SignIn
Kerala Kaumudi Online
Monday, 07 September 2026 12.38 AM IST

ഭിന്നശേഷിക്കാർക്കായി ഇന്ത്യയിലെ ആദ്യ 'ഗ്രാമം'

d

ഒരിക്കൽക്കൂടി കേരളം പുതിയൊരു തുടക്കത്തിന്റെ ചരിത്രമുഹൂർത്തം കുറിക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരൂർ, ആതവനാട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും.

കേരളം വിവിധ മേഖലകളിൽ രാജ്യത്തിനു മുന്നിൽ മാതൃകയായിട്ടുണ്ട്. അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ പലതിനും തുടക്കംകുറിച്ചതും കേരളമാണ്. അതെല്ലാം കൂടുതൽ മികവോടെ തന്നെയാണ് ഈ സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരിക്കൽക്കൂടി കേരളം പുതിയൊരു തുടക്കത്തിന്റെ ചരിത്രമുഹൂർത്തം കുറിക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരൂർ, ആതവനാട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. ഇതൊരു വലിയ സ്വപ്നത്തിന്റെ തുടക്കമാണ്.

വർഷങ്ങളായി വിവിധ പദ്ധതികൾ നിലവിലുണ്ടെങ്കിലും 'സംയോജിത പുനരധിവാസ ഗ്രാമം' എന്ന ബൃഹദ് സംരംഭത്തിലൂടെ യു.ഡി.എഫ് സർക്കാർ ലക്ഷ്യമിടുന്നത് സമഗ്രമായ മാറ്റവും സമ്പൂർണമായ പുനരധിവാസവുമാണ്.


ഭിന്നശേഷിക്കാർക്ക് അവർ പിന്നാക്കം നിൽക്കുന്ന മേഖലകളിൽ പരിശീലനം, അറിവ്, വൈദഗ്ദ്ധ്യം എന്നിവ നൽകി സാമൂഹ്യപരവും ആരോഗ്യപരവും സാമ്പത്തികവുമായ സ്വാശ്രയത്വം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അതിനായി എല്ലാ നൂതന മാർഗങ്ങളും ഉപയോഗിക്കും.

എല്ലാ സംവിധാനങ്ങളും
ഭിന്നശേഷി പുനരധിവാസ ഗ്രാമത്തിൽ എല്ലാ സംവിധാനങ്ങളുമുണ്ടാകും. കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് താമസ സൗകര്യം നൽകും. ഭിന്നശേഷി വിഭാഗത്തിൽപെടുന്ന ഒരു കുട്ടിയുടെ ജനനം മുതൽ മരണംവരെയുള്ള ജീവിത കാലഘട്ടത്തിൽ ആവശ്യമായി വരുന്ന മുഴുവൻ സംവിധാനങ്ങളും ഈ ഗ്രാമത്തിലുണ്ടാകും.

വൈകല്യം മുൻകൂട്ടി കണ്ടെത്തൽ, പ്രാരംഭ ഇടപെടൽ ലഭ്യമാക്കൽ, തെറാപ്പി സൗകര്യം, സർജിക്കൽ കറക്ഷൻ, സ്‌പെഷ്യൽ സ്‌കൂൾ കം​ വി.ടി.സി, ഷെൽറ്റേഡ് വർക്ക് ഷോപ്പ് എന്നീ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമാണ്. സമഗ്രമായ ആരോഗ്യ, തൊഴിൽ, വിദ്യാഭ്യാസ സംയോജിത പുനരധിവാസ ഗ്രാമം യഥാർത്ഥത്തിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസ മേഖലകളെ കോർത്തിണക്കികൊണ്ടുള്ളതാണ്.


ഇവിടെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ, വിവിധ തെറാപ്പിസ്റ്റുകൾ, പ്രത്യേക അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന ഒരു മൾട്ടി ഡിസിപ്ലിനറി ടീമിന്റെ സേവനം പ്രയോജനപ്പെടുത്തും. ഗ്രാമത്തിൽ പൂർണസജ്ജമായ തെറാപ്പി യൂണിറ്റുകളും ഇതിനായി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ സേവനവും കൗൺസലിംഗും ഉറപ്പാക്കും.

ഭിന്നശേഷിക്കാരെ നിത്യേനയുള്ള പ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കുന്നതിനുള്ള സൗകര്യങ്ങൾ ഉൾപ്പെടുന്ന സ്‌പെഷ്യൽ സ്‌കൂൾ സ്ഥാപിക്കും. പ്രത്യേക വിദ്യാലയത്തിൽ കുട്ടികൾക്ക് പഠനത്തോടൊപ്പം അവരുടെ മറ്റു മേഖലകളിലെ മികവും കഴിവും തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലുകളുണ്ടാകും. അവർക്ക് തൊഴിൽ പരിശീലന പരിപാടികൾ നടപ്പിലാക്കും.

തൊഴിൽ പരിശിലനം

18 വയസ് കഴിഞ്ഞ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഭിന്നശേഷിക്കാർക്ക് മുഴുവൻ സമയ തൊഴിൽ പരിശിലനത്തിനും തുടർന്ന് വരുമാനദായകമായ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തും. പകൽ പരിപാലന കേന്ദ്രത്തിൽ വരുന്ന രക്ഷാകർത്താക്കളായ സ്ത്രീകൾക്കുവേണ്ടി വിവിധ തൊഴിൽ പരിശീലന സൗകര്യമുണ്ടാകും. പച്ചക്കറി പരിപാലനം, കന്നുകാലിവളർത്തൽ, കോഴിവളർത്തൽ, കൈത്തറി നിർമ്മാണം, ബുക്ക് ബൈന്റിംഗ്, മെഴുകുതിരി നിർമ്മാണം തുടങ്ങിയ തൊഴിലുകൾ ഇതിന്റെ ഭാഗമായി തയ്യാറാക്കും. വിവിധ കായിക ഇനങ്ങളിൽ ഭിന്നശേഷിക്കാർക്ക് പരിശിലനം നൽകുന്നതിന് ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർമാരെ നിയോഗിക്കും.


പുനരധിവാസ ഗ്രാമത്തിൽ പാലിയേറ്റീവ് കെയർ സംവിധാനത്തിന്റെ മാതൃകയിൽ ഭിന്നശേഷി സൗഹൃദ വയോജനക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിക്കും. വയോജന പരിപാലനത്തിൽ വൈദഗ്ദ്ധ്യം നേടിയ ആളുകളെ ഇവരുടെ പരിചരണത്തിന് വിനിയോഗിക്കും. കൂടാതെ മാതാപിതാക്കൾ/ കെയർ ഗിവർമാർ എന്നിവരുടെ ആരോഗ്യ പ്രശ്നങ്ങൾ, മറ്റ് അത്യാവശ്യങ്ങൾ മൂലം ഹ്രസ്വകാല പുനരധിവസം ആവശ്യമുള്ളവർക്ക് പരമാവധി മൂന്നു മാസംവരെ സ്ഥാപനം സംരക്ഷണം നൽകും.


പുനരധിവാസ ഗ്രാമത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കും. സമീപ ഭാവിയിൽ എല്ലാ ജില്ലകളിലേക്കും തുടർന്ന് എല്ലാ താലൂക്കുകളിലേക്കും വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ പരിശോധിക്കും. ഭിന്നശേഷിക്കാർ പഠിക്കുന്ന സംസ്ഥാനത്തെ മുഴുവൻ സ്‌പെഷ്യൽ സ്‌കൂളുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനുള്ള പദ്ധതിയെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY