
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് കോർപ്പറേഷന്റെയും, ജില്ലാ പഞ്ചായത്തിന്റെയും ബഡ്ജറ്റുകളിലെ പ്രധാന പ്രഖ്യാപനങ്ങൾ ലഹരിവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ജില്ലയിലെ 20 ലക്ഷം ജനങ്ങളെ അണിനിരത്തി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിപുലമായ ബോധവത്ക്കരണ പരിപാടികൾ നടത്താനുള്ള നിർദ്ദേശമാണ് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ പറയുന്നത്. ലഹരിയുടെ ലോകത്തു നിന്നും കുട്ടികളെ കായികലോകത്തേക്ക് ആകർഷിക്കാനാണ് കോർപ്പറേഷൻ ബഡ്ജറ്റ് ലക്ഷ്യമിടുന്നത്. ജില്ലയെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെ എതിർക്കാനാണ് നാട് ഒത്തുചേരുന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളും.
താവളമാകുന്ന
താമരശ്ശേരി
ലഹരി വസ്തുക്കളുടെ പ്രധാന കൊടുക്കൽ വാങ്ങൽ കേന്ദ്രമായി മാറുകയാണ് ജില്ലയിലെ മലയോര പ്രദേശമായ താമരശ്ശേരി. ഈ വർഷം തന്നെ മനുഷ്യമനസിനെ നടുക്കുന്ന ഒരുപാട് കുറ്റകൃത്യങ്ങൾ താമരശ്ശേരിയിൽ റിപ്പോർട്ട് ചെയ്തു. ഇവിടെ പൊലീസ് രജിസ്റ്റർ ചെയ്ത 74 കേസുകളിൽ ഇരുപതും വലിയ അളവിൽ എം.ഡി.എം.എ കൈവശം വച്ചതിനാണ്. ലഹരി കൈവശം വച്ചതിന് എക്സൈസ് വകുപ്പും 48 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയുമെല്ലാം ഉൾപ്പെടുന്നതാണ് താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധി. ജില്ലയിലേക്ക് ലഹരിമരുന്നെത്തിക്കുന്നത് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനത്തു നിന്നുമുള്ള ബസുകൾ ജില്ലയിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും താമരശ്ശേരി വഴിയാണ്.
പൊലീസും എക്സൈസും സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് രാസലഹരിയുടെ കണ്ണികളെ അറുത്തുമാറ്റാൻ പരിശോധന കർശനമാക്കുന്നുണ്ടെങ്കിലും, ഒരാളെ പിടികൂടുമ്പോൾ മറ്റ് രണ്ട് പേർ എന്ന തോതിൽ ലഹരി വിൽപനയ്ക്ക് ആളുകളെത്തുന്നത് പ്രതിസന്ധിയായി തുടരുകയാണ്. മയക്കുമരുന്നിനെതിരെ എക്സൈസ് സേന നടപ്പിലാക്കുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 873 പേരാണ്. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതി ചേർത്തു. എക്സൈസ് മാത്രം നടത്തിയത് 6506 റെയ്ഡുകളാണ്, മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. 60,240 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്. 2.37 കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചത്.
അക്രമങ്ങൾ
തുടർക്കഥയാകുമ്പോൾ
കോഴിക്കോട് ജില്ലയിൽ മാത്രം 47 ലഹരി ഹോട്സ്പോട്ടുകൾ ഉണ്ടെന്ന് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എക്സൈസ് കണ്ടെത്തി. ലഹരിക്കൊപ്പം കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നുണ്ട്. അർബുദരോഗത്തിന് ചികിത്സയിലായിരുന്ന മാതാവിനെ മയക്കുമരുന്ന് ലഹരിയിൽ മകൻ ആഷിക് വെട്ടിക്കൊലപ്പെടുത്തിയതായിരുന്നു ആദ്യ സംഭവം. പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ അക്രമങ്ങൾ നിരവധിയാണ്.
ലഹരി തലയ്ക്കു പിടിച്ച് ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ ജ്യേഷ്ഠൻ, വീടിന് പുറത്ത് സി.സി.ടി.വി വച്ചതിന്റ പേരിൽ ലഹരിമാഫിയയുടെ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന ഗൃഹനാഥൻ. പൊലീസിനെ കണ്ട് കൈയിലിരുന്ന എം.ഡി.എം.എ വിഴുങ്ങി മരിച്ച യുവാവ്, ഒടുവിൽ ലഹരിക്കടിമയായ യാസിർ എന്ന യുവാവ് ഭാര്യ ഷിബിലയെ കുത്തിക്കൊന്ന സംഭവവും ഏറെ ഞെട്ടിച്ചു. മാതാവിനെ വകവരുത്തിയ ആഷിക്കും, ഭാര്യയെ കുത്തിക്കൊന്ന യാസിറും ഒരേ ലഹരിസംഘത്തിലെ കണ്ണികളാണെന്ന വിവരം പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നതാണ്. ഷിബിലയുടെ മരണത്തിൽ മുൻപേ പൊലീസിൽ പരാതി നൽകിയിട്ടും അത് വേണ്ടവിധം കെെകാര്യം ചെയ്തില്ലെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സ്റ്റേഷൻ വിസ്തൃതി കൂടുതലായതിനാൽ റെയ്ഡ് നടത്താനും മറ്റും പൊലീസിന് പരിമിതികളുണ്ട്. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ പൊലീസ്, എക്സെെസ് ഓഫീസുകൾ തുടങ്ങണമെന്നാണ് ഉയരുന്ന ആവശ്യം. അടുത്തിടെ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട ജീപ്പിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉത്തരമേഖലാ ഡി.ഐ.ജി താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ലഹരിക്കെതിരെ വനിതകൾ ഉൾപ്പെടെ നാട്ടുകാരുടെ നേതൃത്വത്തിൽ വ്യാപക ബോധവത്കരണം നടന്നുവരികയാണ്. ഇതിനെതിരെ ഭീഷണിയുമായി ലഹരി മാഫിയ രംഗത്തെത്തിയിട്ടുണ്ട്.
ലഹരിക്കടിമപ്പെട്ടവരെ എങ്ങനെ നേരിടണമെന്നറിയാതെ വിഷമിക്കുന്നവരുടെ മുന്നിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയായ വീട്ടമ്മ സ്വന്തം മകനെ പൊലീസിന് പിടിച്ചുനൽകിയത്. ലഹരി ഉപയോഗിച്ച് മകൻ നിരന്തരം ശല്ല്യം ചെയ്തതോടെയാണ് പൊലീസിനെ അറിയിച്ചത്. മകൻ സമൂഹത്തിന് കൂടി ഭീഷണിയാകുമോ എന്ന ആധിയാണ് അമ്മയെക്കൊണ്ട് ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്.
ലഹരിക്കെതിരെ നാട്
ലഹരി മാഫിയ വിളയാട്ടം നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഒന്നിക്കുകയാണ്. ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസെെൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പുതുപ്പാടി പഞ്ചായത്ത് മഹല്ല് കമ്മിറ്റികളുടെ യോഗം ലഹരി ഉപയോഗിക്കുന്ന യുവാക്കൾക്ക് പെണ്ണ് കൊടുക്കില്ലെന്നും തീരുമാനം എടുത്തിരുന്നു. സ്ത്രീകളും ലഹരിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും മതവിഭാഗത്തിൽപ്പെട്ടവരും സാംസ്കാരിക പ്രവർത്തകരുമെല്ലാം താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളിൽ ലഹരിവിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ലഹരിമാഫിയയുടെ ഭീഷണിയിലൊന്നും തങ്ങൾ കുടുങ്ങില്ലെന്നാണ് ലഹരിവിരുദ്ധ പ്രവർത്തകർ പറയുന്നത്. താമരശ്ശേരിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലഹരിക്കെതിരായ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി സജീവമാണ്. ലഹരിവേട്ട നടത്തുന്നതിൽ പൊലീസിനും എക്സെെസിനുമുള്ള പരിമിതി മറികടക്കാൻ അടിവാരത്ത് പൊലീസ് സ്റ്റേഷൻ വേണമെന്നും രാത്രികാലത്ത് പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |