
വി.ഐ.പി സഞ്ചാരത്തിനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ പൊലീസ് വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറിന് വാടകയിനത്തിൽ ഇതുവരെ നൽകിയത് 34.80 കോടി രൂപയാണ്. കേരളം പോലൊരു ചെറുതും ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ കുറവുള്ളതുമായ സംസ്ഥാനത്ത് ഹെലികോപ്ടർ വാടകയ്ക്കെടുത്ത് വെറുതേയിട്ടിരിക്കുന്നത് ഏറെ വിമർശനത്തിന് വഴിവച്ചിട്ടും സർക്കാരിന് കുലുക്കമില്ല. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി വാടകയിനത്തിൽ 2.40കോടി കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചു. മൂന്നു മാസത്തെ വാടക കുടിശികയാണിത്. ചിപ്സൺ ഏവിയേഷന്റെ പുതിയകോപ്ടറിന് 4 കോടിയോളം വാടക കുടിശികയുണ്ട്. ഇപ്പോഴത്തെ കോപ്ടറിന്റെ കരാർ തീരുമ്പോഴേക്കും വാടകയിനത്തിൽ 62കോടിയോളം നൽകിയിരിക്കും.
80ലക്ഷം മാസവാടക നൽകേണ്ട കോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ വിശ്രമിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ-നാവികസേനകൾ കോപ്ടർ അയയ്ക്കുമെന്നിരിക്കെയാണ് ഈ വാടകധൂർത്ത്. 11സീറ്റുള്ള ഫ്രഞ്ച് നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക. ചാലക്കുടിയിലെ ഹാംഗർ യൂണിറ്റിൽ പാർക്കു ചെയ്യുന്ന കോപ്ടർ ആവശ്യമുള്ളപ്പോൾ തലസ്ഥാനത്തേക്ക് പറന്നെത്തും. അപൂർവമായാണ് മുഖ്യമന്ത്രി ഇതിൽ പറക്കാറുള്ളത്. ഗവർണറും മന്ത്രിമാരും ഡിജിപിയും ചീഫ് സെക്രട്ടറിയുമൊന്നും കോപ്ടർ ഉപയോഗിക്കാറില്ല.
80 ലക്ഷം രൂപയ്ക്ക് 25മണിക്കൂറേ പറക്കൂ. അധികമുള്ള മണിക്കൂറൊന്നിന് 90,000 രൂപ വീതം നൽകണം. 3വർഷത്തേക്കുള്ള കരാർ പ്രകാരം 28.80കോടിയാണ് നൽകേണ്ടത്. വേണമെങ്കിൽ രണ്ടുവർഷത്തേക്ക് കൂടി നീട്ടാനും കരാറിൽ വ്യവസ്ഥയുണ്ട്. ആദ്യമെടുത്ത പവൻഹാൻസിന്റെ കോപ്ടറിന് 1.71കോടിയായിരുന്നു മാസവാടക. 22.15കോടിയാണ് ചെലവിട്ടത്. 2023സെപ്തംബർ മുതലാണ് ചിപ്സണിന്റെ കോപ്ടർ ഉപയോഗിച്ചുതുടങ്ങിയത്. ഇസഡ്-പ്ലസ് സുരക്ഷയുള്ളതിനാൽ മുഖ്യമന്ത്രി എത്രതവണ കോപ്ടറിൽ യാത്രചെയ്തെന്നടക്കം വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിയമസഭയിൽ പറഞ്ഞത്. വയനാട്ടിലെ കാലവർഷക്കെടുതിയിൽ രക്ഷാപ്രവർത്തകരുമായി കോപ്ടർ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പറന്നിരുന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായും എയർ ആംബുലൻസായും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മേപ്പാടി ഉരുൾപൊട്ടൽ സമയത്ത് കോപ്ടർ ഉപയോഗിച്ചില്ല.
പൊലീസിന്റെ പിടിവാശി
പൊലീസിന്റെ നിരന്തര ആവശ്യപ്രകാരമാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൊലീസിന്റെ നിയന്ത്രണത്തിലാണ് കോപ്ടർ. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ട്, ബഡ്ജറ്റ്‌വിഹിതം, അധികഗ്രാന്റ് എന്നിവയിൽ നിന്നാണ് വാടകനൽകുന്നത്. വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയ്ക്ക് കോപ്ടർ വേണമെന്നാണ് പൊലീസ് നിലപാട്. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനുമുപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. മാവോയിസ്റ്റ് നിരീക്ഷണത്തിന് പോയപ്പോൾ വനത്തിന്റെ പച്ചപ്പ് മാത്രമേ കാണാനായുള്ളൂ. കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞു. രാത്രിയിലടക്കം പ്രതികൂല കാലാവസ്ഥയിൽ പറക്കാമെന്നാണ് കമ്പനിയുടെ വാദമെങ്കിലും രാത്രിയിലോ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ല. എയർ ലിഫ്‌റ്രിംഗിനും രക്ഷാദൗത്യങ്ങൾക്കും ഉപയോഗിക്കാനാവില്ല.
കോപ്ടറിന് 5 ദൗത്യങ്ങൾ
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കൽ, വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയാണ് ദൗത്യങ്ങൾ. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത് ചിപ്സണാണ്.ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ, നാവികസേനകൾ കോപ്ടർ അയയ്ക്കാൻ സന്നദ്ധമാണ്. ചെലവ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ കുറയ്ക്കും. ഏത് കാലാവസ്ഥയിലും പറക്കും, രക്ഷാദൗത്യങ്ങൾ നടത്തും. സ്വകാര്യ കോപ്ടറിന് 18% ജി.എസ്.ടിയുണ്ട്. സേനാകോപ്ടറിന് നികുതിയില്ല.
മാവോയിസ്റ്റ്
ഭീഷണിയൊഴിഞ്ഞു
മാവോയിസ്റ്റ് വേട്ടയ്ക്ക് കോപ്ടർ ആവശ്യമാണെന്നായിരുന്നു പൊലീസ് വാദം. എന്നാൽ കഴിഞ്ഞമാസം മാവോയിസ്റ്റ് നേതാവ് സന്തോഷ് (രവി) തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായതോടെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ മാവോയിസ്റ്രുകളെയും പിടികൂടാനായെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ട്. അന്തർസംസ്ഥാന സേനകളുടെ സഹകരണം, തുടർച്ചയായ ഇന്റലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ എന്നിവയിലൂടെയാണ് ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളെ തിരയാനായി ഇടയ്ക്കിടെ കോഴിക്കോട്ടെത്തിക്കുന്നത് ഇതോടെ അനിവാര്യമല്ലാതായി.
₹80 ലക്ഷം
മാസവാടക
25 മണിക്കൂർ
മാസം പറക്കുന്നത്
90,000 രൂപ
അധിക മണിക്കൂറിന്
3 വർഷം
കരാർ കാലാവധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |