
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഈഴവ സമുദായത്തിൽ ജനിച്ച ബി.എ. ബാലുവിനെ കഴകക്കാരനായി നിയമിച്ചതിൽ ആചാര ലംഘനം നടന്നതായി ആരോപിച്ച് തന്ത്രിമാർ പ്രതിഷേധിക്കുകയും പ്രതിഷ്ഠാദിന പൂജകൾ ഉൾപ്പെടെ ബഹിഷ്ക്കരിക്കുമെന്ന് രേഖാമൂലം കത്തുനൽകുകയും ചെയ്ത സംഭവം വലിയ വിവാദമായിരിക്കുകയാണ്. സാധാരണയിൽ നിന്നു വ്യത്യസ്തമായി, ആറു കുടുംബങ്ങൾക്ക് താന്ത്രിക അവകാശമുള്ള ക്ഷേത്രമാണ് കൂടൽമാണിക്യം. ബ്രാഹ്മണാധിനിവേശത്തിന്റെ ആദ്യകാലങ്ങളിൽ തരണനെല്ലൂർ, അണിമംഗലം എന്നീ രണ്ടു മനകൾക്കു മാത്രമേ ഇവിടെ തന്ത്രിസ്ഥാനം ഉണ്ടായിരുന്നുള്ളൂ.
പിന്നീട് തരണനെല്ലൂർ കുടുംബം നെടുമ്പുള്ളിമന, കിടങ്ങശ്ശേരി മന, കിഴക്കേമന, പടിഞ്ഞാറേ മന എന്നിങ്ങനെ നാലു ശാഖകളായി പിരിഞ്ഞു. അതോടെ ക്ഷേത്രത്തിന് അണിമംഗലം മന ഉൾപ്പെടെ അഞ്ചു തന്ത്രിമാരായി. ക്ഷേത്രം അധികാരികളുടെ തീരുമാനപ്രകാരം പിന്നീട് നകരമണ്ണ് മനയെയും തന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നു. ആറു കുടുംബങ്ങൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ താന്ത്രികാവകാശമുണ്ടായത് അങ്ങനെയാണ്. തന്ത്രി, ദേവന്റെ പിതാവാണെന്നും, ക്ഷേത്ര പരമാധികാരിയാണെന്നുമുള്ള വാദങ്ങൾ ഈ ചരിത്രത്തിനു മുന്നിൽ പൊളിഞ്ഞുവീഴുകയാണ്.
തന്ത്രിമാർ വെറും
ഉദ്യോഗസ്ഥർ
ക്ഷേത്രം അധികാരികൾ നിയമിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമാണ് തന്ത്രിമാർ. മതപരവും ആചാരപരവുമായ കാര്യങ്ങളിലൊഴികെ ക്ഷേത്രഭരണത്തിലോ നിയമനത്തിലോ യാതൊരു കുത്തകാവകാശവും തന്ത്രിമാർക്കില്ല. വസ്തുത ഇതായിരിക്കെയാണ് ജോലിക്കാരുടെ നിയമനത്തിൽ ഉത്തരവാദപ്പെട്ട ക്ഷേത്രം തന്ത്രിമാരുടെ അറിവോ സമ്മതമോ കൂടാതെ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് തന്ത്രികുടുംബങ്ങളിലെ അഞ്ചുപേർ ഒപ്പിട്ട ഒരു കത്ത് മാർച്ച് ആറിന് ദേവസ്വം ബോർഡിനു നൽകിയത്. പാരമ്പര്യ കാരാണ്മ കുടുംബത്തിലെ അംഗത്തെ മാലക്കഴകത്തിൽ നിയമിക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. ഇവിടെ ഉയരുന്ന രണ്ടു ചോദ്യങ്ങളുണ്ട്. ഏതാണ് പാരമ്പര്യ കാരാണ്മ കുടുംബം എന്നത് ആദ്യത്തെ ചോദ്യം. അവരാണോ നിലവിൽ മാലകെട്ടിയിരുന്നതെന്ന ചോദ്യമാണ് രണ്ടാമത്തേത്.
പന്ത്രണ്ട് വാര്യർ കുടുംബങ്ങൾക്കാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ മാലകെട്ടുന്നതിന് പാരമ്പര്യാവകാശമെന്ന തെറ്റായ വാദവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇത് വാസ്തവവിരുദ്ധമാണ്. വർഷത്തിൽ പത്തുമാസം കൃഷ്ണപിഷാരം, അറയ്ക്കൽ പിഷാരം എന്നീ കുടുംബങ്ങൾക്കും, മകരം, ഇടവം മാസങ്ങളിൽ മാത്രം തെക്കേ വാര്യത്തിനുമായിരുന്നു ക്ഷേത്രത്തിലെ നിത്യ കഴകാവകാശം. എഴുപതുകളിൽത്തന്നെ ഈ മൂന്നു കുടുംബങ്ങളും ജോലി ഉപേക്ഷിച്ചു. 2020 വരെ നമ്പീശൻ സമുദായത്തിൽപ്പെട്ട വ്യക്തിയാണ് ഈ ജോലി ചെയ്തത്. 2020 ൽ അദ്ദേഹം വിരമിച്ചു. ഇതേത്തുടർന്ന്, കാരാണ്മാവകാശമില്ലാത്ത വടക്കേവാര്യം കുടുംബാംഗമാണ് കഴിഞ്ഞ നാലരവർഷത്തോളമായി ഈ തസ്തികയിൽ താത്കാലിക വ്യവസ്ഥയിൽ പ്രവർത്തിച്ചുവരുന്നത്.
ആശുദ്ധി വന്നത്
ഇപ്പോഴോ?
കഴിഞ്ഞ നാല്പതു വർഷത്തിലധികമായി കാരാണ്മാവകാശമില്ലാത്ത സവർണ സമുദായാംഗങ്ങളാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ മാലകെട്ടുകാർ. കാരാണ്മാവകാശമില്ലാത്ത ആളുകൾ മാലകെട്ടിയാൽ ആചാര ലംഘനമാകുമെങ്കിൽ, ആ ലംഘനമാണ് നാലുപതിറ്റാണ്ടായി ക്ഷേത്രത്തിൽ നടന്നുവരുന്നത്. അപ്പോഴൊന്നുമില്ലാത്ത എന്ത് ആശുദ്ധിയാണ് ഈഴവനായ ബാലു മാലകെട്ടിയപ്പോൾ ഉണ്ടായതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. തന്ത്രിമാർ ഇപ്പോൾ ഉയർത്തിയ അശുദ്ധിവാദവും ആചാര ലംഘനവാദവും നഗ്നമായ അയിത്താചരണവും ഭരണഘടനാ വിരുദ്ധമായ ക്രിമിനൽ കുറ്റവുമാണ്.
നിലവിൽ ജോലി ചെയ്യുന്ന പാരമ്പര്യ കഴക്കാരനെ മാറ്റി, പകരം തെറ്റായ വിധത്തിൽ ഈഴവ സമുദായക്കാരനെ തിരുകിക്കയറ്റിയെന്ന സവർണ യാഥാസ്ഥിതികരുടെ പ്രചരണത്തിലും യാതൊരു കഴമ്പുമില്ല. താൻ കാരാണ്മാവകാശിയല്ലെന്ന് ബോദ്ധ്യമുള്ള വടക്കേവാര്യത്തെ മുൻ താത്കാലിക ജീവനക്കാരൻ ദേവസ്വം റിക്രൂട്ട്മെന്റ് വിജ്ഞാപനപ്രകാരം ഉദ്യോഗത്തിന് അപേക്ഷിക്കുകയും, പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ കാരാണ്മാ അവകാശത്തെപ്പറ്റി അദ്ദേഹത്തിനു പോലുമില്ലാത്ത അവകാശവാദങ്ങളാണ് ഇത് ജാതി വിവേചനമല്ലെന്നു വാദിക്കുന്നവർക്കുള്ളത്!
കാരാണ്മക്കാർ
മാറുമ്പോൾ
കാരാണ്മാ അവകാശം ഏതെങ്കിലും ജാതിക്കോ സമുദായത്തിനോ ഉള്ളതല്ലെന്നും പാരമ്പര്യ കുടുംബങ്ങൾക്കുള്ളതാണെന്നും ആ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നവർ പറയുന്നുണ്ട്. നിലവിലെ ദേവസ്വം ചട്ടങ്ങളും അതു ശരിവയ്ക്കുന്നു. കാരാണ്മാ അവകാശികൾ അത് ഉപേക്ഷിക്കുകയോ നിർവഹിക്കാതിരിക്കുകയോ ചെയ്താൽ, പ്രസ്തുത തസ്തിക പൊതു ഒഴിവായി മാറുകയും ഹിന്ദുമത വിശ്വാസിയായ ഏതൊരാൾക്കും അതിലേക്ക് മാനദണ്ഡങ്ങളനുസരിച്ച് മത്സരിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഈ അവസരം ഒരുപോലെ പ്രയോജനപ്പെടുത്തിയ രണ്ടു വ്യക്തികളാണ് ഈഴവ സമുദായക്കാരനായ ബാലുവും മുൻ താത്കാലിക ജീവനക്കാരനായ വാര്യർ സമുദായാംഗവും. വിജയിച്ചതും ജോലി നേടിയതും അവർണനായതിനാലാണ് തന്ത്രിമാർ എതിർത്തതും ബഹിഷ്ക്കരണം പ്രഖ്യാപിച്ചതുമെന്ന് വ്യക്തമാണ്.
തെക്കേവാര്യത്തിന്റെ കഴകാവകാശം ദേവസ്വം അനധികൃതമായി തിരിച്ചെടുത്തുവെന്ന വാദവും ശരിയല്ല. അവരുടെ അഭ്യർത്ഥനപ്രകാരം രണ്ടുമാസത്തെ കഴകാവകാശം നിലനിറുത്തിക്കൊണ്ടു തന്നെയാണ് പുതിയ നിയമനം നടന്നിട്ടുള്ളത്. ഇക്കാര്യം നോട്ടിഫിക്കേഷനിലും നിയമസഭയിലുമടക്കം സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. പിഷാരടി കുടുംബകൾക്കുണ്ടായിരുന്ന പത്തുമാസത്തെ കാരാണ്മാവകാശം കൂടി തങ്ങൾക്കു കൈമാറണമെന്ന് തെക്കേവാര്യം കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടാൽ അത് നിയമപരമായി നിലനിൽക്കില്ല.
ഹിന്ദുഐക്യം തർക്കാനുള്ള ഗൂഢാലോചനയാണ് ഈ വിവാദമെന്ന തുറുപ്പുചീട്ടുമായി ചിലർ രംഗത്തുണ്ട്.
നഷ്ടപ്പെട്ട സവർണ ജാത്യാധികാരങ്ങളും ഫ്യൂഡൽ അവകാശങ്ങളും ഏതുവിധേനയും തിരിച്ചുപിടിക്കാൻ ആസൂത്രിതമായി പ്രവർത്തിക്കുന്ന ചില തീവ്ര ബ്രാഹ്മണ്യവാദികളാണ് വിവാദത്തിനു പിന്നിലെന്ന് പകൽപോലെ വ്യക്തമായിരിക്കെ ഈ വാദം പരിഹാസ്യമാണ്. അവരുടെ പരീക്ഷണശാലയാണ് കൂടൽമാണിക്യം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ. ക്ഷേത്രാങ്കണങ്ങളിൽ നിന്നാരംഭിച്ചിട്ടുള്ള ഇത്തരം പ്രവണതകൾ മുളയിലേ നുള്ളിയില്ലെങ്കിൽ നവോത്ഥാന കേരളം ദുഃഖിക്കേണ്ടിവരും. ഇനിയെങ്കിലും സവർണ യാഥാസ്ഥിതികർ തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിച്ച് ബാലുവിന് അർഹമായ ജോലി ചെയ്യാനുള്ള അവസരമൊരുക്കണം. അല്ലാത്തപക്ഷം തന്ത്രിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
(ഗവേഷകനും പ്രഭാഷകനുമായ ലേഖകൻ കാലിക്കറ്റ് സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആണ്. ഫോൺ: 9446722699)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |