
ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അതിവേഗ ഡാറ്റാ കൈമാറ്റത്തിലും ഇന്റർനെറ്റ് കണക്ടിവിറ്റിയിലും സുരക്ഷാപ്രാധാന്യമുള്ള ആശയവിനിമയത്തിലും നിർണായക പങ്ക് വഹിക്കുന്നത് കടലിന്റെ അടിത്തട്ടിലൂടെയുള്ള രാജ്യാന്തര ഒപ്ടിക് ഫൈബർ കേബിൾ ശൃംഖലയാണ്. ലോഹ ആവരണം അടക്കം നൽകി ബലപ്പെടുത്തിയ ഈ കേബിളുകൾ ഛേദിക്കാൻ ശേഷിയുള്ള കട്ടറുകൾ ചൈന പുറത്തിറക്കിയെന്ന റിപ്പോർട്ട് ഇപ്പോൾ വലിയ ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലടക്കം ചൈനയുടെ നാവിക നീക്കങ്ങൾ ശക്തമായ സാഹചര്യത്തിൽ, കേബിൾ കട്ടർ യന്ത്രത്തെ സംശയത്തോടെയാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പല രാജ്യാന്തര കേബിൾ ശൃംഖലകളുടേയും സംഗമസ്ഥാനമായ കേരള തീരത്തും കനത്ത ജാഗ്രത പാലിക്കേണ്ടിവരും
ആറിഞ്ച് വ്യാസം, വജ്രം പൂശിയ അലകിന്റെ മൂർച്ച. മിനിറ്റിൽ 1600 തവണ കറങ്ങുന്ന അതിവേഗം. കപ്പലുകളിലും അന്തർവാഹിനികളിലും ഘടിപ്പിക്കാവുന്ന ചൈനയുടെ കേബിൾ കട്ടർ യന്ത്രത്തിന്റെ തുമ്പത്ത് ഇത്തരമൊരു ചക്രമുണ്ടാകുമെന്നാണ് റിപ്പോർട്ട്, സ്റ്റീൽ, റബ്ബർ, പോളിമർ ആവരണങ്ങൾക്കുള്ളിലുള്ള ഒപ്ടിക് ഫൈബർ വയറുകൾ മുറിച്ചിടാൻ സെക്കൻഡുകൾ മതിയാകും. കടലിൽ 4000 മീറ്റർ ആഴത്തിൽ വരെ പ്രവർത്തിപ്പിക്കാവുന്നതാണ് ചൈനയുടെ കട്ടിംഗ് മെഷീൻ.
മറൈൻ പദ്ധതികളുടെ ആവശ്യത്തിന് ഉപയോഗിക്കാനെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ആഗോള ലീഡറാകാൻ ശ്രമിക്കുന്ന ചൈനയുടെ ദുരുദ്ദേശ്യം വ്യക്തമാണ്. ശത്രു രാജ്യങ്ങൾ കൊമ്പുകോർക്കുന്ന സാഹചര്യമുണ്ടായാൽ അവരെ പ്രതിരോധത്തിലാക്കാനുള്ള എളുപ്പ മാർഗം രാജ്യന്തര ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ആശയവിനിമയ മാർഗങ്ങളും വിച്ഛേദിക്കുകയെന്നതാണെന്ന് കണക്കുകൂട്ടിയാണ് ചൈനയുടെ നീക്കം.
നിർണായക നെറ്റ്വർക്ക്
സമുദ്രാന്തര കേബിൾ ശൃംഖലയിലൂടെ വിപുലമായ തോതിലുള്ള ഡാറ്റാ കൈമാറ്റമാണ് അതിവേഗം നടന്നുവരുന്നത്. രാജ്യാന്തര ഇന്റർനെറ്റ്, ഇ-മെയിൽ, വീഡിയോ കോൾ, മണി എക്സ്ചേഞ്ച് തുടങ്ങി പലതരം ഉപയോഗങ്ങൾ ഇതിനുണ്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികളും ഈ കേബിളുകളെ ആശ്രയിക്കുന്നു. വാസ്തവത്തിൽ ആഗോള ഡാറ്റാ വിനിമയത്തിന്റെ 95 ശതമാനവും കടലിന് അടിയിലൂടെയാണ്. ഇന്ത്യ കേന്ദ്രീകരിച്ച് ഇത്തരം 17 കേബിൾ ശൃംഖലകൾ കടന്നുപോകുന്നുണ്ട്. ഇതിന് അറബിക്കടൽ തീരത്തെ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 14 ലാൻഡിംഗ് സ്റ്റേഷനുകളുണ്ട്. ഈ സാഹചര്യത്തിലാണ് കേബിൾ കട്ടറുമായുള്ള ചൈനയുടെ നീക്കം കേരളത്തിനും നിർണായകമാകുന്നത്.
ചൈനയുടെ ഷിപ്പ് സയന്റിഫിക് റിസർച്ച് സെന്ററാണ് ഉപകരണം വികസിപ്പിച്ചത്. എൻജിനീയർ ഹൂ ഹലോംഗിന്റെ നേതൃത്വത്തിലുള്ള ടീം. എന്നാൽ കേബിൾ കണക്ടറിന്റെ വിശദാംശങ്ങൾ രഹസ്യമാണ്. ചിത്രം പോലും പുറത്തുവിട്ടിട്ടില്ല. ഇത് ഉപയോഗിച്ചുള്ള ആക്രമണ പരീക്ഷണങ്ങൾ അടുത്തിടെ നടത്തിയതായും സൂചനയുണ്ട്. തായ്വാൻ തീരത്തും ബാൾട്ടിക് മേഖലയിലും കടലിന്റെ അടിത്തട്ടിലെ കേബിൾ ശൃംഖലകൾ അട്ടിമറിക്കപ്പെട്ടിരുന്നു. അതുവഴി കടന്നുപോയ ചൈനീസ് കപ്പലുകളാണ് സംശയനിഴലിലുള്ളത്. ഇവയുടെ നങ്കൂരം തട്ടിയാണ് കേബിളുകൾ മുറിഞ്ഞതെന്നാണ് നേരത്തേ കുരുതിയിരുന്നത്. കേബിൾ കട്ടറുകളേക്കുറിച്ചുള്ള വാർത്ത പരന്നതോടെ ആ വഴിക്കും സംശയം നീളുകയാണ്.
ചൈനയുടെ ചാരക്കണ്ണുകൾ
ഇന്ത്യയ്ക്ക് ചുറ്റും ചൈനയുടെ ദുരൂഹമായ ഓപ്പറേഷനുകൾ തുടരുകയാണ്. ജമ്മുകശ്മീർ, അരുണാചൽ അതിർത്തികളിൽ കടന്നാക്രമണം വരെയുണ്ടായി. പാക്കിസ്ഥാനും മ്യാൻമറുമടക്കം ഇന്ത്യയുടെ അയൽരാജ്യങ്ങൾക്ക് ചൈനയോട് കൂറുണ്ട്. കടലിലും ചൈന പിടിമുറുക്കിയിട്ടുണ്ട്. മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചങ്ങാത്തം ഊഷ്മളമാക്കി. ജിബൂട്ടിയിൽ സൈനിക ക്യാമ്പുതന്നെ സ്ഥാപിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നിരീക്ഷണം ശക്തമാണ്. ആകാശത്തേക്ക് വിടർന്ന നിരവധി ആന്റിനകളുമായി 2022ൽ നങ്കൂരമിട്ട 'യുവാൻ വാങ് -06' എന്ന ചാരക്കപ്പൽ ഏറെ വിവാദമുയർത്തിയിരുന്നു.
അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ നടത്താനിരിക്കേയായിരുന്നു ചാരക്കപ്പലിന്റെ ദുരൂഹ സന്ദർശനം. അതിന് മുമ്പ് ഇന്ത്യ ഉയർത്തിയ കടുത്ത എതിർപ്പുകൾ അവഗണിച്ച് ശ്രീലങ്കൻ തുറമുഖമായ ഹമ്പൻ ടോട്ടയിൽ ചൈനീസ് ചാരക്കപ്പലായ 'യുവാൻ വാങ് -05' എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയും മാലദ്വീപുമായി അഭിപ്രായ ഭിന്നത രൂക്ഷമായ സമയത്തെ മാലെ തുറമുഖത്തേക്ക് ചൈനയുടെ ചാരക്കപ്പലെത്തി. 'സിയാൻ യാങ് ഹോങ്- 03' എന്ന ചാരക്കപ്പലാണ് അജ്ഞാത ദൗത്യവുമായെത്തിയത്. കടലിന്റെ അടിത്തട്ടിലെ മുങ്ങിക്കപ്പലുകൾ മുതൽ ബഹിരാകാശത്തെ കൃത്രിമ ഉപഗ്രഹങ്ങൾ വരെ നിരീക്ഷിക്കാൻ പ്രാപ്തിയുള്ള കപ്പലുകളാണിവയെന്ന് വിലയിരുത്തപ്പെടുന്നു. അപ്പോൾപ്പിന്നെ സമുദ്രാന്തര കേബിൾ നെറ്റ്വർക്കിന്റെ ലോക്കേഷനുകൾ ഹൃദിസ്ഥമാക്കുക ഈ ചാരനൗകകൾക്ക് എളുപ്പമുള്ള 'ടാസ്ക്' മാത്രമായിരിക്കും.
യുദ്ധവും സംഘർഷവും നിലനിൽക്കുന്ന മേഖലയിൽ കമ്മ്യൂണിക്കേഷൻ ശൃംഖല വിച്ഛേദിക്കുന്നത് പണ്ടേയുളള തന്ത്രമാണ്. ഇന്റർനെറ്റും സമൂഹമാദ്ധ്യമങ്ങളും തടയുന്നത് ആധുനിക യുദ്ധതന്ത്രവും. സാധാരണ ജീവിതത്തിൽ തന്നെ വാട്സാപ്പോ, ഗൂഗിൾ പേയോ മറ്റോ അൽപനേരം മുടങ്ങിയാൽ വലിയൊരു വിഭാഗം ജനതയും അസ്വസ്ഥരാകും. ഇന്റർനെറ്റാണ് അൽപനേരം കട്ടാകുന്നതെങ്കിൽ പറയാനുമില്ല. അതുമൂലം ആഗോള സമ്പദ്വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്ടവും ചിന്തിക്കാവുന്നതിൽ അപ്പുറമാകും. ഈ സാഹചര്യത്തിൽ സബ്മറൈൻ കേബിൾ ശൃംഖല ഛേദിക്കാനുള്ള ചൈനയുടെ മെഷീൻ, വലിയൊരു യുദ്ധസന്നാഹത്തിലെ വജ്രായുധമായി വേണം കണക്കാക്കാൻ. തായ്വാൻ അധിനിവേശമാണ് ചൈനയുടെ ആദ്യ അജൻഡയിലുള്ളതെന്ന് അമേരിക്കയടക്കം സംശിക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നിരീക്ഷണം ശക്തമാണ്. 2022ൽ യുവാൻ വാങ് സീരീസിലെ രണ്ട് ചാരക്കപ്പലുകളും കഴിഞ്ഞ വർഷം 'സിയാൻ യാങ് ഹോങ്- 03' എന്ന ചാരക്കപ്പലും അജ്ഞാത ദൗത്യവുമായെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |