
ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം ( 1925 മാർച്ച് 8 മുതൽ 19 വരെ). അതിനു മുമ്പ്, 1920 ഓഗസ്റ്റ് 18-ന് അദ്ദേഹത്തിന്റെ ഒന്നാം കേരള സന്ദർശനം. നിസഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് സമരത്തിന്റെയും പ്രചാരാണാർഥം കോഴിക്കോട്ടേക്ക് ഒറ്റദിവസത്തെ സന്ദർശനമായിരുന്നു അത്. ഇന്ത്യയിൽ യൂറോപ്യൻ അധിനിവേശത്തിന്റെ ചങ്ങലക്കണ്ണികൾ നീണ്ടുവന്ന കോഴിക്കോട് കടപ്പുറത്ത്, അന്നു വൈകുന്നേരം പതിനായിരങ്ങളെ സാക്ഷിയാക്കി ഗാന്ധിജി ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യ പ്രഖ്യാപനം നടത്തി.
അടുത്ത ദിവസംതന്നെ അദ്ദേഹം മംഗലാപുരത്തേക്കു പോയി. വൈക്കം സത്യഗ്രഹികളെ സന്ദർശിക്കാനെത്തിയ രണ്ടാം സന്ദർശനത്തിലാണ് അദ്ദേഹം ശിവഗിരി മഠത്തിലെത്തി ശ്രീനാരായണ ഗുരുവിനെയും, വർക്കല കൊട്ടാരത്തിലുണ്ടായിരുന്ന തിരുവിതാംകൂർ ഭരണാധികാരി റീജന്റ് മഹാറാണി സേതു ലക്ഷ്മിഭായിയെയും സന്ദർശിച്ചത്. മാർച്ച് 12-ന് ഗാന്ധിജി ശിവഗിരിയിൽ താമസിച്ചു. അതേപ്പറ്റി പിന്നീട് നടത്തിയ ഒരു പ്രസംഗത്തിൽ ഗാന്ധിജി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:
'ശ്രീനാരായണഗുരുസ്വാമിയെ കാണുന്നതിനുള്ള സന്ദർഭം എനിക്കു ലഭിച്ചു. അദ്ദേഹത്തിനുപോലും വൈക്കത്തെ റോഡിൽക്കൂടി സഞ്ചരിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് ഓർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി. ഞാൻ അദ്ദേഹത്തിന്റെ അതിഥിയായിരുന്നു. ശിവഗിരി മഠം മഹത്വമുള്ളതാണ്, സുന്ദരമാണ്. അവിടത്തെ ശുചീകരണത്തിനുള്ള ഏർപ്പാടുകളും എനിക്കിഷ്ടമായി. അവിടെ ചില ദളിത് കുട്ടികൾ സംസ്‌കൃതം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. സംസ്‌കൃത പണ്ഡിതന്മാർക്കു മാത്രമേ ഇത്ര ഭംഗിയായി പാരായണം ചെയ്യാൻ കഴിയൂ.
അവിടെ വച്ച്. പ്രമാണികളായ പല ഈഴവ സഹോദരന്മാരെയും എനിക്ക് കാണാൻ സാധിച്ചു. അവർ ഈ നാട്ടിലെ സമുന്നതരായ വ്യക്തികളെപ്പോലെ തന്നെ കഴിവുള്ളവരാണ്. അവർക്ക് വൈക്കത്തെ റോഡുകളിൽക്കൂടി സഞ്ചരിക്കാൻ സ്വാതന്ത്ര്യമില്ലെന്ന വസ്തുത എന്റെ മതബോധത്തെയും ദേശീയബോധത്തെയും മനുഷ്യത്വത്തെയും വ്രണപ്പെടുത്തുന്നു..."
ഇംഗ്ലീഷ് ഗവർണർ ജനറലിനു മുന്നിൽ പരിചാരകരെപ്പോലെ വേഷംകെട്ടി നടക്കുന്ന നാട്ടുരാജാക്കന്മാരെ വിമർശിച്ചിട്ടുള്ള ഗാന്ധിജിയെ, തിരുവിതാംകൂർ ഭരണാധികാരി റീജന്റ് റാണി സേതുലക്ഷ്മീഭായിയുടെ വേഷവും ലാളിത്യവും വളരെ ആകർഷിച്ചു. അവരെ പ്രശംസിച്ചുകൊണ്ട് പിന്നീട് അദ്ദേഹം 'യംഗ് ഇന്ത്യ"യിൽ എഴുതുകയും ചെയ്തു. പിന്നീടെല്ലാം ഗാന്ധിജി വിമർശിച്ചത് കേരളത്തിലെ അയിത്തത്തെയാണ്. അയിത്തംകൊണ്ട് ഒരു ഭൂപടമുണ്ടാക്കിയാൽ അതിൽ ഏറ്റവും കൂടുതൽ കറുപ്പ് നൽകുന്നത് മലബാറിന് (കേരളത്തിന്) ആണെന്ന് പലപ്രാവശ്യം അദ്ദേഹം പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
അയിത്തത്തിനെതിരായി ഒരു കുരിശുയുദ്ധക്കാരന്റെ മട്ടിലാണ് താൻ പിന്നീടെല്ലാം കേരളം സന്ദർശിച്ചിട്ടുള്ളതെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ നിരന്തരം അദ്ദേഹം നടത്തിയ പ്രസംഗങ്ങളാണ് പിന്നീട് എല്ലാ സന്ദർശനങ്ങളിലും ഉണ്ടായത്. മൂന്നായിക്കിടന്ന കേരളത്തെ ഏകോപിപ്പിച്ചുകൊണ്ട് ആദ്യം സന്ദർശനം നടത്തിയ ദേശീയനേതാവായിരുന്നു ഗാന്ധി. അദ്ദേഹം നടത്തിയ ആകെ അഞ്ച് സന്ദർശനങ്ങളിലൂടെ കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഗാന്ധിജിയുടെ പാദമുദ്ര പതിഞ്ഞിട്ടുണ്ട്.
രണ്ടാം സന്ദർശനത്തിൽ തിരുവനന്തപുരം ഫോർട്ട് ഗേൾസ് സ്‌കൂൾ, സയൻസ് കോളേജ് എന്നിവിടങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ബാലരാമപുരം, നെയ്യാറ്റിൻകര, കളിയിക്കാവിള, കുഴിത്തുറ, തക്കല, കന്യാകുമാരി, കഴക്കൂട്ടം, ആറ്റിങ്ങൽ, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ആനന്ദാശ്രമം, വൈക്കം, ആലുവ, തൃശൂർ, വടക്കാഞ്ചേരി, ആലത്തൂർ, പാലക്കാട് വഴി ശബരി ആശ്രമത്തിലെത്തി വിശ്രമിച്ചശേഷം തിരിച്ചുപോയി.
ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം 1927 ഒക്ടോബർ 9 മുതൽ 25 വരെയായിരുന്നു. നാഗർകോവിൽ വഴിയാണ് അദ്ദേഹം തിരുവനന്തപുരത്തേക്കു വന്നത്. പുത്തൻകച്ചേരി മൈതനത്തും വി.ജെ.ടി. ഹാളിലും അദ്ദേഹം പ്രസംഗിച്ചു. കൊല്ലം, കരുവാറ്റ, ഹരിപ്പാട്, ആലപ്പുഴ, കൊച്ചി, ഒല്ലൂർ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം തേക്കിൻകാട് മൈതാനത്ത് പ്രസംഗിച്ചു. പിന്നീട് പാലക്കാട് ശബരി ആശ്രമത്തിൽനിന്ന് കോയമ്പത്തൂരിലേക്കും അവിടെനിന്ന് ഒറ്റപ്പാലം, ഷൊർണൂർ, വള്ളുവനാട്, തളിപ്പറമ്പ് വഴി കോഴിക്കോടെത്തി.
1934 ജനുവരി 10 മുതൽ 22 വരെയായിരുന്നു നാലാം സന്ദർശനം. ശബരി ആശ്രമം, പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, തേങ്കുറിശി, നൊച്ചുള്ളി, കരിമ്പുഴ, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, പാക്കനാർപുരം, കൊയിലാണ്ടി, എന്നിവിടങ്ങളിലൂടെ കോഴിക്കോടെത്തി. അവിടെ ടൗൺഹാളിലും മാതൃഭൂമി ഓഫീസിലും കെ. മാധവൻനായരുടെ ചിത്രം അനാച്ഛാദനം ചെയ്തു. അടുത്ത ദിവസം, കോടമഞ്ഞും മലമ്പനിയും നിറഞ്ഞതും സഹ്യാദ്രിയിൽ ഒറ്റപ്പെട്ട ഭൂഖണ്ഡംപോലെ കിടന്നിരുന്നതുമായ വയനാട് സന്ദർശിച്ചു.
കോഴിക്കോട്ടുവച്ച് സാമൂതിരി രാജാവുമായി ഗാന്ധിജി സംഭാഷണം നടത്തി. കൂർക്കഞ്ചേരി, പെരുവാനത്ത്, ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ, എറണാകുളം, തൃപ്പുണിത്തുറ, കൊച്ചി, പള്ളുരുത്തി, തുറവൂർ, ആലപ്പുഴ, നെടുമുടി, കോട്ടയം, ചങ്ങനാശ്ശേരി, അടൂർ, പന്മന, കൊല്ലം എന്നിവിടങ്ങൾ സന്ദർശിച്ചശേഷം അദ്ദേഹം ശിവഗിരി ആശ്രമത്തിൽ വീണ്ടുമെത്തി. പിന്നീട് തിരുവനന്തപുരത്തെത്തിയശേഷം പാപ്പനംകോട് വഴി, നെയ്യാറ്റിൻകര, അമരവിള, കുഴിത്തുറ, തക്കല, നാഗർകോവിൽ വഴി കന്യാകുമാരിയിലെത്തി താമസിച്ചു.
ഗാന്ധിജിയുടെ അവസാന സന്ദർശനം 1937 ജനുവരി 12 മുതൽ 19 വരെയായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ 1936 നവംബർ 12-ന് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബര ആഘോഷങ്ങളിൽ പങ്കെടുക്കാൻ സർക്കാർ അദ്ദേഹത്തെ ക്ഷണിച്ചു. അടുത്തമാസം വരാമെന്ന് ഗാന്ധിജി അറിയിച്ചു. സമസ്ത ഹിന്ദുക്കൾക്കും എല്ലാ ഹിന്ദുക്ഷേത്രങ്ങളും തുറന്നുകൊടുത്ത ഈ വിളംബരം ഇന്ത്യയൊട്ടാകെയുള്ള നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ക്ഷേത്രവഴികളിലൂടെ അയിത്ത ജാതിക്കാർക്ക് സഞ്ചാരം അനുവദിക്കുന്നതിനു വേണ്ടിയായിരുന്നു വൈക്കം സത്യാഗ്രഹം നടന്നത്.
അന്നുതന്നെ ഗാന്ധിജി പറഞ്ഞതാണ്, സമസ്ത ഹിന്ദുക്കൾക്കും എല്ലാ ക്ഷേത്രങ്ങളും തുറന്നുകൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന്. വൈക്കം സത്യഗ്രഹികളെ സന്ദർശിക്കാനെത്തിയ ഗാന്ധിജിയെ അന്നത്തെ യാഥാസ്ഥിതികർ ഇണ്ടൻതുരുത്ത് മനയിൽപ്പോലും കയറ്റാതെ പ്രത്യേക പന്തൽ കെട്ടിയാണ് സംഭാഷണം നടത്തിയത്. അത്രയ്ക്ക് അയിത്തം കൊടികുത്തിവാണ കാലത്താണ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. ഇതിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ഗാന്ധിജി 1937 ജനുവരി 12-ന് തിരുവനന്തപുരത്തെത്തി.
മുമ്പെല്ലാം ഒരു കുരിശുയുദ്ധക്കാരനായി തിരുവിതാംകൂറിൽ വന്നിട്ടുള്ള താൻ ഇപ്പോൾ തീർത്ഥാടകനായാണ് എത്തിയിരിക്കുന്നതെന്ന് ഗാന്ധിജി പറഞ്ഞു. ജനുവരി 13-ന് ദളിതുകളുമായി ഗാന്ധിജി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. എത്രയോ വർഷത്തിനു ശേഷം ആദ്യമായി ഗാന്ധിജിയുടെ ഈ ക്ഷേത്രസന്ദർശനം ഇന്ത്യയിലെ പത്രങ്ങളിൽ വലിയ വാർത്തയായി. അന്നു വൈകുന്നേരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു സർക്കാരിന്റെ പൊതുസമ്മേളനം. പതിനായിരങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു.
അവിടെ .പ്രസംഗിച്ച ഗാന്ധിജി, തിരുവിതാംകൂറിലെ യുവാവായ മഹാരാജാവിന്റെ മാതൃക, വൃദ്ധരായ കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും സീകരിക്കണമെന്ന് അഭ്യർഥിച്ചു. ഈ സന്ദർശനത്തിൽ തിരുവിതാംകൂർ പ്രദേശങ്ങൾ മാത്രമേ ഗാന്ധി സന്ദർശിച്ചുള്ളൂ. വർക്കല, ഗിവഗിരിമഠം, പാരിപ്പള്ളി, കൊല്ലം, തട്ടാരമ്പലം, ഹരിപ്പാട്, തകഴി, ചേർത്തല, വൈക്കം, ഏറ്റുമാനൂർ, കുമാരനെല്ലൂർ, തിരുവാർപ്പ്, കോട്ടയം വഴി കൊട്ടാരക്കരയിലെത്തി. അവിടെ, നാരായണൻ നമ്പൂതിരിപ്പാടിന്റെ സ്വകാര്യക്ഷേത്രം അവർണർക്ക് തുറന്നുകൊടുത്തതിനു ശേഷമാണ് ഗാന്ധിജി കേരളത്തോട് യാത്രപറഞ്ഞത്.
(മുതിർന്ന പത്രപ്രവർത്തകനും 'ഹേ റാം" എന്ന ഗ്രന്ഥത്തിന്റെ കർത്താവുമാണ് ലേഖകൻ. ഫോൺ: 94465 03503 )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |