SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

സുരക്ഷിത കവചമാകുന്ന സ്വർണം

gold

മുൻപൊരിക്കലുമില്ലാത്ത വിധം വിപണിയിൽ സ്വർണ വില കുതിച്ചുയരുന്ന കാഴ്ചയാണ് മൂന്നുവർഷമായി ദൃശ്യമാകുന്നത്. കേരളത്തിൽ ഇന്നലെ പവൻ വില ചരിത്രത്തിലാദ്യമായി 81,000 രൂപ കടന്നു. കൊവിഡ് കാലത്തിന് ശേഷം മന്ദഗതിയിൽ നീങ്ങിയ സ്വർണ വിപണി 2023 ജനുവരി മുതലാണ് ചൂടുപിടിച്ചത്. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ ചൈനയിലെയും ഇന്ത്യയിലെയും റീട്ടെയിൽ ഉപഭോഗത്തിലെ വർദ്ധനയും അടക്കമുള്ള നിരവധി ഘടകങ്ങളാണ് സ്വർണക്കുതിപ്പിന് ചുക്കാൻ പിടിച്ചത്. ഒരു നൂറ്റാണ്ടിനിടെ സ്വർണവില തുടർച്ചയായി മുന്നേറുന്നതും ഇതാദ്യമായാണ്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വമാണ് സ്വർണത്തിന് എല്ലാക്കാലവും കരുത്ത് പകരാറുള്ളത്. മാന്ദ്യ കാലങ്ങളിലും യുദ്ധ സാഹചര്യങ്ങളിലും ഏറ്റവും സുരക്ഷിതമായ നിക്ഷേപമായാണ് സ്വർണം അറിയപ്പെടുന്നത്. ഉത്പാദനം കുറവും ഉപഭോഗം കൂടുതലുമായതിനാൽ ഒരു പരിധിയിലധികം സ്വർണവില തകരില്ലയെന്നതും അനുകൂല ഘടകമാണ്.

ലോക ചരിത്രത്തിൽ വിവിധ രാജവംശങ്ങൾ സ്വർണത്തെ സുരക്ഷിതത്വവും സാമ്പത്തിക സ്ഥിരത പ്രദാനം ചെയ്യുന്ന നിക്ഷേപ മേഖലയായാണ് കണക്കിലെടുത്തിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ മുതൽ മുഗളൻമാർ വരെ പ്രതിസന്ധികൾ മറികടക്കാൻ സ്വർണം പ്രധാന സുരക്ഷാ ഘടകമായി വിലയിരുത്തിയിരുന്നു. കൊളോണിയൽ കാലത്തും സ്വർണത്തിന് പ്രിയം ഒട്ടും കുറഞ്ഞില്ല.

1925ൽ പവന് സ്വർണത്തിന് വില 14 രൂപയ്ക്കടുത്തായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പവൻ വില 45 രൂപയിലായിരുന്നു. 1980ന് ശേഷം മാത്രമാണ് പവൻ വില ആയിരം രൂപ കടന്നത്. ആഗോളവത്ക്കരണം തുടങ്ങിയതിനുശേഷമാണ് വിലക്കുതിപ്പ് തുടങ്ങിയത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും 3,100 രൂപയ്ക്ക് ഒരു പവൻ ലഭ്യമായിരുന്നു. കഴിഞ്ഞ 24 വർഷത്തിനിടെ സ്വർണ വില 23 ഇരട്ടിയാണ് കൂടിയത്. അതായത് ലോകത്തിലെ എല്ലാ നിക്ഷേപ മേഖലകളെയും കടത്തിവെട്ടുന്ന വരുമാനമാണ് നിക്ഷേപകർക്ക് സ്വർണം ഇക്കാലയളവിൽ നൽകിയത്. ഓഹരി, നാണയ, റിയൽ എസ്‌റ്റേറ്റ് മേഖലകളിലൊന്നും ഇത്രയും നേട്ടം ലഭിച്ചിട്ടില്ലെന്ന് അറിയണം.

ആഗോള അനിശ്ചിതത്വങ്ങൾ കരുത്തായി

റഷ്യയുടെ യുക്രെയിൻ അധിനിവേശമാണ് സ്വർണത്തിന്റെ വിലക്കുതിപ്പിന് തുടക്കത്തിൽ ആവേശം പകർന്നത്. തൊട്ടുപിന്നാലെ പശ്ചിമേഷ്യയും സംഘർഷഭരിതമായതോടെ വൻകിട നിക്ഷേപകർ സ്വർണത്തിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി വർദ്ധിപ്പിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന്റെ സാദ്ധ്യതകൾ പരിഗണിച്ച് വിവിധ കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങികൂട്ടാൻ തുടങ്ങി. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇക്കാലയളവിൽ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടിയതോടെ വില തുടർച്ചയായി മുന്നോട്ട് നീങ്ങി. ഇക്കാലയളവിൽ അമേരിക്കൻ ഡോളറിനും യൂറോയ്ക്കും യെന്നിനുമൊപ്പം സ്വർണവും വിദേശ നാണയ ശേഖരത്തിൽ ഇടം പിടിച്ചു.

സ്വർണ ശേഖരം

ഉയർത്തി കേന്ദ്ര ബാങ്കുകൾ

2025 ഫെബ്രുവരിയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധമാണ് സ്വർണ വിലയിൽ വലിയ കുതിപ്പുണ്ടാക്കിയത്. അമേരിക്കയിലെ പൊതുകടം റെക്കാഡ് ഉയരത്തിലെത്തിയതോടെ ലോകത്തെ വിവിധ വിപണികളിൽ നിന്നുമെത്തുന്ന ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കാനുള്ള ട്രംപിന്റെ തീരുമാനം സാമ്പത്തിക സ്ഥിരത സംബന്ധിച്ച് നിക്ഷേപകരിൽ കടുത്ത ആശങ്ക സൃഷ്‌ടിച്ചു. ഇതോടെ വൻകിട ഹെഡ്ജ് ഫണ്ടുകൾ മുതൽ വിവിധ കേന്ദ്ര ബാങ്കുകൾ വരെ വാശിയോടെ വിപണിയിൽ നിന്ന് സ്വർണം വാങ്ങി കൂട്ടി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് പോളണ്ട്, അസർബൈജാൻ, ചൈന, തുർക്കി, ചെക്ക് റിപ്പബ്ളിക്, കസാക്കിസ്ഥാൻ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നടപ്പുവർഷം ആയിരം ടണ്ണിലധികം സ്വർണം വാങ്ങികൂട്ടി. പോളണ്ട് മാത്രം 60 ടൺ സ്വർണമാണ് ഇക്കാലയളവിൽ വാങ്ങിയത്. ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലും എട്ട് ടണ്ണിലധികം സ്വർണത്തിന്റെ വർദ്ധനയാണുണ്ടായത്. കേന്ദ്ര ബാങ്കുകളോടൊപ്പം വൻകിട ആഗോള ഫണ്ടുകളും വാങ്ങൽ കൂട്ടിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (28.345ഗ്രാം) 3,650 ഡോളറായി ഉയർന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും സ്വർണവില റെക്കാഡുകൾ ഭേദിച്ച് മുന്നേറുന്നത്.

ഇറക്കുമതി ചെലവ് കൂടുന്നു

ഇതിനിടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും ആഭ്യന്തര വിപണിയിൽ സ്വർണ വില കൂടാൻ കാരണമായി. രൂപ ദുർബലമാകുന്നതോടെ ഇറക്കുമതി ചെലവ് ഉയരുന്നതാണ് വില വർദ്ധനയ്ക്ക് ആക്കം കൂട്ടുന്നത്. ഇതിനിടെ അമേരിക്കയിൽ മാന്ദ്യ സാഹചര്യം ശക്തമാകുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ കുറച്ചേക്കുമെന്ന പ്രവചനങ്ങളും പുറത്തുവന്നതോടെ സ്വർണത്തിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി കൂടി. പലിശ കുറയുമ്പോൾ കടപ്പത്രങ്ങളുടെയും ഡോളറിന്റെയും മൂല്യമിടിയുമെന്ന ആശങ്കയാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്.

വില ഉടനെയൊന്നും കുറഞ്ഞേക്കില്ല

ഊഹക്കച്ചവടക്കാരും രാജ്യാന്തര വിപണിയിൽ സ്വർണത്തിൽ പതിവില്ലാത്ത വിധം സജീവമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആഗോള സ്വർണ വില 3,800 ഡോളറും കവിഞ്ഞ് മുന്നേറാൻ സാദ്ധ്യതയേറെയാണ്. അമേരിക്കൻ സാമ്പത്തിക മേഖലയിൽ നിക്ഷേപകരുടെ വിശ്വാസം നഷ്‌ടമാകുന്നതിനാൽ ഡോളറിന് ബദലായുള്ള ആഗോള നാണയമായി സ്വർണം മാറുമെന്നാണ് കരുതുന്നത്. സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ അടുത്തിടെയൊന്നും സ്വർണ വില താഴാൻ ഇടയില്ല. ഇപ്പോഴത്തെ വിലക്കയറ്റം സാധാരണക്കാരെ സ്വർണത്തിൽ നിന്നും അകറ്റുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

( മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ലേഖകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY