
എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു പ്രഖ്യാപിച്ച മഹാത്മാ ഗാന്ധിയും ശ്രീ നാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചരിത്രത്തിൽ ഒരുപാട് അർത്ഥങ്ങളുണ്ട്. ഗാന്ധി- ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നൂറ് പ്രഭാഷണങ്ങൾ ഉൾച്ചേർത്ത പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് വർക്കലയിൽ തുടക്കമാവുകയാണ്. ഹിന്ദു സമൂഹത്തിൽ വിവരണാതീതമായ ജാതിചിന്തയും അതിന്റെ കെടുതികളും അയിത്തവും അനാചാരവും നടമാടിയപ്പോൾ ശ്രീനാരായണ ഗുരു അതിനോട് കലഹിച്ചു. ചൂഷണം അനുഭവിച്ച മനുഷ്യർക്കായി നിരന്തരം സംസാരിച്ചു. അവർക്കായി ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ നിന്ന് പ്രസരിച്ചത് മാനവികതയുടെ വെളിച്ചമായിരുന്നു.
Do or Die എന്നത്, ഇന്ത്യയെ പിടിച്ചു കുലുക്കിയ ഗാന്ധിയുടെ ഗംഭീര പ്രയോഗമാണ്. അസ്വാതന്ത്ര്യത്തിനെതിരെ പൊരുതുകയാണ് ജീവിച്ചിരിക്കുക എന്നതിനർത്ഥം. ഇപ്രകാരം ജീവിക്കാൻ ആവുന്നില്ലെങ്കിൽ മരിക്കുകയാണ് അഭികാമ്യം. ഗാന്ധിമാർഗത്തെ ഇങ്ങനെയും വായിക്കാം. സർവമതങ്ങളിലും പെട്ട ഇന്ത്യക്കാർ ഒരുമിച്ചു നിന്നെങ്കിലേ ബ്രിട്ടനെ പരാജയപ്പെടുത്താൻ കഴിയൂ എന്ന് ഗാന്ധിക്ക് അറിയാം.വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ രാഷ്ട്രീയ തന്ത്രത്തെ നേരിടാൻ മതസൗഹാർദ്ദം സംരക്ഷിച്ചേ മതിയാകൂ എന്ന് ഗാന്ധിക്ക് ബോദ്ധ്യമുണ്ടായിരുന്നു.
ജാതി എന്ന ആശയം ഇന്ത്യൻ സമൂഹത്തെ എങ്ങനെയാണ് ബാധിച്ചത്? ജാതി മൂലമുള്ള അസമത്വം ഒരു രാഷ്ട്രീയ വിഷയമായി എന്നു മുതലാണ് ഗാന്ധി കണ്ടുതുടങ്ങുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ഗാന്ധിയുടെ ശിവഗിരി സന്ദർശനം അതിനുള്ള സൂചനകൾ തരുന്നു. മനുഷ്യർ സങ്കുചിത മതബോധത്തിനോ ജാതിചിന്തകൾക്കോ കീഴ്‌പ്പെടുന്നത് സമൂഹ പുരോഗതിയുടെ ലക്ഷണമല്ലെന്ന് ശ്രീനാരായണ ഗുരുവിന് അറിയാമായിരുന്നു.
മതത്തെകുറിച്ച് വൈകാരിക തലത്തിൽ നിന്ന് ഗുരു സംസാരിച്ചില്ല. ഹിന്ദു മതത്തിനുള്ളിൽ വളർന്നുവന്ന ജാതി ചൂഷണങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കിയതായും മതം വിട്ടായാലും സ്വാതന്ത്ര്യത്തെ പുൽകാൻ അവർ ആഗ്രഹിച്ചിരുന്നതായും മനസിലാക്കാൻ സാധിക്കും. മതപരിവർത്തനം ശരിയോ തെറ്റോ എന്ന വിഷയത്തെക്കുറിച്ചല്ല, മതപരിവർത്തനത്തിന് എങ്ങനെയാണ് അന്നത്തെ ആളുകൾ നിർബന്ധിതരായത് എന്ന സമൂഹ്യ പ്രശ്നമാണ് ഗാന്ധിജിയുടെ ചോദ്യങ്ങൾക്കുള്ള ഗുരുവിന്റെ മറുപടികളിലുള്ളത്. എല്ലാ മതങ്ങളെയും, എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ചിന്താധാരയാണ് ഗുരു വികസിപ്പിച്ചത്.
സ്വാതന്ത്ര്യത്തിനായുള്ള ശ്രമത്തിന്റെ രൂഢമൂലത ഓർത്താൽ പൂർണഫലപ്രാപ്തിയ്ക്ക് ഗാന്ധി വീണ്ടും അവതരിക്കേണ്ടി വരുമെന്ന് ഗുരു വിശദീകരിക്കുമ്പോൾ, തന്റെ ജീവിതകാലത്തുതന്നെ അത് സഫലമാകുമെന്ന പ്രതീക്ഷ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്. പിൽക്കാലത്ത് ജാതിവ്യവസ്ഥയെക്കുറിച്ചും അയിത്തത്തെക്കുറിച്ചുമുള്ള ഇന്ത്യൻ ധാരണകൾ മാറ്റിമറിക്കുന്ന സംവാദമായി വളർന്ന കൂടിക്കാഴ്ചയായിരുന്നു ഗാന്ധിജിയും ഗുരുദേവനും തമ്മിൽ നൂറു വർഷം മുമ്പ് നടന്നത്. മതബോദ്ധ്യങ്ങൾക്കും ജാതിചിന്തകൾക്കും അതീതമായ മഹാജ്ഞാനത്തിലൂന്നിയാണ് ഗുരുവിന്റെ ഇടപെടൽ. ഗാന്ധി- ഗുരു കൂടിക്കാഴ്ചയ്ക്ക് നൂറുവർഷം തികയുമ്പോൾ ആ സംവാദത്തെ വീണ്ടും ഓർമ്മിക്കുന്നത് മഹത്തരമായൊരു സാംസ്‌കാരിക ഉത്തരവാദിത്വമാണ്.
(കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും, ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |