ വൈദ്യശാലയിലാണ്. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ ശ്രദ്ധേയനായ പാണാവള്ളി ഒരു ബഹുമുഖ പ്രതിഭയായിരുന്നു. അദ്ദേഹമാണ് വൈക്കം സത്യഗ്രഹ സമരഭടന്മാർക്കായി സമരഗാനം രചിച്ചത്. മാത്രമല്ല, മികച്ച ചികിത്സകനെന്നു തെളിയിച്ച പാണാവള്ളിക്ക് ഗുരുദേവൻ പട്ടും പവനും സമ്മാനമായി നൽകുകയുമുണ്ടായി. ഒരു വ്യവസായ സംരഭകനുമായിരുന്നു, അദ്ദേഹം.
ശിവഗിരിയിലും
കായിക്കരയിലും
ഗുരുദേവ സൂക്തങ്ങളായ 'വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക, വ്യവസായം കൊണ്ട് ധനാഭിവൃദ്ധി നേടുക" എന്നിവയെ മുൻനിറുത്തി പാണാവള്ളിയുടെ വിശദീകരണം അംബേദ്കറെ വിസ്മയിപ്പിച്ചു. ഈ ഉദ്ബോധനങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനായി ഗുരുദേവൻ അനുഷ്ഠിച്ച ത്യാഗത്തെക്കുറിച്ചു കൂടി പറഞ്ഞപ്പോൾ, ശിവഗിരിയിൽ പോകണമെന്ന ഡോ. അംബേദ്കറുടെ കലശലായ ആഗ്രഹം പാണാവള്ളിയോട് തുറന്നു പറഞ്ഞു.
മഹാകവി കുമാരനാശാനെക്കുറിച്ചും പാണാവള്ളി കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചതോടെ മഹാകവിയുടെ ജന്മസ്ഥലമായ കായിക്കര സന്ദർശിക്കണമെന്നും അംബേദ്കർ താത്പര്യം പ്രകടിപ്പിച്ചു. പാണാവള്ളി നിർദ്ദേശിച്ചതനുസരിച്ച്, കൊല്ലത്തെ പൗരമുഖ്യരിൽ പ്രധാനിയായിരുന്ന എ.കെ. ഭാസ്കർ ആണ് കായിക്കരയിലും ശിവഗിരിയിലും ഡോ. അംബേദ്കറെ അനുഗമിച്ചത്. ഗുരുദേവനെക്കുറിച്ചും മഹകവിയെക്കുറിച്ചും ആഴത്തിൽ പഠനം നടത്തിയ എ.കെ. ഭാസ്കർ വിവരിച്ച കാര്യങ്ങളെല്ലാം ഡോ. അംബേദ്കർ ഡയറിയിൽ കുറിച്ചെടുത്തു. അദ്ദേഹത്തെ എറ്റവും ആകർഷിച്ചത് ഗുരുദേവന്റെ അരുവിപ്പുറം സന്ദേശത്തിലെ 'സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം" എന്ന പ്രയോഗമായിരുന്നു. അംബേദ്കർ ഡയറിയിൽ സവിശേഷ പ്രാധാന്യം നൽകി കുറിച്ചെടുത്തത് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, വിദ്യ, ധനം എന്നിവയായിരുന്നു.
പത്രപ്രവർത്തന രംഗത്ത് രാജ്യാന്തരശ്രദ്ധ നേടിയ ബി.ആർ.പി. ഭാസ്കറിന്റെ പിതാവായ എ.കെ. ഭാസ്കറെ കോളേജ് പഠനകാലത്ത് പരിചയപ്പെടാനും അടുത്ത ബന്ധം സ്ഥാപിക്കാനും ഈ ലേഖകന് കഴിഞ്ഞിരുന്നു. പഴയ കാലത്തെ സംഘടനാ പ്രവർത്തനരീതികൾ വിശദീകരിക്കുന്നതിനിടയിൽ, ഒരിക്കൽ ഇക്കാര്യങ്ങൾ എ.കെ. ഭാസ്കർ സാർ തന്നെ എന്നോടു പറഞ്ഞതാണ്. പിൽക്കാലത്ത്, അംബേദ്കർ കായിക്കരയിലും ശിവഗിരിയിലും തന്റെ പിതാവിനോടൊപ്പം സന്ദർശിച്ചത്, അന്ന് എട്ടു വയസുകാരനായിരുന്ന തനിക്ക് കൃത്യമായി ഓർക്കാനാകുന്നുവെന്ന് ബി.ആർ.പി ഭാസ്കർ സാർ എന്നോട് വിശദമാക്കുകയുമുണ്ടായി.
ഗുരുദർശനം,
സാമൂഹ്യനീതി
ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറിന് സാമൂഹിക നീതിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുവാനും ഭരണഘടനയിൽ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ എഴുതിച്ചേർക്കുവാനും ബുദ്ധമത ധർമ്മത്തെ പിന്തുടർന്ന് ഗുരുദേവ ദർശനവും സ്വാധീനം ചെലുത്തി എന്നു സൂചിപ്പിക്കുവാനാണ് ആനുഷംഗികമായി ഈ വിവരങ്ങൾ ഇവിടെ വിശദീകരിച്ചത്. സമസ്ത ജനവിഭാഗങ്ങളിലും സ്വാതന്ത്ര്യം സമത്വം, സാഹോദര്യം, നീതി, അന്തസ് എന്നിവ രാജ്യത്താകമാനം പുലർന്നു കാണണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഡോ. അംബേദ്കർ ഭരണഘടനയുടെ കരട് എഴുതിയുണ്ടാക്കിയതും, ഏറെ വാദപ്രതിവാദങ്ങൾക്കു ശേഷം അതിന് അംഗീകാരം നേടിയെടുത്തതും. കാലക്രമേണ ബുദ്ധമതത്തിൽ ചേർന്ന ഡോ. അംബേദ്കർ പിന്തുടർന്നത് ബുദ്ധ ധർമ്മമാണ് എന്നതും ഈ നിഗമനം ശരിവയ്ക്കുന്നുണ്ട്.
സഹജീവികളോട് സഹാനുഭൂതിയും സമഭാവനയും വച്ചുപുലർത്തിയ ഡോ. അംബേദ്കർ, ലോകത്ത് ഇന്ത്യയിൽ മാത്രം നിലവിലുള്ള ജാതിസമ്പ്രദായം തിന്മനിറഞ്ഞതും വിനാശകരവുമായ അധമ പ്രതിഭാസമെന്ന വിശ്വാസപ്രമാണത്തിലാണ്, ഗുരുദേവനെപ്പോലെ തന്നെ അടിയുറച്ചു നിലകൊണ്ടത്. അദ്ദേഹം പ്രത്യേക താത്പര്യമെടുത്ത് എഴുതിച്ചേർത്ത ഭരണഘടനയിലെ ആർട്ടിക്കിൾ- 17 വ്യവസ്ഥ ചെയ്യുന്നത് തൊട്ടുകൂടായ്മ നിയമവിരുദ്ധമെന്നാണ്. സാമൂഹിക നീതി സുദൃഢമാക്കുന്നതിനായി ജാതി, മതം, വർഗം, ലിംഗം, അധികാരം, പദവി, സ്വത്ത് എന്നിവ കണക്കിലെടുക്കാതെ, വ്യക്തിഗതമായ സാമൂഹിക സമത്വം സംരക്ഷിക്കാനാകും വിധമുള്ള വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ ബദ്ധശ്രദ്ധനായിരുന്നു ഡോ. അംബേദ്ക്കർ. ഈ ജാഗ്രതയും ആർജ്ജവവും പിന്നാക്ക വിഭാഗത്തിന് ഒരു കാലത്തും വിസ്മരിക്കാനാവില്ല.
'അനുകമ്പാദശക"ത്തിൽ ഗുരുദേവൻ നിഷ്കർഷിച്ച കാരുണ്യം, പരസ്പര സ്നേഹം, സഹാനുഭൂതി, സഹനശക്തി. അനുകമ്പ, മനുഷ്യാവകാശം എന്നിവ മുൻനിറുത്തിയാണ് ഭരണഘടനയിൽ വർണവ്യവസ്ഥയ്ക്ക് പുറത്തുനിറുത്തിയ ജനവിഭാഗത്തിന്റെ രക്ഷകനായി ഡോ. അംബേദ്കർ അവതരിച്ചത്. രാജ്യപുരോഗതിക്കായി സവർണ-അവർണ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരവും സൗകര്യവും ഉണ്ടാകണമെന്ന് ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒപ്പം, സാമ്പത്തിക അഭിവൃദ്ധിയിലും തൊഴിൽ അവസരങ്ങളിലും സന്തുലിതാവസ്ഥ ഉണ്ടാകണം എന്നതിലും ഡോ. അംബേദ്ക്കർക്ക് നിർബന്ധബുദ്ധിയുണ്ടായിരുന്നു.
പിന്നാക്കക്കാർക്ക്
പരിരക്ഷ
നീതിയുക്തമായ സാമൂഹിക വ്യവസ്ഥിതി സൃഷ്ടിക്കപ്പെടുന്നതിന് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ ജാതിവിവേചനത്തിലൂടെ സാമൂഹികമായി പിന്നാക്കം പോയവർ രാഷ്ട്രീയമായി കരുത്തു നേടണമെന്നും, അതിലൂടെ നൂതനാശയങ്ങൾക്ക് രൂപം കൊടുക്കണമെന്നും അദ്ദേഹം അടിവരയിട്ട് ഓർമ്മിപ്പിച്ചു. മാത്രമല്ല, സാമൂഹികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നവരെ ഭരണഘടനയുടെ പ്രത്യേക പട്ടികകളിൽ ഉൾപ്പെടുത്തുകയും അവർക്ക് വിദ്യാഭ്യാസ, തൊഴിൽ, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ സവിശേഷ പരിരക്ഷ ലഭ്യമാക്കാനുള്ള വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. പട്ടികജാതി, പട്ടികവർഗക്കാർ എന്ന ഭരണഘടനാ പിൻബലമുള്ള ഈ വിഭാഗങ്ങൾക്ക് തുടക്കം മുതൽതന്നെ ഈ പരിരക്ഷ ലഭ്യമാക്കുകയുമുണ്ടായി.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മറ്റുള്ളവരെ കണ്ടെത്തി ആ വിഭാഗങ്ങൾക്കും പ്രത്യേക പരിരക്ഷ ഏർപ്പെടുത്തണമെന്ന് ഭരണഘടയിൽ മറ്റൊരു വ്യവസ്ഥ ഡോ. അംബേദ്കർ ഉൾപ്പെടുത്തുകയും ചെയ്തു. ഗുരുദേവനും മഹാത്മജിയുമായുള്ള കൂടിക്കാഴ്ചയിൽ നടന്ന സംഭാഷണവും, അതിനു ലഭിച്ച ദേശവ്യാപകമായ ഖ്യാതിയും, തദനുസൃതമായി കോൺഗ്രസ് പാർട്ടിയിലുണ്ടായ നയവ്യതിയാനവും തന്നെയാണ് ഗുരുദേവ ദർശനത്തിന് ഭരണഘടനയിൽ ഉചിതമായ സ്ഥാനം നൽകാൻ പ്രേരകമായത് എന്ന നിഗമനം തുടർപഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |