
നിർദ്ധനരും സാധാരണക്കാരുമായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളൊന്നും അത്ര ശുഭകരമല്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിലെ പി.എം.എസ്.എസ്.വെെ കെട്ടിടത്തിന്റെ അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്നത്. യു.പി.എസ് ബാറ്ററി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പെട്ടിത്തെറിച്ചതാണ് പുകയ്ക്കു കാരണം. ഉടനടി രോഗികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് പുക അണച്ചത്. തൊട്ടുപിന്നാലെ ആശുപത്രി കെട്ടിടത്തിൽ പരിശോധന നടക്കുന്നതിനിടെ തിങ്കളാഴ്ച രണ്ടാമതും പൊട്ടിത്തെറിയുണ്ടായി. ഓപ്പറേഷൻ തിയേറ്ററടക്കം പൂർണ്ണമായും കത്തി നശിച്ചു. ഈ സമയവും കെട്ടിടത്തിലെ നാലും മൂന്നും നിലകളിലുമായി രോഗികളുണ്ടായിരുന്നു. ആദ്യമുണ്ടായ തീപിടിത്തത്തെ തുടർന്ന് പരിശോധന പോലും പൂർത്തിയാക്കാത്ത കെട്ടിടത്തിൽ രോഗികളെ വീണ്ടും പ്രവേശിപ്പിച്ചത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇത് നിസാരമായി കാണാനാകില്ല. സമീപകാലത്ത് നടന്ന പല സംഭവങ്ങളും അധികൃതർ സ്വീകരിച്ച സമീപനവും ആശുപത്രിയ്ക്ക് കളങ്കം വരുത്തിത്തീർക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് നിസംശയം പറയാം.
ഭീതിയുടെ
മണിക്കൂറുകൾ
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുയർന്ന പുക ആശുപത്രിയെ ഭീതിയുടെ അന്തരീക്ഷത്തിലാക്കി. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലെ 165 ലധികം രോഗികളെ ആശുപത്രിയുടെ മറ്റു മുറികളിലേക്കും സമീപ കെട്ടിടങ്ങളിലേക്കും മാറ്റി. ബീച്ച് ആശുപത്രിയിലും മെഡി. കോളേജിലെ പഴയ കാഷ്വാലിറ്റിയും പ്രവർത്തന സജ്ജമാക്കി. ഇതിനിടെ അപകടമുണ്ടായ സമയത്ത് അഞ്ചു മരണങ്ങളും നടന്നു. ഇവരുടെ മരണം പുക ശ്വസിച്ചതു മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയെങ്കിലും പോസ്റ്രുമോർട്ടം റിപ്പോർട്ടിൽ പുകയല്ല മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രിയിലെത്തി ത്രിതല അന്വേഷണത്തിനായി ഉത്തരവിടുകയും ചെയ്തു. അപകട സമയത്തുണ്ടായ മരണങ്ങളെക്കുറിച്ചും ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സംബന്ധിച്ചും അന്വേഷണം നടത്താൻ ഡി.എം.ഇ അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. പൊട്ടിത്തെറിയുടെ കാരണം എം.ആർ.ഐ മെഷീനിന്റെ യു.പി.എസ് മുറിയിലെ ബാറ്ററിയിലെ ഇന്റേണൽ ഷോട്ടേജ് മൂലമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചു. പരിശോധന പുരോഗമിക്കെയാണ് വീണ്ടും നെഞ്ചിടിപ്പേറ്റി അതേ കെട്ടിടത്തിലെ ആറാം നിലയിൽ ഐ.സി.യു ബ്ലോക്കിൽ തീപിടിത്തമുണ്ടായത്. ഓപ്പറേഷൻ തിയേറ്ററടക്കം സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇവിടെ രോഗികളെ പാർപ്പിച്ചിട്ടില്ലാത്തതിനാൽ അത്യാഹിതം ഒഴിവായി. ബെഡ്, ലെെറ്റുകൾ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. ആറാം നിലയിലെ 15-ാം നമ്പർ കാർഡിയോ തൊറാസിക് മുറിയിലാണ് തീപടർന്നത്. ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാക്കുന്നതിനായി മെഷീനുകൾ കണക്ട് ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം ഇന്നലെ ഇവിടെ പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. പരിശോധനയുടെ ഭാഗമായി ഓപ്പറേഷൻ തിയേറ്ററിൽ ലെെറ്റ് ഓൺ ചെയ്ത ഉടൻ അനസ്തേഷ്യ പെന്റന്റിൽ ഷോർട്ട് സർക്യൂട്ടുണ്ടായി തീ പടരുകയായിരുന്നു എന്നാണ് നിഗമനം. പരിശോധന പൂർത്തിയാക്കി സുരക്ഷ പ്രശ്നങ്ങളില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഗുരുതരമില്ലാത്ത രോഗികളെ രാവിലെ മുതൽ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് മെഡി.കോളേജ് പ്രിൻസിപ്പൽ കെ.ജി സജീത്ത് കുമാർ വിശദീകരിക്കുമ്പോഴും ഗുരുതര വീഴ്ച തന്നെയാണുണ്ടായത്. രണ്ടുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുയർന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന പൂർത്തിയാകും മുമ്പ് എന്തിനാണ് രോഗികളെ പുതിയ ബ്ലോക്കിലെ മൂന്നും നാലും നിലകളിലേക്ക് മാറ്റിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. എന്നാൽ ഇവിടങ്ങളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പിച്ച ശേഷമാണ് രോഗികളെ മാറ്റിയതെന്നായിരുന്നു മെഡി. കോളേജ് പ്രിൻസിപ്പൽ കെ.ജി സജീത്ത് കുമാറിന്റെ പ്രതികരണം. കെട്ടിടത്തിലെ മുഴുവൻ നിലകളും പരിശോധന പൂർത്തിയാക്കിയ ശേഷമേ രോഗികളേ മാറ്റുകയുള്ളു എന്നായിരുന്നു ആരോഗ്യമന്ത്രിയും പ്രിൻസിപ്പലും നേരത്തെ അറിയിച്ചിരുന്നത്. ഇതിന് വിപരീതമായി രോഗികളെ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാമതും തീ പുകഞ്ഞു പിടിച്ച സംഭവത്തിൽ അധികൃതർ പല നിലപാടും സ്വീകരിക്കുന്ന കാഴ്ചയും വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ടിരുന്നു.
കെട്ടിട നിർമ്മിതിയിലെ
അപാകതയോ?
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം 185 കോടി ചെലവഴിച്ച് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിലായി ആറു നിലകളിയായി നിർമ്മിച്ച പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് 2023 മാർച്ചിലാണ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ കെട്ടിടത്തിന്റെ നിർമാണത്തെപ്പറ്റി തുടക്കം മുതൽതന്നെ പരാതികളുയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ 80 ശതമാനവും സംസ്ഥാനത്തിന്റെ 20ശതമാനവും ചെലവഴിച്ചാണ് കോംപ്ലക്‌സ് നിർമ്മിച്ചത്. 195 കോടി രൂപയുടെ കെട്ടിടനിർമാണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം കരാർ നൽകിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ഹൈറ്റ്‌സിനാണ്. എന്നാൽ, നിർമാണത്തിനും വിവിധ ഇലക്‌ട്രിക്കൽ, മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും ഈ കമ്പനി മറ്റുസ്ഥാപനങ്ങൾക്കും ഉപകരാർ നൽകിയെന്നാണ് വിവരം.
കെട്ടിടത്തിന് ആവശ്യമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിർമാണമെന്നും വിമർശനമുണ്ട്.
ആദ്യം അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് തുറന്നില്ലെന്നും രോഗികളെ ഇറക്കി കൊണ്ടുപോകാനുള്ള റാമ്പിൽ മാലിന്യ ചാക്കുകൾ ഉള്ളതായും രോഗികളുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഏഴ് നിലകളിലുള്ള കെട്ടിടത്തിലേക്ക് വാഹനങ്ങൾക്ക് കടന്ന് വരാൻ ഒറ്റവഴിയാണുള്ളത്. കിഴക്കും പടിഞ്ഞാറ് ഭാഗത്തും റോഡുകളുണ്ടെങ്കിലും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലേക്ക് മതിലുള്ളതിനാൽ വാഹനങ്ങൾക്ക് കടക്കാൻ സാധിക്കില്ല. രക്ഷാപ്രവർത്തനത്തിന് പ്രധാന കവാടം മാത്രമായിരുന്നു ഏക ആശ്രയം. അപകടമുണ്ടായ സമയത്ത് അഗ്നിരക്ഷാ സേനയുടെ വാഹനവും ആംബുലൻസുകളും കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതിനിടെ കോമ്പൗണ്ടിനുള്ളിൽ രോഗികളുമായി പുറത്തേക്ക് പോകേണ്ട വാഹനങ്ങൾ കുടുങ്ങി കിടക്കുകയിരുന്നു. മെഡിക്കൽ കോളേജ് സ്ഥലം അനുവദിക്കാത്തതിനെ തുടർന്ന് ആശുപത്രിയും കോളേജുകളുമുൾപ്പടെയുള്ള കോംപൗണ്ടിൽ ഫയർ സ്റ്റേഷനും സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നേരത്തെ ഈ പദ്ധതി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഫയർ സ്റ്റേഷൻ സ്ഥാപിക്കാനാവശ്യമായി 20 സെന്റ് സ്ഥലം മെഡിക്കൽ കോളേജ് അനുവദിക്കാത്തതിനാൽ
പദ്ധതി തള്ളിപ്പോയി. കെട്ടിലും മട്ടിലും പരാതി ഉയരുമ്പോൾ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആശുപത്രിയ്ക്ക് വിശ്വാസ്യത തിരിച്ചു പിടിച്ചേ പറ്റൂ.
വൈകിയഘട്ടത്തിലെങ്കിലും ബന്ധപ്പെട്ട അധികാരികൾ അലംഭാവം വെടിഞ്ഞ് കാര്യക്ഷമമായ അന്വേഷണത്തിന് തയാറാകണം. ഫലപ്രദമായ തിരുത്തൽ നടപടികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |